കേരളത്തിന്റെ മാംഗോ സിറ്റിയാണ് മുതലമട. സംസ്ഥാനത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നും ഇത് തന്നെ. ജലസേചനത്തിനായി ഉപയോഗിക്കുന്ന അഞ്ച് ഡാമുകളുണ്ട്. ഒരു യാത്രാമൊഴി, വെട്ടം, മേഘം തുടങ്ങി ധാരാളം സിനിമകളുടെ ചിത്രീകരണം നടന്ന ഒരു റെയില്‍വേ സ്റ്റേഷനും മുതലമടയിലുണ്ട്. പക്ഷേ ഈ പ്രദേശത്തിന് മുതലമട എന്ന പേര് എങ്ങനെ വന്നു? 

മുതലകളുണ്ടായിരുന്ന ആമക്കുണ്ട് എന്നറിയപ്പെടുന്ന ഒരു കുളമുണ്ടായിരുന്നത്രേ ഇവിടെ. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ കുളത്തിനടുത്തെത്താം.

മുതലകളുണ്ടായിരുന്ന കുളം തേടിയുള്ള യാത്രയ്ക്കിടെ ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. തമിഴ്‌നാട്ടില്‍ നിന്ന് വരുമ്പോള്‍ തിരു കൊച്ചിയുടെ കവാടം എന്ന നിലയില്‍ ബ്രിട്ടീഷുകാര്‍ പണിതതെന്ന് കരുതുന്ന കോട്ടയാണിത്. സംരക്ഷണമൊന്നുമില്ലാത്തതിനാല്‍ കോട്ട അമ്പേ തകര്‍ന്നു. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഈ കോട്ടയിലെ കല്ലുകള്‍ പാലക്കാട്ടെ കോട്ടയുടെ അതേ അളവിലും വലിപ്പത്തിലുമാണ്. അവശിഷ്ടങ്ങള്‍ക്കുമേല്‍ കാടുകയറിയിരിക്കുന്നു. അവശിഷ്ടങ്ങള്‍ക്ക് നടുവില്‍ ഏതാനും കരിമ്പനകള്‍ തലയുയര്‍ത്തി നില്പുണ്ട്. 

റെയില്‍വേ സ്റ്റേഷന്‍ വരുന്നതിന് മുമ്പ് ആമക്കുണ്ട് എന്നുപേരുള്ള ഇവിടമായിരുന്നു മുതലമട എന്നറിയപ്പെട്ടിരുന്നത്. ഇവിടെ മുതലകളുണ്ടായിരുന്നുവെന്നാണ് നാട്ടിലെ പഴമക്കാര്‍ പറയുന്നത്. പക്ഷേ എല്ലാ മുതലമടക്കാരും ഇതിനെ അംഗീകരിക്കുമോ എന്ന് പറയാനാവില്ല. ഇന്ത്യയില്‍ ഏറ്റവും ആദ്യം പാകമാകുന്ന മാങ്ങയെന്ന ഖ്യാതിയുള്ള മുതലമട മാങ്ങ ഇവിടയാണ് കൃഷി ചെയ്യുന്നത്.

Content Highlights: muthalamada, mango city of kerala, palakkad travel