വയനാട് വറ്റിവരളുമ്പോഴും പാക്കം കേണി തെളിനീര് ചുരത്തിക്കൊണ്ടേയിരിക്കുന്നു


By രമേഷ് കുമാര്‍ വെള്ളമുണ്ട

2 min read
Read later
Print
Share

പാക്കം കേണി

കൊടുംവരള്‍ച്ചയുടെയും പ്രകൃതിചൂഷണത്തിന്റെയും പൊള്ളുന്ന കഥകള്‍ക്കപ്പുറം ആദിവാസികളായ കുറുമരുടെ പാക്കം കേണി പുതിയകാലത്തിനായി ഇന്നും തെളിനീര് ചുരത്തുന്നു. മണ്ണിനോടും പ്രകൃതിയോടും ഇണങ്ങിക്കഴിയുന്ന ആദിവാസികള്‍ ഒരു ജലശ്രേണിയെ നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന കഥയാണ് പുല്പള്ളിക്കടുത്ത പാക്കത്തിനു പറയാനുള്ളത്.

കാടിനുള്ളിലെ അരയ്‌ക്കൊപ്പംമാത്രം താഴ്ചയുള്ള ഈ കേണിയില്‍നിന്നാണ് തലമുറകളായി ഇവര്‍ ദാഹമകറ്റുന്നത്. പ്രകൃതി കനിഞ്ഞുനല്‍കിയ നീരുറവയെ ജീവിതസംസ്‌കാരത്തിനൊപ്പം ചേര്‍ത്ത ഒരുപറ്റം മനുഷ്യര്‍ക്കിടയില്‍ ഈ കേണി സൗഭാഗ്യത്തിന്റെ അടയാളംകൂടിയാണ്. ജലസംരക്ഷണത്തിന്റെ വലിയ സന്ദേശമാണ് പുതുതലമുറയ്ക്കും ഇവിടെനിന്ന് പഠിക്കാനുള്ളത്.

അതിരാവിലെത്തന്നെ കുന്നിറങ്ങി കാടിന്റെ തണലിലെ ഈ കേണിക്കരികില്‍ ഗ്രാമവാസികളെത്തും. ആവശ്യമുള്ള ജലമെടുത്ത് ഇവര്‍ വീട്ടിലേക്കു മടങ്ങും. വലിയ പ്ലാവിന്റെ തടി തുരന്നുണ്ടാക്കിയ കുറ്റിയിലാണ് ജലം നിറഞ്ഞുതുളുമ്പുന്നത്. നൂറുവര്‍ഷങ്ങളുടെ ഓര്‍മകള്‍ക്കപ്പുറവും ഈ പ്ലാവിന്‍കുറ്റിയും കേണിയും പാക്കത്തിന്റെ ചരിത്രത്തിലും അനുഭവത്തിലുമുണ്ട്.

ചുറ്റുമുള്ള ഗ്രാമങ്ങളിലെ കിണറുകള്‍പോലും കടുത്ത വേനലില്‍ വറ്റിവരണ്ടപ്പോഴും ഇതൊന്നുമേശാതെ കവിഞ്ഞൊഴുകിയ ചരിത്രംമാത്രമാണ് പാക്കം കേണിക്കുള്ളത്. കുറുമസമുദായമാണ് പരമ്പരാഗതമായി ഈ ജലസ്രോതസ്സിനെ പരിപാലിക്കുന്നത്. കുടുംബത്തിലെ അംഗങ്ങളുടെ കല്യാണംകഴിഞ്ഞാല്‍ നവവധു പിറ്റേന്ന് പുലര്‍ച്ചെ ഈ കേണിയില്‍നിന്ന് ഒരുകുടം വെള്ളമെടുത്ത് വീടിന്റെ അകത്തളങ്ങളിലെത്തിക്കണമെന്നുപോലും ചിട്ടകളുണ്ടായിരുന്നു.

കുടിവെള്ളത്തെ എല്ലാത്തിനുംമീതെയായി കാണുന്ന ഒരു ഗോത്രജനതയുടെ സംസ്‌കൃതികൂടിയാണ് ഇത് വെളിപ്പെടുത്തുന്നത്. വിശേഷദിവസങ്ങളിലെ ആവശ്യങ്ങള്‍ക്കും ഈ തീര്‍ഥജലംതന്നെ വേണമെന്നാണ് ഇവരുടെ തീരുമാനം. പരിസരത്ത് കിണറുകള്‍ വന്നെങ്കിലും വേനലില്‍ കേണികളിലേക്കുതന്നെയാണ് ഇപ്പോഴും ഇവരുടെ യാത്ര. വരിവരിയായിനിന്ന് ചെറുപാത്രംകൊണ്ട് മുക്കിനിറച്ച ചെപ്പുകുടങ്ങളുമായി വേനലില്‍ കുന്നുകയറുന്ന ഗ്രാമീണര്‍ ഇവിടത്തെ പരിചിതമായ കാഴ്ചകളാണ്. കാട്ടാനകള്‍ ധാരാളമായി വിഹരിക്കുന്ന ഇടമാണെങ്കിലും ഒരിക്കല്‍പ്പോലും ഈ കേണിയെ വന്യമൃഗങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് തിരുമുഖം കോളനിവാസികള്‍ പറയുന്നു.

വനംവകുപ്പ് പ്ലാവിന്റെ കുറ്റിയിലുള്ള ഈ നീരുറവയ്ക്കുചുറ്റും കോണ്‍ക്രീറ്റ് റിങ്ങ് താഴ്ത്തിത്തരാം എന്നുപറഞ്ഞപ്പോഴും ഇവര്‍ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കുകയായിരുന്നു. കാലം നല്‍കിയത് അതുപോലെത്തന്നെ വരുംതലമുറയ്ക്കായും കൈമാറട്ടെ എന്നാണ് ഇവര്‍ പറയുന്നത്.

പനംകുറ്റിയും തലക്കുളങ്ങളും ഓര്‍മയാകുന്നു

കടുത്തവേനലിനെ മറികടക്കാന്‍ പ്രകൃതി കനിഞ്ഞരുളിയ ധാരാളം ജലസ്രോതസ്സുകള്‍ വയനാട്ടിലുണ്ടായിരുന്നു. പനംകുറ്റിയും തലക്കുളങ്ങളും ഗ്രാമങ്ങള്‍തോറും കാണുമായിരുന്ന കാലം. ചതുപ്പുകള്‍ നികന്ന് ഇതെല്ലാം ഓര്‍മയായതോടെ കുടിവെള്ളം തേടിയുള്ള ഗ്രാമങ്ങളുടെ യാത്രകളും അവസാനിക്കുന്നില്ല.

വയലിന്റെ കോണുകളിലായുള്ള തലക്കുളങ്ങളില്‍നിന്ന് കൃഷിയിടത്തിലേക്ക് ഒഴുകിയിരുന്ന നീര്‍ച്ചാലുകളെല്ലാം ഇല്ലാതായി. വയലുകള്‍ പച്ചപ്പിനെ കൈവിട്ടതോടെ ഈ ചതുപ്പുകളും മരുപ്പറമ്പുകളാവുന്നതാണ് കാഴ്ച.

ആവശ്യത്തിനുമാത്രം മുക്കിയെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെയെല്ലാം നിര്‍മിതികള്‍. വെള്ളത്തിന്റെ കരുതലോടെയുള്ള ഉപയോഗവും വരുംകാലത്തേക്കും ഇവയെല്ലാം നിലനില്‍ക്കണമെന്നുമുള്ള സന്ദേശമായിരുന്നു ഈ പനംകുറ്റികള്‍ പങ്കുവെച്ചിരുന്നത്. ഓരോ പാടത്തിനരികിലും വേനലിലും വറ്റാത്ത ഉറവയുള്ള ചതുപ്പുനിറഞ്ഞ സ്ഥലങ്ങളില്‍ പനംകുറ്റിയും പതിവായിരുന്നു. അലക്കാനും കുളിക്കാനും കുളങ്ങളെ ആശ്രയിക്കുമ്പോള്‍ കുടിവെള്ളമെടുക്കാന്‍മാത്രമാണ് പനംകുറ്റിയെ ആശ്രയിച്ചിരുന്നത്.

കിണറുകള്‍ക്കെല്ലാം ബദലാകാന്‍ ഈ ജലസ്രോതസ്സിനു കഴിഞ്ഞിരുന്നതായും മുതിര്‍ന്ന തലമുറയിലെ അംഗങ്ങള്‍ പറയുന്നു. വാഴയും മറ്റു കൃഷികളും ഭൂമിയുടെ തരംമാറ്റലുമെല്ലാം തകൃതിയായതോടെ ഈ ജലസ്രോതസ്സുകള്‍ക്കും സര്‍വനാശമായി.

കാലത്തിനൊപ്പം കാത്തുനില്‍ക്കാതെ ഇവയും വയനാടന്‍ ഗ്രാമീണജീവിതത്തില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഒടുവില്‍ ഒരു നാടുമുഴുവന്‍ വെള്ളംതേടി അലയുമ്പോള്‍ ഈ പരമ്പരാഗത ജലാശയങ്ങള്‍ നല്‍കുന്നത് പരാശ്രയത്തിന്റെ പുതിയ പാഠങ്ങളാണ്.

Content Highlights: pakkam keni wayanad the water source that never dries

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Hotel Ducor 1

2 min

അന്ന് പഞ്ചനക്ഷത്ര ഹോട്ടല്‍, ഇന്ന് പ്രേതക്കോട്ട; ആഭ്യന്തരയുദ്ധങ്ങള്‍ തകര്‍ത്ത 'ഹോട്ടല്‍ ഡ്യൂക്കോര്‍'

Jan 10, 2022


Aatmaj

2 min

വീട്ടിൽ പോലും സത്യം പറഞ്ഞില്ല, ധൈര്യം കൈമുതലാക്കി ആത്മജ് പോയത് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക്

Dec 13, 2021


Paro airport, Bhutan

2 min

വിദേശയാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക; ഈ രാജ്യങ്ങളില്‍ ടൂറിസ്റ്റുകള്‍ നികുതി കൊടുക്കണം

Jun 5, 2023

Most Commented