പി. ചിത്രൻ നമ്പൂതിരിപ്പാടും എം.കെ. രാമചന്ദ്രനും | ഫോട്ടോ: മാതൃഭൂമി
ചിത്രൻ നമ്പൂതിരിപ്പാട് - നൂറ് വയസ്സിന് തൊട്ട് മുൻപായിരുന്നു അവസാനയാത്ര. യാത്ര ആവേശമാണ്. ഒരു തവണ പോയി മടങ്ങിയെത്തുന്ന നാൾമുതൽ അടുത്ത വർഷത്തെ യാത്രയെക്കുറിച്ചാലോചിച്ചു തുടങ്ങും. 1991 മുതലാണ് സ്ഥിരമായി ഹിമാലയയാത്ര ആരംഭിച്ചത്. നാഗർകോവിലിനടുത്ത് പാർവതീപുരത്തെ അംബികാനന്ദ സ്വാമിയുടെ നേതൃത്വത്തിലുള്ള ഈ യാത്രകളിൽ തുടർച്ചയായി 30 കൊല്ലം പങ്കാളിയായി. ഇടയിലൊരിക്കലും യാത്ര മുടങ്ങിയില്ല. ഉറ്റവരുടെ പിന്തുണയോടൊപ്പം ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെന്നതും ഈ തുടർച്ചയ്ക്ക് സഹായകമായി.
തുടർച്ചയായ ആ മുപ്പത് യാത്രകളെക്കുറിച്ച് വിശദീകരിക്കാമോ
യാത്ര പോകുമ്പോൾ തനിയെ പോകാൻ രാമചന്ദ്രനിഷ്ടപ്പെടുന്നു. എന്നാൽ ഏകമനസ്സുള്ളവരോടൊത്ത് കൂട്ടമായി യാത്രചെയ്യാനാണ് ഞാനിഷ്ടപ്പെടുന്നത്. ഉദാഹരണത്തിന്, ബദരിയിലെത്തുന്നതിന്റെ തലേന്ന് താമസസ്ഥലത്ത് ഞങ്ങളെല്ലാവരും ഒത്തുചേർന്ന് ചർച്ച നടത്തും. ഇന്ത്യൻ സംസ്കാരത്തിൽ ബദരിക്കുള്ള പ്രാധാന്യം, ബദരിയെക്കുറിച്ചുള്ള അറിവുകൾ... അങ്ങനെയങ്ങനെ ഓരോരുത്തരായി അവരവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കും. പുതുതായി സംഘത്തിലുള്ളവർക്ക് പുത്തനറിവും ലഭിക്കും. വ്യാസഗുഹയിലിരുന്ന് വ്യാസനിർമിതമായ ഗ്രന്ഥങ്ങൾ വായിക്കും. കുറേപ്പേർ ശ്ലോകങ്ങൾ കാണാതെ ചൊല്ലും. മറ്റുള്ളവർ അത് ആസ്വദിക്കും. കഥകൾ പങ്കിടും. കൂട്ടമായി സഞ്ചരിക്കുമ്പോൾ ആശയവിനിമയത്തിനുള്ള വലിയ സാധ്യതയാണ് തുറക്കുന്നത്.
സർവീസിലിരിക്കെയുള്ള യാത്രകളെക്കുറിച്ചോർക്കുന്നുണ്ടോ
1954-ലായിരുന്നു അത്. അധ്യാപകർക്കായി ഇന്ത്യാ ഗവൺമെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയം ഒരു പദ്ധതി കൊണ്ടുവന്നിരുന്നു. പത്തുവർഷമായിട്ടും ആരും അത് ഉപയോഗിച്ചിരുന്നില്ല. സർക്കാർ ഗ്രാന്റോടെ അധ്യാപകർക്ക് യാത്ര ചെയ്യാനുള്ള അവസരം. കോഴിക്കോട് വിദ്യാഭ്യാസ വകുപ്പിലിരിക്കേ പദ്ധതിപ്രകാരം യാത്ര സംഘടിപ്പിക്കാൻ ശ്രമം നടത്തി. വിശ്വസിക്കാനാകാത്ത പ്രതികരണമായിരുന്നു. 30 സ്ത്രീകളടക്കം നൂറ് അധ്യാപകരോടൊപ്പം ഇന്ത്യ മുഴുവൻ കണ്ടു. ഈ യാത്രയിൽ സ്വന്തം കൈയിൽനിന്ന് പണം മുടക്കി പൂമുള്ളി ആറാം തമ്പുരാനും ഞങ്ങളോടൊപ്പം ചേർന്നു. സർവീസിലിരിക്കുമ്പോൾ മൂന്നു നാലു തവണ ഹിമാലയ യാത്രകൾ നടത്തിയിരുന്നു.
യാത്രകൾക്കുള്ള പ്രചോദനമെന്തായിരുന്നു
ഞാനെഴുതിയ ‘പുണ്യഹിമാലയം’ എന്ന പുസ്തകത്തിൽ ആമുഖമായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കാശി നമ്പീശൻ എന്നൊരു അസാമാന്യവ്യക്തി ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. ഞങ്ങളുടെ ഇല്ലത്താണദ്ദേഹം താമസിച്ചിരുന്നത്. നിരവധി തവണ കാശിയിലേയ്ക്കും ഒരു തവണ ബദരീനാഥിലേയ്ക്കും അദ്ദേഹം പോയിട്ടുണ്ട്. ഭക്തനും ലളിതജീവിതക്കാരനുമായൊരു മനുഷ്യൻ. ഒരു കരിമ്പടം മാത്രമെടുത്തുകൊണ്ടുള്ള തന്റെ യാത്രകളെക്കുറിച്ച് അദ്ദേഹം ഞങ്ങൾ കുട്ടികൾക്ക് വിശദമായി പറഞ്ഞുതരും. ആ കാശി നമ്പീശൻ പറഞ്ഞു തന്ന കഥകളാണ് എനിക്ക് പ്രചോദനമായത്. പിന്നീട് വായിച്ച തപോവനസ്വാമിയുടെ ഹിമഗിരിവിഹാരമടക്കമുള്ള പുസ്തകങ്ങളും തുണച്ചു.
മനസ്സിനും ശരീരത്തിനുമുള്ള കരുത്തിനെക്കുറിച്ച്
ജീവിതത്തിലും ഭക്ഷണത്തിലും ഉറക്കത്തിലും പുലർത്തുന്ന മിതത്വം. (മിതത്വത്തെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം മഹാഭാരതത്തിലെ ആറാം അധ്യായത്തിലെ യുക്താകാര വിഹാരസ്യ എന്ന ശ്ലോകം ഓർക്കുന്നു). യോഗയും മുടങ്ങാതെ ചെയ്തിരുന്നു. വെറും നിലത്ത് ചുമരിന്റെ സഹായമില്ലാതെ ശീർഷാസനം ചെയ്യാനെനിക്കാകും. പക്ഷേ ഇപ്പോൾ ഡോക്ടർമാരുടെ നിർദേശപ്രകാരം ചില ശ്വസനക്രിയകൾ മാത്രമേ ചെയ്യുന്നുള്ളൂ. ദിവസേനെ നാല് പത്രം വായിക്കും. മാതൃഭൂമിയിലാണ് തുടക്കം. ജന്മനാടായ പകരാവൂരിൽ ബാല്യകാലത്തേ തുടങ്ങിയ ബന്ധമാണ് മാതൃഭൂമിയുമായുള്ളത്. ക്രിക്കറ്റ് മുടങ്ങാതെ കാണും. ഇപ്പോൾ വായിക്കാൻ ലെൻസ് വേണമെന്നുമാത്രം. നൂറു വർഷമായില്ലേ ഈ അവയവങ്ങളിങ്ങനെ ഉപയോഗിക്കപ്പെടുന്നു...
102-ലേയ്ക്ക് നടന്നുകയറുമ്പോൾ മനസ്സിലുള്ള മന്ത്രമെന്താണ്
ചിത്രൻ നമ്പൂതിരിപ്പാട് -ഒരൊറ്റ മന്ത്രം മാത്രമേ മനസ്സിലുള്ളൂ -ലോകാ സമസ്താ സുഖിനോ ഭവന്തു. എല്ലാവരും സുഖമായിരിക്കണം, അതാണെന്റെ ആഗ്രഹം.
തയ്യാറാക്കിയത്: ദീപാദാസ്
പി. ചിത്രൻ നമ്പൂതിരിപ്പാട്
വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനും. മുപ്പതിലേറെ തവണ ഹിമാലയയാത്ര നടത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ശില്പികളിൽ പ്രമുഖനാണ്. 1979-ൽ വിരമിച്ചു. സർക്കാരിന്റെ എസ്.എസ്.എൽ.സി. ബോർഡംഗം, വിദ്യാഭ്യാസ ഉപദേശകസമിതിയംഗം, കേന്ദ്രസർക്കാരിന്റെ സെക്കൻഡറി വിദ്യാഭ്യാസ ഉപദേശക സമിതിയംഗം, കേരള കലാമണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
എം.കെ. രാമചന്ദ്രൻ
ഹിമാലയത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദർശിച്ചിട്ടുണ്ട്. ഉത്തർഖണ്ഡിലൂടെ-കൈലാസ് മാനസസരസ്സ് യാത്ര, തപോഭൂമി ഉത്തരഖണ്ഡ്, ആദി കൈലാസയാത്ര, ദേവഭൂമിയിലൂടെ തുടങ്ങിയ യാത്രാവിവരണങ്ങളുടേയും നിലാവും നിഴലുകളും എന്ന കഥാസമാഹാരത്തിന്റെയും രചയിതാവാണ്. ഉത്തർഖണ്ഡിലൂടെ-കൈലാസ് മാനസസരസ്സ് യാത്ര എന്ന കൃതിക്ക് 2005-ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..