റെനീഷും നിജിനും
കയറിക്കിടക്കാനിടമില്ലാത്ത അഞ്ചുകുടുംബങ്ങള്‍ക്ക് തണലൊരുക്കാന്‍ വയനാട് സ്വദേശികളായ റെനീഷും നിജിനും നടത്തുന്ന സൈക്കിള്‍യാത്ര ഇനി വേറെ ലെവലാണ്. സ്വന്തമായി രൂപകല്പനചെയ്ത സൈക്കിള്‍ കാരവനിലാണ് വണ്‍ റുപ്പീ ബ്രദേഴ്സ് ഭാരതപര്യടനം തുടരുന്നത്. പ്രതികൂലസാഹചര്യങ്ങളെ ചവിട്ടിനീക്കി അവര്‍ ലക്ഷ്യത്തിലേക്ക് കുതിച്ചുപായുകയാണ്...
രണ്ടുജോടി വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍, പാചകംചെയ്യാനുള്ള അത്യാവശ്യം സാധനങ്ങള്‍ ഇത്രയുമായിരുന്നു സൈക്കിളില്‍ ഭാരതപര്യടനത്തിനിറങ്ങുമ്പോള് റെനീഷിന്റെയും നിജിന്റെയും പക്കലുണ്ടായിരുന്നത്. സാധാണക്കാരായ രണ്ടു ചെറുപ്പക്കാര്‍ അസാധാരണമായൊരു യാത്രയ്ക്കിറങ്ങുമ്പോള്‍ പലരും അതിശയിച്ചു.
ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യമേ എന്ന് നാട്ടുകാര്‍ അടക്കംപറഞ്ഞു. പക്ഷേ, ആ ചെറുപ്പക്കാരുടെ ലക്ഷ്യം വലുതായിരുന്നു. നിശ്ചയദാര്‍ഢ്യമുള്ള മനസ്സുമായി അവര്‍ ഓട്ടംതുടര്‍ന്നു. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് തങ്ങളുടെ ആശയം ജനങ്ങളിലേക്കെത്തിച്ചു. കേരളത്തിന്റെ വടക്കേയറ്റത്തുനിന്ന് ആയിരങ്ങളുടെ മനസ്സുകീഴടക്കി തെക്കോട്ട് വെച്ചുപിടിക്കുകയാണവര്. എട്ടുമാസംകൊണ്ട് സ്വരൂപിച്ചത് നാലരലക്ഷംരൂപ. നാടുനീളെ നടന്ന് ഒരു രൂപയ്ക്കായി ഇവര്‍ കൈനീട്ടുമ്പോള്‍, മറുഭാഗത്ത് അഞ്ചുകുടുംബങ്ങള്ക്കുള്ള സ്വപ്നഭവനത്തിന് അടിത്തറയൊരുങ്ങിക്കഴിഞ്ഞു.
.jpg?$p=0c18c07&w=610&q=0.8)
2021 ഡിസംബറിലാണ് സുഹൃത്തുക്കളായ ടി.ആര്. റെനീഷും കെ.ജി. നിധിനും സൈക്കിളില്‍ ഭാരതപര്യടനത്തിന് ഇറങ്ങിയത്. നിര്‍ധനരായ അഞ്ചു കുടുംബങ്ങള്‍ക്ക് വീടുനിര്മിച്ചുനല്കനാണ് യാത്ര. സ്വദേശമായ അമ്പലവയലില്‍നിന്ന് യാത്രയുടെ തുടക്കം. ടൗണിലെ മൊബൈല്‍ വ്യാപാരി ജെ. സൈഫുദ്ദീന് ഇരുവര്‍ക്കും സൗജന്യമായി സൈക്കിള്‍ വാങ്ങിക്കൊടുത്തു. സൈക്കിളിന്റെ പിന്‍വശത്തെ ചെറിയ പെട്ടിയില്‍ അത്യാവശ്യം വസ്ത്രവും മറ്റും. അരികില്‍ പണം നിക്ഷേപിക്കാനുള്ള പെട്ടി. അതിനുമുകളില്‍ യാത്രയുടെ ലക്ഷ്യം വ്യക്തമാക്കുന്ന എഴുത്ത്. ഒരു പുലര്‍കാല സവാരിക്കിറങ്ങുന്ന ലാഘവത്തില്‍ അവര്‍ സൈക്കിളോട്ടം തുടങ്ങി. എല്ലാ നന്മകളുംനേര്ന്ന് നാട് അവരെ യാത്രയാക്കി.
ഒരുവര്‍ഷംകൊണ്ട് ഇന്ത്യമുഴുവന്‍ സഞ്ചരിക്കാനായിരുന്നു പദ്ധതി. പോകുന്നവഴിയില്‍ ഓരോരുത്തരെയുംകണ്ട് ഒരുരൂപ സംഭാവന ചോദിക്കും. സ്വപ്നപദ്ധതിക്കാവശ്യമുള്ള 40 ലക്ഷംരൂപ സ്വരൂപിച്ചശേഷമേ നാട്ടിലേക്ക് തിരികെവരൂ എന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ഇറങ്ങിയത്. യാത്രയെക്കുറിച്ച് കേട്ടപ്പോള്‍ ചിലര്‍ നെറ്റിചുളിച്ചു. പക്ഷേ, എട്ടുമാസം പിന്നിടുമ്പോള്‍ ഈ യുവാക്കള്‍ തങ്ങളുടെ ലക്ഷ്യത്തിലേക്ക് വേഗത്തില്‍ ചവിട്ടിക്കയറുകയാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി ഒണ്‍ റുപ്പീ ബ്രദേഴ്സ് ഇപ്പോള്‍ കോഴിക്കോടിന്റെ മണ്ണിലൂടെ യാത്രചെയ്യുകയാണ്. മിഷന് വണ്‍ റുപ്പീ എന്ന യുട്യൂബ് ചാനലിലൂടെ യാത്രാവിവരങ്ങള്‍ പോസ്റ്റുചെയ്യുന്നു. പിന്നിട്ട വഴികളിലെല്ലാമുള്ള സുമനസ്സുകളുടെയും നാട്ടുകാരുടെയും പിന്തുണയോടെ ശുഭയാത്ര.
വീട്ടിലെ ഊണ്, കടത്തിണ്ണയിലുറക്കം
ഒരുവര്‍ഷംകൊണ്ട് ഭാരതപര്യടനം പൂര്ത്തിയാക്കാനിറങ്ങിയവര് എട്ടുമാസംകൊണ്ട് കേരളത്തിലെ രണ്ടുജില്ലകള്‍ മാത്രമേ പിന്നിട്ടിട്ടുള്ളൂ. ഓരോസ്ഥലത്തും ലഭിക്കുന്ന സ്വീകരണങ്ങള്‍, അതിഥികളായി പങ്കെടുക്കുന്ന പരിപാടികള്‍, വഴിയില്‍ തളര്‍ന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം നല്കല് തുടങ്ങി സൈക്കിളോട്ടത്തിനിടയില് പരിപാടികള്‍ വേറെയുമുണ്ട്. യാത്രയുടെ ആദ്യനാളുകളില്‍ കടത്തിണ്ണയിലാണ് മിക്കദിവസവും ഉറങ്ങിയതെന്ന് ഇവര്‍ പറയുന്നു. ടെന്റ് സ്ഥാപിക്കാനുള്ള സ്ഥലം കിട്ടിയാല്‍ അവിടെ തങ്ങും.
അല്ലെങ്കില്‍ കിട്ടുന്നസ്ഥലത്ത് പായവിരിച്ചുറങ്ങും. രണ്ടുമാസം പിന്നിട്ടപ്പോള്‍ യുട്യൂബിലൂടെയും മാധ്യമങ്ങള്‍വഴിയും തങ്ങളെക്കുറിച്ചറിഞ്ഞതോടെ സഹായങ്ങളുടെ പെരുമഴയായി. പദ്ധതിയിലേക്ക് പണം നല്‍കുന്നതോടൊപ്പം വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം തന്നവര്‍. താമസിക്കാനിടം നല്കിയവര്. പാവങ്ങളെ സഹായിക്കാന്‍ വീടുവിട്ടിറങ്ങിയവരെ ചേര്‍ത്തുനിര്‍ത്താന്‍ കുറേ നല്ലമനുഷ്യരുണ്ടായി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നായി നാലരലക്ഷം രൂപയാണ് ലഭിച്ചത്.
ഇനി യാത്ര സൈക്കിള്‍ കാരവനില്‍
എട്ടുമാസത്തിനിടെ യാത്ര മുടങ്ങിയത് മഴക്കാലത്ത് മാത്രമാണ്. യാത്രയ്ക്കായി ലക്ഷങ്ങള്‍മുടക്കി കാരവന് പണികഴിപ്പിക്കുന്ന യുട്യൂബര്‍മാരുടെ നാട്ടില്‍ വണ്‍ റുപ്പീ ബ്രദേഴ്സും പണികഴിപ്പിച്ചു ഒരു സൈക്കിള്‍ കാരവന്. ചെലവ് 80,000 രൂപ. അതിലാണ് ഇനിയുള്ള യാത്ര. മഴനനഞ്ഞ് ദിവസങ്ങളോളം സൈക്കിള്‍ ചവിട്ടുകയെന്നത് ശ്രമകരമായപ്പോഴാണ് പുതിയ ആശയംവന്നത്. യാത്ര തത്കാലത്തേക്ക് നിര്‍ത്തിവെച്ച് കാരവന്റെ പണിതുടങ്ങി.
.jpg?$p=202b55f&w=610&q=0.8)
വടകര ടൗണിനടുത്തുള്ള ഒഴിഞ്ഞ മൈതാനമായിരുന്നു പണിശാല. സൈക്കിളുകള്‍ രണ്ടും മൂടുന്ന തരത്തില്‍ മരവും പ്ലൈവുഡും അലുമിനിയവും ചേര്‍ത്ത് മൂന്നാഴ്ചകൊണ്ട് കാരവന് നിര്‍മിച്ചു. നനയാതെ സൈക്കിള്‍ ചവിട്ടാനും ഉറങ്ങാനും പാചകംചെയ്യാനും കാരവനില്‍ സൗകര്യമുണ്ട്. മഴയും വെയിലും വകവെക്കാതെ ഇനി യാത്രതുടരാം. കടത്തിണ്ണയിലും പാതയോരത്തും ടെന്റുകെട്ടാതെ സുഖമായുറങ്ങാം.
വലിയ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് ചവിട്ടിനീങ്ങാം. കാരവന് നിര്‍മിക്കാന്‍ 80,000 രൂപ റെയ്മി പുട്ടുപൊടി എന്ന സ്ഥാപനമാണ് നല്‍കിയത്. ഇരുപതുദിവസത്തിന് ശേഷമുള്ള യാത്രയുടെ റീസ്റ്റാര്‍ട്ട് വടകര നഗരസഭാധ്യക്ഷ കെ.പി. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു.
അമ്പലവയലിലെ മൊബൈല്‍ഷോപ്പിലെ ജീവനക്കാരനായ റെനീഷ് കുടുംബത്തോടൊപ്പം വാടകവീട്ടിലാണ് താമസിക്കുന്നത്. ലൈഫ് ഭവനപദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കിയശേഷമാണ് റെനീഷ് നിര്‍ധനരെ സഹായിക്കാനിറങ്ങിയത്. ബത്തേരിയിലെ സ്വകാര്യസ്കൂളില്‍ അധ്യാപകനായ നിജിന്‍ ഒരുവര്‍ഷത്തേക്ക് അവധിയെടുത്താണ് യാത്രയ്ക്കിറങ്ങിയത്. മടക്കം വൈകുമെന്നുറപ്പായതോടെ അവധി നീട്ടി. യാത്രയ്ക്കിടെ ഇരുവരും ഇതുവരെ വീട്ടിലെത്തിയിട്ടില്ല. എത്രവര്ഷമെടുത്താലും ലക്ഷ്യം പൂര്ത്തീരിച്ചശേഷമേ നാട്ടിലേക്ക് മടങ്ങൂ എന്ന തീരുമാനത്തിലാണിവര്‍. ഇതുവരെ ലഭിച്ച തുകകൊണ്ട് അമ്പലവയലില്‍ 20 സെന്റ് സ്ഥലം വാങ്ങി. വീടുനിര്‍മാണത്തിനുള്ള പ്രാരംഭജോലികള്‍ തുടങ്ങി. 600 ചതുരശ്ര അടിയുള്ള അഞ്ചുവീടുകളാണ് നിര്‍മിക്കുക. ഏറ്റവും അര്‍ഹരായവരെ കണ്ടെത്തി വീടുവെച്ചു നല്‍കുന്നതോടൊപ്പം ജീവനോപാധികൂടി ഒരുക്കിയശേഷമേ യാത്രയവസാനിക്കൂ എന്ന് റെനീഷ് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..