നീലാകാശ മേഘങ്ങളെ തൊടാം, അത്ര ഉയരത്തിലാണിപ്പോള്‍. നില്ക്കുന്ന മലയാകെ നീല പരവതാനി വിരിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്നുനാല് വര്‍ഷമായി ഊട്ടിയിലെ ഏതാനും മലകള്‍ കൂട്ടുകാര്‍ക്കൊപ്പവും തനിച്ചും കയറിയിറങ്ങുന്നു. പച്ച പുതച്ച ഈ മലകളിലൊക്കെ ഞാന്‍ തേടിയത് Strobilanthes kunthiana എന്ന സസ്യത്തെയായിരുന്നു. മലയാളത്തിലും തമിഴിലുമൊക്കെ നീലക്കുറിഞ്ഞി. ആറ് വര്‍ഷം മുന്‍പ് ഊട്ടിയിലെ ഒരൊറ്റ മലമാത്രം പുഷ്പിതമായിരുന്നു. കേരളത്തില്‍ കുറിഞ്ഞി എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലാകെ പൂത്തുലയുന്ന നീല മലകള്‍ മൂന്നാറിന്റെ ലാന്‍ഡ്സ്‌കേപ്പാണ്. ഊട്ടിയിലെ കുറിഞ്ഞിക്കാലം ഏറെ മനോഹരമാണ്. നീല പൂക്കടലിന്റെ വിസ്മയ വഴികളാണ് അതും.
ഒടുവിലിതാ ഊട്ടിയിലെ കല്ലട്ടി മലയും നീലപ്പട്ടുടുത്തിരിക്കുന്നു. വിവരണാതീതമായ കാഴ്ചയാണത്. ഒരു മലയുടെ നെറുകയിലല്ല, ഒരു ഗ്രാമത്തിന്റെ നെറുകയില്‍ പൂക്കുടപോലെ കുറിഞ്ഞിച്ചെടികള്‍ പൂത്തുലയുന്നു. അതീവസുന്ദരമായ ഈ കാഴ്ചമലകളൊക്കെ ഓരോ തവണയും കിതപ്പടക്കി കയറിച്ചെല്ലുമ്പോള്‍ അദ്ഭുതസ്തബ്ധനായി പോവുകയാണ് ഞാന്‍. വര്‍ണവസ്ത്രങ്ങളണിഞ്ഞെത്തിയ കൂര്‍ഗിലേയും നീലഗിരിയിലേയും സുന്ദരികള്‍ പൂക്കള്‍ക്കിടയില്‍ പൂമ്പാറ്റകളെപ്പോലെ പാറി നടക്കുമ്പോഴും ഈ കുറിഞ്ഞിപ്പൂക്കള്‍തന്നെ അവരേക്കാള്‍ മനോഹരി! അനന്തവൈവിധ്യമാര്‍ന്ന നീലവിതാനങ്ങള്‍. നേരത്തെ പൂത്ത പൂക്കളൊക്കെ മഴയേറ്റപ്പോള്‍ നിറം മങ്ങിയിരിക്കുന്നു. ചിലത് ബ്രൗണ്‍ നിറത്തില്‍ ഉണക്കം ബാധിച്ചിട്ടുണ്ട്. നല്ല സൂര്യപ്രകാശമേറ്റ ചെടികള്‍ കടുംനീലയും നേര്‍ത്ത പിങ്ക് നിറത്തിലും.
ഉള്ളത്തി ഗ്രാമത്തിലെ കുറിഞ്ഞിമലയില്‍ കഴിഞ്ഞ വര്‍ഷംതുടങ്ങിയപ്പോള്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് ചില ചെടികള്‍ പൂത്തിരുന്നു. വേനല്‍ കഠിനമായപ്പോള്‍ മനസ്സാകെ സങ്കടപ്പെടുത്തിക്കൊണ്ട് ആ മലയിലെ കുറിഞ്ഞിച്ചെടികള്‍ വാടിക്കരിഞ്ഞു. മഴയ്ക്കായി പ്രാര്‍ഥനയായിരുന്നു പിന്നീട് കാടിനോട്. ആ വേനല്‍ കാലം കുറിഞ്ഞി ചെടികള്‍ എങ്ങനെ താണ്ടും എന്ന നൊമ്പരം വേറെ... മനുഷ്യന്‍ പ്രകൃതിയില്‍ വരുത്തിത്തീര്‍ത്ത കോട്ടങ്ങളാല്‍ അവിചാരിതമായി എത്തുന്ന കാലാവസ്ഥയിലെ തീവ്രതകളുമായി ആ ചെറുചെടികള്‍ നിരന്തരം കലഹിക്കുകയായിരിക്കാം. ഒരു ആയുഷ്‌കാലത്തിന്റെ നൊമ്പരം. എത്ര എത്ര കഠിന സാഹചര്യങ്ങളിലൂടെ നിരന്തരം പന്ത്രണ്ട് വര്‍ഷം തപസ്സിരുന്നിട്ടായിരിക്കും ഓരോ കുറിഞ്ഞി ചെടികളും പുഷ്പിതരാകുന്നത്.

കുറിഞ്ഞി ചെടികള്‍ വീണ്ടും വീണ്ടും നീലഗിരിയിലെ ഓരോ മലകളുടെ നെറുകയിലും എന്നെ കൂട്ടിക്കൊണ്ട് പോകും. ഇത്തവണയും വെള്ളകുറിഞ്ഞി പൂക്കളെ കണ്ടെത്തി. നീലക്കുറിഞ്ഞി പൂക്കള്‍ക്കിടയില്‍ നക്ഷത്രങ്ങള്‍ പോലെ! പിന്നെ അപൂര്‍വമായ ചെറുകുറിഞ്ഞിയും. കാറ്റ് എല്ലായ്പ്പോഴും ശക്തിയായി വീശുന്ന ആ മലയില്‍ പുല്‍പ്പരപ്പില്‍ ഒരു ചെറുദ്വീപുപോലെ നീലക്കുറിഞ്ഞിക്കൂട്ടം. അവ ഏറ്റവും ഉയരം കുറഞ്ഞായിരുന്നു കണ്ടിരുന്നത്. മുകളിലേക്ക് അധികം ഉയരാന്‍ കാറ്റ് അനുവാദം നല്കിയിരുന്നില്ല. എങ്കിലും ഈ പന്ത്രണ്ടാം വര്‍ഷത്തില്‍ അവ പൂത്തു. കുറിഞ്ഞികള്‍ കാലംതെറ്റി പൂക്കാറില്ല. നമ്മള്‍ക്കാണ് കാലങ്ങള്‍ തെറ്റുന്നത്. നീലഗിരിയിലെ കുറിഞ്ഞിമലയോട് ചേര്‍ന്ന് ഉള്ളത്തിമലയുണ്ട്. ആറ് വര്‍ഷം മുന്‍പ് ആ മല പൂത്തു. ഇപ്രാവശ്യം എല്ലാ മലകളും പൂത്തപ്പോള്‍ ഉള്ളത്തിമലയുടെ ഗര്‍ഭത്തില്‍ കുറിഞ്ഞി വിത്തുകള്‍ ഇനിയും ആറ് വര്‍ഷം എണ്ണി നിദ്രയിലാണ്. ചില ഭാഗങ്ങളിലൊക്കെ അത്തരത്തില്‍ പൂക്കള്‍ വിരിയുമ്പോള്‍ നമ്മള്‍ ഉടനെ പറയും. ''കാലം തെറ്റി കുറിഞ്ഞി പൂത്തു''! അവയ്ക്ക് എവിടെ ആയാലും പന്ത്രണ്ട് വര്‍ഷമെത്തിയാല്‍ പൂത്തേ ഒക്കൂ.
ആറ് വര്‍ഷം ആയിക്കാണും, ഉള്ളത്തി മലയിലെ പൂക്കള്‍ക്കിടയിലൂടെ തേനീച്ചകളുടെ മൂളല്‍പാട്ട് കേട്ട് കുറിഞ്ഞിത്തേന്‍മണത്തില്‍ മത്തനായി ഞാനങ്ങനെ നില്‍ക്കവെയാണ് 'കുറിഞ്ഞി ഭക്തനെ' കണ്ട കാര്യം മുമ്പെഴുതിയിരുന്നത്. ഞാനും കുറിഞ്ഞി ഭക്തനെന്ന് ഋഷിതുല്യനെപ്പോലെ ഇരുന്ന അദ്ദേഹത്തോട് ഉരുവിടുമ്പോള്‍ ഉള്ളത്തി മലയിലെ കുറിഞ്ഞി ചെടികള്‍ പൂക്കുട ചൂടിയ ശിരസ്സുകള്‍ ആട്ടി. ചെറിയ കോവിലിനുമുന്നില്‍ ആ സംന്യാസി ഏതാനും കുറിഞ്ഞി പൂക്കള്‍ അര്‍പ്പിച്ചിരുന്നു. ക്യാമറയ്ക്ക് മുഖം തരാതിരുന്ന അദ്ദേഹത്തിന്റെ ഭൂതകാലം പരതി പോയില്ല ഞാന്‍. പക്ഷേ, കുറിഞ്ഞി പൂക്കളുടെ അദ്ഭുതപ്പെടുത്തുന്ന ഗുണങ്ങളെക്കുറിച്ചും മഹിമകളെ കുറിച്ചും പൂത്തുലഞ്ഞ ചെടികള്‍ക്കുമധ്യേയിരുന്ന് പകര്‍ന്നുതന്ന അറിവ് ഇന്നും നിനവില്‍ പൂത്തുലയുന്നു. പന്ത്രണ്ട് വര്‍ഷം തപസ്സിലാണ്ട ഒരു സസ്യം ധ്യാനത്തില്‍നിന്നും ഉണരുമ്പോള്‍ ആ പ്രദേശമാകെ സാധാരണ മനുഷ്യസംവേദങ്ങള്‍ക്കുമപ്പുറം എത്തിനില്‍ക്കുന്ന ചില വിവരണാധീതമായ ഊര്‍ജപ്രവാഹങ്ങള്‍ ഉണ്ട്. അവ അനുഭവിച്ചറിയുവാന്‍ ഏകാന്തമായ യാത്രകളും ഓരോ കോശവും ദീപ്തമാകുന്ന ധ്യാനശീലങ്ങളും കാനന വിശുദ്ധിയും പൂക്കളോടുള്ള മൃദുസമീപനവുമൊക്കെ മലകളുടെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ നമ്മില്‍ ഉണ്ടായിരിക്കണം.

കുറിഞ്ഞി പൂക്കളിലെ നീലക്കുറിഞ്ഞി, വെള്ളക്കുറിഞ്ഞി, ചെങ്കുറിഞ്ഞി, കരിങ്കുറിഞ്ഞി, കല്‍ക്കുറിഞ്ഞി, മരക്കുറിഞ്ഞി, ബട്ടണ്‍ കുറിഞ്ഞി, റോസ്‌കുറിഞ്ഞി, ചെറിയ നീലക്കുറിഞ്ഞി, ചെറിയ വെള്ള കുറിഞ്ഞി, തോഹൈകുറിഞ്ഞി, വള്ളിക്കുറിഞ്ഞി, ആറ്റോര കുറിഞ്ഞി, കൂവക്കുറിഞ്ഞി, ശോത്ത് കുറിഞ്ഞി അങ്ങനെ എത്രഇനം ക്യാമറയുടെ മുന്നില്‍ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇതില്‍ നെല്ലിയാമ്പതി ഹില്‍സിലെ കൂവക്കുറിഞ്ഞി എല്ലാ പൂക്കളില്‍ നിന്നും വ്യത്യസ്തമാണ്. കുറിഞ്ഞികളിലെ റാണി നീലക്കുറിഞ്ഞി തന്നെ. മലയാകെ നീലക്കടല്‍പോലെ ഭംഗിയേറ്റുന്ന മറ്റൊരു കുറിഞ്ഞിക്കൂട്ടത്തേയും ഞാനിത്രമേല്‍ കണ്ടിട്ടില്ല.
രണ്ടാള്‍ ഉയരത്തില്‍ നില്‍ക്കുന്ന കുറിഞ്ഞിചെടികള്‍ക്കുമുന്നില്‍ വിനീതനായി നില്‍ക്കുമ്പോള്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷംവരെ അവ സൂര്യനെ ധ്യാനിച്ചായിരുന്നോ മറഞ്ഞിരുന്നത് എന്ന് മനസ്സില്‍ ഉണരുന്നു.
ലോകത്താകമാനം 450 ഇനം ചെടികള്‍ (Strobilanthes) ഉണ്ട്. അതില്‍ 146 ഇനം ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്. 43 എണ്ണം നമ്മുടെ കേരളത്തിലും ഉണ്ട്. കുറിഞ്ഞികളെ സംരക്ഷിക്കാനായി നമ്മള്‍ക്കൊരു 'കുറിഞ്ഞിമല സാങ്ച്വറി' (2006) മൂന്നാറില്‍ നിലവിലുണ്ട്. അതിന്നും കൃത്യമായ അതിര്‍ത്തികളോ വികസനമോ ഇല്ലാതെ സംവാദങ്ങളാല്‍ ഇടക്കിടെ വാര്‍ത്തകളില്‍ നിറയുന്നു. ഈ കുറിഞ്ഞിപ്പൂക്കാലത്തെങ്കിലും ഇവയെ സംരക്ഷിക്കാനായി കൃത്യമായ മാര്‍ഗങ്ങള്‍ കൈക്കൊണ്ടേ മതിയാകൂ.
തമിഴ്നാട്ടിലേയും കേരളത്തിലേയും പല ആദിവാസി സമൂഹങ്ങളിലും കുറിഞ്ഞി ചെടികള്‍ക്കും പൂക്കാലത്തിനും ഏറെ പ്രാധാന്യം നല്‍കുന്നു. അവര്‍ പ്രത്യേക പൂജകളും ആഘോഷങ്ങളും ഇക്കാലത്ത് നടത്താറുണ്ട്.
കുറിഞ്ഞി ആകെ പൂത്തേ... തെയ്യ്... തെയ്യ്...
മാമലകളാകെ നീലച്ചെ തെയ്യ്... തെയ്യ്...
കുറിഞ്ഞിയെ തൊട്ട ആകാശം നീലച്ചെ തെയ്യ്... തെയ്യ്...
തേന്‍വരുന്നേ തേന്‍ വരുന്നേ
തേനീച്ചകളാകെ മൂളി തെയ്യ്... തെയ്യ്...
കുറിഞ്ഞികള്‍ക്കിടയില്‍ ഭക്തനായ സന്ന്യാസി ചൊല്ലിയത് ഓര്‍മയില്‍ നിറയുന്നു. Acanthaceae ഫാമിലിയില്‍ പെട്ട ഈ സസ്യം S. Kunthianus സ്പിഷീസാണ്. Genus- Strobilantha ഉം.
ചില ഇനങ്ങള്‍ രണ്ട് വര്‍ഷം, ചിലത് ഏഴ്, ചിലത് എട്ട് വര്‍ഷം, ചിലത് 18 വര്‍ഷം ഒക്കെ പൂക്കുന്ന ഇനങ്ങളാണ്. നമ്മുടെ പശ്ചിമഘട്ടമാണ് ഇവയുടെ വാസയിടം. കാടിനെയും പുല്‍മേടുകളെയും തീയിട്ടും കൈയേറിയും യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ കെട്ടിടങ്ങള്‍ നിര്‍മിച്ചും ക്വാറികള്‍ കൂണ്‍പോലെ പെരുകിയും വലിയ നാശത്തിലേക്കാണ് നാം പോകുന്നത്.

അടുത്ത 12 വര്‍ഷം കഴിഞ്ഞാല്‍ ഈ പൂക്കള്‍ ഇതുപോലെ വിരിയുമോ? കഴിഞ്ഞ 12 വര്‍ഷത്തിനുശേഷം ഇവ വിരിയുന്ന എത്ര മലകളാണ് നമ്മുടെ വികലമായ ഇടപെടലുകളാല്‍ നാശമായിരിക്കുന്നത്. ഇക്കൊല്ലം വിരിഞ്ഞ ഇടങ്ങളില്‍ ഇപ്പോഴേ അടുത്ത പന്ത്രണ്ട് വര്‍ഷത്തേക്കുള്ള സംരക്ഷണം ഉറപ്പുവരുത്തിയില്ലെങ്കില്‍ സര്‍വനാശമായിരിക്കും നമ്മെ കാത്തിരിക്കുന്നത്. ഓരോ പന്ത്രണ്ട് വര്‍ഷം കഴിയുമ്പോള്‍ കുറിഞ്ഞികളുടെ പൂക്കാലം ഭൂമിയെ എങ്ങനെ ആനന്ദകരമായ പൂക്കളാല്‍ മൂടുന്നുവോ, അവ ഇല്ലാതാവുന്നുവോ എന്ന് വിലയിരുത്തിയാല്‍ മാത്രം മതി.
ഒരു ചെറു പൂ പോലും നമ്മള്‍ക്ക് ഓരോ മുന്നറിയിപ്പുകള്‍ നല്‍കുന്നു. നാമത് ഗൗരവത്തില്‍ എടുത്തേ മതിയാകൂ. അല്ലെങ്കില്‍ ഇനിയും നമ്മെ കാത്തിരിക്കുന്ന പ്രകൃതികോപങ്ങളെ അഭിമുഖീകരിക്കേണ്ടിവരും.
Content Highlights: Neelakurinji, Ootty Hills, Kallatti Hill, NA Naseer Travelogue