ഭാരതപ്പുഴ (ഫയൽ ചിത്രം)
പാലക്കാട്ട് പ്രഖ്യാപിച്ച ചില അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്ക് പച്ചക്കൊടി കണ്ടെങ്കിലും മറ്റുചിലത് ഇപ്പോഴും സാങ്കേതികക്കുരുക്കില്‍ പെട്ടുകിടക്കുകയാണ്. ആ കുരുക്കുകളൊക്കെ 2023ലെങ്കിലും അഴിക്കാന്‍ കഴിയണം. പദ്ധതികള്‍ യാഥാര്‍ഥ്യമാക്കണം.
ഭൂവിസ്തൃതിയില്‍ സംസ്ഥാനത്തെ വലിയ ജില്ലയായ പാലക്കാടിന്റെ മുഖച്ഛായ മാറ്റാനുതകുന്ന 'ഗ്രീന്‍ഫീല്‍ഡ് ഹൈവേ'യെയും നാലുവരിപ്പാതകളെയും അട്ടപ്പാടി, നെല്ലിയാമ്പതി ചുരം റോഡുകളെയും ചുറ്റിപ്പറ്റി പ്രതീക്ഷകളേറെയാണ്.
വരട്ടെ ഗ്രീന്‍ഫീല്‍ഡ് ഹൈവേ
പാലക്കാട്ടുനിന്ന് മലപ്പുറംവഴി കോഴിക്കോട്ടെത്താന്‍ പുതിയപാത. കേന്ദ്രസര്‍ക്കാരിന്റെ ഭാരതമാല പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന 121 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പാലക്കാടിന്റെ പ്രതീക്ഷയാണ്.
കോഴിക്കോട്ടേക്ക് പാലക്കാട്ടുനിന്ന് ഒന്നരമണിക്കൂറുകൊണ്ട് എത്താമെന്നതാണ് പ്രത്യേകത. ജില്ലയിലൂടെ 61 കിലോമീറ്ററാണ് റോഡ് കടന്നുപോകുക. എന്നാല്‍, സ്ഥലമേറ്റെടുപ്പില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നത് പരിഹരിക്കപ്പെടണം. റവന്യൂനടപടികള്‍ ത്വരപ്പെടുത്താനുള്ള മന്ത്രിതലതീരുമാനം പ്രതീക്ഷയാണ്.
നിളയൊഴുകട്ടെ തടസ്സമില്ലാതെ
മാലിന്യമില്ലാതെ, നിറഞ്ഞൊഴുകുന്ന നിള പാലക്കാടിന്റെ മാത്രമല്ല, സാംസ്‌കാരികകേരളത്തിന്റെകൂടി സ്വപ്നമാണ്. പുഴയെ തിരിച്ചുപിടിക്കാന്‍ കൊണ്ടുവന്ന പലപദ്ധതികളും പരാജയപ്പെട്ടെങ്കിലും ഹരിത ട്രിബ്യൂണലിന്റെ ഇടപെടല്‍ ഫലം കണ്ടിട്ടുണ്ട്. പുഴ സംരക്ഷിക്കാന്‍ വിവിധവകുപ്പുകള്‍ ചേര്‍ന്ന് ബൃഹദ് പദ്ധതിരേഖ തയ്യാറാക്കി. കൈയേറ്റം കണ്ടെത്താനും ഒഴിപ്പിക്കലിനുമെല്ലാം ഒച്ചിഴയുംവേഗമാണെങ്കിലും പുഴയെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷ വളരുന്നുണ്ട്.
ചുരം കയറണം നല്ലപാതകള്‍
അട്ടപ്പാടിച്ചുരവും നെല്ലിയാമ്പതിച്ചുരവും; പാലക്കാടിന് എന്നും യാത്രാദുരിതം തീര്‍ക്കുന്ന രണ്ട് പാതകളാണ്. വിനോദസഞ്ചാരികളുടെ പറുദീസയായ നെല്ലിയാമ്പതിലേക്കുള്ള യാത്ര ഇപ്പോഴും കഠിനമാണ്. 2018ലെ പ്രളയത്തില്‍ തകര്‍ന്ന പാത റബ്ബറൈസ് ചെയ്യാനുള്ള പണി ഇപ്പോഴും തുടങ്ങിയിട്ടില്ല. 72 ഭാഗങ്ങളാണ് അന്ന് തകര്‍ന്നത്. അതില്‍ 12 ഭാഗങ്ങള്‍ ശരിയാക്കിയെങ്കിലും ബാക്കിയുള്ളിടത്തെല്ലാം താത്കാലിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടേയുള്ളൂ. 99 കോടിരൂപയുടെ പദ്ധതി ദര്‍ഘാസ് നടപടിയിലാണ്.
മണ്ണാര്‍ക്കാട്ടുനിന്ന് അട്ടപ്പാടിയിലേക്കുള്ള പാതയിലൂടെയുള്ള ദുര്‍ഘടയാത്ര തുടങ്ങിയിട്ട് കാലമേറെയായി. മണ്ണാര്‍ക്കാടുമുതല്‍ ആനമൂളിവരെയുള്ള റോഡുപണിയുടെ ദര്‍ഘാസ് പൂര്‍ത്തിയായി. 53 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ചുരം റോഡിന്റെ പണി പൂര്‍ണമാകുമെന്ന പ്രതീക്ഷ നിറവേറ്റേണ്ടത് പുതുവര്‍ഷത്തിലാണ്.
ഉയരണം നഗരസഭാ ബസ്സ്റ്റാന്‍ഡ്
2019ല്‍ ബലക്ഷയത്തെത്തുടര്‍ന്നാണ് പാലക്കാട് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുനീക്കിയത്. പുതിയ കെട്ടിടം പണിയാന്‍ 2021ല്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി. രണ്ടുകോടിരൂപ അനുവദിച്ചിരുന്നു. പാലക്കാട് നഗരസഭ 50 ലക്ഷംരൂപയും വകയിരുത്തി. നിര്‍മാണത്തിനുള്ള ഭരണാനുമതിയായെങ്കിലും ഇപ്പോള്‍ സാങ്കേതികാനുമതിക്കായി കാത്തിരിക്കുകയാണ്.
പാലക്കാടിന് നല്ലയാത്ര വേണം
മുണ്ടൂര്‍തൂതപ്പാത, താണാവ് നാട്ടുകല്‍ പാത പാലക്കാട്ടെ റോഡ് വികസനത്തിനായി ഈ രണ്ട് പ്രധാനപാതകളുടെ നവീകരണം പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയും പുതുവര്‍ഷത്തിലുണ്ട്. മുണ്ടൂര്‍തൂത നാലുവരിപ്പാതയിലെ ചെര്‍പ്പുളശ്ശേരി വരെയുള്ള 30 കിലോമീറ്ററിന്റെ ആദ്യഘട്ടം മേയ് 30നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാലക്കാട്ടുനിന്ന് പെരിന്തല്‍മണ്ണയിലേക്കുള്ള ദൂരം 10 കിലോമീറ്റര്‍വരെ കുറയ്ക്കുന്ന പാതയുടെ പണിക്ക് 360 കോടിരൂപയാണ് അടങ്കല്‍. നാട്ടുകല്‍മുതല്‍ താണാവുവരെയുള്ള പാത പുതുവര്‍ഷത്തില്‍ പകുതിയോടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി. 173 കോടിരൂപയുടെ പദ്ധതിയില്‍ 46 കിലോമീറ്ററാണ് നവീകരിക്കുന്നത്.
ആ രണ്ടുകിലോമീറ്ററും ഇരട്ടപ്പാതയാകട്ടെ
പാലക്കാടിന്റെ മാത്രമല്ല, സംസ്ഥാനത്തിന്റെതന്നെ തീവണ്ടിയാത്ര വൈകിപ്പിക്കുന്നത് ഷൊര്‍ണൂരിലെ ഒറ്റപ്പാതയായി ഇപ്പോഴും നിലനില്‍ക്കുന്ന രണ്ടുകിലോമീറ്റര്‍ ദൂരമാണ്. ഷൊര്‍ണൂരില്‍നിന്ന് തൃശ്ശൂര്‍ഭാഗത്തേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള റെയില്‍പ്പാതയിലാണ് രണ്ടുകിലോമീറ്റര്‍ ഇപ്പോഴും ഒറ്റപ്പാതയായി തുടരുന്നത്.
സംസ്ഥാനത്തുതന്നെ ഒറ്റപ്പാതയുള്ള ഏകസ്ഥലം ഷൊര്‍ണൂരാണ്. ഇത് ഇരട്ടിപ്പിച്ചാല്‍ ഈവഴിയുള്ള തീവണ്ടികളുടെ യാത്രാസമയം കുറയ്ക്കാനാകും. പാലക്കാട് ടൗണ്‍ റെയില്‍വേസ്റ്റേഷനോടുചേര്‍ന്ന പിറ്റ് ലൈന്‍ നിര്‍മാണം ഇപ്പോഴും ഒന്നുമായിട്ടില്ല. സാങ്കേതിക തടസ്സങ്ങളില്‍ കുടുങ്ങി പിറ്റ്‌ലൈന്‍ നിര്‍മാണവും നീണ്ടുപോവുകയാണ്.
Content Highlights: palakkad tourism bharathapuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..