ഞ്ചാരികളുടെ പറുദീസയില്‍ എല്ലാം നിശ്ചലമാണ്. ഇനിയൊരു ഉയിര്‍ത്തെഴുന്നേല്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഊട്ടി വിനോദസഞ്ചാരമേഖല.

വിനോദസഞ്ചാരികളുടെയും കച്ചവടക്കാരുടെയും സ്വര്‍ഗഭൂമിയായ ഇവിടെ കൊവിഡ് എല്ലാ പ്രതീക്ഷകളും തകിടംമറിച്ചു. വര്‍ഷത്തില്‍ 30 ലക്ഷത്തില്പരം സഞ്ചാരികളെത്താറുള്ള ഊട്ടിയില്‍ മാര്‍ച്ചുമുതല്‍ കൊവിഡിന്റെ വരവോടെ സാമ്പത്തിക മേഖല താഴ്ചയിലേക്ക് കൂപ്പുകുത്തി.

മലയാളികളാണ് ഏറ്റവും പ്രതിസന്ധിയിലായത്. ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ചുകഴിയുന്നവരില്‍ 70 ശതമാനവും മലയാളികളാണ്. ഹോട്ടല്‍, ലോഡ്ജ്, റിസോര്‍ട്ട്, കോട്ടേജ് തുടങ്ങിയ മേഖലകളില്‍ മുതല്‍മുടക്കിയവരിലേറെയും മലയാളികള്‍തന്നെ. അഞ്ചുമാസമായി ലോഡ്ജുകളും കോട്ടേജുകളും റിസോര്‍ട്ടുകളും അടഞ്ഞുകിടക്കുകയാണ്. ഹോട്ടല്‍ ജൂണ്‍ എട്ടുമുതല്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെങ്കിലും കച്ചവടമുണ്ടാകാത്തതിനാല്‍ പൂട്ടേണ്ട സ്ഥിതിയാണ്. ഇപ്പോള്‍ ഊട്ടി നഗരത്തില്‍ നാമമാത്രമായ ഹോട്ടലുകള്‍ മാത്രമാണ് തുറക്കുന്നത്.

ഊട്ടിയില്‍ ലോഡ്ജുകളും കോട്ടേജുകളും മാത്രം മൂവായിരത്തിലേറെയുണ്ട്. ആയിരത്തോളം ഹോട്ടലുകളും നിലവിലുണ്ട്.

ഇവയില്‍ 60 ശതമാനവും നടത്തുന്നത് മലയാളികളാണ്. പണം കടമായും വായ്പയായും സ്വരൂപിച്ചാണ് ഇവരിലേറെയും ബിസിനസ് ചെയ്യുന്നത്. ഈ തുക തിരിച്ചടയ്ക്കാന്‍ പറ്റാതെ പലരും സ്ഥാപനങ്ങള്‍ കൈയൊഴിയാന്‍ തുടങ്ങി.

ടൂറിസ്റ്റ് ഗൈഡുകളും നിരാശരാണ്

ഊട്ടിയിലെത്തുന്ന സഞ്ചാരികള്‍ക്ക് തുണയും മാര്‍ഗദര്‍ശികളുമായ ടൂറിസ്റ്റ് ഗൈഡുകളുടെയും നില പരിതാപകരമാണ്. അറുപതോളം പേരാണ് ഊട്ടിയില്‍ ഗൈഡുകളായുള്ളത്. അഞ്ചുമാസമായി യാതൊരു വരുമാനവുമില്ലാതെ പട്ടിണിയിയെ അഭിമുഖീകരിക്കുകയാണ് ഇവരില്‍ പലരും.

ടിബറ്റന്‍ ജനതയും പ്രതിസന്ധിയില്‍

ചൈനയെ പേടിച്ച് ഉപജീവനത്തിനായി ഇന്ത്യയിലേക്ക് ചേക്കേറിയ ടിബറ്റുകാരില്‍ ഒരുവിഭാഗം ഊട്ടിയിലുമുണ്ട്. ഇവര്‍ക്ക് ഊട്ടി സസ്യോദ്യാനത്തിനരികില്‍ ഒരു മാര്‍ക്കറ്റും തയ്യാറാക്കി നല്‍കിയിട്ടുണ്ട്. തുണികളും വസ്ത്രങ്ങളുമാണ് വില്പന. ഇവരുടെയും ആശ്രയം വിനോദസഞ്ചാരികളാണ്. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ മാര്‍ച്ചില്‍ അടച്ചതോടെ ഇവരുടെ കടകളും അനിശ്ചിതമായി പൂട്ടി.

പ്രതീക്ഷയോടെ കാത്തിരിക്കുന്നു

കൊവിഡ് എല്ലാം തകര്‍ത്തു

AV Ganeshഊട്ടി വിനോദസഞ്ചാര മേഖല ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരുട്ടടിയായി. എല്ലാം മാറിവരുമെന്ന പ്രതീക്ഷയിലാണ്.

-എ.വി. ഗണേഷ്, ഊട്ടി ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹി

നാട്ടിലും പോകാനാവാത്ത സ്ഥിതി

Nijil Kumarഅഞ്ചുമാസമായി തൊഴിലും വരുമാനവും ഇല്ലാതെ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. നാട്ടിലും പോകാനാവാത്ത സ്ഥിതിയാണ്.

-നിജില്‍ കുമാര്‍, റെസ്റ്റോറന്റ് മാനേജര്‍, തലശ്ശേരി സ്വദേശി

ജീവിതമാര്‍ഗം വഴിമുട്ടി

Vipinമാര്‍ച്ചില്‍ ലോക്ഡൗണ്‍ തുടങ്ങിയെങ്കിലും ഇത്രയ്ക്ക് പ്രതിസന്ധി ഉണ്ടാകുമെന്ന് കരുതിയില്ല. തൊഴില്‍ നഷ്ടമായി. വരുമാനം ഒന്നുമില്ല. എന്തുചെയ്യണമെന്ന് അറിയില്ല.

-വിപിന്‍, ഹോട്ടല്‍ ജീവനക്കാരന്‍

ഒന്നുമുതല്‍ തുടങ്ങണം

K Vijayanകൊവിഡ് ഊട്ടി വിനോദസഞ്ചാരമേഖലയെ തകര്‍ക്കുകയായിരുന്നു. എല്ലാം കൈവിട്ടുപോയി. സഞ്ചാരികള്‍ വന്നാല്‍ മാത്രമേ ഊട്ടിക്ക് ഉണര്‍വ് ഉണ്ടാവുകയുള്ളൂ. ഇനി വ്യാപാരം ഒന്നുമുതല്‍ തുടങ്ങണം.

- കെ. വിജയന്‍, ഊട്ടി സസ്യോദ്യാനത്തിനടുത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ

Content Highlights: Ootty Travel, Nilgiri Tourism, Ootty Tourism, Mathrubhumi Yathra