നാജിറ
മാഹിയിലെ പള്ളൂരെന്ന നാട്ടിന്‍പുറത്ത് ജനിച്ചുവളര്‍ന്നവള്‍. പ്ലസ്ടു വിദ്യാഭ്യാസവും മുറിയന്‍ ഹിന്ദിയും കൈമുതല്‍. പത്തൊമ്പതാം വയസ്സില്‍ വിവാഹവും ആദ്യപ്രസവവും. ഇപ്പോള്‍ 34 വയസ്. അഞ്ചു കുട്ടികളുടെ അമ്മ. യാത്രയോടുള്ള അടങ്ങാത്ത പ്രണയത്താല്‍ വീടിന്റെ സ്വാസ്ഥ്യത്തിലൊളിക്കാന് അവള്‍ക്കാവുന്നില്ല. അവളൊറ്റയ്ക്ക് ഇറങ്ങിത്തിരിക്കുകയാണ്. അറിയാത്ത നാട്ടിലേക്ക്... അപരിചിതമായ ജീവിതങ്ങളിലേക്ക്...
ലഡാക്ക് നാജിയെ മോഹിപ്പിച്ചുതുടങ്ങിയിട്ട് കാലമേറെയായി. അടുക്കളയില്‍ ചപ്പാത്തി പരത്തുമ്പോഴും കറിക്കരിയുമ്പോഴും ആയിരംവട്ടമെങ്കിലും മനസ്സ് പോയിവന്ന സ്ഥലം. ഒമാനില്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുമ്പോഴും ഇരിക്കപ്പൊറുതിയില്ല. ഇളയമോള്‍ക്ക് ഒന്നരവയസ്സായപ്പോള്‍ ഭര്‍ത്താവ് നൗഷിയോട് കാര്യംപറഞ്ഞു: ''ലഡാക്കില്‍ പോയേപറ്റൂ. ഇനിയും നീട്ടാന്‍ പറ്റില്ല.'' നാജിയെപ്പോലെ യാത്രയെ സ്നേഹിക്കുന്ന നൗഷിക്ക് സമ്മതംമൂളാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടിയിരുന്നില്ല. മക്കളെ എവിടെ നിര്‍ത്തും എന്നതായി പിന്നത്തെ വേവലാതി. ഒടുക്കം, മൂത്ത മൂന്നു മക്കളെ നൗഷിക്കൊപ്പം ഒമാനില്‍ നിര്‍ത്തി ഇളയ രണ്ടാളുമായി നാജി നാട്ടിലെത്തി. നൗഷിയെക്കൂടാതെ ഉമ്മയ്ക്കുമാത്രമറിയാമായിരുന്ന രഹസ്യം. ഇന്ത്യയുടെ ഉള്ളംതൊട്ടൊരു യാത്രയായിരുന്നു മനസ്സില്‍. ഡ്രൈവിങ് വശമുള്ളതിനാല്‍ സ്വയം കാറോടിച്ചു പോവാനായിരുന്നു തീരുമാനം. സുഹൃത്തിന്റെ ഇന്നോവ ക്രിസ്റ്റ വാടകയ്ക്കെടുത്തു. താമസയിടവും ഭക്ഷണവും എത്തുന്നിടത്തെ സൗകര്യംപോലെ എന്നുറപ്പിച്ചു. കുട്ടിക്കാലത്തു കണ്ടുകൂട്ടിയ ഷാരൂഖ് ഖാന് സിനിമകള്‍ക്കൊപ്പം മനസ്സില്‍കയറിയ മുറിയന്ഹിന്ദിയുടെ ബലത്തില്‍ നാജി സ്വപ്നത്തിലേക്കു ചിറകുവിരിച്ചു.
2021 ഓഗസ്റ്റ് 26. നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമം. 'കേരള ടു ലഡാക്ക്' എന്ന സ്റ്റിക്കര്‍ പതിപ്പിച്ച വണ്ടിയില്‍ 'ഓള് (ഓളെ) ഇന്ത്യാ ട്രിപ്പി'ന് മാഹിയിലെ വെള്ളിയാങ്കല്ലിനെ സാക്ഷിനിര്‍ത്തി ഫ്ളാഗോഫ്. ബെംഗളൂരുവഴി ഹൈദരാബാദ്. പിന്നെ ഇന്ത്യയുടെ ഹൃദയഭൂമിയായ മധ്യപ്രദേശിലേക്ക്. ഭോപ്പാലിലെ സാംസ്കാരിക വൈവിധ്യങ്ങളും പിന്നിട്ട് ഉത്തര്‍പ്രദേശിലേക്ക്. ഝാന്‍സിയിലെ വീരമണ്ണില്തൊട്ട,് മുഗളന്മാരുടെ ആഗ്രയിലേക്ക്. താജ്മഹലും ആഗ്രഫോര്ട്ടും ഫത്തേപ്പൂര്‍ സിക്രിയും മനസ്സില്‍ പകര്‍ത്തി ഡല്‍ഹിയിലെത്തി. ഇന്ത്യാഗേറ്റും ജുമാമസ്ജിദും ചാന്ദ്നി ചൗക്കും കുത്തബ്മിനാറും കണ്ട് ഹരിയാണയിലെ ഗ്രാമക്കാഴ്ചകളിലൂടെ മഞ്ഞുപുതച്ച ഹിമാചലിലേക്ക്. തണുത്തുവിറയ്ക്കുന്ന ഷിംലയും കുംഫ്രിയും പിന്നിട്ട് മണാലിയുടെ സൗന്ദര്യത്തികവിലെത്തുമ്പോള് യാത്ര 23-ാം ദിവസത്തിലേക്ക് കടന്നിരുന്നു.
ലഡാക്കെന്ന ലക്ഷ്യം അടുത്തെത്തിയെന്ന ആവേശത്തില്‍ ക്രിസ്റ്റ മുന്നോട്ടു പായവേ റോത്തങ് പാസ് വെല്ലുവിളിയുടെ കൊടുമുടിയായി മുന്നില്‍. യുട്യൂബ് ചാനല്‍വഴി ഷെയര്‍ചെയ്ത വീഡിയോക്കടിയിലെ കമന്റുകള്‍ പലതും നിരാശപ്പെടുത്തി. മാന്വല്ഗിയറുള്ള വണ്ടിയുമായി ഈ ചുരംകയറാന്‍ വട്ടുണ്ടോ എന്നു ചോദിച്ചവര്‍ വരെയുണ്ട്. ഇടുങ്ങിയ മലയിടുക്കിലൂടെ, കല്ലുകളും പാറക്കെട്ടുകളും തടസ്സംതീര്ത്ത, മഞ്ഞുംമഴയും പെയ്തിറങ്ങുന്ന വഴിയിലൂടെവേണം ഡ്രൈവിങ്. അശ്രദ്ധകൊണ്ട് പലര്‍ക്കും ജീവന്‍നഷ്ടമായ വഴി. മനസ്സാന്നിധ്യംകൈവിടാതെ മുന്നോട്ടുപോവാന്തന്നെ തീരുമാനിച്ചു. ഒടുവില്‍ റോത്തങ് പാസിന്റെ നെറുകയില്‍ തൊട്ടപ്പോള്‍ താനൊരു കൊച്ചുകുഞ്ഞിനെപ്പോലെ കരഞ്ഞുപോയെന്ന് നാജി. സ്വപ്നങ്ങള്‍ക്ക് ഇരുചിറകുകള്‍ നല്കി തന്നെ പറത്തിവിട്ട ഭര്‍ത്താവിനോടും ഉമ്മയോടും ആ ഉയരങ്ങളില്‍ നിന്നവള്‍ നന്ദിപറഞ്ഞു.

%20(1).jpg?$p=eb1e43b&&q=0.8)
യാത്രയുടെ 58-ാം നാള്. വീടടുക്കുന്നതിന്റെ സന്തോഷത്തില്‍ പാതിരായ്ക്കും നിര്‍ത്താതെ ഓടുകയാണ് ക്രിസ്റ്റ. പുലര്‍ച്ചെ രണ്ടുമണിയോടടുത്താണ് വെല്ലൂര്‍ ടോള്‍ പ്ലാസയിലെത്തുന്നത്. 160 കിലോമീറ്റര്‍ വേഗതയിലോടുന്ന വണ്ടിയുടെ ബ്രേക്ക് ചവിട്ടിയിട്ടു കിട്ടുന്നില്ല. മുന്നില്‍ നിരനിരയായി ട്രക്കുകള്‍. തോറ്റെന്നുറപ്പിച്ച നിമിഷം. ജീവിതത്തോടുള്ള അടങ്ങാത്ത കൊതിയില്‍ ക്രിസ്റ്റയുടെ സ്റ്റിയറിങ് ഇടത്തോട്ടു വെട്ടിച്ചു. അഞ്ഞൂറ് മീറ്ററോളം നീങ്ങി നിരങ്ങി പ്ലാസ്റ്റിക് ഡിവൈഡറില്‍ തട്ടിത്തടഞ്ഞ് വണ്ടി നിന്നു. ഒരു പോറല്‍പോലും പറ്റാതെ ആ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതില്‍ നാജിക്ക് പറയാനുള്ളത് ഒന്നുമാതം. ഇതു തന്റെ രണ്ടാംജന്മം.
വലിയ തയ്യാറെടുപ്പുകളില്ലാതെ നടത്തിയ യാത്ര ചില്ലറ അസൗകര്യങ്ങളുണ്ടാക്കിയപ്പോഴൊക്കെയും ഭാഗ്യം തുണയായെത്തിയ വേറെയും സന്ദര്‍ഭങ്ങളുണ്ട് ഓര്‍ത്തുപറയാന്‍. മുന്‍കൂട്ടി അനുമതിയും പാസും വേണമെന്നറിയാതെ വാഗാ അതിര്‍ത്തിയിലെത്തി നിരാശപ്പെട്ടിരിക്കുകയാണ് നാജി. മടങ്ങാന്‍ മനസ്സുവരുന്നില്ല. അതുവഴി കടന്നുപോകുന്ന രണ്ട് ഉദ്യോഗസ്ഥര്ക്കരികിലെത്തി രണ്ടും കല്പ്പിച്ചു കാര്യം പറഞ്ഞു. കേരളത്തില്‍നിന്ന് ഒറ്റയ്ക്ക് വരികയാണെന്നറിഞ്ഞപ്പോള്‍ അവര്‍ സഹായിക്കാമെന്നായി. മുതിര്‍ന്ന മലയാളി ഓഫീസറെ വിളിച്ച് പാസ് ഏര്‍പ്പാടാക്കിയതോടെ ആ വലിയ മോഹം നടന്നു. കര്‍ണാടകയിലെ ആര്‍മി പരിശീലനക്യാമ്പ് കാണാനുള്ള ആവേശവുമായി അവിടെയെത്തിയപ്പോഴാണ് പ്രവേശനമില്ലെന്നറിയുന്നത്. എന്നാല്‍, ഒറ്റയ്ക്ക് ഇന്ത്യ കാണാന്‍ പുറപ്പെട്ട സ്ത്രീയോട് അവിടുത്തെ സൈനിക ഓഫീസര്‍മാരും ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറി. പുറത്തുനിന്നും ആര്‍ക്കും അനുവാദം കിട്ടാത്ത ആര്‍മി ക്യാമ്പും പരിശീലനമുറകളും കാണാനുള്ള അപൂര്‍വാവസരം നാജിക്കുണ്ടായി. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കഞ്ഞിപ്പാത്രമാണ് അജ്മീറിലേത്. പക്ഷേ, ഇതിന്റെ ഫോട്ടോ എടുക്കാന്‍ അനുവദിക്കാറില്ല. ഈ പാത്രത്തില്‍ പ്രത്യേക പാചകക്കൂട്ടില്‍ ലക്ഷങ്ങള്‍ക്കായി കഞ്ഞിയൊരുക്കുന്നത് അതിന്റെ നടത്തിപ്പുകാരന്റെ അനുമതിയോടെ നാജി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കാമാത്തിപുരയില്വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തവേ ക്യാമറ കണ്ടുപിടിച്ചുവെങ്കിലും കുഴപ്പമില്ലാതെ മടങ്ങാനായതും മറ്റൊരു ഭാഗ്യാനുഭവം.
ഇന്ത്യയെത്തേടിയുള്ള യാത്രയില്‍ ഓരത്തുള്ള ജീവിതക്കാഴ്ചകളിലേക്കാണ് നാജി കണ്ണും ക്യാമറയും തുറന്നുവെച്ചത്. അവര്‍ക്കൊപ്പം ഉണ്ടുറങ്ങി, ജീവിതം ചോദിച്ചറിഞ്ഞുള്ള യാത്ര. 17 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളും പിന്നിട്ട യാത്രയുടെ വിശേഷങ്ങള്‍ 'ഓള് കണ്ട, ഓളെ ഇന്ത്യ' എന്നപേരില്‍ പുസ്തകമായിട്ടുണ്ട്.
രണ്ടാമത്തെ യാത്ര കുറച്ചുകൂടി സാഹസികമാക്കാനായിരുന്നു നാജിയുടെ തീരുമാനം. പൊതുവാഹനങ്ങളുപയോഗിച്ചും ലിഫ്റ്റ് ചോദിച്ചും ലക്ഷ്യസ്ഥാനത്തെത്തുന്ന ഹിച്ച് ഹൈക്കിങ്ങിനോട് പൊതുവെ സ്ത്രീസഞ്ചാരികള് താത്പര്യം കാണിക്കാറില്ല. ഇങ്ങനെയൊരു യാത്രയ്ക്ക് ഇന്ത്യ സുരക്ഷിതമാണോ എന്ന അന്വേഷണംകൂടിയായിരുന്നു ഉദ്ദേശ്യം. എവറസ്റ്റ് ബേസ് ക്യാമ്പായിരുന്നു ലക്ഷ്യം. സമുദ്രനിരപ്പിന് താഴെക്കിടക്കുന്ന കുട്ടനാട്ടില്‍നിന്ന് ഫെബ്രുവരിയില്‍ കെ.എസ്.ആര്.ടി.സി ബസ്സിലാണ് ഇ.ബി.സി. ട്രിപ്പിന്റെ തുടക്കം. ബെംഗളൂരുമുതല് നേപ്പാള്‍വരെ ട്രക്കുകളിലായിരുന്നു പ്രധാനമായും യാത്ര. ഹൈവേയിലിറങ്ങി ട്രക്കുകള്‍ക്ക് കൈകാട്ടി, മാറിമാറിക്കയറി, ഇടയ്ക്ക് ചില ബൈക്കുകളുടെ പിന്നില്‍ സഞ്ചരിച്ച് കാഠ്മണ്ഡുവിലെത്തി. പൊതുവെ എല്ലാരും മുന്‍വിധിയോടെ കാണുന്ന ട്രക്ക് യാത്രയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല അനുഭവങ്ങളാണുണ്ടായതെന്ന് നാജി പറയുന്നു.

യാത്ര ചെയ്തു വലഞ്ഞ്, എവറസ്റ്റ് ബേസ് ക്യാമ്പ് കയറാനെത്തിയ ആളെക്കണ്ട് ഗൈഡ് അന്തംവിട്ടു. ശാരീരിക ക്ഷമത പരിശീലനത്തിനും ഭക്ഷണക്രമീകരണത്തിനും ശേഷമാണ് ആളുകളെത്താറുള്ളത്. ഉയരങ്ങളിലുണ്ടായേക്കാവുന്ന ശ്വാസതടസ്സമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് അത്യാവശ്യംവേണ്ട മരുന്നുകള്‍പോലും കരുതിയിട്ടില്ല. ആദ്യരണ്ട് ദിവസങ്ങള്‍ വലിയ ബുദ്ധിമുട്ടില്ലാതെ കയറി. മൂന്നാം ദിവസം പക്ഷേ, ഒരടി നടക്കാന്‍ പറ്റാത്ത അവസ്ഥ. ഇരുന്നും കിടന്നും ഇടയ്ക്ക് നടന്നും ആ ദിവസവും പിന്നിട്ടു. നാലാംദിവസവും ഇതേപോലെ. അഞ്ചാംദിവസം ബേസ് ക്യാമ്പില്‍ ഏറ്റവും വേഗത്തില്‍ കയറിയെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡുമായി നാജി ലക്ഷ്യംകണ്ടു. ദിവസങ്ങള്‍ക്കുശേഷം വീടണഞ്ഞപ്പോള്‍ ക്ഷീണിച്ചവശയായ നാജിയെക്കണ്ട് ഇളയമോള് തിരിച്ചറിഞ്ഞതുപോലുമില്ല.

ആരോഗ്യം വീണ്ടെടുത്തതോടെ അടുത്ത ട്രിപ്പിനുള്ള സ്വപ്നങ്ങളുമായി മുന്നോട്ട്. യാത്രയെ എത്രമാത്രം സ്നേഹിക്കാനാവുമെന്ന ചോദ്യത്തിന് നാജിയോളം എന്ന ഉത്തരം അതിശയോക്തിയല്ല. ''അധികമൊന്നും പഠിച്ചിട്ടില്ലാത്ത, സാധാരണ വീട്ടമ്മയായ എനിക്ക് ഈ വെല്ലുവിളികള്‍ നിറഞ്ഞ യാത്രകള്‍ ചെയ്യാനാവുമെങ്കില്‍ നിങ്ങള്‍ക്കും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയും. മനസ്സിനെ ശക്തിപ്പെടുത്തി ഓരോ പെണ്ണും മുന്നോട്ടുപോവുക. സ്വന്തം സ്വപ്നത്തിലേക്ക്... ആഗ്രഹങ്ങളിലേക്ക്...''നാജി പറഞ്ഞു നിര്‍ത്തുന്നു.
മാതൃഭൂമി ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: najis solo all india travel story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..