ഒരിക്കലും അവസാനിക്കാത്ത പായ്‌വഞ്ചി യാത്രകള്‍


രാജേഷ് ചിത്തിര

ആകാശസഞ്ചാരങ്ങള്‍ പതിവാകുന്നതിനുമുന്നേ മലയാളിയുടെ അറേബ്യന്‍ സ്വപ്നത്തിന്റെ പര്യായം പത്തേമാരിയും ഉരുവുമായിരുന്നു

പായ്‌വഞ്ചി

നുഷ്യന്റെ സാഹസികസഞ്ചാരങ്ങളില്‍ ഏറ്റവും കഠിനമായത് ജലത്തിലൂടെയുള്ളതാവും. അറ്റം കാണാനാവാത്ത കടലിന്റെ പരപ്പും അതിന്റെ അജ്ഞാത ആഴങ്ങളെപ്പറ്റിയുള്ള ജിജ്ഞാസകളും മനുഷ്യനെ അവന്റെ ഭാവനയിലൂടെ വിവിധ ജലയാനങ്ങളുടെ കണ്ടെത്തലുകളില്‍ കൊണ്ടെത്തിച്ചു. അതവന്റെ സാഹസികസഞ്ചാരങ്ങളുടെ തുടക്കമായി.

യാത്ര പുറപ്പെട്ടുപോയവര്‍ തിരികെയെത്താത്ത ആദ്യകാലങ്ങളില്‍നിന്ന് ആധുനികകാലത്തേക്ക് കണ്ണോടിക്കുമ്പോള്‍ ഈ മേഖലയിലെ മനുഷ്യരുടെ കണ്ടെത്തലുകളുടെ അതിശയിപ്പിക്കുന്ന അടയാളങ്ങള്‍ കാണാനാവും. ജലയാത്രകള്‍ വിവിധ വന്‍കരകളെ സ്പര്‍ശിച്ചു. കണ്ടെത്തിയ ഇടങ്ങളെ പറ്റിയുള്ള തെറ്റിദ്ധാരണകള്‍ പുതിയ ഇടങ്ങള്‍ ഉണ്ടാക്കി, അവയ്ക്ക് പുതിയ പേരുകളും സൃഷ്ടിക്കപ്പെട്ടു. അതിലൂടെ ചരിത്രത്തിന്റെ കൗതുക ഇടങ്ങളെ നമ്മള്‍ വായിച്ചറിയുന്നു. നൂറ്റാണ്ടുകള്‍ക്കപ്പുറം, പടിഞ്ഞാറന്‍ അധിനിവേശങ്ങളുടെ ചരിത്രത്തിനും അവരുടെ കണ്ടെത്തലുകള്‍ക്കുമപ്പുറം ഭാരതവും മധ്യപൗരസ്ത്യ ദേശങ്ങളും തമ്മിലുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ വിനിമയങ്ങളുടെ തുടക്കത്തിന്, അതിന്റെ അതിശയിപ്പിക്കുന്ന ചരിത്രത്തിന്, ഒരു കാരണം ജലയാത്രകളാണ്. മുത്തും പവിഴവും കറുത്ത പൊന്നും മറ്റു സുഗന്ധവിളകളും തമ്മിലുള്ള കൈമാറ്റത്തിന് ഉപരിയായ ഒരു ചരിത്രബന്ധത്തിന്റെ ഹേതുകൂടിയാണത്.

സായാഹ്നസൂര്യന്റെ തണലില്‍ ദുബായ് ക്രീക്കിലിരുന്ന് രണ്ടുകരകളെ ബന്ധിപ്പിക്കുന്ന ജലയാനങ്ങളെ കാണുന്ന ഒരാള്‍ ചരിത്രത്തിലേക്ക് സഞ്ചരിച്ചു പോവുന്നത് സ്വാഭാവികമാണ്. നൂറ്റാണ്ടുകള്‍ക്കുമുന്‍പേ തടികൊണ്ട് പാരമ്പര്യരീതിയില്‍ നിര്‍മിക്കപ്പെട്ട ബോട്ടുകളെ സന്‍ബുക്ക് എന്നാണ് വിളിച്ചിരുന്നത്. പിടയ്ക്കുന്ന മത്സ്യങ്ങളുമായി ആ ചെറുയാനങ്ങള്‍ കരകളെ തൊട്ടു. മത്സ്യങ്ങള്‍ അവര്‍ ചെന്നുചേര്‍ന്ന തീരങ്ങളിലെ മനുഷ്യരുടെ വിശപ്പടക്കി. ആ തീരങ്ങള്‍ പ്രധാനമായും ദുബായും അബുദാബിയുമായിരുന്നു. ഒരുപക്ഷേ, റാസല്‍ഖൈമയും. കാലം കഴിഞ്ഞപ്പോള്‍ ആ തീരങ്ങളില്‍നിന്ന് യാനങ്ങള്‍ നീണ്ട ജലയാത്രകള്‍ക്ക് പുറപ്പെട്ടു. അവ ഭാരതത്തിന്റെയും ചൈനയുടെയും കിഴക്കന്‍ ആഫ്രിക്കയുടെയും തീരങ്ങളിലെത്തി. വേനല്‍ കാലങ്ങളില്‍ ധൈര്യശാലികളായ മുക്കുവര്‍ കടലിന്റെ ഇരുണ്ട അടിത്തട്ടിലേക്ക് മുങ്ങാംകുഴിയിട്ടു. അവര്‍ വിലയേറിയ മുത്തുകളുമായി തിരികെ ജലോപരിതലത്തിലേക്ക് മടങ്ങിയെത്തി. ആ മുത്തും പവിഴവും കച്ചവടത്തിന്റെ ലോകസഞ്ചാരത്തിന് പുറപ്പെട്ടു. അത് ഫോസില്‍ ഇന്ധനത്തിന്റെ കണ്ടെത്തലിനു മുന്‍പായിരുന്നു. ഇമറാത്തി വ്യാപാരികള്‍ ലോകം ചുറ്റിസഞ്ചരിച്ചിരുന്ന കാലം. അറബിക്കടലും ഇന്ത്യന്‍മഹാസമുദ്രവും അവരുടെ സഞ്ചാരപാതകളായിരുന്നു. യെമെനിലെ ഏദനും ഇന്ത്യയിലെ മംഗളൂരുവും മുംബൈയിെല മുത്തി ബസാറും അവരുടെ ഇടത്താവളങ്ങളോ ലക്ഷ്യസ്ഥാനങ്ങളോ ആയി.

ആവശ്യക്കാരുടെ എണ്ണം കൂടിയപ്പോള്‍ ജലയാനങ്ങളുടെ നിര്‍മിതിക്കായി മരംതേടി ഇന്ത്യയിലേക്ക് യാത്രകളുണ്ടായി. അന്‍പതുവര്‍ഷത്തെ സേവനം വാഗ്ദാനം ചെയ്യുന്നു ഇന്ത്യയില്‍നിന്ന് കടല്‍ കടക്കാന്‍ തയ്യാറെടുക്കുന്ന തേക്കിന്റെ കരളുറപ്പ്. കപ്പലിനെക്കുറിച്ച് ഒരു വിചിത്രപുസ്തകം എന്ന നോവലില്‍ ഇന്ദുമേനോന്‍ കപ്പല്‍ നിര്‍മിക്കാനുള്ള മരം മുറിക്കുന്നതിന് മുന്‍പായി ഒരാള്‍ അനുഷ്ഠിക്കുന്ന പ്രാര്‍ഥനകളെപ്പറ്റി പറയുന്നുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മില്‍ അനുവര്‍ത്തിക്കുന്ന ജീവിതാനുഷ്ഠാനങ്ങളുടെ അതിശയിപ്പിക്കുന്ന വ്യവഹാരങ്ങളില്‍നിന്ന് അത് മരവും ജലവും തമ്മിലുള്ള ആത്മബന്ധത്തിന്റെ യാത്രയായി മാറുന്നു പിന്നീട്. ഉരുക്കള്‍ക്കും പത്തേമാരിക്കുംവേണ്ട കയര്‍ സന്‍സിബാറില്‍നിന്നും പായ കുവൈത്തില്‍നിന്നും ബഹ്ൈറിനില്‍നിന്നും ഇവിടേക്ക് വന്നു. കാലം കടന്നുപോയപ്പോള്‍ മരംവരുന്നത് ഇന്ത്യക്കൊപ്പം മലേഷ്യയില്‍നിന്നും പാക്കിസ്താനില്‍ നിന്നുമായി.

ജലയാനങ്ങളുടെ നിര്‍മാണരീതികള്‍ ഏറ്റവും ഒടുവില്‍ എക്‌സ്‌പോ 2020 പ്രദര്‍ശിപ്പിച്ചിരുന്നതായി ഓര്‍ക്കുന്നു. പടിഞ്ഞാറന്‍ നിര്‍മിതിയില്‍നിന്ന് വ്യത്യസ്തമായ രീതിയായിരുന്നു ഇവിടുത്തേത്. ചില കുടുംബങ്ങളുടെ പാരമ്പര്യത്തിന്റേതായ അടയാളങ്ങള്‍ പറയാനുണ്ടാവും മിക്ക യാനങ്ങള്‍ക്കും. അതിന്റെ നിര്‍മാണരീതികളും അളവുകളും ഏതെങ്കിലും കടലാസിലോ ചിത്രങ്ങളിലോ കണ്ടെത്താനാവില്ല. അവ ഓരോ നിര്‍മാതാവിന്റെയും തലച്ചോറിലായിരുന്നു രൂപംകൊണ്ടിരുന്നത്. നിര്‍മിച്ച മാതൃക നീറ്റിലിറക്കി പരിശോധിച്ച് വേണ്ടമാറ്റങ്ങള്‍ വരുത്തിയശേഷം അവസാനനിര്‍മിതിയിലേക്ക് കടക്കുന്നു. മരം പൊട്ടാതെ നിര്‍മിക്കപ്പെട്ട നൂറുകണക്കിന് സുഷിരങ്ങളില്‍ നീണ്ട ഇരുമ്പാണി തറച്ചുള്ള നിര്‍മാണ പ്രക്രിയയ്ക്ക് മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടിവന്നു. രാത്രി ജലപ്പരപ്പില്‍ ഒഴുകിനടക്കുന്ന ബോട്ടിന്റെ ബാഹ്യ, ആന്തരികസൗന്ദര്യത്തില്‍ നിര്‍മാതാവിന്റെ കരവിരുത് തെളിഞ്ഞു കാണാനാവും. ഇന്ത്യയില്‍നിന്ന് തിരിച്ചുള്ള പത്തേമാരി യാത്രകളിലൂടെ പ്രവാസത്തിന്റെ കഥകളുണ്ടായി. പത്തേമാരി എന്നപേരില്‍തന്നെ കുടിയേറ്റത്തിന്റെ ചരിത്രംപറയുന്ന സിനിമയുണ്ടായി. സ്വാഗതം സിനിമയില്‍ ബിച്ചു തിരുമല എഴുതിയതുപോലെ അക്കരെനിന്നൊരു കൊട്ടാരം/കപ്പലുപോലെ വരുന്നേരം /ഇക്കരെനിങ്ങടെ ചങ്ങാടങ്ങളും/ പത്തേമാരിയുമെത്തേണം/പത്തേമാരിയില്‍ താലപ്പൊലിയുമായ് വന്നുവിളിക്കേണം/ഞങ്ങളെ നിങ്ങള്‍ വിളിക്കേണം ഇത് രണ്ടു കരകള്‍ക്കിടയിലെ പ്രതീക്ഷയുടെ പാട്ട് പോലെ കേട്ടനുഭവിക്കാവുന്ന ഒന്നാണ് എന്നു തോന്നാറുണ്ട്.

ഒരുകാലത്ത്, ആകാശസഞ്ചാരങ്ങള്‍ പതിവാകുന്നതിനുമുന്നേ മലയാളിയുടെ അറേബ്യന്‍ സ്വപ്നത്തിന്റെ പര്യായം പത്തേമാരിയും ഉരുവുമായിരുന്നു. ജലയാത്രകളാണ് പുതിയ ഇടങ്ങളെ പരിചയപ്പെടുത്തിയത്. എങ്ങനെയാണ് ധൗ (റവീം അറബിക് പായ്ക്കപ്പല്‍ എന്നര്‍ഥം.) എന്ന വാക്കുണ്ടായത് എന്നതിനെപ്പറ്റി തര്‍ക്കിച്ചാല്‍ അവസാനമുണ്ടാവില്ല. പക്ഷെ ആ വാക്ക് വിവിധ വലിപ്പത്തിലും ആകൃതിയിലുമുള്ള ജലയാനങ്ങളെ പറ്റി പൊതുവേ പറയുന്നതിനു ഉപയോഗിക്കുന്നതാണ് എന്നറിയാത്തവര്‍ ചുരുക്കമാവും. ക്രീക്കിന്റെ രണ്ടു കരകള്‍ക്കിടയില്‍ വെറുതെ ഒരിക്കലെങ്കിലും സഞ്ചരിച്ചതിന്റെ ഓര്‍മയായി ആ വാക്ക് കൂടെയുണ്ടാകും. അതിന്റെ തുടക്കം മറവിയുടെ ഏതോ കയങ്ങളില്‍ ഒളിച്ചുകടക്കുന്നു എങ്കിലും ആ വാക്ക് അറബിക് സംസ്‌കാരത്തിന്റെയും സാമ്പത്തികവിനിമയങ്ങളുടെയും പ്രതീകംകൂടിയാണ്. മണ്‍സൂണ്‍ കാറ്റിന്റെ നിയന്ത്രണങ്ങള്‍ക്കുവഴങ്ങി അതിന്റെ ഗതിയെ പിന്തുടര്‍ന്ന് നൂറ്റാണ്ടുകളോളം ഇവിടത്തെ മനുഷ്യര്‍ തങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്കായി സഞ്ചരിച്ചത് ഈ വാക്കിന്റെ സഹായത്താലാണ്. അറബിക് പായ്ക്കപ്പലുകള്‍ പല പേരുകളില്‍ അറിയപ്പെടുന്നു. ബഖല, ബട്ടില്‍, ബറാഹ, സഷേ, സംബ്ഖ്, ഷുആഐ എന്നിങ്ങനെ. ഇതില്‍ ഷുആഐ ആണ് മത്സ്യബന്ധനത്തിനും കച്ചവടത്തിനും ഉപയോഗിക്കുന്ന അഞ്ചോ ആറോ മീറ്റര്‍മുതല്‍ പതിഞ്ചോളം മീറ്റര്‍വരെ നീളമുള്ള തരത്തിലുള്ളത്.

അറേബ്യന്‍രീതിയിലുള്ള വള്ളങ്ങള്‍/പായ്‌വഞ്ചികള്‍ ഗതാഗതത്തിന്റെ അടയാളം മാത്രമല്ല, അത് ഒരു ജീവിത രീതിയുടെ, സാമ്പത്തിക സ്രോതസ്സിന്റെ, കടലുമായുള്ള ആത്മബന്ധത്തിന്റെ പ്രതീകം കൂടിയാണ്. ഒരുകാലത്ത് ഒരു വലിയവിഭാഗം ജനത്തിന്റെ തൊഴിലിടമായിരുന്നു അതിന്റെ നിര്‍മാണമേഖല. നിര്‍മാണവൈദഗ്ധ്യം നേടിയിരുന്ന ഒരു തലമുറയുടെ വിടവാങ്ങലോടെ അന്യം നിന്നുപോയ ഒരു മേഖലകൂടിയാണത്. തനത് നിര്‍മാണത്തിലെ കാലതാമസം നവീനരീതികള്‍ക്ക് വഴിയൊരുക്കി. 1991ല്‍ ആരംഭിച്ച അല്‍ഗഫാല്‍ പായ്‌വഞ്ചിമത്സരം ഒരു സംസ്‌കാരത്തിന്റെ അടയാളത്തെ നിലനിര്‍ത്തുന്നു. നിര്‍മാണവൈദഗ്ധ്യത്തിന്റെയും വൈവിധ്യങ്ങളുടെയും സാക്ഷ്യപ്പെടുത്തലാവുന്നു.

അജ്മാനിലെ ധൗ നിര്‍മാണശാല ഈ മേഖലയോട് പ്രതിപത്തിയുള്ള സന്ദര്‍ശകര്‍ മറക്കാതെ കാണേണ്ട ഒരിടമാണ്. പുരാതനമായ നിര്‍മാണരീതിയുടെ പ്രദര്‍ശന ശാലയാണ് ഇവിടം. തലമുറകളായി കൈമാറ്റംചെയ്യപ്പെട്ട നിര്‍മാണവൈദഗ്ദ്യത്തിന്റെ അടയാളം കണ്ടറിയാനുള്ള അവസരം. പുതിയകാലത്ത് അറേബ്യന്‍മാതൃകയിലുള്ള പായ്‌വഞ്ചികളുടെ തിരിച്ചുവരവ് സാഹസികതയുടെ ഒരു ചരിത്രത്തിന്റെ വീണ്ടെടുക്കലാണ്. അടുത്തതവണ ഒരു സായാഹ്നജലയാത്ര ചെയ്യുമ്പോള്‍ ഈ രാജ്യത്തിന്റെ ജല സഞ്ചാരത്തിന്റെ ചരിത്രത്തെക്കുറിച്ച്, അതിന്റെ സംസ്‌കാരത്തെപ്പറ്റി ഒരു നിമിഷമോര്‍ക്കാം. പുത്തന്‍ വാണിജ്യ തലസ്ഥാനത്തേക്കുള്ള വഴിക്കിടയില്‍ കടന്നുവന്ന മാറ്റങ്ങളെപ്പറ്റിയുള്ള തിരിച്ചറിയലും മനുഷ്യന്റെ സാഹസികതയ്ക്കും അവന്റെ നിര്‍മാണ വൈദഗ്ധ്യത്തിനുനേരെ ബഹുമാനപൂര്‍വം നടത്തുന്ന ഒരു തൊപ്പിയൂരല്‍കൂടിയാകും അത്.

ആകാശസഞ്ചാരങ്ങള്‍ പതിവാകുന്നതിനുമുന്നേ മലയാളിയുടെ അറേബ്യന്‍ സ്വപ്നത്തിന്റെ പര്യായം പത്തേമാരിയും ഉരുവുമായിരുന്നു

Content Highlights: never ending schooner travel history culture

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented