മോക്ഷകവാടം കടന്ന് മസൂറി, അവിടെ ദേവദാരു മരങ്ങള്‍


വൈശാഖ് ജയപാലന്‍

ശക്തമായ കാറ്റും തണുപ്പും, തൂവെള്ളനിറത്തിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ടിബറ്റന്‍ വര്‍ണങ്ങളുടെ സൗന്ദര്യം. പര്‍വ്വതനിരകളുടെ അകമ്പടിയേകി കോടയും പേറി നില്‍ക്കുന്നു ജോര്‍ജ് എവറസ്റ്റ് പീക്ക്. മനോഹരം...

ടിബറ്റൻ മൊണാസ്ട്രിയുടെ മുന്നിലുള്ള താഴ്വര

നത്ത ചൂട്, ഡല്‍ഹി ചുട്ടുപൊള്ളുന്നുണ്ട്. യമുനാനദി വറ്റിവരണ്ടുകഴിഞ്ഞു. വിണ്ടുകീറിയ പുഴയോരത്തേയ്ക്ക് വഞ്ചികള്‍ കയറ്റിയിട്ടിരിക്കുന്നു. മഴമേഘങ്ങളില്ലെങ്കിലും ഉത്തരേന്ത്യക്കും ഇത് വര്‍ഷകാലമാണ്. ഒരുമഴക്കായി കാത്തിരിക്കുകയാണ് ഡല്‍ഹി നഗരം. ഡല്‍ഹിയിലെ കടുത്ത ചൂടില്‍ നിന്നും ഒളിച്ചോടണം, അതാണ് മസൂറി ലക്ഷ്യമാക്കാനുള്ള പ്രധാന കാരണം. മസൂറി, മലനിരകളുടെ രാജകുമാരി. ആ വന്യഭംഗിയുടെ കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. നേരത്തേയും പലതവണ യാത്രയ്‌ക്കൊരുങ്ങിയതാണെങ്കിലും എല്ലാം ഒത്തു വന്നത് ഇപ്പോഴാണ്. ഞങ്ങള്‍ നാലുപേര്‍ യാത്രയ്ക്കിറങ്ങി.

പഴയ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍. മസൂറി എക്‌സ്പ്രസ്സ് ഞങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നു. ചെറുതായി മഴ പൊടിയുന്നെങ്കിലും ചൂടിന്റെ വിങ്ങല്‍ മാറുന്നില്ല. ഞാന്‍ തീവണ്ടിയുടെ ജനാലപാളികള്‍ പതുക്കെ ഉയര്‍ത്തി, ഹാ... ചെറിയൊരു ആശ്വാസം. സ്ലീപ്പര്‍ ക്ലാസ്സ് യാത്രയില്‍ ഫാന്‍ മാത്രമാണ് ആര്‍ഭാടം. ഡല്‍ഹി തുടങ്ങി ദെഹ്റാഡൂണ്‍ വരെയാണ് തീവണ്ടിയാത്ര. ഒരാള്‍ക്ക് 225 രൂപ. മോക്ഷകവാടം കടന്നു വേണം ദെഹ്റാഡൂണെത്താന്‍. മോക്ഷം തേടിയുള്ള യാത്ര ഹരിദ്വാറില്‍ തുടങ്ങുന്നുവെന്നാണ് ഹൈന്ദവ വിശ്വാസം. കേദാര്‍നാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് ഹരിദ്വാര്‍. ഹരിദ്വാറിലേക്കുള്ള തീര്‍ത്ഥാടകരാല്‍ സമ്പന്നവുമാണ് കമ്പാര്‍ട്ട്‌മെന്റ്. രാത്രി ഏറെ വൈകി, അവരുടെ വിശേഷങ്ങളും പരിഭവങ്ങളും ബോഗിയില്‍ മുഴങ്ങിക്കേള്‍ക്കാം. എന്റെ കൂട്ടുകാരുടെ ഉറക്കം നശിച്ചു. നിശബ്ദതയെ കാക്കാതെ ഞാന്‍ സുഖമായി ഉറങ്ങി.

