വടകര: ഒരു ക്യാന്‍വാസില്‍ വരച്ചുചേര്‍ക്കാനൊരുങ്ങുകയാണ് ലോകനാര്‍കാവിന്റെ മായികദ്യശ്യങ്ങളും മറ്റും. ഇതോടെ പുതിയൊരു ചിത്രമായി തീരും കേരളത്തിന് മുന്നില്‍ ലോകനാര്‍കാവ്.ലോകനാര്‍കാവ് പൈതൃകടൂറിസം പദ്ധതി അവലോകനത്തിനായി വെള്ളിയാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തുമ്പോള്‍ പ്രതീക്ഷയിലാണ് ലോകനാര്‍കാവും പയംകുറ്റിമലയും. 

പയംകുറ്റിമലയില്‍ 2.15 കോടി രൂപ ചെലവിട്ട് ടൂറിസംവകുപ്പ് വിവിധപദ്ധതികള്‍ നടപ്പാക്കിയത് ഈ വര്‍ഷമാണ്. ഇത് സന്ദര്‍ശിക്കുന്നത് കൂടാതെ പുതുതായി എന്ത് പദ്ധതികള്‍ ഇവിടേക്ക് കൊണ്ടുവരാനാകും എന്നതിലും ചര്‍ച്ചയുണ്ടാകും.

റോഡ് വികസനം, കുടിവെള്ളപദ്ധതി തുടങ്ങിയവയെല്ലാം പരിഗണനയിലുള്ള പദ്ധതികളാണ്.ലോകനാര്‍കാവ് തീര്‍ഥാടനടൂറിസം പദ്ധതിയുടെ ഭാഗമായി രണ്ട് പ്രധാനപ്പെട്ട പദ്ധതികളാണ് ടെന്‍ഡറായി നില്‍ക്കുന്നത്. ഇത് രണ്ടിന്റെയും പ്രവൃത്തി വേഗത്തിലാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും അവലോകനത്തില്‍ വരും.

10 വര്‍ഷംമുമ്പെ വിഭാവനംചെയ്ത പദ്ധതിയാണ് ഒന്ന്. ഇത് പാതിവഴിയില്‍ നിലച്ചിട്ട് എട്ടുവര്‍ഷത്തോളമായി. ഇത് പുനരാരംഭിക്കാന്‍ 3.6 കോടിരൂപ അനുവദിച്ചിരുന്നു.

സില്‍ക്കിനാണ് നിര്‍വഹണച്ചുമതല നല്‍കിയത്. യു.എല്‍.സി.സി.എസിനെക്കൊണ്ട് പ്രവൃത്തി ഏറ്റെടുപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ പദ്ധതിക്ക് വേഗം കൂട്ടുകയെന്നതിന് ടൂറിസംവകുപ്പ് പ്രത്യേകപരിഗണന നല്‍കുന്നുണ്ട്.

മന്ത്രിയുടെ സന്ദര്‍ശനം ഇതിന് ഉപകരിക്കുമെന്നാണ് പ്രതീക്ഷ. മറ്റൊരു പദ്ധതി കിഫ്ബി ധനസഹായത്തോടെയുള്ളതാണ്. തലശ്ശേരി പൈതൃകസംരക്ഷണ പദ്ധതിയുടെ ഭാഗമായി 6.9 കോടി രൂപയാണ് ലോകനാര്‍കാവിലേക്ക് അനുവദിച്ചത്. 

ഇത് ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തി തുടങ്ങാവുന്ന നിലയിലെത്തിയിട്ടുണ്ട്. രണ്ട് പ്രവൃത്തികളും ആരംഭിക്കുന്നതോടെ ലോകനാര്‍കാവിന്റെ ചരിത്രത്തിലെതന്നെ ഏറ്റവുംവലിയ വികസനപ്രവൃത്തികള്‍ക്കാണ് സാക്ഷ്യംവഹിക്കുക.

മന്ത്രിയുടെ സാന്നിധ്യത്തില്‍ അവലോകനയോഗം നടക്കുന്നതോടെ തടസ്സങ്ങളെല്ലാം നീങ്ങി എല്ലാം സുഗമമായി നടക്കുമെന്നാണ് പ്രതീക്ഷ.

Content Highlights: new phase for lokanarkavu heritage tourism project