മൂങ്ങകളെ തേടി അലയുകയും പിന്നീട് മൂങ്ങകള്‍ എന്നെ തേടി വരികയും ചെയ്ത അപൂര്‍വമായ ഒരു അനുഭവമാണ് എനിക്ക് പറയുവാനുള്ളത്. പക്ഷി നിരീക്ഷണം ഒരു ഹോബി എന്നതിലപ്പുറം ഒരു ദിനചര്യയായി മാറിയിട്ട് കുറച്ച് വര്‍ഷങ്ങള്‍ ആയതേയുള്ളൂ. വലിപ്പത്തില്‍ ഏറ്റവും ചെറിയ തുന്നാരന്‍ കുരുവികള്‍ മുതല്‍ കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ വേഴാമ്പല്‍ വരെയുള്ള മിക്ക പക്ഷികളും എന്റെ ക്യാമറ ലെന്‍സിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും മൂങ്ങകള്‍ ഈ അടുത്ത കാലം വരെ ഫ്രെയിമുകളില്‍ നിന്ന് അകലം പാലിച്ചുവരികയായിരുന്നു.

മലയാളിക്ക് മൂങ്ങകള്‍ ഒരേ സമയം സൗഭാഗ്യത്തിന്റെയും ദൗര്‍ഭാഗ്യത്തിന്റെയും ലക്ഷണമാണ്. വെള്ളിമൂങ്ങകള്‍ സൗഭാഗ്യം കൊണ്ടുവരും എന്ന് ചിലര്‍ വിശ്വസിക്കുമ്പോള്‍, മറ്റ്ചിലര്‍ക്ക് കാലന്‍ കോഴി എന്ന് വിളിപ്പേരുള്ള കൊല്ലി കുറവന്‍ മൂങ്ങ ദൗര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ്. രാത്രിയുടെ നിശബ്ദയാമങ്ങളില്‍ മൂങ്ങയുടെ മൂളല്‍ ഒരുതവണയെങ്കിലും കേള്‍ക്കാത്തവര്‍ വിരളമായിരിക്കുമല്ലോ. ഒരിക്കല്‍ രാത്രി വീട്ടില്‍ ഇരിക്കുമ്പോള്‍ അങ്ങനെയൊരു മൂളല്‍ കേള്‍ക്കുകയും ശബ്ദത്തിന്റെ ഉറവിടം തേടി പോകുകയും ശബ്ദത്തിന്റെ വ്യതിയാനം കൊണ്ട് തന്നെ ഉടമ വെള്ളിമൂങ്ങ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. 

മറ്റ് മൂങ്ങകളെ പോലെ മൂളുകയല്ല വെള്ളിമൂങ്ങകള്‍ ചെയ്യുക, പകരം നീട്ടി വിളിച്ച് കരയുന്ന ശബ്ദമാണ് അവയ്ക്ക് (പലര്‍ക്കും ഈ ശബ്ദം വളരെ അരോചകമായാണ് അനുഭവപ്പെടാറ്). പിന്നീട് വെള്ളിമൂങ്ങയെ എങ്ങനെ ഫ്രെയിമില്‍ കൊണ്ടുവരാം എന്നതായി എന്റെ ചിന്ത. രാത്രിയിലേ ഇവ പുറത്തു വരൂ. കൂടാതെ വന്നിരിക്കുന്നത് ഉയരമുള്ള മരങ്ങളുടെ മുകളിലായിരിക്കും. മിക്കപ്പോഴും തെങ്ങോലയുടെ മുകളില്‍. പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് കുറെ ദിവസ്സങ്ങളുടെ പരിശ്രമഫലമായി വെള്ളിമൂങ്ങയെ ഞാന്‍ ഫ്രെയിമിലാക്കി. അങ്ങനെ ദിവസങ്ങളോളം രാത്രിയില്‍ വെള്ളിമൂങ്ങകളുമായി സൗഹൃദം പങ്കിട്ടും ഫോട്ടോകള്‍ എടുത്തും മുന്നോട്ട് പൊയ്‌ക്കൊണ്ടേയിരിക്കുന്നു. 

കുറച്ച് നാള്‍ മുന്‍പ് വരെ മൂങ്ങകളെ തേടി അലഞ്ഞിരുന്ന എനിക്ക് ഇന്നിപ്പോള്‍ വീട്ടിലിരുന്നു വെള്ളിമൂങ്ങകളോട് സംവദിക്കാം. ഇതിനിടയില്‍ മൂങ്ങ കുടുംബത്തില്‍ പെട്ട മറ്റ് മൂന്നിനങ്ങളുടെ കൂടി ചിത്രം പകര്‍ത്താന്‍ എനിക്ക് സാധിച്ചു. ഇപ്പോള്‍, ഈ ലേഖനം എഴുതുമ്പോളും പുറത്ത് തെങ്ങോല പുറത്തിരുന്നു മത്സരിച്ച് കരയുകയാണ് രണ്ട് വെള്ളിമൂങ്ങകള്‍. മൂങ്ങ കുടുംബങ്ങളെ പറ്റി എഴുതുമ്പോള്‍ അവര്‍ തന്നെ സാക്ഷികളായിക്കൊള്ളട്ടെ...

വെള്ളിമൂങ്ങ (Barn owl)

വെള്ളിമൂങ്ങയുടെ മുഖം ഹൃദയാകൃതിയിലുള്ളതും , മുഖവും ശരീരത്തിന്റെ അടിഭാഗവും വെള്ളനിറത്തോട് കൂടിയതും, തലയുടെ പിന്‍ഭാഗവും ചിറകുകളും ഇളംതവിട്ട് നിറത്തില്‍ ചാര പുള്ളികളോട് കൂടിയതുമാണ്. എലികള്‍ ഓന്തുകള്‍ തുടങ്ങിയ ചെറിയ ഇരകളെ ഭക്ഷണമാക്കുന്ന ഇവ മരപൊത്തുകളിലും, ഇരുളടഞ്ഞ മാളങ്ങളിലുമാണ് കൂട് കൂട്ടുന്നത്. ഒരു സമയം മൂന്ന് മുതല്‍ പന്ത്രണ്ട് മുട്ടകള്‍ വരെയിടുന്ന ഇവ  29-34 ദിവസ്സം വരെ അടയിരുന്നാണ് മുട്ടകള്‍ വിരിയിക്കുന്നത്. ഇവയുടെ ശസ്ത്രീയ നാമം Tyto alba എന്നാണ്. 2000മീറ്ററില്‍ താഴെ ഉയരമുള്ള പ്രദേശങ്ങളിലെ പുല്‍മേടുകള്‍, കാടുകള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളോട് ചേര്‍ന്നാണ് ഇവയുടെ ആവസ്സ വ്യവസ്ഥ. ഫോട്ടോ എടുത്ത സ്ഥലം: തിരുവനന്തപുരം.

Owls Photography
ഇണയോടൊപ്പം - വെള്ളിമൂങ്ങ

Owls Photography

ചെവിയന്‍ നത്ത് (Indian Scops Owl)

ചെവിയന്‍ നത്തിന് ഇംഗ്ലീഷില്‍ Indian Scops Owl എന്നും Collared Scops Owl എന്നും പേരുകളുണ്ട്. ഏഷ്യയുടെ തെക്കുകിഴക്കുഭാഗങ്ങളില്‍ അറേബ്യ തൊട്ട് ഇന്ത്യന്‍ ഉപഭൂഖണ്ഡം അടക്കം ഇന്തോനേഷ്യ വരെ കാണപ്പെടുന്ന ഒരു കാട്ടുപക്ഷിയാണിത്. നിറയെ മരങ്ങളുള്ള കാടുകളില്‍ കാണുന്നു. ചെറിയ വണ്ടുകള്‍, പ്രാണികള്‍, ചീവീടുകള്‍ എന്നിവയെയാണ് ഇവ ഭക്ഷിക്കാറുള്ളത്. മരത്തിലെ പൊത്തുകളില്‍ കൂടുണ്ടാക്കി മുട്ടയിടുകയാണ് ഇവയുടെ പതിവ്. പകല്‍ സമയങ്ങളില്‍ ഇടതൂര്‍ന്ന വള്ളിപടര്‍പ്പുകളിലും, മരങ്ങളിലും ഇവ വിശ്രമിക്കാറാണ് പതിവ്.  3 മുതല്‍ 5 വരെ മുട്ടകളാണ് ഇടുന്നത്. ഡിസംബര്‍ മുതല്‍ മേയ് വരെയാണ് മുടയിടുന്ന കാലം. മുട്ടകള്‍ വിരിയുവാന്‍ 26 ദിവസം വേണം.

 

 

Owls Photography
ചെവിയന്‍ നത്ത് (Indian Scops Owl) - ഇണയോടൊപ്പം

Owls Photography

പുള്ളി നത്ത് (Spotted Owlet)

തവിട്ടുകലര്‍ന്ന ചാരനിറത്തോടുകൂടിയ വളരെ ചെറിയ മൂങ്ങകളാണ് പുള്ളി നത്ത്. മഞ്ഞ കണ്ണുകളോട് കൂടിയ ഇവയുടെ കഴുത്തും പുരികവും വെള്ള നിറമാണ്. ചെറു പ്രാണികളെയും ശലഭങ്ങളെയും പറന്നു നടന്ന് തന്നെ പിടിച്ചു ഭക്ഷണമാക്കുവാനുള്ള ഇവയുടെ കഴിവ് വളരെ അപാരം ആണ്. ഒരേ സമയം 3 മുതല്‍ നാല് മുട്ടകള്‍ വരെ ഇടുന്ന ഇവ 28-33 ദിവസ്സങ്ങള്‍ കൊണ്ട് മുട്ടകള്‍ വിരിയിക്കും. ഇവയുടെ ശസ്ത്രീയ നാമം Athene brama എന്നാണ്. കൃഷിയിടങ്ങള്‍, തുറന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ കൂടാതെ പട്ടണപ്രദേശങ്ങളിലും ഇവയെ കണ്ടു വരുന്നു. ഫോട്ടോ എടുത്ത സ്ഥലം: മലപ്പുറം.

Owls Photography
പുള്ളി നത്ത് - ഇണയോടൊപ്പം

Owls Photography

മക്കാച്ചി കാട (Ceylon Frogmouth)

മക്കാച്ചികാടകളില്‍ ആണിനു കാപ്പി കലര്‍ന്ന ചാര നിറവും. പെണ്ണിനു ചെങ്കല്‍ നിറവുമാണ്. രണ്ടിനും ശരീരത്തില്‍ ധാരാളം അടയാളങ്ങളുണ്ടായിരിക്കും. എന്നാല്‍ പിടയ്ക്ക് അടയാളങ്ങള്‍  കൂടിതലായിരിക്കും. മക്കാച്ചിക്കാടയുടെ വായ തവളയുടെ വായോട് സാദൃശ്യം ഉള്ളതിനാല്‍ തവളവായന്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നു. ഷഡ്പദങ്ങളെയും ചെറു പ്രാണികളെയും ആഹാരമാക്കുന്ന ഇവയ്ക്ക് പകല്‍ കാഴ്ച ശക്തി തീരെ കുറവാണ്. താരതമ്യേന വളെരെ ചെറിയ ഉയരത്തിലുള്ള ഉണങ്ങിയ മരച്ചില്ലകളില്‍ കരിയിലയോടു ചേര്‍ന്നാവും ഇവ പകല്‍ വിശ്രമിക്കാറുള്ളത്.  ഒരു മുട്ട മാത്രം ഇട്ടു അടയിരുന്നു വിരിയിക്കുന്ന പ്രക്രതമാണ് ഇവയ്ക്ക്. ഇവയുടെ ശസ്ത്രീയ നാമം Batrachostomus monilige എന്നാണ്. നിത്യഹരിതവനങ്ങളിലും ഇലപൊഴിയും ഈര്‍പ്പ വനങ്ങളിലും ആണ് ഇവയെ കണ്ടു വരുന്നത്. ഫോട്ടോ എടുത്ത സ്ഥലം: തട്ടേക്കാട്, എറണാകുളം.

Owls Photography
മക്കാച്ചികാട - ഇണയോടൊപ്പം

Owls Photography