നേരം പുലര്‍ന്നു, തീവണ്ടി ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷന്‍ കടന്നു. ബോഗി കാലിയാണ്. ജനാല ചില്ലുകള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കിയാല്‍ നുരഞ്ഞൊഴുകുന്ന കാട്ടരുവി കാണാം. മനോഹരമായ മലനിരകള്‍, മാനം തൊട്ട് ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍, മനോഹര കാഴ്ച.

തീവണ്ടി ദെഹ്റാഡൂണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അടുത്തു. വണ്ടി നിരങ്ങി നിരങ്ങി ഷീറ്റ് മേഞ്ഞ പ്ലാറ്റ്‌ഫോമില്‍ നിന്നു. നീളന്‍ പ്ലാറ്റ്‌ഫോമിലെ തൂണുകള്‍ പലതും ദ്രവിച്ചിട്ടുണ്ട്. ദ്രവിച്ച ഇരുമ്പ് തൂണുകള്‍ക്കിടയിലൂടെ മുന്നോട്ട് നടന്നു. പഴയകാലത്തില്‍ നിന്നും ഒട്ടും മുന്നോട്ട് സഞ്ചരിച്ചിട്ടില്ല ദെഹ്റാഡൂണ്‍ റെയില്‍വേ സ്റ്റേഷന്‍. ഒരു കല്‍ക്കരി വണ്ടിയും കാണാം സ്റ്റേഷന് പുറത്ത്. എങ്ങും പഴമയുടെ സൗന്ദര്യം. സ്റ്റേഷന് പുത്തേക്ക് കടന്നു, ബസ്സ് സ്റ്റാന്‍ഡ് ആണ് ലക്ഷ്യം. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നാണ് ബസ്സ് സ്റ്റാന്‍ഡ്. രണ്ട് മൂന്ന് ബസുകള്‍ അടുക്കിയിട്ടിരിക്കുന്നു. ബോര്‍ഡ് നോക്കി മസൂറിയിലേക്കുള്ള ബസ് കണ്ടെത്തി. കയറി ഇരിപ്പുറപ്പിച്ചു. വലിയ കെട്ടിടങ്ങള്‍ താണ്ടി, ചെറു നഗരം പിന്നിട്ടു. മലനിരകളിലൂടെ സഞ്ചാരം. പതുക്കെ കാടിന്റെ വന്യതയിലേക്ക് കാഴ്ച ഞങ്ങളെ കൊണ്ടുപോയി. കോട പുതഞ്ഞു, കാഴ്ച മങ്ങി, തണുപ്പ് ചെവിതുളച്ചു. സുന്ദരം.

പെട്ടെന്ന് കനത്തമഴ, ബസ്സിന് മുകളില്‍ വെള്ളത്തുള്ളികള്‍ വീഴുന്ന ഒച്ച കേള്‍ക്കാം. ഞാന്‍ ജനാലയിലൂടെ പുറത്തേക്ക് തലയിട്ടു, റോഡിലൂടെ നീരുറവ പൊട്ടിയൊലിക്കുന്നു. യാത്രക്കിടെ മസൂറി അര്‍ട്ട്‌സ് കോളേജും കണ്ണിനുമുന്നില്‍ മിന്നിമറഞ്ഞു. വലിയൊരു താഴ്വാരത്ത് ചെറു മൈതാനിയില്‍ ബസ്സ് നിന്നു. ഇപ്പോഴും മഴ തൂങ്ങി നില്‍ക്കുന്നുണ്ട്. സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുവെന്ന് തോന്നുന്നു. തണുപ്പ് ഞങ്ങളെ വരിഞ്ഞു മുറുക്കി. പലയിടങ്ങളിലായി ആളുകള്‍ കൂടി നില്‍ക്കുന്നു. സഞ്ചാരികളെ കാത്തുനില്‍ക്കുന്ന ഇടനിലക്കാര്‍, ചെറു കച്ചവടക്കാര്‍. വാഹനങ്ങളുടെ കുഴല്‍ തുപ്പുന്ന കറുത്ത പുക ആകാശത്തേക്ക് പടരുന്നുണ്ട്. മറുവശത്തു മലയിറങ്ങാന്‍ കാത്തുനില്‍ക്കുന്നു മറ്റൊരു ബസ്സ്. മസൂറിയിലെ ബസ്സ് സ്റ്റാന്‍ഡ് ഇങ്ങനെയൊക്കെയാണ്.

മാള്‍ റോഡാണ് ഈ ഇടത്തിന്റെ ഹൃദയം. താമസം മാള്‍ റോഡിലുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ശരിപ്പെടുത്തി. സഹായിച്ചത് www.gmvnonline.com എന്ന വെബ്‌സൈറ്റ്. വൈകാതെ റൂമിലേക്ക് നടന്നു. തിരക്കേറിയ റോഡിനു ഒരുവശത്തു ചൂട് മാഗിയുടെ ആവി പറക്കുന്നുണ്ട്. റോഡില്‍ കളിക്കോപ്പുകളും തുണി പാവകളും കളിക്കുന്നു. വിനോദസഞ്ചാരമാണ് ഉത്തരാഖണ്ഡുകാരുടെ അന്നം. അതിനടയാളമാണ് വഴിയരികിലെ ജീവിതങ്ങള്‍. റോഡിനു മറുവശത്തു അരപ്പൊക്കത്തിലെ ഇരുമ്പ് കൈവരികളില്‍ മുറുക്കെ പിടിച്ചു താഴ്ചയിലേക്ക് നോക്കുന്ന സഞ്ചാരികള്‍. ആകാശത്ത് അത്ഭുത കാഴ്ചയൊരുക്കി മേഘങ്ങള്‍ അവരെ സന്തോഷിപ്പിക്കുന്നു. അവരാക്കാഴ്ച ആവോളം നുകരുന്നു, ചിരിയ്ക്കുന്നു. ഇതെല്ലാം നോക്കി നില്‍ക്കെ പെടുന്നനെ മാനം കറുത്തു. തൂങ്ങി നിന്ന ആ മഴ പെയ്തിറങ്ങി.

മഴമാറിയപ്പോള്‍ ഹോട്ടല്‍ മുറിയിലേക്കുള്ള നടത്തം തുടര്‍ന്നു. പടികളിറങ്ങി എത്തുന്നത് ഒരു ഇടനാഴിയില്‍. കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നില, മണ്ണിന്റെ മണം. ഹോട്ടല്‍ജീവനക്കാരന്‍ മുറി തുറന്നു തന്നു. ജനാലകളിലൂടെ മലനിരകള്‍ കാണാം. വേഷം മാറി ഞങ്ങള്‍ ദലൈ ഹില്‍സിലേക്ക് നടന്നു. ലൈബ്രറി ചൗക്കില്‍ നിന്നും വണ്ടി കിട്ടും എന്നറിഞ്ഞു. മസൂറിയിലെ പ്രധാനപ്പെട്ട ഇടമാണ് ലൈബ്രറി ചൗക്ക്. മാള്‍ റോഡിന്റെ അരുകുപറ്റി ലൈബ്രറി ചൗക്കിലേക്ക് നടന്നു. രാവിലത്തെ പതിഞ്ഞ കാലാവസ്ഥയില്‍ നിന്നും മസൂറി തിരക്കിലേക്ക് ഒഴുകുകയാണ്. റോഡിനിരുവശങ്ങളിലും സഞ്ചാരികള്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന്റെ തിരക്കിലാണ്. നിഷാലും ദീപക്കും അവര്‍ക്കൊപ്പം കൂടി. എനിക്കും രശ്മിക്കും അവര്‍ പടങ്ങള്‍ എടുത്തുതന്നു. സുഹൃത്തുക്കളാണ് നിഷാലും ദീപക്കും. രശ്മി പാതിയും.

മുന്നില്‍ ഗാന്ധി ശില്പം, ലൈബ്രറി ചൗക്കിന്റെ അടയാളമാണിത്. റോഡ് നിറയെ വാഹങ്ങള്‍. മഴക്കാറ് മറുന്നില്ല. നാലു കിലോമീറ്റര്‍ ദൂരമുണ്ട് ദലൈ ഹില്‍സിലേക്ക്. 800 രൂപ നല്‍കിയാലേ ഓട്ടം വരൂ എന്ന് ടാക്‌സിക്കാരെല്ലാവരും പറഞ്ഞു. ചിലവ് ചുരുക്കലും യാത്രലിയെ ലക്ഷ്യമാക്കിക്കണ്ട ഞങ്ങള്‍ നടന്നു മലകയറാന്‍ തീരുമാനിച്ചു. അങ്ങ് ദൂരെ, ഞങ്ങളെ കാത്തുനില്‍ക്കുന്ന കോടമഞ്ഞിലേക്ക് നടന്നു കയറിത്തുടങ്ങി. ചെങ്കുത്തായ ആ കയറ്റത്തിന്റെ ഉയരത്തിലേക്ക് കയറുമ്പോഴെല്ലാം തണുപ്പ് ഏറിവരുന്നു. നിറയെ കോട, ഇടക്ക് ഇളം കാറ്റ് കോടയെ കൊണ്ട്‌പോകും, മലനിരകളെ കാട്ടി നിമിഷങ്ങള്‍ കൊണ്ട് മറയ്ക്കും.

നടത്തം രണ്ടു മണിക്കൂര്‍ പിന്നിട്ടു. ദൂരെ, അങ്ങകലെ ടിബെറ്റന്‍ മൊണാസ്ട്രിയുടെ അടയാളങ്ങള്‍ തെളിഞ്ഞു. വലിയപ്രവേശന കവാടം കടന്നുചെന്നാല്‍ മുന്നില്‍ നിശബ്തത വാഴുന്ന താഴ്‌വര. താഴ്‌വരക്ക് അഭിമുഖമായി മനോഹരമായ ടിബറ്റന്‍ മൊണാസ്ട്രി. മറ്റൊരു സംസ്‌കാരത്തിന്റെ അടയാളമാണിത്. മഴ ചാറി, ഓടി മൊണാസ്ട്രിയുടെ പടവുകളില്‍ അഭയം തേടി. ഇളം കാറ്റ് ഞങ്ങളെയും തഴുകിഒഴുകുന്നു.

മഴ മാറി, മനം തെളിഞ്ഞു. അങ്ങ് ദൂരെ, അഞ്ചുവര്‍ണ കൊടികള്‍ കാണാം. അവിടെയാണ് ദൈലൈ ഹില്‍സ്. ദീപക്ക് വഴികാട്ടി, ഉയരത്തിലേക്ക് പടവുകള്‍ കയറിത്തുടങ്ങി. ഇടുങ്ങിയ വഴി. പായല്‍ പൊതിഞ്ഞ പടികളിലൂടെ വെള്ളം ഒഴുകുന്നുണ്ട്. ഇരുഭാഗത്തും ചെകുത്തായ താഴ്‌വരകള്‍. ഇവിടുത്തെ മനുഷ്യരുടെ താമസ സ്ഥലങ്ങളും കാണാം. കല്ലും തടിയും കൊണ്ട് നിര്‍മിച്ച ഭിത്തികള്‍, ഷീറ്റുകൊണ്ടാണ് മേല്‍ക്കൂര, കുടിലുകള്‍ മലംചെരുവുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്നു. കുടിലുകള്‍ക്ക് കാവല്‍ക്കാരായി വളര്‍ത്തുമൃഗങ്ങള്‍.

മലകള്‍ക്കിടയില്‍ മഴവില്ലുപോലെ ടിബറ്റന്‍ വര്‍ണങ്ങള്‍ കാറ്റില്‍ പറക്കുന്നുണ്ട്. അഞ്ചു നിറങ്ങളാണ് ടിബറ്റന്‍ സ്വത്വം. നീല, വെള്ള, മഞ്ഞ, പച്ച, ചുവപ്പ്. ഈ നിറങ്ങള്‍ സ്ഥലം, വായു, ഭൂമി, വെള്ളം, അഗ്‌നി എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഇടകലര്‍ന്ന നിറങ്ങള്‍ക്കിടയിലൂടെ മലയുടെ മേല്‍ത്തട്ടിലെത്തി. ചുറ്റും പര്‍വതനിരകള്‍. മാനത്തു കാണാം ശ്രീബുദ്ധനെ. ചുറ്റും പ്രകൃതിയുടെ മായാജാലങ്ങള്‍. കോട തഴുകി കടന്നു പോകും, ബുദ്ധനെയും മനസിനെയും. ഇന്നത്തെ ദിവസം ഈ അനുഭതിയില്‍ അവസാനിക്കുന്നു.

നേരം പുലര്‍ന്നു. കോട കിടപ്പുമുറിവരെ കീഴടക്കി. കമ്പളിപ്പുതപ്പ് നീക്കി ജനാലകള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കി. കോടമഞ്ഞിനിടയില്‍ വിതൂരതയില്‍ നിഴല്‍ലുകള്‍ പോലെ ദേവദാരുമരങ്ങള്‍, പിന്നിലായി മലനിരകള്‍. ഇന്ന്, ആറു കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് നടന്നു തന്നെ പോകണം. മഴയും മഞ്ഞും തണുപ്പും കൂടെത്തന്നെയുണ്ട്. 50 രൂപയുടെ പ്ലാസ്റ്റിക് റൈന്‍ കോട്ടുകള്‍ മഴയില്‍ നിന്നും പൊതിഞ്ഞു. കൂടുതല്‍ മനോഹരമായകാഴ്ചകളിലൂടെയാണ് ഇന്നത്തെ യാത്ര. കടും മഞ്ഞ് അനുഭവിച്ച്, പൂക്കളും, മലകളും കണ്ട്. ജോര്‍ജ് എവറസ്റ്റ് പീക്കിലേക്ക്.

കവല പിന്നിട്ട് വിജനമായ വനപാതയിലേക്ക് കടന്നു. എതിര്‍വശത്തെ മലയില്‍ ഇന്നലെ കണ്ട വിസ്മയം കാണാം. ഹരിതയില്‍ വര്‍ണങ്ങളണിഞ്ഞു നില്‍ക്കുന്നു ദലൈ ഹില്‍സ്. കോട നിറഞ്ഞ, മനുഷ്യവാസമില്ലാത്ത ഉള്‍വനത്തിലൂടെയാണ് നടത്തം. നട്ടുച്ചക്കും ചീവീടുകളുടെ ഒച്ച കേള്‍ക്കാം. മണ്ണിടിച്ചല്‍ കൂടുതലുള്ള പ്രദേശമാണ്, വനമേഖല പെട്ടന്ന് കടക്കാന്‍ വഴിയില്‍ കണ്ട ചേച്ചി പറഞ്ഞു. ഞങ്ങളുടെ മനസിനെ ഭയം കീഴടക്കുന്നു. തമാശകളുടെ മേലാടയണിഞ്ഞു ഞങ്ങള്‍ ഭയത്തെ മാറ്റിനിര്‍ത്തി. നടത്തം തുടര്‍ന്നു. ദൂരെ ചെറിയൊരു കവല കാണാം. കവലയിലെ ചെറിയ പീടികയുടെ മുന്നില്‍ രണ്ടുപേര്‍ നില്‍ക്കുന്നു, ആശ്വാസം. രണ്ടു മണിക്കൂര്‍കൊണ്ടാണ് വനമേഖല നടന്നു താണ്ടിയത്. പീടികയുടെ ഇടതുവശം ചേര്‍ന്ന് താഴേക്കിറങ്ങി. കുത്തനെയുള്ള ഇറക്കം. പച്ചപ്പുനിറഞ്ഞ ഒരു മൈതാനത്തില്‍ ദേവദാരു മരങ്ങള്‍. മൈതാനത്തിനു എതിര്‍വശത്തെ റോഡില്‍ വാഹങ്ങള്‍ നിരനിരയായി നില്‍ക്കുന്നു. ജോര്‍ജ് എവറസ്റ്റ്പീക്ക് ബേസ് പോയിന്റ് ഇവിടെയാണ്. വീണ്ടും കുത്തനെയുള്ള കയറ്റം. ചീവീടുകളുടെ ഉറച്ച ശബ്ദം. ഇരുവശത്തും കാട്. 45 മിനിറ്റുകൊണ്ട് ജോര്‍ജ് എവറസ്റ്റ് ഹൗസിലേക്ക് നടന്നു കയറി. ജോര്‍ജ് എവറസ്റ്റ് ബ്രിട്ടീഷ് ഭരണകാലത്തെ സര്‍വേയര്‍ ജനറലാണ്. അദ്ദേഹത്തിന്റെ വീടാണിത്. അതിശയമാണ്, മനോഹരമായ ബംഗ്ലാവ്. ഈ വിസ്മയത്തിന് അഭിമുഖമായി മഞ്ഞുമൂടി കിടക്കുന്നു ജോര്‍ജ് എവറസ്റ്റ് പീക്ക്. ചെങ്കുത്തായ കയറ്റം, മനുഷ്യര്‍ ഉറുമ്പുകളെപ്പോലെ നിരനിരയായി മലമുകളിലേക്ക് കയറുന്നു. ഞങ്ങളും അവരെ അനുഗമിച്ചു.

മലഞ്ചരുവുകള്‍ വെട്ടിയുണ്ടാക്കിയ വഴി. ഇടക്ക് മഴ, വെള്ളം ഒലിച്ചിറങ്ങുന്നു. പൂക്കളെയും ചെടികളെയും തഴുകിയാണ് നടത്തം. മേഘങ്ങള്‍ മലനിരകള്‍ക്ക് മുകളില്‍ കിടക്കുന്നപോലെ തോന്നുന്നു. ശക്തമായ കോട കാഴ്ച മറയ്ക്കുന്നു. പരുക്കന്‍ പാറകഷ്ണങ്ങള്‍ക്ക് മുകളിലൂടെ ഞങ്ങള്‍ നടന്നു. താഴേക്ക് നോക്കെത്താ ദൂരത്താണ് താഴ്വര. കടുകിണ മാറിയാല്‍ താഴേക്ക് പതിക്കും, ശ്രദ്ധയോടെ മലകയറി. മലമുകളില്‍ ടെന്റ് കെട്ടി താമസിക്കാന്‍ പോകുന്നു ചിലര്‍. കൈകുഞ്ഞുങ്ങളുമായി മലകയറുന്നവര്‍ അത്ഭുതം തന്നെ. ചിലര്‍ വഴിയരികില്‍ വിശ്രമിക്കുന്നു. ചിലയിടങ്ങളില്‍ പാറപ്പൊടിയും പാറക്കഷ്ണങ്ങളും വഴിയടച്ചു. വഴുതിയാലോ എന്നുള്ള ഭയം അതിജീവിച്ച് സാഹസിക യാത്ര തുടര്‍ന്നു. ഇടക്ക് മഴ വീണ്ടും ഞങ്ങളെ തഴുകി. മഞ്ഞ് ശ്വാസം നല്‍കി.

ശക്തമായ കാറ്റും തണുപ്പും, തൂവെള്ളനിറത്തിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ടിബറ്റന്‍ വര്‍ണങ്ങളുടെ സൗന്ദര്യം. പര്‍വ്വതനിരകളുടെ അകമ്പടിയേകി കോടയും പേറി നില്‍ക്കുന്നു ജോര്‍ജ് എവറസ്റ്റ് പീക്ക്. മനോഹരം... യാത്രികരുടെ മുഖത്തെ സന്തോഷം അതിനടയാളം. പാറക്കൂട്ടങ്ങള്‍ക്കു മുകളില്‍ സഞ്ചാരികള്‍ കൂട്ടം കൂടിയിരുന്നു, അനുഭവങ്ങള്‍ പങ്കിടുന്നു. ചിലര്‍ ഭക്ഷണം പങ്കിട്ടു കഴിക്കുന്നു. ഇവിടെയാണ് മസൂറിയുടെ ഭംഗി.

കുറച്ചധികം സമയം ഞങ്ങള്‍ ഇവിടെ ചിലവഴിച്ചു, പിന്നെ താഴേക്ക്. പാറക്കഷ്ണങ്ങളില്‍ കൈപിടിച്ച് തിരിച്ചിറങ്ങി. മസൂറി ഇരുട്ടിലേക്കമര്‍ന്നു. രാത്രി ഏറെ വൈകി. തിരികെ വനമേഖലക്കടുത്തുള്ള കവലവരെ നടന്നെത്തി. വനമേഖല കടന്നുവേണം മസൂരിയെത്താന്‍. വനമേഖലയില്‍ മണ്ണിടിച്ചല്‍ ഉണ്ടാകുമെന്നു ഇങ്ങോട്ട് വന്നപ്പോള്‍ കണ്ട ചേച്ചി പറഞ്ഞിരുന്നു. ഈ രാത്രി ഇതുവഴി നടന്നു പോകാന്‍ സാധിക്കില്ലെന്നു ഉറപ്പാണ്. കവലയിലെ ഏക കട അടയ്ക്കാന്‍ തുടങ്ങുന്നു. ദീപക്ക് പെട്ടെന്ന് കടയില്‍ ചെന്ന് വണ്ടിയുണ്ടാകുമെയെന്നു അന്വേഷിച്ചു. ഇനി വാഹനങ്ങളൊന്നും ഉണ്ടാകില്ലെന്ന് മറുപടി കിട്ടി. തീര്‍ത്തും അരക്ഷിതാവസ്ഥ. ഞങ്ങള്‍ നാലുപേരും കവലയില്‍ ഒറ്റപ്പെട്ടു. എന്തുചെയ്യണമെന്നറിയാതെ അവിടെത്തന്നെ നിന്നു. ക്ഷീണിതരായി നില്‍ക്കുന്ന നാല്‍വര്‍ സംഘത്തെ കണ്ടിട്ടാവണം ഒരു ഉത്തരാഖണ്ഡ് കുടുംബം ഞങ്ങളുടെ അടുത്ത് വന്നു, കാര്യങ്ങള്‍ ചോദിച്ചു. ഞങ്ങളുടെ അവസ്ഥ മനസിലാക്കിയ അവര്‍ സഹായ ഹസ്തം നീട്ടി. അവരുടെ വാഹനത്തില്‍ ഞങ്ങളെ മാള്‍റോഡിലെത്തിച്ചു. ആശ്വാസം. തിരികെ മുറിയിലെത്തി. മസൂറിയില്‍ ഞങ്ങളുടെ അവസാനത്തെ രാത്രിയാണ്. ഇളംകുളിരില്‍ മനം നിറഞ്ഞുറങ്ങി അന്ന്.

ഇരുചക്രത്തില്‍ മൂന്നാം ദിവസത്തെ യാത്ര. അറുനൂറ് രൂപക്ക് തലേദിവസം ബുക്ക് ചെയ്ത രണ്ടു സ്‌കൂട്ടര്‍ രാവിലെ തന്നെ ഹോട്ടലില്‍ കൊണ്ടുതന്നു. നിഷാലും ദീപക്കും ഒന്നില്‍. മറ്റൊന്നില്‍ ഞാനും രേഷ്മിയും, യാത്ര തുടങ്ങി. വഴിയില്‍ ചായ കുടിക്കാനൊതുക്കി. അവിടെ നിന്നാല്‍ കോടകള്‍ക്കിടയിലൂടെ കാട്ടരുവി നുരഞ്ഞു പതഞ്ഞ് ഒലിച്ചിറങ്ങുന്നത് കാണാം. മസൂറിയില്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കെംപ്റ്റി വെള്ളച്ചാട്ടമാണത്, മനോഹരമാണ്. ഒരേ കാലിച്ചായയും കുടിച്ചു സ്‌കൂട്ടറില്‍ മുന്നോട്ട്. മഴ പാറിത്തുടങ്ങി, റോഡിന് ഇരുവശത്തും നിറയെ ഭക്ഷണ ശാലകള്‍. റോഡ് നിറയെ വാഹനങ്ങള്‍. സഞ്ചാരികള്‍ക്കായി കാത്തുനില്‍ക്കുന്ന ഇടനിലക്കാര്‍. കെംപ്റ്റി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി തുടങ്ങുന്നത് ഇവിടെയാണ്. ഭക്ഷണശാലകള്‍ക്കും, കരകൗശല ശാലകള്‍ക്കുമിടയിലൂടെ താഴേക്ക് പടികളിറങ്ങി. പടികള്‍ക്കവസാനംസുന്ദരമായ കെംപ്റ്റി വെള്ളച്ചാട്ടം. ഇളം ചുവപ്പുനിറം കലര്‍ന്ന വെള്ളത്തില്‍ കളിക്കുന്നു ചിലര്‍. കേരളത്തില്‍ നിന്നും വന്ന ഞങ്ങള്‍ക്ക് വെള്ളച്ചാട്ടം പുതുമയായില്ല. കുറച്ചുനേരം വെള്ളച്ചാട്ടം കണ്ടുനിന്നു. പിന്നെ തിരികെ നടത്തം.

മലകളുടെ അടിവാരം കര്‍ഷകരുടെ സ്ഥലമാണ്. പച്ചപ്പ് വിരിച്ചു കിടക്കുന്ന പാടങ്ങള്‍, വിളകള്‍ പാകമാകുന്നതേയുള്ളു. കൃഷി ഭൂമിയെ കീറിമുറിച്ചു, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകുന്നു കാട്ടരുവി. മലയിടുക്കുകളില്‍ രണ്ടോ മൂന്നോ വീടുകള്‍ മാത്രം. കര്‍ഷകരുടെ വീടുകളാകാം. അത്ഭുതപ്പെടുത്തുന്ന പ്രകൃതി ഭംഗി. മറ്റൊരു ലോകത്തിലേക്കാണ് ലേക്ക് മുസ്റ്റ് എന്ന ഗ്രാമം ഞങ്ങളെ കൊണ്ടെത്തിച്ചത്. സഞ്ചാരികളില്‍ നിന്നും അകലം പാലിച്ചതുകൊണ്ടാകാം വന്യതയുടെ ആവരണം നഷ്ടമായിട്ടില്ല ഈ ഗ്രാമത്തിന്. ദീപക്കാണ് ഈ ഗ്രാമത്തിലേക്ക് ഞങ്ങളെ കൊണ്ടുവന്നത്. കെംപ്റ്റിയില്‍ നിന്നും മസൂറിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരു കാട്ടുവഴിയുണ്ട്. അതുവഴി സഞ്ചരിച്ചാല്‍ ഇവിടെയെത്താം. സ്വര്‍ഗം തന്നെയാണ് ലേക്ക് മുസ്റ്റ്, അതിമനോഹരം. സ്‌കൂട്ടര്‍ വഴിയരികില്‍ ഒതുക്കി, മലയുടെ ചെങ്കുത്തായ താഴ്ചയിലേക്ക് ഞങ്ങള്‍ നടന്നിറങ്ങി. മനോഹരമായ കാട്ടരുവി, അരുവിയോട് ചേര്‍ന്ന് പീച്ച മരങ്ങള്‍ കാണാം. ഇലകളെക്കാട്ടി പഴങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന മരങ്ങള്‍. പീച്ച കഴിക്കാന്‍ രശ്മിക്ക് കൊതി, കൂടെ ഞങ്ങള്‍ക്കും. അടുത്തുള്ള വീടിനു മുകളില്‍ നിന്നും ഒരു ശബ്ദം. കര്‍ഷകന്റെ വീടാണത്. അവിടത്തെ ചേച്ചി രശ്മിയോട് ചോദിച്ചു. ''ആപ്‌കോ ഫല്‍ ലെസ്‌നക്ത ഹൈ'' പഴങ്ങള്‍ വേണമെങ്കില്‍ എടുത്തോളൂ എന്നാണ് അവര്‍ പറഞ്ഞത്. കേട്ടപാടെ രശ്മി രണ്ടു പീച്ച പറിച്ചു. മഞ്ഞയും ചുവപ്പും ഇടകലര്‍ന്ന നിറമാണ് പഴത്തിന്. കടിച്ചപ്പോള്‍ വെള്ളം ചീറ്റുന്നു, നല്ല രുചി. സന്തോഷത്തോടെ പീച്ചിന്റെ സ്വാദും അറിഞ്ഞു. ഡല്‍ഹിയിലെ കര്‍ഷ സമരഭൂമിയില്‍ നിന്നും ഉത്തരാഖണ്ഡ് കര്‍ഷകരുടെ സ്‌നേഹവും കരുതലും മുന്‍പും അനുഭവിച്ചിട്ടുണ്ട്. മണ്ണിനെ അറിഞ്ഞ മനുഷ്യരുടെ സ്‌നേഹം. യാത്ര സഫലം. ഇനി തിരികെ ഡല്‍ഹിയിലേയ്ക്ക്. ഉത്തരാഖണ്ഡിന് നന്ദി.

Content Highlights: mussoorie travel uttarakhand tourist destination


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented