ങ്ങനെയിരിക്കെ തൊടുപുഴയില്‍നിന്ന് ബിജോയ് വിളിക്കും. അധികമാരും പോകാത്ത വഴികളിലൂടെ വണ്ടിയോടിക്കാന്‍, കുന്നും മലകളും താണ്ടി കാഴ്ചയുടെ ഉയരങ്ങളിലേക്ക് പോവാന്‍. ഇക്കുറി വിളിച്ചത് നേര്യമംഗലത്തുനിന്ന് മാമലക്കണ്ടം, മാങ്കുളം ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറില്‍ പോവാമെന്ന് പറഞ്ഞായിരുന്നു. ഓഫ് റോഡാണ്, കാട്ടുവഴിയാണ് എന്നതൊക്കെയായിരുന്നു പ്രലോഭനം. അതിനേക്കാള്‍ ഉപരി ഗുരുവായൂരിലെ നൗഫലിന്റെ മഡ്ഡീസ് ജീപ്പും കൂടെയുണ്ടാവും. അതില്‍ രുചിയുടെ പൂരമായിരിക്കും എന്നും പറഞ്ഞു.

കോതമംഗലത്തുനിന്നാണ് യാത്ര തുടങ്ങുന്നത്. നേരെ നേര്യമംഗലത്തേക്ക്. മാമലക്കണ്ടത്തേക്കുള്ള ബസ് തിരിയുന്നതിനോടൊപ്പം ഞങ്ങളും തിരിഞ്ഞു. പെട്ടെന്നാണൊരു പിന്‍വിളി. ഫോറസ്റ്റ് ഓഫീസില്‍ നിന്നാണ്. ഞങ്ങള്‍ പോവാന്‍ ഉദ്ദേശിക്കുന്ന റൂട്ട് മനസ്സിലായപ്പോ സംഗതി നടക്കില്ലെന്ന് അവര്‍. പെര്‍മിഷന്‍ ഇല്ലാതെ ആ വഴി പോവാന്‍ പറ്റില്ല. ഇന്ന് ഡി.എഫ്.ഒ പരിശോധനയ്ക്ക് വരുന്നുണ്ട്. അതുകൊണ്ടുതന്നെ പെര്‍മിഷന്‍ കിട്ടാന്‍ ഇനി ചാന്‍സില്ല. എന്നാല്‍ ശരി മാമലക്കണ്ടം വരെ പോയി നോക്കാം എന്നു വിചാരിച്ചു വണ്ടി മുന്നോട്ട് തന്നെവിട്ടു. 

കാനന വഴി മനോഹരമായിരുന്നു. ഇടതൂര്‍ന്ന കാടുകള്‍ക്കിടയിലൂടൊരു പാത. പുറത്ത് കൊടുംചൂടാണെങ്കിലും കാടിനകത്ത് നേരിയൊരു തണുപ്പുണ്ടായിരുന്നു. വഴിയോരത്ത് അരുവി കണ്ടപ്പോള്‍ ബിജോയിയുടെ ഉള്ളിലെ സാഹസികനുണര്‍ന്നു. വെള്ളം ചീറ്റിച്ച് പാറക്കെട്ടുകളിലൂടെ വണ്ടിയോടിച്ച് അന്തരീക്ഷത്തില്‍ ഒരു റിവര്‍ക്രോസിങ്ങിന്റെ ഹരം പടര്‍ത്തി. 

Off Road Trip

Off Road Trip

ഉച്ചയായപ്പോള്‍ വണ്ടി സൈഡാക്കി. മഡ്ഡീസിന്റെ പിന്‍ഡോര്‍ തുറന്നതും അദ്ഭുതപ്പെട്ടുപോയി. സഞ്ചരിക്കുന്നൊരു അടുക്കള തന്നെ അത്. സൈഡ്ബോര്‍ഡ് ശരിക്കും ഒരു കലവറയാണ്. പിന്നിലേക്ക് തുറന്ന ഹാഫ്ഡോര്‍ ഇപ്പോള്‍ ഒരു ഗ്യാസ് അടുപ്പാണ്. ഒരു പെട്ടി തുറന്നപ്പോള്‍ അത് മേശയും കസേരയും കുടയും ആയി മാറി. ചോറും കപ്പയും വേവാന്‍ വെച്ച് നൗഫല്‍ തന്റെ പാചകവൈദഗ്ധ്യം ഓരോന്നായി പുറത്തെടുക്കാന്‍ തുടങ്ങി. ഐസ്ബോക്സില്‍ നിന്നെടുത്ത മീന്‍ അരപ്പ് പുരട്ടി ഗ്രില്‍ ചെയ്തെടുത്തും, ചിക്കന്‍ ചുട്ടതും തേങ്ങാപ്പാലൊഴിച്ച് വെച്ച മീന്‍കറിയുമെല്ലാമായി, രുചിലോകത്തേക്കൊരു സഞ്ചാരം തുടങ്ങി. രസമുകുളങ്ങള്‍ ഉണര്‍ന്നു...