ന്യൂഡല്‍ഹി: ചലനശേഷിയില്ലാത്ത വലതുകാല്‍പ്പത്തിയുമായി 4200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയെത്തിയ മുപ്പത്തഞ്ചുകാരമായ മുഹമ്മദ് അഷറഫ് (മുത്തു) തിങ്കളാഴ്ച കേലാ ചുരവും കീഴടക്കി. പാംഗോങ് തടാകത്തെ ലേയുമായി ബന്ധിപ്പിക്കുന്ന 18,860 അടി ഉയരത്തിലുള്ള ഈ ചുരം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡാണ്. അതു കീഴടക്കുന്ന ആദ്യ ഭിന്നശേഷിക്കാരനാണ് ഈ മലയാളി.

ഓഗസ്റ്റ് 31-നാണ് റോഡ് ഉദ്ഘാടനംചെയ്തത്. 17,982 അടി ഉയരമുള്ള, ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരംകൂടിയ ഗതാഗതപാതയായ ഖര്‍ദൂങ് ലാ, മുഹമ്മദ് അഷറഫ് ഈ മാസം 12-ന് കീഴടക്കിയിരുന്നു. വളരെയധികം ദുര്‍ഘടംപിടിച്ച ലക്ഷ്യം നേടിയെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന് അഷറഫ് പറഞ്ഞു.

ഈമാസം 13-ന് കേലയിലേക്ക് സൈക്കിളില്‍ നീങ്ങിയ അഷറഫിന് കനത്ത മഞ്ഞുവീഴ്ച കാരണം 500 മീറ്റര്‍ അകലെവെച്ച് തിരിച്ചിറങ്ങേണ്ടിവന്നിരുന്നു. ലഡാക്കില്‍ത്തന്നെ തുടര്‍ന്ന അഷറഫ്, ലക്ഷ്യംകണ്ടേ കേരളത്തിലേക്ക് മടങ്ങൂ എന്ന ദൃഢനിശ്ചയത്തിലായിരുന്നു. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റോഡുകളിലൊന്നായ കശ്മീരിലെ കിഷ്‌തോറിനെയും ഹിമാചല്‍പ്രദേശിലെ കില്ലറിനെയും ബന്ധിപ്പിക്കുന്ന ക്ലിഫ്ഹാങ്ങറിലൂടെ യാത്രചെയ്യലാണ് വോളിബോള്‍ താരം കൂടിയായിരുന്ന അഷറഫിന്റെ ഇനിയുള്ള ലക്ഷ്യം.

ജൂലായ് 16-നാണ് തൃശ്ശൂര്‍ വടക്കാഞ്ചേരി പാര്‍ളിക്കാട് പത്താംകല്ല് തെക്കേപ്പുറത്തു വളപ്പില്‍ മുഹമ്മദ് അഷറഫ് സൈക്കിളില്‍ ലഡാക്കിലേക്ക് യാത്ര തുടങ്ങുന്നത്. കോവിഡും ന്യൂമോണിയയും ബാധിച്ച് 40 ദിവസത്തോളം കിടപ്പിലായതിനുപിന്നാലെയായിരുന്നു ഇത്.

അപകടങ്ങളുടെ കൂടപ്പിറപ്പാണ് അഷറഫ്. ഇതുവരെ തീപ്പിടിത്തമടക്കമുള്ള അപകടങ്ങളില്‍പ്പെട്ടത് 20 തവണ. 2017-ല്‍ പാലക്കാട്ട് വോളി ടൂര്‍ണമെന്റ് കഴിഞ്ഞുമടങ്ങുമ്പോള്‍ മറ്റൊരു ബൈക്ക് വന്നിടിച്ച് അഷറഫിന്റെ പാദമറ്റു. കാല്‍ മുറിക്കാനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനമെങ്കിലും അഷറഫ് വഴങ്ങിയില്ല. ഒമ്പതുതവണത്തെ ശസ്ത്രക്രിയകള്‍ക്കുശേഷം കാല്‍ ഏകദേശരൂപത്തിലെത്തിയെങ്കിലും അധികദൂരം നടക്കാനാവില്ല. മൂന്നുവര്‍ഷത്തോളം കിടപ്പായിരുന്ന അവസ്ഥയില്‍നിന്നാണ് അഷറഫ് ഇന്ത്യ കാണാനിറങ്ങുക എന്ന തീരുമാനത്തിലെത്തിയത്.

അബുദാബിയില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറായിരുന്ന അഷറഫ്, തീപ്പൊള്ളലേറ്റതിനെത്തുടര്‍ന്ന് ജോലി മതിയാക്കി നാട്ടിലെത്തിയശേഷമാണ് സൈക്കിളില്‍ യാത്ര തുടങ്ങിയത്.

കൃത്രിമക്കാലുകള്‍ നിര്‍മിക്കുന്ന ഇന്‍ലിവന്‍ പ്രോസ്തറ്റിക് കമ്പനി ഉടമ സതീഷ് വാരിയരും യു.എ.ഇ.യിലെ അഷറഫ് കൂട്ടായ്മയിലെ അഷറഫും സാമ്പത്തികമായി സഹായിച്ചതിനാലാണ് യാത്ര സാധിച്ചതെന്ന് മുഹമ്മദ് അഷറഫ് പറഞ്ഞു.

Content Highlights; muhhamad asharaf successfully mounts kela pass