പ്രതീക്ഷിതമായാണ്  ഇത്തവണ അപ്പൂപ്പന്‍താടിയോടൊപ്പം നെല്ലിയാമ്പതി യാത്രയ്ക്ക് കൂടിയത്. പാവങ്ങളുടെ ഊട്ടി  എന്ന അപരനാമത്തില്‍ പ്രശസ്തമായ നെല്ലിയാമ്പതിയില്‍ നല്ല തണുപ്പുള്ള  കാലാവസ്ഥ ആയിരുന്നു. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ചെറിയ റോഡുകളിലൂടെയുള്ള ജീപ്പ് സഫാരിയും മറക്കാനാവാത്ത അനുഭവമായിരുന്നു.

Nelliyamabathy 1

ജൂലൈ 28ന് രാവിലെ കൊച്ചിയില്‍ നിന്നാരംഭിച്ച യാത്രയില്‍  16 അപ്പൂപ്പന്‍താടികള്‍ ആണ് ഉണ്ടായിരുന്നത്. അശ്വതി എന്ന അച്ചുവാണ് ഞങ്ങളെ നയിച്ചത്. ആലുവയില്‍ നിന്ന് പെരുമ്പാവൂര്‍ക്ക് ബസില്‍ യാത്ര ചെയ്യുമ്പോള്‍ സൈഡ് സീറ്റില്‍ ഇരിക്കാനിടം കിട്ടുകയും ഹെഡ് സെറ്റ് വെച്ച് പാട്ടുകേള്‍ക്കുകയും ചെയ്യുമ്പോള്‍ അര മണിക്കൂറിനുള്ളില്‍ ഇറങ്ങണമല്ലോ എന്ന സങ്കടം... അതിനുള്ള നഷ്ടം നികത്തലാണീ യാത്രകളുടെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന്. സൈഡ് സീറ്റൊന്ന് ഉറപ്പിച്ചു കൊണ്ട് കൂടെയുള്ളവരെ പരിചയപ്പെട്ടു കഴിഞ്ഞ് പതുക്കെ പുറത്തെ ദൃശ്യങ്ങളിലേക്ക്. ഒപ്പം പ്രിയപ്പെട്ട പാട്ടുകളും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കേള്‍ക്കാനിഷ്ടപ്പെട്ടിരുന്നത് മെലഡിയും ഗസലുകളും ആണ്. മലയാളം ഗസലുകളില്‍ ഉമ്പായി പാടിയതും.

ഇതെഴുതുമ്പോഴേക്കും ഒരു ചെറു താരകമായി വിണ്ണിലുദിച്ച പ്രിയ പാട്ടുകാരന് കണ്ണീര്‍പൂക്കള്‍. മതിയാവോളം പുറത്തെ കാഴ്ചകളാസ്വദിച്ച് പാട്ടുകേട്ട് ഞങ്ങളങ്ങനെ വടക്കഞ്ചേരി എത്തി പ്രഭാത ഭക്ഷണം കഴിച്ചു യാത്ര തുടര്‍ന്നു. നെന്മാറ വഴി നെല്ലിയാമ്പതിയിലേക്ക്. ആദ്യം പോത്തുണ്ടി ഡാം, അതിനടുത്തുള്ള പാര്‍ക്ക് ഇവയാണ് സന്ദര്‍ശിച്ചത്. അങ്ങകലെ മലകളുടെ പശ്ചാത്തലത്തില്‍ ഒഴുകി നടക്കുന്ന മേഘങ്ങള്‍ക്കിടയിലൂടെ ഡാം പരിസരവും ചുറ്റുപാടും. ചിത്രങ്ങള്‍ എടുത്തും എടുപ്പിച്ചും ഒത്തിരി സമയം അവിടെ ചെലവഴിച്ചു.

Nelliyamabthy 2

നെല്ലിയാമ്പതിയിലെത്തി അവിടെ നിന്ന് 4 കിലോമീറ്ററോളം ജീപ്പ് സഫാരി. താമസ സൗകര്യം ഏര്‍പ്പാടാക്കിയിരിക്കുന്നത് അവിടെയാണ്. ഉച്ചഭക്ഷണവും കഴിച്ച് കേശവപ്പാറ കാണുന്നതിനായി ഇറങ്ങി. വിനോദ സഞ്ചാരികള്‍ ഏറെയുള്ള പ്രദേശമാണിത്. മലമുകളില്‍ ഉയരത്തിലേക്ക് കയറിക്കയറി അവിടെ നിന്നുള്ള കാഴ്ച കണ്ട് കൊതിതീരാതെ ഇറങ്ങി. പോരും വഴി 2014-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ തൂക്കുപാലം കണ്ടു. കുത്തിയൊഴുകുന്ന വെള്ളത്തിനു മുകളില്‍ പാലത്തിലാണെങ്കിലും അല്‍പം പേടിയോടെയാണ് നിന്നത്. പാലത്തിനക്കരെ ഗവണ്‍മെന്റ് വകസംരക്ഷിത ഭൂമിയാണ്. അവിടെ വന്യ മൃഗങ്ങളുണ്ടെന്ന് അറിയിപ്പു ബോര്‍ഡ് കണ്ടു.

തുടര്‍ന്ന് കാരാപ്പാറ വെള്ളച്ചാട്ടത്തിനടുത്തേക്ക്. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ  (മനസുകൊണ്ട്) റഹിമത്താ വെള്ളം കണ്ട പാടെ ചാടി. പിന്നാലെ ഓരോരുത്തരായി വെള്ളത്തിലിറങ്ങി. ഓര്‍മയിലെ കുട്ടിക്കാലം ഒരിക്കല്‍ കൂടി ആസ്വദിച്ചു കൊണ്ട് ശരീരവും മനസ്സും കുളിര്‍മ നേടി, തിരികെ താമസസ്ഥലത്തേക്ക് എത്തുമ്പോഴേക്കും തണുപ്പ് അസഹനീയമായിരുന്നു. നല്ലൊരു കാപ്പിയും ചൂട് പഴം പൊരിയും കഴിച്ച് എല്ലാവരും ഒന്നിച്ചു കൂടി. ആരുടെയും ഫോണില്‍ സിഗ്‌നല്‍ കിട്ടാത്തതു കൊണ്ട്  അന്നത്തെ സായാഹ്നം മുഖത്തോടു മുഖം നോക്കി സംസാരിച്ചിരിക്കാന്‍ വേണ്ടിയുള്ളതായി. 
വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നു വന്നവര്‍, എന്നാല്‍ ഒരേ ചിന്തകളുള്ളവര്‍ ഒരൊറ്റ രാവ് കൊണ്ട് പ്രിയപ്പെട്ടവരായി മാറുന്ന കാഴ്ച വിശ്വസിക്കണമെങ്കില്‍ ഒരിക്കലെങ്കിലും ഈ അനുഭവം ഉണ്ടാവണം. വൈക്കം മുഹമ്മദ് ബഷീറിന്റെ കുടുംബക്കാരിയായ റഹീമത്താ ആയിരുന്നു താരം. ജീവിതാനുഭവങ്ങളില്‍ നിന്നു രസകരമായ കഥകളും സന്ദേശങ്ങളും പങ്കുവെച്ച് ഇത്ത ഏവരുടെയും മനസില്‍ കയറിപ്പറ്റി. പ്രചോദനമേകുന്ന ജീവിത കഥകള്‍ എല്ലാവരും പങ്കുവെച്ചു. അത്താഴവും കഴിഞ്ഞ് ഉറക്കത്തിലേക്ക്.

Nelliyambathy 3

രണ്ടാം ദിവസം ഉണര്‍ന്ന് തണുപ്പ് മാറ്റിയ ചൂട് വെള്ളത്തില്‍ കുളിച്ച് മലമുകളിലേക്ക് നടന്നു. ഇടക്കിടെ അട്ട കടിച്ചെങ്കിലും അകലെ ആനയുടെ ശബ്ദം കേട്ടെങ്കിലും നടപ്പ് ദുഷ്‌കരമെങ്കിലും എല്ലാവരും മലമുകളിലേക്ക് പതുക്കെ നടന്നു. വ്യൂ പോയിന്റില്‍ എത്തി ദൂരേക്ക്, താഴേക്ക് നോക്കുമ്പോള്‍ ഇത്ര നാളും കണ്ടതൊന്നും ഒന്നുമല്ലെന്ന് തോന്നിപ്പോയി. താഴെ പഞ്ഞിക്കെട്ടുകള്‍ പോലെ ഒഴുകുന്ന മേഘങ്ങള്‍ക്കു മുകളില്‍ നിന്നുള്ള കാഴ്ച അവര്‍ണ്ണനീയം. സ്വപ്നമാണോ എന്നു പോലും സംശയിച്ചു പോയി ഒരു നിമിഷം. പറ്റാവുന്നത്ര എല്ലാവരും ക്യാമറയില്‍ പകര്‍ത്തി, ആനകളും കാട്ടുപോത്തുകളും സൈ്വരവിഹാരം നടത്തുന്ന കാട്ടു പാതകളിലൂടെ തിരിച്ചിറങ്ങി.

പ്രഭാത ഭക്ഷണവും കഴിച്ച് ഹോട്ടലില്‍ നിന്നിറങ്ങി. സീതാര്‍കുണ്ട് വ്യൂ പോയിന്റ് ആണ് അടുത്ത ലക്ഷ്യം. അവിടെയും ധാരാളം വിനോദ സഞ്ചാരികളുണ്ട്.  തണുപ്പില്‍ ഐസ്‌ക്രീം നുണഞ്ഞു കൊണ്ടുള്ള നടപ്പ് രസമാണത്രേ. മോളിച്ചേച്ചിയുടെ വക ഐസ്‌ക്രീം കഴിച്ച് നേരെ നടന്നു. 30 മിനിറ്റോളം നടക്കാനുണ്ട്. വെള്ളച്ചാട്ടം തുടങ്ങുന്നിടത്തു നിന്ന് മുകളില്‍ നിന്നുള്ള കാഴ്ചയാണിവിടെ. അകലെ മലനിരകള്‍  നിബിഡവനത്താല്‍ മനോഹരമായി  കാണപ്പെടുന്നു. അതിനിടയിലൂടെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം. മലമുകളില്‍ നിന്ന് അങ്ങു താഴെ വരെ...സുന്ദരമായ കാഴ്ച. നോക്കി നില്‍ക്കേ കാലൊന്ന് തെറ്റിയാല്‍ താഴെ അഗാധമായ കൊക്കയാണ്. സൂക്ഷിച്ചു നടക്കണം. പരസ്പരം താങ്ങായും കൂട്ടായും ഞങ്ങള്‍ എല്ലാവരും കണ്‍കുളിരേകുന്ന കാഴ്ചകള്‍ കണ്ട് തിരികെ വണ്ടിയിലേക്ക്.

Nelliyambathy 4

കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓറഞ്ച് ഫാം, അനുബന്ധമായ വില്പന കേന്ദ്രങ്ങള്‍ ഇവയും കയറി അത്യാവശ്യം സ്‌ക്വാഷ്, ജാം ഒക്കെ വാങ്ങി, നെല്ലിയാമ്പതിയോട് വിട പറഞ്ഞു. അല്‍പം വൈകിയാണെങ്കിലും ഉച്ചഭക്ഷണവും കഴിച്ച്, മറക്കാനാവാത്ത രണ്ടു ദിനങ്ങളുടെ ഓര്‍മച്ചെപ്പും കൊണ്ട് അപ്പൂപ്പന്‍താടികള്‍ വിടചൊല്ലി. എല്ലാ സ്ത്രീകളും യാത്ര ചെയ്യണം എന്ന സജ്‌നയുടെ സ്വപ്നത്തിന്, ചിറകില്ലാത്തവരുടെ ചിറകായി മാറിയ അപ്പൂപ്പന്‍താടിയുടെ 98-ാമത് ട്രിപ്പ് ആയിരുന്നു ഇത്. നന്ദി സജ്‌ന അലി. ഒരു പാട് ഇഷ്ടം പ്രിയ ബഡി, അശ്വതി.

Content Highlights: Nelliyambathy Travel, Appoppanthadi Flyhigh, Women Travel