Camera: Sandeep Balussery

 

തീയുണ്ടാക്കാനുള്ള വിദ്യ മനുഷ്യകുലത്തിന് വലിയൊരു വഴിത്തിരിവായിരുന്നു. എന്നാല്‍ മനുഷ്യന്റെ ആ കഴിവ് ഇന്ന് ജീവജാലങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായിരിക്കുകയാണ്.

വേനലില്‍ വെന്തുരുകുന്ന നമ്മുടെ കാടുകളെ കാട്ടുതീ കാര്‍ന്നുതിന്നുകയാണ്. സഞ്ചാരികളുടെ ഇഷ്ടയിടങ്ങളായ ചെമ്പ്രമലയും പറമ്പിക്കുളവും കത്തിയമര്‍ന്നു. അതിര്‍ത്തിയായ ബന്ദിപ്പൂര്‍ പൂര്‍ണമായും നശിച്ചിരിക്കുകയാണ്. ഇല്ലാതായ ജീവജാലങ്ങളുടെ വലിയ കണക്കുകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. 

കാട്ടുതീ എന്നാണ് പേരെങ്കിലും നാട്ടിലെ മനുഷ്യരില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. കേരളത്തിലെ വനങ്ങളില്‍ സ്വാഭാവികമായ കാട്ടുതീ ഉണ്ടാവില്ലെന്ന് വിദഗ്ധര്‍ ഉറപ്പിച്ചുപറയുന്നു. കാടുകയറല്‍ ഒരു ഫെയ്‌സ്ബുക്ക് ഫാഷനായ കാലത്ത്, ഇതുപോലുള്ള ദുരന്തങ്ങള്‍ വിരല്‍ചൂണ്ടുന്നത് അച്ചടക്കമില്ലാത്ത വിനോദസഞ്ചാരങ്ങളിലേക്കാണ്. വിനോദസഞ്ചാരം കാടിനെ കാര്‍ന്നുതിന്നുന്ന അവസ്ഥയിലേക്ക്.

dhanesh

വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാര്‍ - നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള വനമേഖലകളെ തോട്ടംമാഫിയയില്‍ നിന്ന് തിരിച്ചുപിടിച്ച ഈ ഉദ്യോഗസ്ഥന്‍ വേട്ടക്കാരുടെ ആക്രമണങ്ങള്‍ നിരവധി തവണയാണ് നേരിട്ടത്. പോരാട്ടത്തിന് അംഗീകാരമായി വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ബഹുമതി തേടിയെത്തി. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതിയും. 

കാനനനയാത്രകളെ അച്ചടക്കത്തോടെ എങ്ങനെ സമീപിക്കാം? വിനോദകേന്ദ്രത്തിനും അപ്പുറം വനങ്ങളുടെ പ്രധാന്യം എന്താണ്? സമൂഹമാധ്യമക്കൂട്ടായ്മകള്‍ കാടിന് ഗുണമോ, അതോ ദോഷമോ? ധനേഷ് കുമാറിനോട് ചോദിക്കാം... 

dhanesh kumar

  • വനങ്ങളുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരത്തിന് പ്രചാരം കൂടിവരുന്നു. ട്രെക്കിങ്ങും ക്യാംപിങ്ങും ഉള്‍പ്പെടെ ആകര്‍ഷകമായ പരിപാടികള്‍ കേരളത്തിലെ കാടുകളില്‍ ഒരുക്കിയിരിക്കുന്നു. ഈയൊരു അവസരത്തില്‍ കാടിനെ കുറിച്ച് സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമല്ലേ?

 

ജൈവസമ്പുഷ്ടമായ ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. ഇതില്‍, വളരെയധികം പ്രത്യേകതയുള്ള ഭൂപ്രകൃതിയാണ് വയനാട്. നിത്യഹരിതവനങ്ങളാല്‍ സമ്പുഷ്ടമായ പശ്ചിമഘട്ട മലനിരകളും ഡെക്കാന്‍ പീഢഭൂമിയും ബന്ധിക്കുന്ന പ്രദേശം. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളുടെ ജലശ്രോതസ്സു കൂടിയാണ് ഇവിടം. നിരവധി ജീവജാലങ്ങളുടെ അവസാന അഭയകേന്ദ്രമാണ് വയനാടന്‍ കാടുകള്‍. ഏഷ്യന്‍ ആനകള്‍ ഏറ്റവും കൂടുതലുള്ള പ്രദേശം. കടുവകള്‍ ധാരാളം. വംശനാശത്തിലേക്ക് അടുക്കുന്ന കഴുകന്‍മാരും ഇവിടുത്തെ അന്തേവാസികളാണ്.

