തീക്ഷ്ണമായ നോട്ടം, ജാഗരൂകമായ ഇരിപ്പ്... മാനിന്റെ ചങ്ക് തുളയ്ക്കുന്ന കൂര്‍ത്ത പല്ലുകള്‍ക്കിടയിലൂടെ നീണ്ട നാക്ക് പുറത്തേക്കിട്ട് കണ്‍മുന്നില്‍ ദാഹംതീര്‍ക്കുന്ന പുള്ളിപ്പുലി... ഇതൊരു കാടനുഭവം. സ്വപ്‌നസമാനമായ കാഴ്ചാനുഭവം...

നാഗര്‍ഹോളെ... കണ്ടുതീരാത്ത വന്യതയുടെയും കാനനസൗന്ദര്യത്തിന്റെയും കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടമാണ്. വേനലില്‍ വരണ്ടുണങ്ങി നില്‍ക്കുന്ന നാഗര്‍ഹോളെയുടെ കാണാക്കാഴ്ചകള്‍ ക്യാമറയ്ക്ക് വിരുന്നാകും എന്നുകരുതിയാണ് മൂന്നുദിവസത്തേക്ക് സുഹൃത്തുക്കളുമായി യാത്രയ്ക്ക് ഒരുങ്ങിയത്. പുള്ളിപ്പുലികളുടെ സാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നാണിത്. വിസ്തൃമായ ഇലപൊഴിയുംകാടുകള്‍ ക്യാമറക്കാഴ്ചകള്‍ക്ക് ചാരുതയേകും. കൂട്ടത്തില്‍ ഒത്താല്‍ മനസ്സില്‍ പതിഞ്ഞ പുലിഭാവങ്ങള്‍ ക്യാമറയിലാക്കാം എന്ന ആഗ്രഹവുംകൂടി. അങ്ങനെ പുലിയുടെ രൂപവും ഭാവവും താലോലിച്ച് നാഗര്‍ഹോളെയിലേക്ക്.

Nagarhole 2

കര്‍ണാടകയിലെ കുടക്, മൈസൂര്‍ ജില്ലകളിലായി 642 ചതുരശ്ര കിലോമീറ്ററാണ് കബനി റിസര്‍വോയറിന്റെ വൃഷ്ടിപ്രദേശങ്ങള്‍ കൂടി ഉള്‍പ്പെട്ട നാഗര്‍ഹോളെ വന്യജീവിസങ്കേതത്തിന്റെ വിസ്തൃതി. രണ്ടാംദിനം ഉച്ചയ്ക്ക് രണ്ടുമണിയോടെ കാട് കാണാനിറങ്ങി. വനംവകുപ്പിന്റെ വാഹനത്തിലാണ് യാത്ര. കൂട്ടിന് സബീറലിയും ഷബീറും. കൊടുംചൂടില്‍ പച്ചപ്പ് നഷ്ടപ്പെട്ട മരങ്ങള്‍ അസ്ഥിപഞ്ജരങ്ങളായി നില്‍ക്കുന്നു. വരണ്ടുണങ്ങിയ നീര്‍ച്ചാലുകളും ചെറുകുളങ്ങളും നിറഞ്ഞ കാട്ടുപാതയിലൂടെ ജീപ്പിലുള്ള യാത്ര. ചെറുതണലില്‍ വിശ്രമിക്കുന്ന പുള്ളിമാനുകള്‍. ക്യാമറ മിഴിതുറന്നതും അവ ശബ്ദമുണ്ടാക്കി കാട്ടിലേക്ക് ഓടിമറഞ്ഞു. ഒരു ചെങ്കീരി കരിഞ്ഞ പുല്‍നാമ്പുകള്‍ക്കിടയില്‍നിന്ന് പുറത്തേക്ക് വന്ന് എത്തിനോക്കി. അകലെ മേഞ്ഞുനടക്കുന്ന കാട്ടുപോത്തിന്‍കൂട്ടങ്ങളെ കണ്ടു. ഇങ്ങനെ കാനനക്കാഴ്ചകള്‍ പകര്‍ത്തി ഞങ്ങള്‍ മുന്നോട്ടുനീങ്ങി. പെട്ടെന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി എഞ്ചിന്‍ ഓഫ് ചെയ്തു. 

അതുവരെ നിശ്ശബ്ദമായിരുന്ന കാട് ശബ്ദമുഖരിതമായിരിക്കുന്നു. പുള്ളിമാനുകള്‍ കൂട്ടമായി നിന്ന് വാലുകള്‍ പൊക്കിപ്പിടിച്ച് ചെവി കൂര്‍പ്പിച്ച് ശബ്ദമുണ്ടാക്കുന്നു. ഹനുമാന്‍ കുരങ്ങുകള്‍ ശബ്ദമുണ്ടാക്കി ചില്ലകളില്‍ നിന്ന് ചില്ലകളിലേക്ക് ചാടിക്കളിക്കുന്നു. ഇതുകണ്ട ഡ്രൈവര്‍ പറഞ്ഞു, മാര്‍ജാര രാജാക്കന്മാരുടെ എഴുന്നള്ളത്തിന്റെ സൂചനകളാണിതെന്ന്. ഇതു കേട്ടതോടെ ഉള്ളിലുള്ള ആകാംക്ഷയ്ക്ക് വേഗമേറി. ഹൃദയ താളം കൂടി. പിന്നീട് കാഴ്ചകള്‍ക്കുള്ള കണ്ണിന്റെ പരതലായി. എന്നാല്‍ കാടിന്റെ ആരവം ഒരു ദിശയിലേക്ക് നീങ്ങിയതറിഞ്ഞ ഡ്രൈവര്‍ ജീപ്പ് പെട്ടെന്ന് സ്റ്റാര്‍ട്ട് ആക്കി. പൊടിപറത്തി കാട്ടുപാതയിലൂടെ മുന്നോട്ട്. അവസാനം ഒരു കുളത്തിന്റെ കരയില്‍ കൊണ്ടുചെന്ന് വണ്ടി ഒതുക്കിനിര്‍ത്തി. അവന്‍ ഇവിടെ വരും, കാത്തിരിക്കാമെന്ന് പറഞ്ഞു. പരിചിതമായ കാട്ടറിവിന്റെ ആത്മവിശ്വാസത്തോടെയുള്ള ഡ്രൈവറുടെ വാക്കുകള്‍. കാത്തിരിപ്പ് തുടര്‍ന്നു. സെക്കന്‍ഡുകള്‍ മിനുട്ടുകളായും മിനുട്ടുകള്‍ മണിക്കൂറായും പരിണമിച്ചതിന്റെ ആലസ്യം ഞങ്ങളില്‍ പ്രകടമായി. ക്ഷമകെട്ട് തിരിച്ചുപോകാം എന്ന് പറഞ്ഞപ്പോഴെല്ലാം 'കാത്തിരിക്കൂ സാര്‍' എന്ന വാക്കിനെ അനുസരിച്ചു.

Nagarhole 3

തൊട്ടടുത്ത് മരത്തിലിരിക്കുന്ന കിന്നരിപ്പരുന്തിന്റെ കാഴ്ചകള്‍ കണ്ടു. അത് സസൂക്ഷ്മം താഴോട്ടുതന്നെ നോക്കിയിരുന്നു. ഇടയ്ക്ക് അതിവേഗത്തില്‍ പറന്ന് പൊന്തക്കാട്ടിലേക്ക് ഊളിയിട്ടു. വീണ്ടും പറന്ന് മരക്കൊമ്പിലിരുന്നു.

പെട്ടെന്നാണ് ഡ്രൈവറുടെ 'ടൈഗര്‍... ടൈഗര്‍...' എന്ന ശബ്ദം കേട്ടത്. തുടര്‍ന്ന് ദൂരെ മണ്‍പാതയിലൂടെ നടന്നുവരുന്ന അവ്യക്തമായ രൂപം കണ്ട് ക്യാമറ കൈയിലെടുത്ത് സൂം ചെയ്തു നോക്കി. അതൊരു പുള്ളിപ്പുലിയായിരുന്നു. മനസ്സില്‍ ഏറെക്കാലമായി ആഗ്രഹിക്കുന്ന ഫ്രെയിം. എതിര്‍ദിശയില്‍നിന്ന് നേര്‍ക്കുനേര്‍ നടന്നുവരുന്ന പുലിയുടെ ചിത്രം. പിന്നെ അവനെ ക്യാമറയില്‍ ആക്കാനുള്ള ആവേശവും വ്യഗ്രതയുമായിരുന്നു ഞങ്ങള്‍ക്ക്. ക്യാമറുടെ ഷട്ടര്‍ തുറന്നടയുന്നതിന്റെ ശബ്ദം കേട്ട് ഇടയ്ക്ക് അവനൊന്ന് നിന്നു ചുറ്റുപാടും നോക്കി. പിന്നീട് കുളം ലക്ഷ്യമാക്കി നടന്ന് ഞങ്ങളുടെ നേരെ വന്നു. പുള്ളിപ്പുലിയാണെങ്കിലും കടുവയുടെ ഗാംഭീര്യം. പതിയെ കുളത്തിനരികില്‍ എത്തി ചുറ്റുപാടും ഒന്നുകൂടി നിരീക്ഷിച്ച് വിണ്ടുകീറിയ മണ്‍ത്തിട്ടയിലൂടെ കുളത്തിലേക്ക് ഇറങ്ങി ഞങ്ങള്‍ക്ക് അഭിമുഖമായി ഇരുന്നു. ഇപ്പോള്‍ കഷ്ടിച്ച് 20 മീറ്റര്‍ ദൂരത്തില്‍ ഞങ്ങളുടെ മുന്നിലിരിക്കുന്ന പുള്ളിപ്പുലി. നിശ്വാസംകൊണ്ടുപോലും ശബ്ദമുണ്ടാക്കാതെ ക്യാമറക്കണ്ണിലൂടെ അവനെ കണ്ടങ്ങനെ നിന്നു. നേര്‍ക്കുനേര്‍ പുലിയും ഞങ്ങളും. കൂര്‍ത്ത പല്ലുകള്‍ക്കിടയിലൂടെ നാക്ക് പുറത്തേക്കിട്ട് അവന്‍ വെള്ളം കുടിക്കാന്‍ തുടങ്ങി.

Nagarhole 4

Yathra Cover
യാത്ര വാങ്ങാം

ഒരുവേള അവനൊന്ന് ചാടിയാല്‍ ക്യാമറാമാനും ക്യാമറയും ഇല്ലാതാകും എന്ന അറിവ് മനസ്സിലുണ്ടായിരുന്നു. ക്യാമറക്കണ്ണുകള്‍ തുറന്നടയുന്ന ശബ്ദത്തില്‍ ഞങ്ങളെ നോക്കും. വീണ്ടും വെള്ളം കുടിക്കും. കാടിന്റെ മകന്‍ ദാഹം തീര്‍ക്കുമ്പോള്‍ ഞങ്ങള്‍ ക്യാമറക്കണ്ണിലൂടെ ചിത്രങ്ങള്‍ ക്യാമറയിലാക്കി ദാഹം തീര്‍ത്തു. വെള്ളം കുടിച്ച് അവന്‍ പതിയെ വന്നവഴിയെ തിരികെ നടന്നു. ആരെയും കൂസാതെ ഘനഗാംഭീര്യത്തോടെയുള്ള നടത്തം. അതും അതിസുന്ദരമായ കാഴ്ചയായിരുന്നു. അങ്ങനെ കാടിന്റെ വന്യമായ കാഴ്ചാനുഭവം ഞങ്ങള്‍ക്ക് തന്ന് അവന്‍ നടന്നുമറഞ്ഞിട്ടും കണ്ണില്‍ നിന്നു മായാതെ ആ വന്യഭംഗി.

(മാതൃഭൂമി യാത്ര 2016 ഡിസംബറിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Nagarhole Wildlife Sanctuary, Wildlife Photography, Karnataka Tourism, Mathrubhumi Yathra