സ്‌നാപക യോഹന്നാന്റെ സ്മരണകളിരമ്പുന്ന ജോര്‍ദാനിലെ മുക്കാവിര്‍ കോട്ട


എഴുത്തും ചിത്രങ്ങളും: കുഞ്ഞനിയന്‍ ശങ്കരന്‍ മുതുവല്ലൂര്‍

വിശ്വാസവും ചരിത്രവും അഭൗമമായ പ്രകൃതി ഭംഗിയും സമന്വയിക്കുന്ന ഭൂപ്രദേശമാണ് ചിരപുരാതനമായ ഈ കോട്ട നഗരം. സ്‌നാപക യോഹന്നാന്റെ തടവിനും വിചാരണയ്ക്കും വധശിക്ഷയ്ക്കമെല്ലാം സാക്ഷിയായ മുക്കാവിര്‍ കോട്ട കാലവും കലാപവും നശിപ്പിച്ചെങ്കിലും ഇന്നും ഒരു ദേശത്തിന്റെ കല്‍വിളക്കായ് ജ്വലിച്ചു നില്‍ക്കുന്നു.

ജോർദാനിലെ മുക്കാവിർ കോട്ട

ജോര്‍ദാനിലെ മുക്കാവിര്‍ കോട്ട ഒരു വിസ്മയമാണ്. ലോകത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നായ ചാവു കടലില്‍ നിന്ന് 1200 അടി ഉയരത്തിലുള്ള ചരിത്ര വിസ്മയം. തലസ്ഥാന നഗരമായ അമ്മാനില്‍ നിന്ന് ഏകദേശം 60 കി.മീ ദൂരെ മൊസൈക് നഗരമായ മദാബ ഗവര്‍ണറേറ്റിനും ക്രിസ്തീയ തീര്‍ത്ഥാടന കേന്ദ്രമായ ബാപ്പ്റ്റിസം സൈറ്റിനും ഇടയിലാണ് മുക്കാവിര്‍ കോട്ടയുടെ സ്ഥാനം. ക്രിസ്തുവിന് മുമ്പ് നൂറാം ആണ്ടില്‍ അലക്‌സാണ്ടര്‍ ജന്നസ് എന്ന ഹസ്‌മോണിയന്‍ രാജാവാണ് കോട്ട പണി കഴിപ്പിച്ചത്. അയല്‍ രാജ്യമായ നബാത്തിയന്‍മാരില്‍ നിന്നുള്ള ആക്രമണങ്ങള്‍ ചെറുക്കുന്നതിനുള്ള പ്രതിരോധക്കോട്ടയായിരുന്നു മുക്കാവിര്‍. എത്ര അകലെ നിന്നു വരുന്ന അതിര്‍ത്തി ലംഘകരേയും. സസൂക്ഷ്മം കാണാന്‍ കഴിയും എന്നതാണ് കോട്ടയുടെ ഏറ്റവും വലിയ പ്രത്യേകത.

mukawer

വിശ്വാസവും ചരിത്രവും അഭൗമമായ പ്രകൃതി ഭംഗിയും സമന്വയിക്കുന്ന ഭൂപ്രദേശമാണ് ചിരപുരാതനമായ ഈ കോട്ട നഗരം. സ്‌നാപക യോഹന്നാന്റെ തടവിനും വിചാരണയ്ക്കും വധശിക്ഷയ്ക്കമെല്ലാം സാക്ഷിയായ മുക്കാവിര്‍ കോട്ട കാലവും കലാപവും നശിപ്പിച്ചെങ്കിലും ഇന്നും ഒരു ദേശത്തിന്റെ കല്‍വിളക്കായ് ജ്വലിച്ചു നില്‍ക്കുന്നു. സൗന്ദര്യവും സാഹസികതയും നിഗൂഡതകളും ഭയവും ഇന്നും വിട്ടുമാറാത്ത ആളൊഴിഞ്ഞ മുക്കാവിര്‍ തൂക്കുമരത്തിന്റെ കുന്ന് എന്ന പേരിലും അറിയപ്പെടുന്നു. കോട്ടയെ പറ്റിയുള്ള പഴമൊഴികള്‍ ഇങ്ങനെയാണ്. സലോമിയുടെ നാട്യവിസ്മയത്തിനു മുന്നില്‍ ഹെറോഡ് രാജാവ് മതിമറന്നുപോയി. രാജസഭയില്‍ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി സലോമിക്ക് ഹെറോഡ് വരം നല്‍കി, എന്തും ചോദിക്കാം. സലോമി ചോദിച്ചത് തല അറുത്ത് തളികയില്‍ വെച്ചു തരാന്‍, അതും സ്‌നാപക യോഹന്നാനിന്റെ ! അതെ, യേശു ദേവനെ ദിവ്യസ്‌നാനം ചെയ്യിച്ച ജോണ്‍ ദ ബാപ്റ്റിസ്റ്റ് എന്ന പുണ്യാളന്റെ... രാജാവിന്റെ അധാര്‍മികതയിലേക്ക് വിരല്‍ ചൂണ്ടി എന്ന തെറ്റിനപ്പുറത്തൊന്നും സ്‌നാപക യോഹന്നാന്‍ ചെയ്തിട്ടില്ല എന്ന് വിശുദ്ധ ഗ്രന്ഥങ്ങള്‍ അടയാളപ്പെടുത്തുന്നു. ആ തീരുമാനത്തിന് പിന്നിലുള്ള ഇതിഹാസവും ചരിത്രവുമെല്ലാം ബൈബിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും രാജശാസനകള്‍ മുന്‍വിധിയോടെ നടപ്പാക്കപ്പെട്ടു.

എങ്ങനെയാണ് കോട്ട നിര്‍മ്മിച്ചത് എന്നും എത്ര മനുഷ്യാധ്വാനം ഈ കോട്ടയുടെ നിര്‍മ്മിതിക്കായ് വേണ്ടി വന്നു എന്നതും മനുഷ്യ ഭാവനകള്‍ക്കും യുക്തിക്കും അപ്പുറമാണ്. ഇത്രയധികം ഉയരത്തില്‍ പടുകൂറ്റന്‍ കല്ലുകളും നിര്‍മ്മാണ സാമഗ്രികളും എങ്ങനെയെത്തി എന്നത് ഇന്നും ഒരു ചോദ്യചിഹ്നമാണ്. മുക്കാവിര്‍, സാഹസികതയുടെ കോട്ടയാണെന്ന് പറയാതെ വയ്യ. ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്ന് കിങ്‌സ് ഹൈവേയിലുടെ യാത്ര ചെയ്ത് വേണം മുക്കാവിറിലെത്താന്‍. ഇവിടേക്കുള്ള യാത്ര ഏറെ ഉദ്വേഗജനകവും നയന മനോഹരവുമാണ്. അറബ് നാടിന്റെ ഗോത്ര സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചകള്‍ കണ്ടുള്ള യാത്രയാണിത്. ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാന്‍ നഗരത്തില്‍ നിന്ന് അകലുന്നതോടെ പ്രകൃതിയും ചരാചരങ്ങളും മനുഷ്യനുമെല്ലാം മാറ്റത്തിന് സാക്ഷികളാകുന്നു. ചുറ്റി വളഞ്ഞ നാട്ടുപാതകള്‍, തിങ്ങി നിറഞ്ഞ ഒലീവ് മരങ്ങള്‍, നോക്കെത്താ ദൂരത്തോളം പച്ച വിരിച്ച പച്ചക്കറിപ്പാടങ്ങള്‍, ഇടതൂര്‍ന്ന് നില്‍ക്കുന്ന ഈന്തപ്പനകള്‍, ഗ്രാമീണ പാതകള്‍ക്കരികില്‍ തണ്ണിമത്തനും വെള്ളരിയും നീര്‍മാതളവും വില്‍ക്കുന്ന ബെദുവിയന്‍ കുട്ടികള്‍, സൂര്യരശ്മികളാല്‍ തിളങ്ങുന്ന പടുകൂറ്റന്‍ മൊട്ടക്കുന്നുകളില്‍ കുടില്‍ കെട്ടി ആടു ജീവിതം നയിക്കുന്ന ഗ്രാമീണ അറബികള്‍, ചുട്ടെടുത്ത ആട്ടിറച്ചിയുടേയും, പതഞ്ഞ് പൊങ്ങുന്ന തുര്‍ക്കിക്കാപ്പിയുടേയും മണമുയരുന്ന നാട്ടങ്ങാടികള്‍, മണ്ണിനോട് മല്ലടിച്ച് ചുട്ടുപൊള്ളുന്ന സൂര്യനോട് പോരടിച്ച് മണ്ണിനെ പൊന്നാക്കുന്ന പശ്ചിമേഷ്യന്‍ കര്‍ഷകര്‍ അങ്ങനെ കാഴ്ചകള്‍ നീളുന്നു.

mukawer

റോഡുകള്‍ അതിഗംഭീരമെങ്കിലും സര്‍പ്പഗതിയിലുള്ള ചുരങ്ങള്‍ ഭയം വിതയ്ക്കും. ചെങ്കുത്തായ മലമടക്കുകളിലൂടെ വളഞ്ഞു പുളഞ്ഞ പാതകള്‍. ഓരോ ഇറക്കവും കയറ്റവും കഴിയുമ്പോഴും നെഞ്ചിടിപ്പ് കൂടും, കൈവെള്ളയില്‍ വിയര്‍പ്പുതുള്ളികള്‍ പൊടിയും അങ്ങനെ ഒരു അതിസാഹസിക യാത്ര നടത്തിവേണം ഈ ചരിത്ര നഗരിയിലെത്താന്‍. യാത്രക്കൊടുവില്‍ ആദ്യം കാണുക മുക്കാവിര്‍ എന്ന പ്രാചീന പട്ടണമാണ്. ഇന്ന് ഇവിടെ അവശേഷിക്കുന്നത് പുരാതന കുരിശു പള്ളിയുടെ തിരുശേഷിപ്പുകളും കല്ലറയും മാത്രം. അതു കഴിഞ്ഞ് മുന്നോട്ട് ഒരു കിലോമീറ്റര്‍ നടന്നാല്‍ മുക്കാവിര്‍ കോട്ടയുടെ ബേസ് ക്യാമ്പില്‍ എത്താം. ഒരു സുരക്ഷാ ജീവനക്കാരന്‍ മാത്രമാണ് അവിടെയുള്ളത്. അവിടെ നിന്ന് നോക്കിയാല്‍ ദൂരെയുള്ള കോട്ടയും സ്തൂപങ്ങളും കാണാം. പമ്പയും സന്നിധാനവും പോലെ. ഇനി കാല്‍നട മാത്രം ശരണം.

mukawer

കല്‍പ്പടവുകള്‍ ഇറങ്ങുന്നിടത്ത് ഒരു ഫലകത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് 'മുക്കാവിറിനെ കൊട്ടാരമാക്കിയത് ഹെറോഡ് രാജാവാണ്. മുക്കാവിര്‍ കോട്ട യാഹ്യ ബിന്‍ സക്കറിയയുടെ (സ്‌നാപക യോഹന്നാന്റെ ) ശിരസ്‌ഛേദവുമായ് ബന്ധപ്പെട്ടിരിക്കുന്നു. എ.ഡി 70 ഓട് കൂടി കോട്ട റോമക്കാര്‍ അക്രമിച്ചു തകര്‍ത്തു' സ്ഥല സൂചിക ഫലകത്തിന്റെ വലതു വശത്തുള്ള ചെറിയ കല്‍പ്പടവുകളിലൂടെ താഴോട്ട് ഇറങ്ങി. സൂര്യനും ഭൂമിയും ഒട്ടും കരുണ കാണിച്ചില്ല. കല്ലുകള്‍ ചുട്ടുപഴുത്ത് നില്‍ക്കുകയാണ്. ആകെ.ഉരുകി ഒലിക്കുന്ന ചൂട്. താഴെ 300 അടിയോളം താഴ്ചയുള്ള അഗാത ഗര്‍ത്തങ്ങള്‍. ദൂരെ ബെദുവിയന്‍കാരുടെ ഇടയക്കുടിലുകളെയും നിരനിരയായ് നീങ്ങുന്ന ആട്ടിന്‍ പറ്റങ്ങളെയും കാണാം. കോട്ടയുടെ വഴിയോരങ്ങളില്‍ നരിമടകള്‍ പോലുള്ള ചെറിയ ഗുഹകളുണ്ട്. എല്ലാം ശത്രുക്കളുടെ ഒളിയാക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ ചെയ്ത മുന്നൊരുക്കങ്ങളാണ്. ഒരു പക്ഷെ ഒളിയാക്രമണത്തിനുള്ള ഗറില്ലാ തന്ത്രമാവാം.

mukawer

ആളൊഴിഞ്ഞ ഇടുങ്ങിയ ചരിത്രപഥങ്ങളിലൂടെയുള്ള യാത്ര അതിജാഗ്രതയോടെ തന്നെ വേണം നടത്താന്‍. ഒരു വേള അടിതെറ്റിയപ്പോള്‍ ഈ അതിസാഹസികത വേണ്ടില്ലായിരുന്നു എന്ന് മനസ്സു പോലും മന്ത്രിച്ചു. കോട്ടയുടെ മുകള്‍ ഭാഗത്ത് എത്തിയപ്പോള്‍ ശ്മശാന മൂകത. വെള്ളിയാഴ്ചയും കോവിഡ് കാലവും ആയതിനാല്‍ കോട്ടയില്‍ ഒരു കുഞ്ഞുപോലുമില്ല. മുക്കാവിറിന്റെ അത്യുന്നതങ്ങളില്‍ എത്തുമ്പോള്‍ നമ്മള്‍ ലോകത്തിന്റെ നെറുകയിലാണോ എന്നു തോന്നിപ്പോകും. കയ്യെത്തും ദൂരത്തുള്ള നീലാകാശത്തിനും കാണാമറയത്തെ നീലക്കടലിനും ഇടയിലെ പ്രപഞ്ചപ്രതിഭാസമാണിത്. മലമുകളില്‍ നിന്ന് നോക്കിയാല്‍ നീല നിറത്തില്‍ തിളങ്ങുന്ന ചാവുകടലും, വെസ്റ്റ് ബാങ്കും, പ്രാചീന നഗരമായ ജെറിക്കോയും, ജെറുസലേമിലെ അല്‍ അഖ്‌സയും എല്ലാം നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാം. കോട്ടയ്ക്ക് മുകളില്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടത് കല്ലില്‍ തീര്‍ത്ത രണ്ട് കൂറ്റന്‍ സ്തംഭങ്ങളാണ്. 2000 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു പോറലുപോലുമേല്‍ക്കാത്ത ചരിത്ര സ്തംഭങ്ങളാണിവ.

mukawer

കോട്ടയുടെ മധ്യഭാഗത്തായി ഒരു വലിയ കിണര്‍ കാണാം.10 മീറ്റര്‍ ആഴവും നീളവുമൂണ്ടാകും ഈ കിണറിന്. പേടിപ്പെടുത്തുന്ന കഥകളുടെ ഓര്‍മ്മകളുമായ് കിണറ്റിലേക്ക് എത്തി നോക്കിയപ്പോള്‍ അമ്പരപ്പിക്കുന്ന ശബ്ദം കേട്ടു. അതൊരു പക്ഷികളുടെ ചിറകടിയുടെ പ്രകമ്പനമാണ്. സ്‌നാപക യോഹന്നാന്റെ ശിരസ്‌ഛേദം നടത്തിയ അതേ സ്ഥലത്തെ കിണര്‍ ഇന്ന് മരുപ്പക്ഷികള്‍ ആവാസ കേന്ദ്രമാക്കിയിരിക്കുന്നു. ഇനി കോട്ടയായ് ശേഷിക്കുന്നത് റോമന്‍ ആക്രമണത്തില്‍ തകര്‍ത്ത ചില ഭാഗങ്ങള്‍ മാത്രമാണ്. റോമന്‍ ഭരണാധികാരിയായ ടൈറ്റസ് കോട്ട തകര്‍ത്തുവെങ്കിലും അടിത്തറ അനങ്ങിയിട്ടില്ല. മുഖമണ്ഡപവും, മട്ടുപ്പാവുകളും, മണിയറകളും എല്ലാം ഇന്നും ചരിത്രത്തിന്റെ നീറുന്ന ഓര്‍മകളായ് ഇന്നും ഇവിടെ ശേഷിക്കുന്നുണ്ട്. 1801 ലും 1978 ലുമാണ് കാര്യമായ പഠന ഗവേഷണങ്ങള്‍ ഈ മേഖലയില്‍ നടന്നത്. ഹെറോഡും സലോമിയുമെല്ലാം വിസ്മൃതിയിലേക്ക് മറഞ്ഞെങ്കിലും ഇന്നും മുക്കാവിര്‍ കോട്ടയുടെ ഓര്‍മകള്‍ക്ക് മരണമില്ല. അത് തന്നെയാവാം എത്രയൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഈ ചരിത്ര നിര്‍മ്മിതി ഇടിഞ്ഞു പൊളിയാതെ സംഘര്‍ഷങ്ങളുടെ പശ്ചിമേഷ്യയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ കാരണം.. മടക്കയാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ഓര്‍മ്മയായത് എന്നും ദൂരക്കാഴ്ച നല്‍കിയവരുടെ തിരു വചനങ്ങളാണ്. മനുഷ്യനും ജീവജാലങ്ങളും നിര്‍മ്മിതിയും എല്ലാം നിമിഷം നേരം കൊണ്ട് തകര്‍ന്നടിയും ! എങ്കിലും മുന്നോട്ടുള്ള യാത്ര തുടരുക. ദൂരക്കാഴ്ച നല്‍കിയ ദൈവത്തിന് സ്തുതി!

Content Highlights: Mukawer is the spectacular 700m-high hilltop perch of Machaerus, is the castle of Herod the Great and the place where Salome is said to have danced for the head of John the Baptist

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented