മോരൊഴിച്ചുള്ള മീൻകറി, മൊരിഞ്ഞു തുടുത്ത പൊരിച്ച മീനുകൾ... ഇത് കണ്ണൂരിലെ മീനുലകം


കൊച്ചുത്രേസ്യ / ചിത്രങ്ങള്‍: സിദ്ദീക്കുല്‍ അക്ബര്‍

നിര്‍ത്തിപ്പൊരിച്ചതും മുക്കിപ്പൊരിച്ചതും മുളകിട്ടതും പുളിയിട്ടതുമായ മീന്‍രുചികളിലേക്ക്, കണ്ണൂരിലെ ഒണ്ടേന്‍ ഹോട്ടലിലേയ്ക്ക് വെള്ളമൂറുന്ന സ്വാഗതം

-

ണ്ണൂര്‍ തറികളുടെയും തിറകളുടെയും മാത്രമല്ല മീന്‍കറികളുടെയും കൂടെ നാടാണ്. ആലപ്പുഴയെയോ കുട്ടനാടിനെയോ പോലെ ശുദ്ധജലമത്സ്യങ്ങള്‍ പ്രത്യേകിച്ച് ഇന്റര്‍നാഷണല്‍ സെലിബ്രിറ്റിയായ കരിമീന്‍ എളുപ്പത്തിലൊന്നും കിട്ടാനുള്ള സ്‌കോപ്പില്ലെങ്കിലും ഉള്ള പുഴമീനുകളും കടല്‍മീനുകളും ഒക്കെ വച്ച് കണ്ണൂരും മീന്‍രുചികളിലേക്ക് തന്നെക്കൊണ്ടാവുമ്പോലെല്ലാം കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നുണ്ട്. ഏതെല്ലാം ടൈപ്പ് മീന്‍രുചികള്‍.. മീനിനെ നിര്‍ത്തിപ്പൊരിച്ചതും മുക്കിപ്പൊരിച്ചതും മുളകിട്ടതും പുളിയിട്ടതും തേങ്ങയരച്ചതും ഒക്കെ ഇവിടെ കിട്ടും. മീനും മോരും വിരുദ്ധാഹാരമാണ് എന്ന ധാരണയുള്ളവര്‍ ഇവിടെ വന്നാല്‍ അന്തം വിട്ടു പോകും. കാരണം മോരൊഴിച്ചു മീന്‍കറി വെയ്ക്കുന്നതും ഇവിടുത്തെ ഒരു രീതിയാണ്. പിന്നെ കിരീടത്തിലൊരു പൊന്‍തൂവല്‍ പോലെ വടക്കന്‍ കേരളത്തിന്റെ അഭിമാനമായ കല്ലുമ്മക്കായും കക്കയും. ഇതെല്ലാം കൂടെ ചേര്‍ത്തുവച്ചാല്‍ കിട്ടുന്ന മെസേജ് ഇതാണ്, കണ്ണൂരു വന്നിട്ട് ഒരു മീന്‍പ്രേമിയും നിരാശനായി മടങ്ങിപ്പോവില്ല.

ഇനി ഈ ഉറപ്പും കേട്ടുകേള്‍വിയുമൊക്കെ വിശ്വസ്ച്ച് നേരെ ബാഗും തൂക്കി വണ്ടീം പിടിച്ച് കണ്ണൂരെത്തി 'ഈടെ ഏട്യാപ്പാ മീന്‍ കിട്ട്വാ?' എന്ന് അന്തിച്ചു നില്ക്കുന്നവരെ ഞാന്‍ ഒണ്ടേന്‍ ഹോട്ടലിലേക്ക് ക്ഷണിക്കുന്നു. റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് കഷ്ടിച്ച് രണ്ടു കിലോമീറ്റര്‍ പോലുമില്ല. ആരോടു ചോദിച്ചാലും വഴി കിട്ടും. അത്ര ഫേമസാണീ ഒണ്ടേന്‍. ഇനീപ്പോ ആരോടും വഴിയൊന്നും ചോദിക്കാതെ പോണംന്നുള്ള അഭിമാനികളാണെങ്കില്‍ മുനീശ്വരന്‍ കോവില്‍ റോഡിലൂടെ പോയാല്‍ മതി. കവിതാ തീയേറ്ററെത്തുന്നതിന് മുന്‍പ് അനശ്വരാ സില്‍ക്‌സ് കാണാം. അതിന്റെ സൈഡിലൂടെ ഇടതു വശത്തേക്ക് ഒരു കൊച്ചു റോഡ് പോവുന്നുണ്ട്. അതാണ് ഒണ്ടേന്‍ റോഡ്.

4

അതിലൂടെ കഷ്ടി ഒരു മുന്നൂറു മീറ്റര്‍ പോകുമ്പോള്‍ ഒരു ആള്‍ക്കൂട്ടം കണ്ണില്‍ പെടും. മടിച്ചു നില്ക്കാതെ അവരുടെ കൂടെ കൂടിക്കോളുക. എന്തിനാണെന്നല്ലേ? സൂക്ഷിച്ച് നോക്കിയാല്‍ ആ ആള്‍ക്കൂട്ടത്തിനടുത്ത് ഒരു കൊച്ചു ഹോട്ടല്‍ കാണാം. അതാണ് ഒണ്ടേന്‍ ഹോട്ടല്‍. ഹോട്ടലിന്റെ ബോര്‍ഡില്‍ ഒതേന്‍സ് ഹോട്ടല്‍ എന്നാണ് എഴുതീട്ടുള്ളത്.എന്തായാലും ആ പേരൊന്നും ആരും മൈന്‍ഡാക്കാറില്ല. ഒണ്ടേന്‍ റോഡിലുള്ള ഹോട്ടലിനെ ഒണ്ടേന്‍ ഹോട്ടലെന്നു വിളിക്കും. സംഗതി സിംപിള്‍. അല്ലെങ്കിലും പേരെന്തായാലെന്താ, നല്ല ഭക്ഷണം കിട്ടിയാല്‍ പോരേ? ഇനി ഈ വഴിക്ക് വല്യ പത്തേമ്മാരി പോലുള്ള വണ്ടീം വള്ളോമൊക്കെയായി വരുന്നവരുടെ ശ്രദ്ധയ്ക്ക്.. ഇവിടെ മനുഷ്യര്‍ക്കു നില്‍ക്കാന്‍ തന്നെ സ്ഥലമില്ല. പിന്നെ വണ്ടീടെ കാര്യം പറയണ്ടല്ലോ. ദൂരെ എവിടെയെങ്കിലും പാര്‍ക്കു ചെയ്ത് നടന്നു വരുന്നതാവും എളുപ്പം.

ആകെപ്പാടേ കുറച്ചു ഇരിപ്പിടങ്ങളേയുള്ളൂ ഹോട്ടലില്‍. തിരക്കൊന്നൊഴിഞ്ഞിട്ടു കേറിയേക്കാം എന്നും വിചാരിച്ചവിടെ കാത്തു നില്‍ക്കുകയാണെങ്കില്‍ വൈകുന്നേരം വരെ നില്‍ക്കേണ്ടി വരും. കാരണം ഒണ്ടേനില്‍ തിരക്കൊഴിയുക എന്നൊരു പ്രതിഭാസം സംഭവിക്കുന്നേയില്ല. എങ്ങനെയെങ്കിലും കുത്തിത്തിരുകി കടയ്ക്കകത്തെത്തിയാലോ അപ്പോ കാണാം നിരാശപ്പെടുത്തുന്ന ആ കാഴ്ച. ഓരോ കസേരയ്ക്കും പിന്നിലുണ്ടാവും മൂന്നും നാലും പേരുടെ ഒരു ചെറിയ ക്യൂ. കഴിച്ചുകൊണ്ടിരിക്കുന്നവര് എത്രയും പെട്ടെന്ന് കഴിച്ചു തീരണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് അക്ഷമരായി നില്‍ക്കുന്നവര്. പലതരം മീൻ ഫ്രൈകളുടെ കൊതിപ്പിക്കുന്ന മണവും സഹിച്ച് ഉള്ളതില്‍ ചെറിയ ജനക്കൂട്ടമുള്ള കസേരയ്ക്കു പിന്നില്‍ സ്ഥലം പിടിക്കുക എന്നതാണ് അടുത്ത നീക്കം.

3

അങ്ങനെ കാത്തു നിന്ന് കാത്തു നിന്ന് നമ്മുടെ ഊഴമായാല്‍ ചാടി കേറി കസേര പിടിക്കുക. ഏതാനും നിമിഷങ്ങളുടെ വ്യത്യാസത്തിലൊക്കെ ആയിരിക്കും കസേര കൈവിട്ടു പോവുക. ഇരിപ്പുറപ്പിച്ചു കഴിഞ്ഞാല്‍ ആദ്യത്തെ സ്‌റ്റെപ്പ് സ്വന്തം കസേരയ്ക്കു പിന്നില്‍ ഊഴവും കാത്തു നില്‍ക്കുന്നവരെ അവഗണിക്കുക എന്നുള്ളതാണ്. ഇല്ലെങ്കില്‍ മനസമാധാനത്തോടെ ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നേ. വാഴയിലയിലാണ് ഊണ്. ഊണിനു പ്രത്യേകതകളൊന്നുമില്ല. കണ്ണൂര്‍ സ്റ്റൈലില്‍ ചോറും സാമ്പാറും മീന്‍ചാറും (ഭാഗ്യമുണ്ടെങ്കില് അതില്‍ മീന്‍കഷ്ണവും കിട്ടും) പച്ചടിയും തോരനും അച്ചാറും ഒക്കെതന്നെ. അതിനു ശേഷമാണ് മീന്‍ ഫ്രൈകളുടെ എഴുന്നെള്ളത്ത്. വല്യ ഒരു സ്റ്റീല്‍ തളികയില്‍ നിരത്തി വച്ചിരിക്കുന്ന ചെറിയ ചെറിയ പ്‌ളേറ്റുകള്‍.

അതില്‍ നിറച്ചു വച്ചിരിക്കുന്ന പലതരം മീൻ ഫ്രൈകൾ. അയല, മത്തി, അയക്കൂറ, നെയ്മീന്‍, ചെമ്മീന്‍, കക്ക, കല്ലുമ്മക്കായ, കൂന്തല്‍ എന്നു വേണ്ട ഒരു മാതിരിപ്പെട്ട മീനുകളെല്ലാംഫ്രൈകൾ രൂപത്തില്‍ അതിലങ്ങനെ വിരാജിക്കുകയാണ് . ഒരു തീരുമാനമെടുക്കാന്‍ പറ്റാതെ വിഷമിച്ച് ഒരു സഹായത്തിനായി 'ഇതിലേതാ ഇവിടുത്തെ സ്‌പെഷ്യല്' എന്നു ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം 'ഇവിടെല്ലാം സ്‌പെഷ്യലാണ്' എന്നാണ്. നമ്മളൊരു തീരുമാനമെടുക്കുന്നതു വരെ കുച്ചിപ്പുഡി ഡാന്‍സറെ പോലെ വിളമ്പുകാരന്‍ ആ തളികയും ബാലന്‍സ് ചെയ്ത് വെയ്റ്റു ചെയ്യുകയൊന്നുമില്ല. എല്ലാമൊന്നു കാണിച്ച് തന്ന് തീരുമാനമെടുക്കാനുള്ള സമയം തരാന്‍ വേണ്ടി അങ്ങേര് വേറെ ടേബിളിലേക്ക് നീങ്ങിയിട്ടുണ്ടാണ്ടാവും. അങ്ങനെ ഒരു മൂന്നുന്നാലു പ്രാവശ്യം വിളമ്പുകാരന്‍ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ അറ്റെന്‍ഡ് ചെയ്തു കഴിയുമ്പോഴേ നമ്മളൊരു തീരുമാനത്തിലെത്തൂ. എന്നുവച്ചാ ഇതങ്ങനെ എടുപിടീന്നു ഫൈനലൈസ് ചെയ്യാന്‍ പറ്റുന്ന കാര്യമാണോ. വയറിനു അണ്‍ലിമിറ്റഡ് കപാസിറ്റിയുണ്ടാരുന്നേല്‍ 'ഓ ആ തളിക അങ്ങനെ തന്നെ ഇങ്ങോട്ടു വച്ചോ' എന്നു പറഞ്ഞേനേ.

