'അവിടെ ചിറകുവിരിച്ചു പറക്കുന്ന പൂച്ചകളുണ്ട്. ഏഴുതലകളുമായി വവ്വാലുകളെപ്പോലെ പറക്കുന്ന പാമ്പുകളുണ്ട്. കൊടിയ വിഷമാണ്, ശ്വാസംകൊണ്ടുപോലും ആളെ കൊല്ലും. തേനൂറും മധുരമുള്ള പ്രത്യേക പഴമുണ്ട്, പക്ഷെ അതെടുത്ത് പൊക്കണമെങ്കില്‍ ഒരാള്‍ വേണം...'
അഞ്ഞൂറുവര്‍ഷംമുമ്പ് കൊച്ചി കണ്ട ഇറ്റലിക്കാരനായ നിക്കോളോ ഡി കോണ്‍ടി കുറിച്ചതാണ് ഈ കാല്‍പനിക വരികള്‍. ആ എഴുത്താണിത്തുമ്പില്‍ കൊച്ചി, 'കൊക്കിം' ആയിരുന്നു. വാസ്‌കോ ഡി ഗാമയടക്കമുള്ളവര്‍ ആശ്രയിച്ച യാത്രാവിവരണമായിരുന്നു അത്. ആ വരികളില്‍നിന്നു വരച്ചെടുത്ത ഭൂപടങ്ങളായിരുന്നു ഇന്ത്യയെ കണ്ടെത്താനുള്ള അടയാളം. യൂറോപ്പില്‍നിന്നു ഇന്ത്യയിലേക്കുള്ള കടല്‍വഴി തെളിക്കാന്‍ മുമ്പേ പറന്ന പക്ഷിയായിരുന്നു നിക്കോളോ.
വെനീസിനോടുരുമ്മിക്കിടക്കുന്ന ചിയോഗിയയില്‍ 1395-ലാണു നിക്കോളോ ജനിച്ചത്. കടല്‍ക്കച്ചവടത്തിലൂടെ സമ്പന്നരായ വെനീസിലെ വ്യാപാരികളായിരുന്നു നിക്കോളോയുടെ കുടുംബം. സാഹസികയാത്രകള്‍ ഇഷ്ടപ്പെട്ട നിക്കോളോ 1419-ല്‍ വെനീസില്‍ നിന്നു സിറിയയിലെ ദമാസ്‌കസിലെത്തി. അറബി പഠിച്ചു. അറബിക്കച്ചവടക്കാര്‍ക്കൊപ്പം മരുഭൂമി കടന്നു ബാഗ്ദാദിലെത്തി. പിന്നത്തെ യാത്ര പേര്‍ഷ്യ(ഇറാന്‍)യിലേക്ക് . അവിടുന്നു 'ഫാര്‍സി' (പേര്‍ഷ്യന്‍ ഭാഷ) പഠിച്ചു.

ഓരോ ദേശത്തുനിന്നു കിട്ടുന്ന സാധനങ്ങള്‍ വാങ്ങി കപ്പലില്‍ കയറ്റും, അടുത്ത തുറമുഖത്തെത്തുമ്പോള്‍ വില്‍ക്കും. അക്കാലത്ത് സ്വര്‍ണത്തിനൊപ്പം വിലയുണ്ടായിരുന്നു കുരുമുളകിന്. 'കറുത്തപൊന്നു'തേടി ഇന്‍ഡീസിലേക്കുള്ള (കിഴക്കന്‍ ഇന്‍ഡീസ് എന്നാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ വിശേഷിപ്പിച്ചിരുന്നത്) യാത്രകള്‍ തുടങ്ങിയത് അങ്ങനെയാണ്.
പേര്‍ഷ്യയില്‍നിന്നാണ് നിക്കോളോ ഇന്ത്യയിലേക്കുള്ള വഴി തേടിയത്. ഗുജറാത്തിനടുത്തുള്ള കാംബെ തുറമുഖത്ത് 1421-ല്‍ എത്തി. വിജയനഗരസാമ്രാജ്യം മുഴുവന്‍ സഞ്ചരിച്ചു. തെലുങ്കുകേട്ട് ഇങ്ങനെ കുറിച്ചിട്ടു; 'കിഴക്കിന്റെ ഇറ്റാലിയനാണീ ഈ ഭാഷ. ചില വാക്കുകള്‍ക്ക് അത്ഭുതാവഹമായ സാമ്യമുണ്ട്'. ഇന്ത്യക്കാരിയെയാണ് നിക്കോളോ വിവാഹം കഴിച്ചത്.
വിജയനഗരം കടന്ന് തമിഴ്നാട്ടിലെ മൈലാപ്പൂരിലെത്തി സെയ്ന്റ് തോമസിന്റെ ശവകുടീരം കണ്ടു. സുമാത്രയിലേക്കാണ് (ഇന്‍ഡൊനീഷ്യ) പിന്നെ കപ്പലോട്ടിയത്. ജാവയില്‍ നിന്നും വെനീസിലേക്കുള്ള മടക്കയാത്രയില്‍ കൊല്ലത്തും കൊച്ചിയിലും കോഴിക്കോടുമിറങ്ങി.
''ജാവയില്‍നിന്നു ഒരുമാസമെടുത്തു കൊളോയിന്‍ (കൊല്ലം) എന്ന പന്ത്രണ്ടുമൈല്‍ ചുറ്റളവുള്ള പട്ടണമെത്താന്‍. മെലിബാറിയ (മലബാര്‍) എന്നാണ് ഈ പ്രദേശത്തെയാകെ വിളിക്കുന്നത്. കൊളോബി എന്നു വിളിക്കുന്ന ഇഞ്ചിയും കുരുമുളകും ധാരാളം കിട്ടി. മൂന്നു രാപ്പകലുകള്‍ യാത്ര ചെയ്തപ്പോള്‍ അഞ്ചു മൈല്‍ ചുറ്റളവുള്ള കൊക്കിം (കൊച്ചിന്‍) പട്ടണത്തിലെത്തി.

നദിയുടെ കരയിലാണ് ഈ കൊച്ചുപട്ടണം. നദിയുടെ പേരില്‍നിന്നാണ് ദേശത്തിനും പേരുകിട്ടിയത്. രാത്രിയിലാണ് കപ്പല്‍ തീരമടുത്തത്. നദിക്കരയില്‍ തീപ്പന്തങ്ങളുമായി മീന്‍പിടിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്...''
നിക്കോളോ കണ്ട കൊച്ചിക്ക് എട്ടു കിലോമീറ്റര്‍ ചുറ്റളവേ ഉണ്ടായിരുന്നുള്ളൂ! കൊല്ലത്തുകണ്ടതെല്ലാം കൊച്ചിയിലും കണ്ടെന്ന് നിക്കോളോ കുറിക്കുന്നു. ''പൂച്ചകള്‍ അവയുടെ ചര്‍മം ചിറകുകളാക്കി ഒരു മരത്തില്‍നിന്നു അടുത്തതിലേക്കു പറക്കുന്നു'' പറക്കും പൂച്ചകളെന്നു നിക്കോളോ വിശേഷിപ്പിച്ചതു പറക്കുന്ന അണ്ണാന്‍മാരെ (Flying squirrels) കണ്ടിട്ടായിരുന്നു.
പാമ്പുകളെക്കുറിച്ചു വിസ്മയത്തോടെയാണെഴുത്ത്. ''മനുഷ്യസാമീപ്യത്തില്‍ ഭയമില്ലാത്ത ആറു 'എല്‍' നീളമുള്ള സര്‍പ്പങ്ങളുണ്ടിവിടെ. പ്രദേശത്തുതന്നെ മറ്റൊരിനവും ഉണ്ട്. 'സുസിനാരിയ' എന്ന നാഗരാജാവിന്റെ വാല്‍ തടിച്ചുരുണ്ടു അറ്റം നേര്‍ത്തതാണ്. സ്വാദേറിയ ഇറച്ചിയായതിനാല്‍ നാട്ടുകാര്‍ കൊന്നു തിന്നാറുണ്ട്''.
മധ്യകാലഘട്ടത്തില്‍ യൂറോപ്പിലെ അളവു കോലായിരുന്നു 'എല്‍' (Ell). ഒരാളുടെ ചുമല്‍ മുതല്‍ നടുവിരലിന്റെ നഖം വരെയുള്ള നീളം. പെരുമ്പാമ്പിനെയാവണം നിക്കോളോ നാഗരാജാവെന്ന് വിശേഷിപ്പിച്ചത്.
''പ്രത്യേകതരം മരം ധാരാളമായി വളരുന്നുണ്ട്. പൈനാപ്പിള്‍ പോലുള്ള പഴം ഉണ്ടാകും. പക്ഷെ പൈനാപ്പിളിനേക്കാള്‍ വലുതാണ്. ഒരാളെങ്കിലും വേണം എടുത്തുപൊക്കാന്‍. തൊലി പച്ചനിറമുള്ളതും കട്ടിയേറിയതുമാണ്. ഉള്ളില്‍ അത്തിപ്പഴംപോലെ തേനൂറും മധുരമുള്ള ചെറുപഴങ്ങളുണ്ട്. പഴങ്ങള്‍ക്കുള്ളിലെ കുരുക്കള്‍ ചുട്ടെടുത്തു ഭക്ഷിക്കും. വേരിലുണ്ടാകുന്ന പഴത്തിനാണ് കൂടുതല്‍ സ്വാദ്, അവ രാജകുടുംബത്തിന് നല്‍കുകയാണ് ആചാരം...'' നിക്കോളോ ചക്ക കണ്ടതിങ്ങനെ.
മാങ്ങയെ അമ്പ എന്നാണ് നിക്കോളോ കേട്ടത്. ''പുറംതൊലി ചവര്‍പ്പാണെങ്കിലും ഉള്ളില്‍ മധുരമാണ്. ഇവ പഴുക്കുംമുന്നേ പറിച്ചു വെള്ളത്തിലിട്ടുവെയ്ക്കും. അമ്ലതകളയാനാണെന്ന് തോന്നുന്നു''.
അധികനാള്‍ തങ്ങാതെ അദ്ദേഹം കൊച്ചി വിട്ടു. കൊക്കിമില്‍ നിന്നു മറ്റൊരു നദീതിരത്തുള്ള കൊലങ്കൂരിയ (കൊടുങ്ങല്ലൂര്‍ ആവാം) എന്ന സ്ഥലത്തെത്തി. അവിടെനിന്നു പലിയുരിയ, മെലിയങ്കോട്ട എന്നിവിടങ്ങളിലൂടെ കോഴിക്കോടെത്തിയതായി നിക്കോളോ പറയുന്നു.
കാല്‍നൂറ്റാണ്ടോളം യാത്രചെയ്തു വെനീസില്‍ തിരിച്ചെത്തിയ നിക്കോളോ 1469-ല്‍ മരിച്ചു. ആ യാത്രകള്‍ അപഗ്രഥിച്ച് 1450-ല്‍ ഇന്ത്യയിലേക്കുമുള്ള കടല്‍വഴി രേഖപ്പെടുത്തി 'ഫ്രാ മൗറോ മാപ്പ്' ജനിച്ചു. 1457-ലെ 'ജീനോസി' ലോകമാപ്പിനും ഈ യാത്രകളായിരുന്നു ആശ്രയം. 1492-ല്‍ ലാറ്റിന്‍ ഭാഷയിലാണ് ആദ്യമായി നിക്കോളോയുടെ യാത്രകളെക്കുറിച്ച് പുസ്തകമിറങ്ങി.
Content Highlights: Niccolò de' Conti, Le Voyage Aux Indes, Story of Kochi