ഈസ്റ്റര്‍ ദ്വീപില്‍ ഒരു 'മോവായി'യെ കൂടി കണ്ടെത്തി; സഞ്ചാരികളും ഗവേഷകരും ആവേശത്തില്‍


2 min read
Read later
Print
Share

ഈസ്റ്റർ ദ്വീപിൽ പുതുതായി കണ്ടെത്തിയ 'മോവായി' ശിലാപ്രതിമ | Photo: AP

മോവായി എന്ന പേരുള്ള പടുകൂറ്റന്‍ ശിലാപ്രതിമകളാല്‍ ലോകപ്രശസ്തമാണ് ഈസ്റ്റര്‍ ദ്വീപ്. തെക്കന്‍ പെസഫിക്കിലെ ഏറ്റവും ഒറ്റപ്പെട്ട് കിടക്കുന്ന ഈ വിദൂരദ്വീപ് തെക്കേയമേരിക്കന്‍ രാജ്യമായ ചിലിയുടെ ഭാഗമാണിപ്പോള്‍. ദ്വീപിന്റെ തിരപ്രദേശത്ത് നിഗൂഢഭാവത്തോടെ കടലിലേക്ക് നോക്കി നില്‍ക്കുന്ന നൂറുകണക്കിന് പടുകൂറ്റന്‍ ശിലാപ്രതിമകള്‍ വല്ലാത്തൊരു അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. ഈ ദ്വീപില്‍ നിന്ന് പുതുതായി ഒരു മോവായി പ്രതിമകൂടി കണ്ടെത്തിയതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ചിലിയിലെ മൂന്ന് സര്‍വകശാലകളില്‍ നിന്നുള്ള ഗവേഷകരാണ് പുതിയ പ്രതിമ കണ്ടെത്തിയിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് ഇവര്‍ പഠനങ്ങള്‍ക്കായി ദ്വീപിലെത്തിയത്. ദ്വീപിലെ അഗ്നിപര്‍വതത്തിന് സമീപത്തുള്ള ഇപ്പോള്‍ വറ്റിവരണ്ട തടാകത്തിലെ മണ്‍തിട്ടയിലാണ് ഇവര്‍ പുതിയ മോവായിയെ കണ്ടെത്തിയിരിക്കുന്നത്. ദ്വീപിലെ തടാകങ്ങള്‍ക്ക് സമീപത്ത് നിന്ന് ഇന്നേവരെ വേറെ പ്രതിമകളൊന്നും കിട്ടിയിട്ടില്ല എന്നതാണ് ഗവേഷകരെ ആവേശത്തിലാക്കുന്നത്. നിഗൂഢമായ ഈ പ്രതിമകളുടെ ചരിത്രത്തിലേക്ക് വെളിച്ചംവീശാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലുണ്ടായ ഒരു കാട്ടുതീ നിരവധി പ്രതിമകള്‍ക്ക് സാരമായ കേടുപാടുകള്‍ വരുത്തിയിരുന്നു. ഇത് ലോകത്താകമാനമുള്ള സഞ്ചാരികളെയും ചരിത്രകുതുകികളെയും ദുഖത്തിലാഴ്ത്തിയിരുന്നു.

Photo: www.easterisland.travel/

2017 ലെ സെന്‍സസ് പ്രകാരം 7750 ആണ് ദ്വീപിലെ ജനസംഖ്യ. 163 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. ഭൂഖത്ത് ഏതെങ്കിലും ഒരു മനുഷ്യവാസ മേഖല ഇത്രയും ഒറ്റപ്പെട്ട അവസ്ഥയിലുണ്ടാകില്ല. ഈസ്റ്റര്‍ ദ്വീപുകാര്‍ക്ക് തങ്ങളുടെ മാതൃരാജ്യമായ ചിലിയുടെ വന്‍കരയിലെത്താന്‍ 3700 കിലോമീറ്റര്‍ സമുദ്രം താണ്ടണം. ഏറ്റവും അടുത്ത ദ്വീപിലേക്ക് അവിടെ നിന്ന് 1770 കിലോമീറ്റര്‍ അകലമുണ്ട്!

ഡച്ച് നാവികനായ ജേക്കബ്ബ് റൊഗ്ഗിവീന്‍ 1722ല്‍ തെക്കന്‍ പസഫിക്കിലെ ഈ ദ്വീപില്‍ എത്തിയത് ഒരു ഈസ്റ്റര്‍ ദിനത്തിലായതിനാലാണ് ഈ ദ്വീപിന് ഈസ്റ്റര്‍ ദ്വീപെന്ന പേര് നല്‍കിയത്. പോളിനേഷ്യന്‍ വംശജരാണ് ദ്വീപിലുണ്ടായിരുന്നത്. 'രാപ്പാ ന്യൂയി' (Rapa Nui) എന്നാണ് തദ്ദേശീയര്‍ ദ്വീപിന് നല്‍കിയിരുന്ന പേര്. പ്രതിമകള്‍ അവരുടെ ഭാഷയില്‍ 'മോവായി' ( Moai) എന്നറിയപ്പെട്ടു. ഈ പ്രതിമകളുടെ തലയിലുള്ള ടണ്‍ കണക്കിന് ഭാരമുള്ള കല്‍ത്തൊപ്പികളാണ് മറ്റൊരു വിസ്മയം. ഈ കല്‍ത്തൊപ്പികള്‍ 'പ്യൂകായോ' (Pukao) എന്നാണ് അറിയപ്പെട്ടത്. രാപ്പാ ന്യൂയിക്കാരാണ് ഭീമന്‍ പ്രതിമകളെ ദ്വീപിലെമ്പാടും സ്ഥാപിച്ചത്. അവരുടെ നഷ്ടപ്രതാപത്തിന്റെ തെളിവായി ആ പ്രതിമകള്‍ അവശേഷിച്ചു. മൊത്തം 887 പ്രതിമകള്‍. അതില്‍ 397 എണ്ണം, കല്‍പ്രതിമകള്‍ രൂപപ്പെടുത്തിയ 'രാനോ രരാക്കു' (Rano Raraku) എന്ന ഭീമന്‍ പാറമടയിലാണുള്ളത്. അതില്‍ പലതിന്റെയും നിര്‍മാണം പൂര്‍ത്തിയാകാത്ത അവസ്ഥയിലാണ്.

ലോകത്ത് പലഭാഗത്തും അവശേഷിക്കുന്ന നവീനശിലായുഗ സ്മാരകങ്ങളുടെ കൂട്ടത്തിലാണ് ഈസ്റ്റര്‍ ദ്വീപിലെ കല്‍പ്രതിമകളും ഉള്‍പ്പെടുന്നത്. ഭീമന്‍ ശിരസ്സും ചെറിയ ഉടലുകളുമാണ് ആ ശിലാപ്രതിമകളുടെ പ്രത്യേകത. അധികാരത്തിന്റെ പ്രതാപത്തിന്റെയും പ്രതീകങ്ങളായി പ്രതിമകള്‍ നിര്‍മിച്ച് വ്യത്യസ്ത സ്ഥാനങ്ങളില്‍ സ്ഥാപിച്ചു എന്നാണ് നരവംശശാസ്ത്രജ്ഞരുടെ നിഗമനം. ഈസ്റ്റര്‍ ദ്വീപുമായി ബന്ധപ്പെട്ട് ഒട്ടേറെ നിഗൂഢതകള്‍ ഇനിയും അറിയാനുണ്ട്. അവിടുത്ത പടുകൂറ്റന്‍ ശിലാപ്രതിമകളെ എങ്ങനെ ടണ്‍ കണക്കിന് ഭാരമുള്ള കല്‍ത്തൊപ്പികള്‍ അണിയിച്ചു എന്നതും എന്തിന് ഇത്രയും കഷ്ടപ്പെട്ട് പ്രതിമകളെ ദ്വീപിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു എന്നതും ഇന്നും പൂര്‍ണമായി ഉത്തരംകിട്ടാത്ത ചോദ്യങ്ങളാണ്.

Content Highlights: New moai statue discovered in Easter Island

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഇടുക്കിയല്ലെങ്കിൽ ലഡാക്കിൽ!

2 min

ഒരിക്കല്‍ ഇടുക്കിയില്‍ പോവാനൊത്തില്ല; മൂവര്‍സംഘം ഇന്ന് നടക്കുന്നത് ലഡാക്കിലേക്ക്

May 18, 2023


everest

4 min

കേരളത്തില്‍ നിന്ന് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക്; എട്ട് സ്ത്രീകളുടെ യാത്ര

Apr 26, 2023


charminar

7 min

ചാര്‍മിനാറിന്റെ മായിക കാഴ്ചകള്‍, ഗോല്‍ക്കൊണ്ട, സലാര്‍ജങിലെ റബേക്ക; ഹൈദരാബാദ് എന്ന സ്വപ്‌ന നഗരം

Jan 25, 2023

Most Commented