ക്ടോബര്‍ 25-ന് സംപ്രേഷണം ചെയ്ത മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ഖാദിയുടെ പ്രാധാന്യത്തേക്കുറിച്ച് സംസാരിച്ചിരുന്നു. അതില്‍ത്തന്നെ ഒരു വിദേശഗ്രാമത്തേക്കുറിച്ച് അദ്ദേഹം എടുത്തുപറയുകയും ചെയ്തിരുന്നു. മെക്‌സിക്കോയിലെ ഓആഹാകയിലാണ് ആ ഗ്രാമം.

എങ്ങനെ ഈ ഗ്രാമത്തില്‍ ഖാദി എത്തിയതെന്ന് അദ്ദേഹം തന്റെ സംഭാഷണത്തില്‍ പറഞ്ഞിരുന്നു.

' ആഘോഷവേളകളില്‍ അണിയാനുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ശ്രമിക്കണം. ഇന്ന് നമ്മള്‍ പ്രാദേശികതയുടെ ശബ്ദമാകാന്‍ പോകുകയാണ്. ഈ ലോകം നമ്മുടെ ഉത്പ്പന്നങ്ങളുടെ ആരാധകരാണിന്ന്. നമ്മുടെ പല ഉത്പ്പന്നങ്ങള്‍ക്കും ആഗോളതലത്തില്‍ത്തന്നെ സാധ്യതകളുണ്ട്. ഖാദി ഇന്ന് ഒരു പരിസ്ഥിതി സൗഹൃദ ഫാഷന്‍ സങ്കല്‍പ്പമായി  മാറിയിരിക്കുന്നു'- എന്നാണ് മോദി മന്‍ കി ബാത്തില്‍ പറഞ്ഞത്.

ഈ സന്ദര്‍ഭത്തിലാണ് മെക്‌സിക്കോയിലെ ഖാദി ഗ്രാമത്തേക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞത്. ഒആഹാകയിലെ പല ഗ്രാമങ്ങളിലും ഇന്ന് നെയ്ത്തുണ്ട്. ഇവ ഒആഹാക ഖാദി എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

400 കുടുംബങ്ങളാണ് ഒആഹാകയിലെ കൈത്തറി വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. മെക്‌സിക്കോയില്‍ താമസമാക്കിയ അമേരിക്കക്കാരനായ മാര്‍ക്ക് ബ്രൗണ്‍, അദ്ദേഹത്തിന്റെ ഭാര്യ കാളിന്ദി അട്ടാറും ചേര്‍ന്നാണ് ഒആഹാകയില്‍ കൈത്തറി വ്യവസായത്തിന് തുടക്കമിടുന്നത്. പദ്ധതി തുടങ്ങുന്നതിന് മുമ്പ് ഗാന്ധിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ മാര്‍ക്ക് 12 വര്‍ഷം ഇന്ത്യയില്‍ ചെലവഴിച്ചിരുന്നു. 

1986-1988 വര്‍ഷങ്ങളില്‍ ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ താമസിക്കുമ്പോഴാണ് ഖാദിയേക്കുറിച്ച് അദ്ദേഹം പഠിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി സ്വയം നൂല്‍നൂറ്റുണ്ടാക്കിയ വസ്ത്രങ്ങള്‍ ധരിക്കാനും തുടങ്ങി. 1990 കളില്‍ ഒആഹാകയിലേക്ക് പോയ അദ്ദേഹത്തിനൊപ്പം ഒരു ചര്‍ക്കയുമുണ്ടായിരുന്നു. സാന്‍ സെബാസ്റ്റ്യന്‍ റിയോ ഹോണ്ടോ ഗ്രാമത്തിലെത്തിയ മാര്‍ക്ക് ബ്രൗണ്‍ അവിടെ പ്രദേശവാസികളെ നൂല്‍നൂല്‍പ്പ് പഠിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി 2010-ല്‍ ഒആഹാക ഖാദിക്കും അദ്ദേഹം തുടക്കംകുറിച്ചു.

ഒആഹാകയുടെ തീരപ്രദേശത്ത് വിളയിക്കുന്ന തനത് പരുത്തി ഉപയോഗിച്ചാണ് ഇവിടെ വസ്ത്രങ്ങള്‍ നെയ്യുന്നതെന്നും രാസവസ്തുക്കളുപയോഗിക്കുന്നില്ലെന്നും മെക്‌സിക്കോ ഖാദിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ഖാദി എങ്ങനെ നിലനില്‍ക്കുന്നു എന്നതിനേക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞവാക്കുകള്‍ തനിക്കിഷ്ടമായെന്നാണ് മാര്‍ക്ക് ബ്രൗണ്‍ പറഞ്ഞത്.

Content Highlights: Oaxaca Khadi, the khadi being woven in a Mexico village, Mexico Khadi, Narendra Modi, Mann Ki Baat