വയനാടിനെ സംബന്ധിച്ച് വിനോദസഞ്ചാരമെന്നാല്‍ അത് കാടുതന്നെയാണ്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരം മുന്നോട്ടുപോകണമെങ്കില്‍ ഈ കാടുകള്‍ നിലനില്‍ക്കണം, സംരക്ഷിക്കപ്പെടണം. ഇത്രയധികം പ്രധാന്യമുള്ള ഭൂപ്രകൃതിയെ കരുതലോടെ വേണം സമീപിക്കാന്‍. സഞ്ചാരികളുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ നാശങ്ങള്‍ക്ക് കാരണമാകാം. 

  • കാടും നാടും വേനലില്‍ വെന്തുരുകുകയാണ്. ചെമ്പ്രമലയും പറമ്പിക്കുളവും കാട്ടുതീയില്‍ കത്തിയമര്‍ന്നു. വിനോദസഞ്ചാരികളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ? വേനല്‍ക്കാലത്ത് വനം സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?

 

ഏതൊരു കാലത്തും കാട് കാണാന്‍ വരുന്ന സന്ദര്‍ശകര്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അശ്രദ്ധ വനത്തിനു മാത്രമല്ല, സന്ദര്‍ശകരുടെ ജീവനും അപകടകരമാകാം. വേനല്‍ക്കാലത്ത് കാട്ടുതീ പോലുള്ള ഭീഷണികളാണെങ്കില്‍, മഴക്കാലത്ത് വെള്ളച്ചാട്ടത്തിലും മറ്റുമായി അപകടങ്ങള്‍ സംഭവിക്കാം. 

chembra
ഫോട്ടോ: ആഷിഖ് ചിയനൂര്‍
chembra
ഫോട്ടോ: ആഷിഖ് ചിയനൂര്‍

ചെമ്പ്രയില്‍ സംഭവിച്ചത് അതാണ്. സൗത്ത് വയനാട് ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ട് പ്രകാരം സന്ദര്‍ശകരില്‍ നിന്നുണ്ടായ പാകപ്പിഴയില്‍ നിന്നാണ് അഗ്നിബാധ ഉണ്ടായത്. അത് ഒരുപക്ഷേ അറിഞ്ഞുകൊണ്ടാകാം; അറിയാതെയുമാകാം.

  • കാട്ടുതീയും വേനലും രൂക്ഷമായ സാഹചര്യത്തില്‍ വനമേഖലയിലെ വിനോദസഞ്ചാരത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്?

 

ഫെബ്രുവരി 22 മുതല്‍ വയനാട്ടിലെ വനമേഖലകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. മാര്‍ച്ച് 31 വരെ ഇത് തുടരും. വനത്തിനകത്തുള്ള ട്രെക്കിങ്, സഫാരി എന്നിവയാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ വനത്തില്‍ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതേസമയം പുറത്തുള്ള പരിപാടികള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവിടെയും സന്ദര്‍ശകരുടെ ശ്രദ്ധയോടെയുള്ള സമീപനം ആവശ്യമാണ്.

  • വിനോദസഞ്ചാരം കാടിനെ നശിപ്പിക്കുമെന്ന വാദത്തോട് എങ്ങനെ പ്രതികരിക്കുന്നു? 

 

വന്യജീവി-വനസംരക്ഷണ നിയമങ്ങളും സുപ്രീം കോടതി മാര്‍ഗനിര്‍ദേശവും പ്രകാരം എക്കോ ടൂറിസം വനസംരക്ഷണത്തിന്റെ ഭാഗമല്ല. അത് വനത്തിനെ ദോഷകരമായി ബാധിക്കും. അതിനാല്‍ വനമേഖലയിലെ വിനോദസഞ്ചാരം നിയന്ത്രിതമായിരിക്കണം.

പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമികളില്‍ വളരെയധികം നിയന്ത്രണത്തോടുള്ള വിനോദസഞ്ചാരം ഒഴികെ മറ്റെല്ലാം വിപത്താണ്. പ്രകൃതിപഠനവുമായി ബന്ധപ്പെട്ടുള്ള സഞ്ചാരങ്ങള്‍ നല്ലതാണ്. എന്നാല്‍ വിനോദത്തിനായുള്ള സഞ്ചാരങ്ങള്‍ കാടുകള്‍ക്ക് അപകടകരവും.
 
വനത്തിനുള്ളില്‍ മദ്യപിക്കുക, പാചകം ചെയ്യുക, മൃഗങ്ങളെ ഉപദ്രവിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികള്‍, സ്വകാര്യ റിസോര്‍ട്ടുകളുടെ അനധികൃത ട്രെക്കിങ്ങുകള്‍ എന്നിങ്ങനെ പോകുന്നു വിനോദസഞ്ചാരത്തിന്റെ കടന്നുകയറ്റം. റിസോര്‍ട്ടുകള്‍ക്കും തോട്ടങ്ങള്‍ക്കും മറ്റുമായി പുഴകളും വനങ്ങളും കയ്യേറിവരുന്നു. ആദിവാസികളുടെ ഭൂമി വരെ റിസോര്‍ട്ട്മാഫിയകള്‍ തട്ടിയെടുക്കുന്നുണ്ട്.

dhanesh kumar

വയനാട് ദേശീയോദ്യാനത്തിലൂടെ ദേശീയപാതയും സംസ്ഥാനപാതയും കടന്നുപോകുന്നു. വഴിയോരത്ത് വന്യമൃഗങ്ങളെ കാണാന്‍ വരുന്ന ധാരാളം സന്ദര്‍ശകരുണ്ട്. വഴിയരികില്‍ സിഗരറ്റ് കുറ്റിയും ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം ഇവിടെ കാട്ടുതീയ്ക്ക് കാരണമാകുന്നു.

പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങള്‍ വിനോദസഞ്ചാരത്തിന് തുറന്നുകൊടുക്കരുത് എന്നതു തന്നെയാണ് തന്നെയാണ് എന്റെ അഭിപ്രായം. 

  • വനംവകുപ്പിന് മുന്നിലെ പ്രതിസന്ധികള്‍ എന്തൊക്കെയാണ്?

 

വയനാട്ടിലെ ഒരു ടൂറിസം പോയിന്റില്‍ മാത്രം പ്രതിമാസം മൂന്നും നാലും ലക്ഷം സന്ദര്‍ശകര്‍ എത്തുന്നു. വനംവകുപ്പിനെ സംബന്ധിച്ചിടത്തോളം വന്യജീവി, വന സംരക്ഷണത്തിനൊപ്പം വിനോദസഞ്ചാരം കൂടി കൈകാര്യം ചെയ്യുക വളരെ കഠിനമാണ്. സന്ദര്‍ശകരില്‍ നിന്നുള്ള സഹകരണം വനസംരക്ഷണത്തില്‍ വളരെ അത്യാവശ്യമാണ്.

ബന്ദിപ്പൂരില്‍ അടുത്തിടെ ഉണ്ടായ കാട്ടുതീയില്‍ വനംവകുപ്പ് ജീവനക്കാരാണ് മരിച്ചത്. 

കേരളത്തിലെ വനങ്ങളില്‍ ഒരിക്കലും സ്വാഭാവികമായി അഗ്നിബാധയുണ്ടാവുകയില്ല. മനുഷ്യന്റെ ഇടപെടലിലൂടെ മാത്രമേ കാട്ടുതീ ഉണ്ടാകുകയുള്ളൂ.

  • സമൂഹമാധ്യമങ്ങളുടെ വരവോടെ സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചു. ഫെയ്‌സ്ബുക്ക് പുതിയ പുതിയ മേച്ചില്‍പുറങ്ങള്‍ തുറന്നുതരുന്നു; ക്യാമറയും ബുള്ളറ്റുമായി യുവാക്കള്‍ അങ്ങോട്ട് പായുന്നു. പരിസ്ഥിതി പ്രധാന്യമുള്ള പ്രദേശങ്ങളിലേക്ക് ആളുകളുടെ കടന്നുകയറ്റം വര്‍ധിക്കുന്നില്ലേ?

 

വളരെ പ്രസക്തമായ ചോദ്യമാണിത്. പഠനത്തിനും വന്യജീവി ഫ്രോട്ടോഗ്രാഫിക്കും മറ്റുമായി ആളുകള്‍ വനത്തില്‍ പ്രവേശിക്കാറുണ്ട്. ഇവര്‍ ചിത്രീകരിക്കുന്ന ഫോട്ടോകള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുകയും സ്ഥലം അന്വേഷിച്ച് കൂടുതല്‍ ആളുകള്‍ എത്തുകയും ചെയ്യുന്നു. പലരെയും വനത്തില്‍ പ്രവേശിപ്പിക്കാന്‍ വനംവകുപ്പിനു മേല്‍ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദം ഉണ്ടാകാറുണ്ട്.

വിസ്സമതിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ മോശം പ്രചാരണങ്ങള്‍ നടത്താനും സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു. സ്വീഡനിലെ കാട്ടുതീയുടെ ചിത്രങ്ങള്‍ കാട്ടി, കേരളത്തിലെ കാട്ടുതീയാണെന്നും കാടുമുഴുവന്‍ കത്തിത്തീരുന്നുവെന്നും അടുത്തയിടെ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചിരുന്നു.

  • 'സഞ്ചാരി' പോലുള്ള ഫെയ്‌സ്ബുക്ക് കൂട്ടായ്മകളുടെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വനസംരക്ഷണത്തിന് സഹായകരമാകുന്നില്ലേ?

 

തീര്‍ച്ചയായും. സമൂഹമാധ്യമ കൂട്ടായ്മകള്‍ വനസംരക്ഷണത്തിലും ബോധവല്‍കരണത്തിലുമെല്ലാം വലിയ പങ്ക് വഹിക്കുന്നുണ്ട്. വനസംരക്ഷണത്തിന് പിന്തുണയുമായി നിരവധി സംഘങ്ങള്‍ രംഗത്തുണ്ട്. അതേസമയം ഇക്കൂട്ടരില്‍ ദുരുപയോഗം ചെയ്യുന്ന ഒരുവിഭാഗവുമുണ്ട്.

  • വിനോദസഞ്ചാരത്തിലൂടെ വനസംരക്ഷണവും പ്രദേശവാസികള്‍ക്ക് വരുമാനവും ലക്ഷ്യമിട്ട് ആരംഭിച്ച എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികള്‍ ഇന്ന് എവിടെയെത്തി നില്‍ക്കുന്നു?

 

1998-ല്‍ ആരംഭിച്ച പദ്ധതി 2002 ഓടെ കേരളത്തിലെ എല്ലാ വനമേഖലകളിലും പൂര്‍ത്തിയായി. വന്യജീവി സംരക്ഷണകേന്ദ്രങ്ങളിലും ദേശീയോദ്യാനങ്ങളിലും എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളും ടെറിട്ടോറിയല്‍ വിഭാഗങ്ങളില്‍ വനസംരക്ഷണസമിതിയുമായാണ് പ്രവര്‍ത്തിക്കുന്നത്. 

കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി വനത്തെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങള്‍ക്ക് വരുമാനവും ഒപ്പം വനസംരക്ഷണവും ലക്ഷ്യമിട്ടുള്ളതാണ്. മണ്ണ്-ജല സംരക്ഷണം പോലുള്ള വിവിധ പരിപാടികളും ഇതോടൊപ്പം നടത്തുന്നു. 

എക്കോ ടൂറിസം പോയിന്റുകളിലെ വിനോദസഞ്ചാര പരിപാടികളെല്ലാം നോക്കിനടത്തുന്നത് ഈ കമ്മിറ്റികളാണ്. വനമേഖലയില്‍ താമസിക്കുന്നവര്‍ക്ക് വനത്തിന്റെ പ്രധാന്യം മനസിലാക്കി കൊടുക്കാനും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടാക്കിയെടുക്കാനും പദ്ധതി സഹായകരമായി.

  • പുതിയ തലമുറയ്ക്കുള്ള സന്ദേശം എന്താണ്?

 

വന്യജീവികളും മനുഷ്യരുമായുള്ള സംഘര്‍ഷം, കാലാവസ്ഥാവ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ഇന്നുനാം അഭിമുഖീകരിക്കുന്നത്. വനവും വന്യജീവികളും കുറഞ്ഞുവരുന്നു.

അവശേഷിക്കുന്ന പ്രകൃതി സമ്പത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പൊതുസമൂഹത്തിനുണ്ട്. അതിനാല്‍ ഉത്തരവാദിത്വത്തോടെ ഓരോ സ്ഥലങ്ങളും സന്ദര്‍ശിക്കുക. ഭൂപ്രകൃതിയും ജീവജാലങ്ങളും നേരിടുന്ന ഭീഷണികള്‍ മനസിലാക്കി പ്രവര്‍ത്തിക്കുക. വരും തലമുറയ്ക്കായി മനോഹരമായ ഈ ഭൂമിയെ കാത്തുസൂക്ഷിക്കുക.