കൂടുതല്‍ അന്വേഷണത്തിനൊന്നും അവിടെ സ്‌കോപ്പില്ല. വിളമ്പുകാര്‍ നാലു കയും കൊണ്ടാണ് വിളമ്പുന്നത് എന്നു തോന്നിപ്പോവും. അത്ര സ്പീഡാണ്. എന്തായാലും അവസാനം ഞങ്ങള്‍ ഒരോ പ്‌ളേറ്റ് അയ്ക്കൂറ െ്രെഫയും കല്ലുമ്മക്കായും ചെമ്മീനും സ്വന്തമാക്കി. ചെമ്മീന്‍ ഞാന്‍ പ്രതീക്ഷിച്ചത്ര അടിപൊളി ആയില്ലെങ്കിലും അതിനും കൂടെ അയക്കൂറയും കല്ലുമ്മക്കായും അപാര പെര്‍ഫമന്‍സ് ആയിരുന്നു. അതിന്റെ രുചി കഴിച്ചു തന്നെ അറിയണം. പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഈ ടേസ്റ്റിന്റെ ഗുട്ടന്‍സ് എന്താണെന്നറിയാല്‍ ഞാനൊരു കൊച്ചു ഷെര്‍ലക്ക് ഹോംസായി ആ ഫ്രൈകളെ വിശദമായി തന്നെ പരിശോധിച്ചു. കാര്യമായി ഒന്നും തടഞ്ഞില്ല. പൊടിപ്പും തൊങ്ങലുമൊന്നുമില്ലാതെ ഫ്രൈ മാത്രം. കല്ലുമ്മക്കായുടെ മോളില്‍ അലങ്കാരത്തിന് സവാള വട്ടത്തിലരിഞ്ഞു വച്ചിട്ടുണ്ട്. അപ്പോ സീക്രട്ട് ഇത് മാരിനേറ്റു ചെയ്യുന്ന ആ കൂട്ടിലാണ്. അതാണെങ്കില്‍ കൂടുതല്‍ ചിക്കിച്ചികഞ്ഞാലും കാര്യമായി ഒന്നും കിട്ടാനും പോകുന്നില്ല

2

ഇക്കണ്ട വിഭവങ്ങളെല്ലാം വാരിവലിച്ചു കഴിച്ചിട്ടും അവസാനം ബില്ല് വന്നപ്പോഴോ.. അതിനുമ്മാത്രമൊന്നുമില്ല. വളരെ റീസണബിള്‍. അതും ഇവിടുത്തെ തിരക്കൊഴിയാത്തതിന് ഒരു കാരണമായിരിക്കും!

രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം നാലു വരെയാണ് ഹോട്ടല്‍ തുറക്കുക. പന്ത്രണ്ടരയോടെ തിരക്കു തുടങ്ങും. അതിനു മുന്‍പേ ആണു ചെല്ലുകയെങ്കില് കസേരയുടെ പുറകില് ജാഥയൊന്നുമില്ലാതെ സമാധനമായി മീന്‍െ്രെഫ വെട്ടിവിഴുങ്ങാം. ഇനീപ്പം ഇത്തിരി വൈകിയാലും കുഴപ്പമില്ല. ആവി പറക്കുന്ന ചോറും ഫാഷന്‍പരേഡ് പോലെ അണിനിരക്കുന്ന മീൻ ഫ്രൈകളും മുന്നിലെത്തിയാല്‍ പിന്നെ ചുറ്റും നില്‍ക്കുന്നവരൊക്കെ നമ്മുടെ ശ്രദ്ധയില്‍ നിന്നുപുറത്താവും. ആകെയുണ്ടാവുക നമ്മളും പിന്നെ മുന്നിലിരിക്കുന്ന സ്വാദിഷ്ടമായ ഫുഡും മാത്രം. അനുഭവത്തില്‍ നിന്നും പറയുകയാണ്..

Content Highlights: Onden Hotel Kannur food journey Mathrubhumi Yathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented