രാജ്യാന്തര നിലവാരത്തിൽ പുനർനിർമിച്ച മൂന്നാർ-ബോഡിമെട്ട് റോഡ്
അഞ്ചരവര്‍ഷം. നേരിട്ടത് പലപല വെല്ലുവിളികള്‍. ഒടുവില്‍ കൊച്ചിധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. 42 കിലോമീറ്റര്‍ റോഡ് ഉന്നത നിലവാരത്തിലാണ് വീതികൂട്ടി പുനര്‍നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ദേശീയപാതയിലൂടെയുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. വിനോദസഞ്ചാരമേഖലയ്ക്കും ഗുണമാകും.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ സൗകര്യാര്‍ഥം ഒരു മാസത്തിനകം പുനര്‍നിര്‍മിച്ച പാതയുടെ ഉദ്ഘാടനം നടത്താനാണ് ദേശീയപാത അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. ജില്ലയിലെ ആദ്യ ടോള്‍ പാതയും ഇതാണ്.
അന്ന് ഇടുങ്ങിയ റോഡ്
മൂന്നാര്‍ മുതല്‍ ബോഡിമെട്ടുവരെ തീരെ ഇടുങ്ങിയ റോഡായിരുന്നു. നാല് മീറ്റര്‍ മാത്രമായിരുന്നു വീതി, തമിഴ്‌നാട്ടില്‍നിന്ന് റോഡ് മാര്‍ഗം മൂന്നാറില്‍ എത്തുന്നവര്‍ക്ക് ഇതുവഴിയുള്ള യാത്ര വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. ദേവികുളം ഗ്യാപ് റോഡിന്റെ ഭാഗത്ത് മണ്ണിടിഞ്ഞ് മാസങ്ങളോളം അപകടം ഉണ്ടാകുന്നത് പതിവായിരുന്നു. വിനോദസഞ്ചാരികളാണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്.
ഈ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി 2017 സെപ്റ്റംബറില്‍ ഈ ഭാഗത്തിന്റെ നവീകരണം തുടങ്ങിയത്. 42 കിലോമീറ്റര്‍ ദൂരത്തിലെ പണികള്‍ക്കായി 381.76 കോടി രൂപ അനുവദിച്ചു. 15 മീറ്ററായി റോഡിന്റെ വീതി വര്‍ധിപ്പിക്കുകയായിരുന്നു ലക്ഷ്യം.

രക്തംകിനിഞ്ഞ കാലം
രണ്ട് വര്‍ഷത്തിനുള്ളില്‍ പാതയുടെ നവീകരണം പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മാണ കരാര്‍. എന്നാല്‍, പലപല കാരണങ്ങളാല്‍ അത് നീണ്ടുപോയി. വശങ്ങളിലുള്ള പാറ പൊട്ടിച്ചുമാറ്റിയാണ് പാതയുടെ വീതികൂട്ടിയത്. ഇതിനിടെ ദേവികുളം ഗ്യാപ് റോഡില്‍ അടിക്കടി മലയിടിച്ചില്‍ ഉണ്ടായി. ഒരിക്കല്‍ മലയിടിഞ്ഞ് രണ്ട് തൊഴിലാളികളും ഒരു മണ്ണുമാന്തിയന്ത്രവും കൊക്കയിലേക്ക് പോയി. അതില്‍ ഒരാളുടെ മൃതദേഹം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതുകൂടാതെ ഗ്യാപ് റോ!ഡില്‍ പലവട്ടം മലയിടിച്ചില്‍ ഉണ്ടായി.
കണക്കില്‍ കൂടുതല്‍ പാറ പൊട്ടിച്ച് കടത്തി സര്‍ക്കാരിന് നഷ്ടമുണ്ടാക്കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കരാറുകാര്‍ പിഴ അടയ്ക്കണമെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ഉത്തരവും ഇട്ടിരുന്നു.
വനംവകുപ്പുമായുള്ള തര്‍ക്കവും നിര്‍മാണം വൈകാന്‍ കാരണമായി. റോഡ് കടന്നു പോകുന്ന മൂന്നര കിലോമീറ്റര്‍ ഭാഗം വനഭൂമിയാണ്. ദേവികുളം ബ്ലോക്ക് ഓഫീസിന് സമീപമുള്ള ഭാഗം, പൂപ്പാറ, ഗ്യാപ്‌റോഡിന്റെ കവാടം തുടങ്ങിയയിടങ്ങളിലായിരുന്നു വനഭൂമിയുണ്ടായിരുന്നത്. റോഡിന് വീതികൂട്ടണമെങ്കില്‍ ഇവിടെയുള്ള മരങ്ങള്‍ വെട്ടണമായിരുന്നു.
എന്നാല്‍, വനംവകുപ്പ് ആദ്യം മരംവെട്ടാന്‍ അനുമതി നല്‍കിയില്ല. ഇക്കാര്യം മാതൃഭൂമി പലവട്ടം റിപ്പോര്‍ട്ട് ചെയ്തു. പൊതുമരാത്തു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രശ്‌നത്തില്‍ ഇടപെട്ടു.
വനംവകുപ്പിനുള്ള നഷ്ടപരിഹാരം മുന്‍കൂറായി കെട്ടിവെച്ചു. വനംവകുപ്പ് അയഞ്ഞതോടെ ഇവിടത്തെ പ്രശ്‌നവും പരിഹരിക്കപ്പെട്ടു.
ഇനിയുള്ളത്
പാതയുടെ അവസാനഘട്ട പണികളും ഇപ്പോള്‍ ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. റോഡിലെ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുക, സീബ്രാ ലൈനുകള്‍ വരയ്ക്കുക തുടങ്ങിയ പണികള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.
ടോള്‍ബൂത്ത് ലാക്കാട്
പാതയില്‍ ലാക്കാട് ഭാഗത്തായി ടോള്‍ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. ടോള്‍ എത്രയെന്നും പിരിക്കുന്ന കാലയളവ് എത്രയെന്നും ഇനി അറിയണം. ടോള്‍ ബൂത്ത് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ജില്ലയിലെ ഏക ടോള്‍ പാത ഇതാകും.
.jpg?$p=8827499&&q=0.8)
കിടിലന്‍ കാഴ്ചകള്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഉന്നത നിലവാരത്തിലുള്ള റോഡിലൂടെയുള്ള യാത്ര മനോഹരമായിരിക്കും. ആനയിറങ്കല്‍ അണക്കെട്ട്, പെരിയകനാല്‍ വെള്ളച്ചാട്ടം, ഗ്യാപ് റോഡ്‌ലാക്കാട് വ്യൂ പോയിന്റ് തുടങ്ങിയ കാഴ്ചകള്‍ കണ്ടുകൊണ്ട് സുഖകരമായി യാത്രചെയ്യാം.
Content Highlights: munnar bodimettu road Kochi-Dhanushkodi NH
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..