വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇടുക്കിയിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം; ഒരു ചെടിയുടെ സംരക്ഷണത്തിനായി കേരളത്തില്‍ ആദ്യമായി പ്രഖ്യാപിക്കുന്ന സംരക്ഷിതമേഖല.

12 വര്‍ഷത്തിലൊരിക്കല്‍ കൂട്ടത്തോടെ പൂക്കുന്ന ചെടിയാണു നീലക്കുറിഞ്ഞി. 250 വര്‍ഗത്തിലുള്ള കുറിഞ്ഞി സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 46 എണ്ണം ഇന്ത്യയിലുണ്ട്. എല്ലാ കൊല്ലവും പൂക്കുന്ന കുറിഞ്ഞികള്‍ മുതല്‍ 16 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന ഇനവും ഇക്കൂട്ടത്തിലുണ്ട്. 12 കൊല്ലത്തിലൊരിക്കല്‍ വ്യാപകമായി പൂക്കുന്ന നീലക്കുറിഞ്ഞിയാണ് ഇടുക്കിയുടെ പ്രത്യേകത.

2006-ലായിരുന്നു ഇടുക്കിയിലെ ഇതിനുമുമ്പുള്ള നീലക്കുറിഞ്ഞി പൂക്കാലം.

neelakurinji

നീലക്കുറിഞ്ഞി വ്യാപകമായി പൂക്കുന്ന 3200 ഹെക്ടര്‍ പ്രദേശം ഉള്‍പ്പെടുത്തി 2006-ലാണ് കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിക്കുന്നത്. ഇടുക്കി ജില്ലയിലെ വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജുകളിലാണ് പ്രദേശം. 50 ഇനം പുല്ലുകള്‍, 51 ഇനം വൃക്ഷങ്ങള്‍, 119 ഇനം ഔഷധസസ്യങ്ങള്‍, 14 ഇനം പക്ഷികള്‍, പത്തിനം സസ്തനികള്‍, നൂറിലധികം ഇനത്തിലുള്ള ചിത്രശലഭങ്ങള്‍ എന്നിവയാണ് നിര്‍ദ്ദിഷ്ട കുറിഞ്ഞിമല ഉദ്യാനമേഖലയില്‍ സ്ഥിതി ചെയ്യുന്നത്.

നീലക്കുറിഞ്ഞി പൂക്കുന്ന മേഖലകളില്‍ വനംവകുപ്പിന്റെ പ്രത്യേക പട്രോളിങ് വഴി നീലക്കുറിഞ്ഞി നശിപ്പിക്കുന്നതും മോഷ്ടിക്കുന്നതും തടയുക, കാട്ടുതീയില്‍ നിന്ന് സംരക്ഷിക്കുക തുടങ്ങിയവയാണ് ഉദ്യാനത്തിന്റെ പ്രധാന ലക്ഷ്യം.

അടുത്ത ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കാലമാണ്. 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ ഏകദേശം 8 ലക്ഷം വിനോദസഞ്ചാരികള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.