മുക്കിയെടുക്കും തോറും നിറഞ്ഞു വരും; നൂറ്റാണ്ടുകളായി വറ്റാതെ തെളിനീര് ചുരത്തുന്ന പാക്കം കേണി


എഴുത്തും ചിത്രങ്ങളും: രമേഷ് കുമാര്‍ വെള്ളമുണ്ടപാക്കം കേണി

ടതൂര്‍ന്ന വനത്തിന് നടുവിലൂടെ വളഞ്ഞും പുളഞ്ഞും നീണ്ടുപോകുന്ന പാത അവസാനിക്കുന്നത് വയല്‍ പുഴയോട് ചേരുന്ന പാക്കം എന്ന ഗ്രാമത്തിലാണ്. വയനാടിന്റെ തനിമയാര്‍ന്ന ഗ്രാമവിശുദ്ധിയെ ഇന്നും താലോലിക്കുന്ന ഒരു പറ്റം ഗോത്ര കുടുംബങ്ങളുടെ സ്വന്തം നാടായി ഈ ഗ്രാമത്തെ വിശേഷിപ്പിക്കാം. വലിയ കെട്ടിടങ്ങളോ ആഢംബരത്തിന്റെ അടയാളങ്ങളോ എവിടെയുമില്ല. പകരം പുല്ലുമേഞ്ഞ ചെറിയ കുടിലുകളും ചായക്കടകളും എല്ലാമുള്ള ഒരു ഉള്‍പ്രദേശം. ഒരിക്കല്‍ വയനാടെന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇതെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പുരാതനമായ പാക്കം കോട്ടയുടെ കവാടത്തില്‍ നിന്നും ചരിത്രത്തിലേക്ക് വിരലോടിച്ചാല്‍ ഇതിഹാസ തുല്യമായ ഇന്നലെകള്‍ കണ്‍മുന്നിലേക്ക് തെളിയും. ഉത്തരവാദിത്ത വിനോദ സഞ്ചാരത്തിന്റെ ഇടവഴിയായ ഈ ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഗോത്ര ജനതയുടെ ഒരു കാലത്തെ പോരാട്ടവും പ്രതിരോധവും കീഴടങ്ങലുമെല്ലാം ഒരു പാഠപുസ്തകത്തിലെന്ന പോലെ ഗ്രാമവാസികളില്‍ നിന്നും വായിച്ചെടുക്കാം. തുമ്പയും കയ്യുന്നിയുമെല്ലാം ഇപ്പോഴുമുള്ള വകതിരിവില്ലാത്ത വരമ്പുകളിലൂടെ നടന്ന് പാക്കം കോട്ടയിലേക്കുള്ള കാട്ടുവഴിയിലെത്താം. കാട്ടുചോലകള്‍ ധാരാളമുള്ള പുഴവക്കില്‍ നിന്നും കുത്തനെയുള്ള കയറ്റം കയറി കാടിന്റെ അകത്തളത്തില്‍ കാലത്തെ തോല്‍പ്പിക്കുന്ന കോട്ട കാണാം.

വയനാടിന്റെ ഗോത്ര സംസ്‌കൃതിയില്‍ പ്രൗഢമാണ് വേടരാജാക്കന്‍മാരുടെ ആധിപത്യം. കാടിന്റെ തണലില്‍ ഇവര്‍ വളര്‍ത്തിയ രാജവംശത്തിന് ആഡംബരത്തിന്റെ വലിയ കോട്ടകളും കൊത്തളങ്ങളുമില്ല. കാട്ടുകല്ലുകളാല്‍ അടിത്തറ പാകിയ ദേവതകളുടെ അമ്പലങ്ങള്‍ മാത്രമാണ് ഇവരുടെ നിര്‍മ്മിതി. പ്രകൃതി നിര്‍മ്മിച്ച കാട്ടുചോലകള്‍ ഇവരുടെ കൊട്ടാരമായി. ഇതിനുള്ളിലെ സാമൃാജ്യം ആചാരനിഷ്ഠകള്‍ പാലിച്ച് ഗോത്രകുല പാരമ്പര്യത്തെ തലമുറകള്‍ക്ക് കൈമാറി. പരിസ്ഥിതിയെ നോവിക്കാതെയുള്ള ജീവിതത്തിന് ഈ രാജവംശം സ്വീകരിച്ചതും വേറിട്ട രീതികളായിരുന്നു. വരേണ്യ വര്‍ഗ്ഗത്തിന്റെ ആഗമനം ഈ കാടിന്റെ ഉള്ളറകളിലേക്കുണ്ടായപ്പോഴും ഇവര്‍ നിശ്ബദം ഈ നാടിന്റെ അധിപന്‍മാരായി തന്നെ കഴിഞ്ഞുകൂടി. കാലം കുറച്ചുകൂടി പിന്നിട്ടപ്പോള്‍ വയനാട്ടിലെ പുരാതനമായ വേടസംസ്‌കൃതിയുടെ ഇടയിലേക്ക് ജന്മിമാരുടെ പതിനെട്ട് തറവാടുകള്‍ വന്നു. അപ്പോഴും കാടിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു വേടരാജാക്കന്‍മാരുടെ ആസ്ഥാനമായ പാക്കം കോട്ട. ആയിരക്കണക്കിന് പറ നെല്ല് കൊയ്‌തെടുക്കുന്ന കബനിയുടെ തീരത്തെ വയലുകളില്‍ വേടരാജാക്കന്‍മാരുടെ പിന്‍തലമുറക്കാരായ കുറുമ സമുദായക്കാര്‍ അധ്വാന ശീലരായി. സുഭിക്ഷം കഴിയാനുള്ളതെല്ലാം ഇവര്‍ ഇവിടെ നിന്ന് തന്നെ കൊയ്‌തെടുത്തു. തലമുതിര്‍ന്ന ഗോത്ര കാരണവരെ ഓരോ കാലത്തും രാജാവായി വാഴിച്ചു. നാല്‍പ്പതേക്കറോളം വയലും അത്രതന്നെ കരഭൂമിയും സ്വന്തമായുള്ള ഈ ഗോത്രരാജവംശത്തിന് പില്‍ക്കാലം നല്‍കിയത് ശിഥിലമായ ഓര്‍മ്മകള്‍ മാത്രമാണ്. സ്വന്തമായുള്ളതെല്ലാം മറ്റാരക്കെയോ സ്വന്തമാക്കി. കരഭൂമിയെല്ലാം വനമായതിനാല്‍ വനംവകുപ്പും അവകാശം സ്ഥാപിച്ചു. ഇതിനുള്ളില്‍ ഇപ്പോള്‍ ബാക്കിയുള്ളത് ആഡംബരത്തിന്റെ തലയെടുപ്പില്ലാത്ത കോട്ടമാത്രം. വനത്തിനുള്ളിലായതിനാല്‍ അധികമാരും എത്താതെ നിതാന്ത മൗനത്തിലാണ് ഇന്നും ഈ കോട്ടയുളളത്. വിശേഷ ദിവസങ്ങളില്‍ കുടുംബ തലമുറകളിലുളളവര്‍ ഇവിടെ ഈ കോട്ടയുടെ പടികളില്‍ വിളക്ക് തെളിയിക്കും. വയനാടിന്റെ ഭൂതകാലത്തില്‍ നിന്നുമുള്ള വെളിച്ചമായി ചെറിയമലയുടെ നെറുകയിലെ ഈ ഉള്‍വനത്തിനുള്ളില്‍ നിന്നും ഈ തിരിനാളം പ്രകാശപൂരിതമാകും. കുംഭമാസത്തിലെ ആദ്യവാരത്തില്‍ ഉച്ചാല്‍ ഉത്സവത്തിനായി പഴമയുടെ ഓര്‍മ്മ പുതുക്കി ഇവിടെ ഇന്നും ഗോത്രകുലങ്ങള്‍ ഒത്തുചേരും. പണിയരും കാട്ടുനായ്ക്കരും തേന്‍കുറുമരും മുള്ളുവ കുറുമരുമെല്ലാം ഒന്നിച്ചാണ് ഈ ഉത്സവത്തില്‍ പങ്കാളിയാവുക.

കുറിച്യരുടെ വീടുകള്‍

ചരിത്രത്തിലിടം തേടിയ ഗ്രാമം

പുല്‍പ്പള്ളിയില്‍ നിന്നും ഇരുപത് കിലോമീറ്ററോളം കുറുവ റോഡിലൂടെ സഞ്ചരിച്ചാലും മാനന്തവാടി പുല്‍പ്പള്ളി റോഡില്‍ പതിനെട്ട് കിലോമീറ്ററോളം പടിഞ്ഞാറോട്ട് യാത്ര ചെയ്താലും ഇവിടെയെത്താം. അഞ്ചുകിലോമീറ്ററോളം കാടിനുള്ളിലൂടെ പിന്നിട്ടാണ് യാത്ര. കുറുവദ്വീപിന്റെ കരയില്‍ ഏക്കര്‍കണക്കിന് ഗന്ധകശാല പാടങ്ങളെ മുറിച്ചു കടന്നാല്‍ ചെറിയ മലയിലെ ആദിവാസികളുടെ സങ്കേതമായി. ഒരുഭാഗത്ത് നിറഞ്ഞ് തുളുമ്പി കുറവയുടെ കൈവഴികള്‍ ഒഴുകി അകലുന്നു. അനേകം ചെറിയ ദ്വീപുകളുടെ കാഴ്ചയുള്ള കുന്നിലേക്ക് കാടിനിടയിലൂടെ നടവഴിയുണ്ട്. കോളനിയില്‍ നിന്നും ആരെയെങ്കിലും കൂട്ടി മാത്രമേ ഈ കോട്ടയിലേക്ക് പോകാന്‍ കഴിയു. വന്യമൃഗങ്ങള്‍ ധാരാളമുള്ളതിനാല്‍ നല്ല ശ്രദ്ധയും വേണം. മണ്‍പടവുകള്‍ കയറി മുകളിലെത്തിയാല്‍ നിരന്ന സ്ഥലത്ത് പാക്കം കോട്ട കാഴ്ചയിലേക്ക് തെളിയുകയായി. അഞ്ചു തറകള്‍ക്ക് മീതെ അഞ്ച് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. കാലപ്പഴക്കത്തില്‍ കോട്ടയുടെ തറകള്‍ നശിക്കാതിരിക്കാന്‍ ഇരുമ്പു മേല്‍ക്കൂരകള്‍ പണിതിരിക്കുകയാണ്.

പാക്കം കോട്ട

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ കോട്ടയുടെ പാദങ്ങളില്‍ നിന്നാണ് വയനാടെന്ന ഗോത്രദേശത്തിന്റെ ചരിത്രമെല്ലാം തുടങ്ങുന്നത്. പിന്നീടുണ്ടായതെല്ലാം ഇതിന്റെ തുടര്‍ച്ചമാത്രമാണ്. കോട്ടയം രാജവംശം പഴശ്ശിരാജാവിന്റെ നേതൃത്ത്വത്തില്‍ ഇവിടേക്ക് വരുന്നതിന് മുമ്പ് വരെ ശക്തിയാര്‍ജ്ജിച്ചു നിന്നാതാണ് വേടരാജവംശം. നാല് തലമുറകളോളം ഇടവിട്ട് ഈ കോട്ടയില്‍ വിളക്ക് തെളിയിച്ചിരുന്നതായും കുറുമ കുലത്തിലെ കാരണവന്‍മാര്‍ പറയുന്നു. കുറുമരെ പഴശ്ശി സൈന്യം പടയാളികളാക്കിയതോടെ ഈ കോട്ടയും പരിസരവും പഴശ്ശിപോരാട്ടത്തിന്റെയും ഭാഗമായി. ഇതിന്റെ അടയാളങ്ങളും ഇവിടെ ഇന്നും ശേഷിക്കുന്നുണ്ട്. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉയര്‍ന്നവരാണ് ആദിവാസികള്‍ക്കിടയിലെ കുറുമസമുദായം. കാലങ്ങള്‍ക്ക് മുമ്പേ ഇവര്‍ ചിട്ടപ്പെടുത്തിയ ജീവിതക്രമങ്ങള്‍ ഈ സമുദായത്തിനെ മുന്നോട്ട് നയിച്ചു. കൃഷി ഇവരുടെ കുലത്തൊഴിലാണ്. പ്രധാനമായും നെല്ല് കൃഷി ചെയ്ത ജീവിക്കുന്നവരാണ് ഇവരുടെ മുന്‍തലമുറക്കാര്‍. പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചുള്ള ഇവരുടെ മുന്നേറ്റങ്ങള്‍ക്ക് കാലം സമൃദ്ധി നല്‍കി. അല്ലലില്ലാതെ ജീവിക്കാന്‍ ഇവര്‍ അത്യാഗ്രഹത്തിന്റെ കുറുക്ക് വഴികളൊന്നും തേടിയില്ല. എല്ല് മുറിയെ പണിയെടുത്താല്‍ അല്ലലില്ലാതെ കഴിയാം എന്ന തത്വം തന്നെ ഇവര്‍ പാലിച്ചു. കുറുമര്‍ക്കിടയില്‍ ഇന്നും നെല്‍കൃഷി സക്രിയമാണ്. നഷ്ടക്കണക്കുകള്‍ പറഞ്ഞ് ഇവര്‍ നെല്‍കൃഷി ഉപേക്ഷിക്കാന്‍ തയ്യാറല്ല. വയനാട്ടിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരമ്പരാഗത നെല്‍വിത്തുകള്‍ ഇവര്‍ ഇപ്പോഴും കൃഷിചെയ്ത് സംരക്ഷിക്കുന്നു. ജൈവകൃഷി തന്നെയാണ് പ്രധാനം. ധാരാളം കന്നുകാലികളും ഇവര്‍ക്കൊപ്പം ഇന്നും വളരുന്നു. പാക്കത്തിന്റെ തണലിലും ഇവര്‍ ഈ ശീലങ്ങളുടെ നിഴല്‍പറ്റി ജീവിക്കുന്നതു കാണാം.

കാലത്തിന്റെ നിഴലായി പാക്കം കേണി

കൊടും വരള്‍ച്ചയുടെയും പ്രകൃതി ചൂഷണത്തിന്റെയും പൊള്ളുന്ന കഥകള്‍ക്കപ്പുറം പാക്കം കേണി പുതിയ കാലത്തിനായി ഇന്നും തെളിനീര് ചുരത്തുന്നു.മണ്ണിനോടും പ്രകൃതിയോടും ഇണങ്ങിക്കഴുയുന്ന ആദിവാസികള്‍ ഒരു ജലശ്രേണിയെ നൂറ്റാണ്ടുകളായി പരിരക്ഷിക്കുന്ന കഥയാണ് പാക്കത്തിന് പറയാനുള്ളത്. കാടിനുള്ളിലെ അരയ്‌ക്കൊപ്പം മാത്രം താഴ്ചയുള്ള ഈ കേണിയില്‍ നിന്നാണ് തലമുറകളായി പാക്കം ഗ്രാമത്തിന്റെ ദാഹമകലുന്നത്. പ്രകൃതി കനിഞ്ഞു നല്‍കിയ ഈ നീരുറവയെ ജീവിത സംസ്‌കാരത്തിനൊപ്പം ചേര്‍ത്ത ഒരു പറ്റം മനുഷ്യര്‍ക്കിടയില്‍ ഈ കേണി സൗഭാഗ്യത്തിന്റെത് കൂടിയാണ്. ഏതോ കാലത്ത് ആരോ പറഞ്ഞ് പഠിപ്പിച്ചതുപോലെ ഈ തീര്‍ത്ഥത്തെ ഇവര്‍ ഇന്നും കൈക്കുമ്പിളില്‍ ഏറ്റുവാങ്ങുന്നു. ജല സംരക്ഷണത്തിന്റെ വലിയ സന്ദേശമാണ് പുതിയ തലമുറയ്ക്കും ഇവിടെ നിന്നും പഠിക്കാനുള്ളത്. അതിരാവിലെ തന്നെ കുന്നിറങ്ങി കാടിന്റെ തണലിലെ ഈ കേണിക്കരികില്‍ ഗ്രാമവാസികളെത്തും. ഓരോ കുടുംബത്തിനും അന്നന്ന് ആവശ്യമുള്ള ജലം വൃത്തിയുള്ള പാത്രത്തില്‍ മുക്കിയെടുത്ത് ഇവര്‍ വീട്ടിലേക്ക് മടങ്ങും. എല്ലാവര്‍ക്കും ആവശ്യത്തിനുള്ള ജലം ഈ കേണി കരുതിവെക്കുമെന്ന വിശ്വാസം ഏതുകാലത്തും വെറുതെയായിരുന്നില്ല. ഇതുകൊണ്ട് തന്നെ ഇവര്‍ക്ക് കാലങ്ങളായി കുടിവെള്ളത്തിന് മറ്റൊരു വഴിതേടി പോകാനും തോന്നിയിട്ടില്ല. ആരെയും നിരാശപ്പെടുത്താതെ തീര്‍ത്ഥജലം ചുരത്തി ഈ കേണി കാലത്തെയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. വലിയ പ്ലാവിന്റെ തടി തുരന്നുണ്ടാക്കിയ കുറ്റിയിലാണ് ജലം നിറഞ്ഞു തുളുമ്പുന്നത്. നൂറ് വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ക്കപ്പുറവും ഈ പ്ലാവിന്‍കുറ്റിയും കേണിയും പാക്കത്തിന്റെ ചരിത്രത്തിലും അനുഭവത്തിലുമുണ്ട്. ചുറ്റുമുള്ള ഗ്രാമങ്ങളിലെ കിണറുകള്‍ പോലും കടുത്ത വേനലില്‍ വറ്റി വരണ്ടപ്പോഴും ഇതൊന്നുമേശാതെ കവിഞ്ഞൊഴുകിയ ചരിത്രം മാത്രമാണ് പാക്കം കേണിക്കുള്ളത്. കുറുമ വംശജരാണ് പരമ്പാരഗതമായി ഈ ജലസ്രോതസ്സിനെ പരിപാലിക്കുന്നത്. ഒരു ഇലപോലും വീഴാതെ ഈ കേണിയുടെ പരിസരവും ഇവര്‍ വൃത്തിയായി പരിപാലിക്കുന്നു.

കേണിയില്‍ നിന്നുള്ള ഒരു കുടം വെള്ളം വീടിന്റെ അകത്തളങ്ങളിലെത്തുന്നതോടെയാണ് ഈ ഗ്രാമത്തിന്റെ ഒരു ദിനം തുടങ്ങുന്നതുപോലും. മുന്‍ തലമുറകള്‍ അവരുടെ മുതിര്‍ന്നവരില്‍ നിന്നും ശീലിച്ചതാണ് ഈ ചിട്ടകളെല്ലാം. വിശേഷ ദിവസങ്ങളിലെ ആവശ്യങ്ങള്‍ക്കുപോലും ഈ തീര്‍ത്ഥജലം തന്നെ വേണമെന്നാണ് ഇവരുടെ തീരുമാനം. മുക്കിയെടുക്കും തോറും നിമിഷങ്ങള്‍ക്കം ഇത് നിറഞ്ഞ വരും. കലങ്ങാത്ത തണുപ്പുള്ള ഈ തെളിനീര് പുറമെ നിന്നും കേണി കാണാന്‍ വരുന്നവര്‍ക്ക് ഒരേ സമയം അത്ഭുതവുമാണ്. ചെരിപ്പുകള്‍ പോലും കേണിയുടെ പരിസരത്തൊന്നും ഇവര്‍ അടുപ്പിക്കില്ല. ദൈവം കനിഞ്ഞു നല്‍കിയ ഈ ജലസ്രോതസ്സിനെ അതിന്റെ ആചാരപ്രകാരം കാത്തുവെക്കാന്‍ ഗോത്രവംശജരും ശ്രദ്ധവെക്കുന്നു. സ്ത്രീകള്‍ക്ക് തൊട്ടുകൂടായ്മയുള്ളപ്പോഴും പുലയുള്ളപ്പോഴുമൊന്നും ഇവര്‍ ഈ കേണിയില്‍ നിന്നും വെള്ളമുക്കാന്‍ പോകുന്ന പതിവില്ല. കുടിവെള്ളത്തിനെ ഏറ്റവും അമൂല്യമായി മുന്‍ തലമുറ കാലങ്ങളോളം കരുതിവെച്ചതിനും പാക്കം കേണിയോളം വലിയൊരു തെളിവ് മറ്റൊന്നുമില്ല.

സ്രാമ്പിയുടെ ഓര്‍മ്മകള്‍

കാടിന്റെ അകത്തളങ്ങളില്‍ ബ്രിട്ടീഷ് വനപാലകര്‍ക്കായുള്ള പാര്‍പ്പിടം. ഇതായിരുന്നു പാക്കത്തുണ്ടായിരുന്ന സ്രാമ്പി. വന്യജീവികളെയും അതോടൊപ്പം കൊടും തണുപ്പിനെയും അതിജീവിക്കാന്‍ കഴിയുന്ന വിധമുള്ള പൂര്‍ണ്ണമായും തേക്ക് മരത്തിലുള്ള നിര്‍മ്മിതി കാലങ്ങളോളം വിസ്മയമായിരുന്നു. കൊളോണിയല്‍ ഭരണകാലത്തെ മരനിര്‍മ്മിതിയിലെ ഏറ്റവും വിസ്മയകരമായ വസ്തുതകളാണ് സ്രാമ്പി കാലത്തോട് പങ്കുവെച്ചത്. ഏതു കൊടും കാറ്റിനെയും ചെറുത്തുനില്‍ക്കാനുള്ള കരുത്തും മരത്തിന്റെ പലകകള്‍ നിരത്തി രണ്ടുതട്ടില്‍ നിര്‍മ്മിച്ച ഈ സ്രാമ്പിയില്‍ അടുക്കളയും കുളിമുറിയും വരെ സജ്ജമായിരുന്നു. വളരെക്കാലം പുറത്ത് പോകാതെ തന്നെ സ്രാമ്പിയില്‍ രാപാര്‍ക്കാന്‍ സൗകര്യമുണ്ടായിരുന്നു. ഉയര്‍ന്ന മേല്‍ക്കൂരയില്‍ ഓടുവിരിച്ച് അനവധി തേക്ക് കാലുകളാണ് ഈ സ്രാമ്പിയെ താങ്ങിനിര്‍ത്തിയിരുന്നത്. കാട്ടാനയും മറ്റും കുത്തിയാല്‍പോലും ഇളക്കം തട്ടാത്ത ഈ വിശ്രമ സങ്കേതത്തിന്റെ നിര്‍മ്മിതിപോലും അക്കാലത്ത് അമ്പരിപ്പിക്കുന്നതാണ്. ഈര്‍ച്ചവാളുകളാല്‍ ഈര്‍ന്നെടുത്ത വലിയ തേക്കിന് കഴകള്‍ കാലത്തെ പ്രതിരോധിച്ചു നിന്നു. ഒടുവില്‍ നിലം പൊത്തി. വയനാട്ടില്‍ ബ്രിട്ടീഷ് അധിനിവേശത്തിന്റെ കഥകള്‍ പറയുന്ന ചുരുക്കം ചില നിര്‍മ്മിതികളില്‍ ഒന്നായിരുന്നു പാക്കം സ്രാമ്പി. തേക്കു പലകകളാല്‍ അടിത്തറയിട്ട ഒന്നാം നിലയിലാണ് സുരക്ഷിതമായുള്ള താമസ സൗകര്യമുണ്ടായിരുന്നത്. സ്രാമ്പി വിദേശ എന്‍ജിനീയര്‍മാരുടെ നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെയും ഒന്നാന്തരമൊരു അടയാളമായിരുന്നു.

സ്രാമ്പി

Content Highlights: pakkam keni wayanad the water source that never dries


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented