ര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷന്‍. ലോകത്തിലെ ഏറ്റവും സാഹസികമായ മത്സരങ്ങളിലൊന്ന്. മൈനസ് മുപ്പത് ഡിഗ്രി തണുപ്പില്‍ ആര്‍ട്ടിക് സര്‍ക്കിളിലൂടെ സഞ്ചരിച്ച് 300 കിലോമീറ്റര്‍ താണ്ടണം. ജീവന്‍ പോലും തൃണവല്‍ഗണിച്ച് ആ മത്സരത്തില്‍ പങ്കെടുത്ത് വിജയം വരിച്ച ആദ്യ ഇന്ത്യക്കാരന്‍ ഒരു മലയാളിയാണ്. കൊല്ലം പുനലൂര്‍ സ്വദേശിയായ നിയോഗ് കൃഷ്ണ. കുട്ടിക്കാലം മുതല്‍ സാഹസികയാത്രകളെ പ്രണയിച്ചിരുന്ന ഈ ഇരുപത്തേഴുകാരന്‍ ആര്‍ട്ടിക്കിലെ മഞ്ഞുപാളികള്‍ക്കിടയിലെ ഏഴു ദിവസത്തെ സാഹസിക ജീവിതം പങ്കുവയ്ക്കുന്നു. 

ആ ഏഴുദിവസങ്ങള്‍

2018 ഏപ്രില്‍ 12. നോര്‍വെയിലെ മഞ്ഞുമലയില്‍ ഞങ്ങള്‍ റെഡിയായിക്കഴിഞ്ഞു. ഇനി ഏഴു ദിവസത്തെ യാത്രയാണ്. മുന്നൂറു കിലോമീറ്ററുകള്‍ സഞ്ചരിക്കണം. സ്വീഡനിലാണ് യാത്ര അവസാനിക്കുന്നത്. ഞാനടക്കം നാലുപേര്‍. ഞങ്ങളെ കൊണ്ടുപോകാന്‍ ഡോഗ് സ്റ്റഡുകള്‍ കാത്തിരിക്കുന്നു. ഒരു സ്റ്റഡ് വലിക്കാന്‍ ആറുനായ്ക്കള്‍. ആര്‍ട്ടിക് സര്‍ക്കിളില്‍ കൃത്യമായ വഴികളില്ല. തുറസ്സായിക്കിടക്കുന്ന സ്ഥലമാണ്. ഉയരവും താഴ്ചയുമൊന്നും നായ്ക്കള്‍ക്ക് പ്രശ്‌നമല്ല. അതിനനുസരിച്ചുവേണം നമ്മള്‍ സ്റ്റഡില്‍ നില്‍ക്കാന്‍. മൈനസ് മുപ്പതിനും നാല്‍പ്പതിനുമിടയ്ക്കാണ് തണുപ്പ്. ആര്‍മിക്ക് നല്‍കുന്ന റിയല്‍ ഫുഡാണ് ഭക്ഷണം. യാത്രയ്ക്ക് രണ്ടുദിവസം മുമ്പ് സ്വീഡനില്‍ ഇതുസംബന്ധിച്ച് രണ്ട് തിയറി ക്ലാസുകളുണ്ടായിരുന്നു. 

Artic Expedition

''രക്തം പോലും കട്ടപിടിക്കാന്‍ സാധ്യതയുള്ള തണുപ്പിലൂടെയാണ് നിങ്ങളുടെ യാത്ര. മൈനസ് പത്ത് ഡിഗ്രി തണുപ്പ് വരെ സഹിക്കാന്‍ മനസ്സും ശരീരവും തയ്യാറെടുത്തിരിക്കണം. ഒരുപാട് അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. മരിക്കാനുള്ള സാഹചര്യം ഏറെയാണുതാനും. അതുകൊണ്ട് സൂക്ഷിക്കുക. ശ്രദ്ധിക്കുക.'' ക്ലാസില്‍നിന്ന് നേരത്തെ കിട്ടിയ മുന്നറിയിപ്പുകള്‍ക്ക് ശരീരവും മനസ്സും സജ്ജമായിക്കഴിഞ്ഞു. തണുപ്പിനെ അതിജീവിക്കാന്‍ ഏഴ് ലെയര്‍ ഡ്രസ്സുകളാണ് ധരിച്ചത്. ഞങ്ങളെ നയിക്കാന്‍ ഒരാളുണ്ട്. മൂഷര്‍. അയാള്‍ നമ്മളെ സഹായിക്കില്ലെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കും.വഴികാട്ടും. 

''വഴി നീളെ മഞ്ഞുമൂടിക്കിടക്കുന്ന തടാകങ്ങളും നദികളുമുണ്ട്. പെട്ടെന്നത് തിരിച്ചറിയാന്‍ കഴിയില്ല. അപകടത്തില്‍ പെട്ടാല്‍ പെട്ടതുതന്നെ. മാത്രമല്ല, ഒരുവട്ടം വഴിതെറ്റിയാല്‍ പിന്നീട് തിരിച്ചുവരാനും കഴിയില്ല.''യാത്രയ്ക്ക് തൊട്ടുമുമ്പുള്ള മൂഷറുടെ മുന്നറിയിപ്പ് കേട്ടപ്പോള്‍ മരണം മുമ്പില്‍വന്ന് നില്‍ക്കുന്നതുപോലെ തോന്നി. പക്ഷെ പതറിയില്ല. ജീവിതത്തില്‍ എന്തായാലും മരിക്കണം. അത് സാഹസികയാത്രയ്ക്കിടയിലായാല്‍ അത്രയും സന്തോഷം. ഓരോ മുന്നറിയിപ്പുകളും എനിക്കുള്ള ഊര്‍ജമായിരുന്നു. എല്ലാവരും ഡോഗ് സ്റ്റഡില്‍ കയറി നിന്നു. മൂഷര്‍ നയിച്ചു. ഓരോരുത്തരായി പതുക്കെപ്പതുക്കെ മുമ്പോട്ട്. മഞ്ഞുമൂടിയ വഴിയോരങ്ങള്‍. എല്ലാം വെളുപ്പ്. ആകാശവും ഭൂമിയും ഒന്നായതുപോലുള്ള ഭ്രമിപ്പിക്കുന്ന കാഴ്ചകള്‍. സ്റ്റഡ് നീങ്ങുന്നതിനനുസരിച്ച് വഴിമാറുന്ന മഞ്ഞുപാളികള്‍. ഇതിനിടയിലെവിടെയോ ഭയമെല്ലാം അപ്രത്യക്ഷമായി.

Artic Expedition 2

ഇടയ്ക്ക് ഭക്ഷണം കഴിക്കാനായി നിന്നു. ഭക്ഷണത്തിന് ദിവസം രണ്ടുതവണ സ്റ്റഡ് നിര്‍ത്തും. സ്റ്റൗവിന്റെ സെറ്റപ്പൊക്കെ കരുതിയിട്ടുണ്ട്. പാത്രങ്ങള്‍, സിലിണ്ടര്‍, ഫ്യൂവല്‍ എന്നിവ. സൂപ്പര്‍ ഫ്യൂവല്‍ എന്ന പെട്രോളാണ് സ്റ്റൗവില്‍ ഉപയോഗിക്കുന്നത്. പെട്രോളിന്റെ ഏറ്റവും ശുദ്ധമായ ഫോം ആണത്. അത് സിലിണ്ടറില്‍ നിറയ്ക്കണം. അതിനുശേഷമാണ് പാചകം. വെള്ളം കുടിക്കാനായിരുന്നു പ്രശ്‌നം. മഞ്ഞ് ചൂടാക്കിയിട്ടുവേണം വെള്ളമാക്കാന്‍. അതിനുശേഷം തിളപ്പിക്കണം. ദിവസവും പന്ത്രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. അല്ലെങ്കില്‍ ഡീ ഹൈഡ്രേഷന്‍ വരും. 

ആദ്യദിവസം വളരെ പ്രയാസപ്പെട്ടെങ്കിലും പിന്നീടതും പ്രശ്‌നമല്ലാതായി. ആര്‍ട്ടിക്ക് പ്രദേശത്ത് പകല്‍ കൂടുതലും രാത്രി കുറവുമാണ്. രാത്രി പതിനൊന്ന് മണിയാവുമ്പോഴേ ഇരുട്ട് വരികയുള്ളൂ. പുലര്‍ച്ചെ നാലുമണിയാവുമ്പോഴേക്കും വെളിച്ചമെത്തും. വൈകീട്ടോടെ ആദ്യദിവസത്തെ യാത്ര അവസാനിച്ചു. ഉറങ്ങാനായി ഓരോരുത്തരും ടെന്റ് കെട്ടിത്തുടങ്ങി. മഞ്ഞില്‍ കുഴിയുണ്ടാക്കിവേണം ടെന്റിന്റെ തൂണുകള്‍ ഉറപ്പിക്കാന്‍. നല്ല അധ്വാനമാണത്. ആ സമയത്ത് ക്ലോത്തിന്റെ നാല് ലെയര്‍ അഴിച്ചുമാറ്റണം. കാരണം ഒന്നര മണിക്കൂര്‍ നേരത്തെ അധ്വാനമുണ്ട്, ടെന്റ് കെട്ടാന്‍. അതിനിടയ്ക്ക് വിയര്‍ക്കാന്‍ പാടില്ല. വിയര്‍പ്പുകള്‍ മഞ്ഞായി മാറുന്നത് അപകടകരമാണ്. ടെന്റിന് വേണ്ടിയുള്ള സാധനങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ട് ടെന്റുണ്ടാക്കി. മഞ്ഞുകട്ടകള്‍ ഉപയോഗിച്ച് ടെന്റ് മറക്കുകയും ചെയ്തു.

Artic Expedition 4

താമസം മഞ്ഞുമൂടിയ ഉയര്‍ന്ന പ്രദേശത്തായതിനാല്‍ രാത്രി അതിശക്തമായ കാറ്റാണ്. നിലത്തുനില്‍ക്കാന്‍ പോലും കഴിയാത്തത്ര ശക്തം. അവിടെ ഒരുവിധം പിടിച്ചുനിന്നു. സ്റ്റൗ കത്തിക്കാനായിരുന്നു പ്രയാസം. ഓരോ തവണ കത്തിക്കുമ്പോഴും കാറ്റുവന്ന് കെടുത്തും. ഒടുവില്‍ സ്റ്റൗവിന് ചുറ്റും മറച്ചിട്ടായിരുന്നു കത്തിച്ചത്.  ഓരോ ദിവസവും ഓരോ ടാസ്‌കുണ്ടാവും. എത്ര സമയമെടുത്താലും ടാസ്‌ക് ചെയ്‌തേ പറ്റൂ. ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഒരുപാട് അനുഭവിച്ചെങ്കിലും ടാസ്‌കുകളോരോന്നും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അപ്പോഴൊക്കെയും ഞാന്‍ നന്ദിയോടെ ഓര്‍ത്തത് മണാലിയിലെ ബാബുക്കയെ ആണ്. 

Niyog Krishna
നിയോഗ് കൃഷ്ണ

കോഴിക്കോട്ടുകാരനായ ബാബു സാഗര്‍ മണാലിയില്‍ ആപ്പിള്‍ഫാം നടത്തുന്നയാളാണ്. നല്ലൊരു മൗണ്ടണയര്‍. എന്റെ ഏറ്റവുമടുത്ത സുഹൃത്ത്. ഈ യാത്രയ്ക്ക് വരുന്നതിന് മുമ്പ് ഒന്നര മാസം ഞാന്‍ ബാബുക്കയുടെ കൂടെയായിരുന്നു. ഹിമാലയന്‍ താഴ്‌വരയിലെ തണുപ്പില്‍ കിട്ടിയ ട്രെയിനിങ്ങാണ് ഇവിടെ എനിക്ക് ഗുണം ചെയ്തത്. ട്രക്കിങ് പരിശീലനം നടത്തി. മൈനസ് 22 ഡിഗ്രി തണുപ്പില്‍ ആരും കയറാത്ത മേഖലകളില്‍ വരെ അന്ന് ഞാന്‍ കയറിച്ചെന്നിരുന്നു. എല്ലാ സര്‍വൈവല്‍ സിറ്റ്വേഷനെയും അതിജീവിക്കാന്‍ ബാബുക്ക അന്ന് പഠിപ്പിച്ചുതരികയും ചെയ്തു. ഒരു ദിവസം കുറച്ച് പൈന്‍ മരങ്ങളുടെ മേഖല വന്നു. ഏതാണ്ട് 70 കിലോമീറ്ററോളം ഉള്ളില്‍ കാണാവുന്ന പ്രദേശം. ഇവിടെയും ആകാശവും ഭൂമിയും തമ്മില്‍ അതിര്‍വരമ്പുകളില്ല. അവിടെ ഞങ്ങള്‍ ഫയര്‍ ക്രിയേറ്റ് ചെയ്തു. മരത്തിന്റെ ഫൈബര്‍ കത്തികൊണ്ട് ചുരണ്ടിയെടുത്തു. അതിനുശേഷം കൈയില്‍ കരുതിയ മഗ്നീഷ്യം കോയില്‍ ഉരസി സ്പാര്‍ക്കുണ്ടാക്കി. ചെറിയൊരു സ്പാര്‍ക്ക് മതി, ഫൈബറില്‍ തീപിടിക്കാന്‍. അതിനുശേഷം തീ സൃഷ്ടിച്ചു. 

ഏറ്റവും അവസാനത്തെ ദിവസമുള്ള ടാസ്‌കായിരുന്നു ഏറെ പ്രയാസം. വെള്ളം കാണുന്നതുവരെ മഞ്ഞ് കുഴിച്ചെടുക്കണം. സ്‌ക്വയര്‍ ആകൃതിയിലായിരിക്കണം കുഴി. മൈനസ് 25 ഡിഗ്രി തണുപ്പാണവിടെ. അതിനുള്ള മുന്‍കരുതലാണ് അതികഠിനം. ആദ്യം ശരീരം ആവി കൊള്ളിക്കണം. പിന്നീട് ബക്കറ്റില്‍ ഐസും വെള്ളവും തലയിലൊഴിക്കും. വീണ്ടും ആവി കൊള്ളിക്കും. ഈ പ്രക്രിയ കുറെ നേരം തുടരണം. അതിനുശേഷം മാത്രമേ കുഴിക്കാന്‍ ഇറങ്ങുകയുള്ളൂ. ചൂടിന്റെ വ്യതിയാനത്തെ ശരീരം സ്വീകരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതും വിജയകരമായി പൂര്‍ത്തിയാക്കി. 

ഏറ്റവുമൊടുവില്‍ ഞങ്ങളെത്തിയത് കിറൂണയിലാണ്. അവിടെ താമസിക്കാന്‍ മരം കൊണ്ട് നിര്‍മിച്ച കോട്ടേജുകളുണ്ടായിരുന്നു. ഏഴുദിവസം വളരെ പെട്ടെന്ന് കഴിഞ്ഞുപോയതുപോലെ തോന്നി. ഓരോ ദിവസത്തെയും അനുഭവങ്ങള്‍ ത്രില്ലിങ്ങോടെ ഓര്‍ത്തെടുക്കാനുള്ള ദിവസം കൂടിയായിരുന്നു അന്ന്. പിറ്റേ ദിവസമാണ് സ്വീഡനില്‍ തിരിച്ചെത്തിയത്. ജീവിതത്തില്‍ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന അവസരമാണ് കൈവന്നത്. ഇനിയുള്ളത് എവറസ്റ്റ് പര്‍വതനിരകളാണ്. അതും കീഴ്‌പ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.