ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന വയനാടന്‍ മഴ. കേരളത്തിന്റെ ചിറാപുഞ്ചി എന്ന് ഒരുകാലത്ത് അറിയപ്പെട്ട ലക്കിടിയില്‍ നിന്നും തുടങ്ങുന്നു മഴയുടെ ആരവം. കോടമഞ്ഞ് കരിമ്പടം പുതയ്ക്കുന്ന സന്ധ്യകളില്‍ കാട്ടരുവികള്‍ താളം പിടിച്ച് പാറക്കെട്ടുകള്‍ ചാടി കുതിച്ചു പായുമ്പോള്‍ മഴ ഭിന്നഭാവങ്ങള്‍ തീര്‍ക്കും. അകലങ്ങളിലെ നനഞ്ഞൊട്ടി നില്‍ക്കുന്ന ചെറിയ കുടിലുകള്‍ക്ക് മഴ ഒരു പേടിസ്വപ്നമാണ്.

കാടിന്റെ മഴക്കൂടാരത്തില്‍ കരിമ്പാറകണക്കെ നിലയുറപ്പിച്ച് നില്‍ക്കുന്ന കാട്ടാനക്കൂട്ടത്തിന് മഴ അനുഗ്രഹത്തിന്റെ തലോടലാണ്.ചുറ്റിലും മാനത്തേക്ക് നോക്കി നില്‍ക്കുന്ന ഗിരിനിരകള്‍ അതിനുള്ളില്‍ നിലയ്ക്കാത്ത മഴയുടെ ആരവങ്ങളാണ് നിറഞ്ഞു നില്‍ക്കുക.മഴ തുടങ്ങിയാല്‍ പിന്നെ നില്‍ക്കണമെന്നില്ല.നൂലുപോലെ ചാറുന്ന വയനാടന്‍ മഴ അങ്ങിനെയായിരുന്നു.മഴ നനയാന്‍ കടല്‍ കടന്നും സഞ്ചാരികള്‍ എത്തിക്കൊണ്ടേയിരുന്നു.വേനല്‍ക്കാല വിനോദ കേന്ദ്രങ്ങളെല്ലാം അടഞ്ഞു പോയപ്പോള്‍ അവസാനിച്ചുവെന്ന് കരുതിയ ടൂറിസം സീസണിന് മഴക്കാലമായപ്പോള്‍ പുനര്‍ജനി.മഴയുടെ മഹോത്സവത്തിന് അങ്ങിനെ തുടക്കമായി. ഒരായിരം മുഖങ്ങളില്‍ മഴ വന്നുനിറയുമ്പോള്‍ വയനാട് റെയിന്‍ ടൂറിസം ഉണരുകയായി.

കാടിന്റെ സംഗീതം

മഴ തുടങ്ങമ്പോഴേക്കും ചീവീടുകളുടെ ശബ്ദമാണ് മലയോരങ്ങളില്‍ മുഴങ്ങിതുടങ്ങുക.മഴ പെയ്തു തീര്‍ന്നാലും മരം പെയ്യുന്ന കാടുകള്‍.കുളിരിന്റെ കൂടാരമായി നിത്യഹരിത വനങ്ങള്‍.പുതിയ തളിരുകളും ശിഖരങ്ങളും നീട്ടി ഇലപൊഴിക്കും കാടുകള്‍.കാഴ്ചയുടെ സമൃദ്ധിയിലാണ് മഴക്കാലത്തെ കാടുകള്‍.മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും സഞ്ചാരികള്‍ക്ക് കാടിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്.വയനാട് വന്യജീവി സങ്കേതത്തിനുള്ളിലെ കാടനുഭവങ്ങള്‍ വേറിട്ടതാണ്.

Wayanad Wildlife Sanctuary

പ്രത്യേകിച്ച് കാട്ടാനകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ആവാസ കേന്ദ്രമായതിനാല്‍ കരിവീരന്‍മാരെ അടുത്തു കാണാനുള്ള അവസരം കൂടിയാണിത്.കാട്ടില്‍ യഥേഷ്ടം തീറ്റയുള്ള സമയമായതിനാല്‍ സഞ്ചാരികളെ കാണുമ്പോള്‍ പ്രകോപിതരാകാതെ ഇവയും കാഴ്ചകള്‍ കണ്ടങ്ങിനെ റോഡരികില്‍ തന്നെയങ്ങ് നിലയുറപ്പിക്കും.മുത്തങ്ങയിലെ ദേശീയ പാതയോരത്തും തോല്‍പ്പെട്ടി കുട്ട റോഡിലും ബാവലി മൈസൂര്‍ പാതയോരത്തുമെല്ലാം കാട്ടാനകളും മാനുകളും കാട്ടിയും സൈ്വര്യവിഹാരം നടത്തുന്നത് കാണാം.മഴയുടെ വയനാടന്‍ കാഴ്ചകള്‍… വന സഞ്ചാരത്തിന് നല്ല സമയമായതിനാല്‍ വിദേശ സഞ്ചാരികളും മഴക്കാലത്ത് ധാരാളമായി എത്താറുണ്ട്.

സാഹസികതയുടെ മലയോരങ്ങള്‍

ബ്രഹ്മഗിരിയിലെ ചുവന്ന കാടുകള്‍

മഴ നനഞ്ഞ് മലകയറണമെങ്കില്‍ ചെമ്പ്രയിലേക്ക് പോകാം.മലമുകളിലെ നിറഞ്ഞു തുളുമ്പുന്ന ഹൃദയ തടാകത്തില്‍ ആര്‍ത്തുല്ലസിക്കാം.തെരുവ പുല്ലുകളെ വകഞ്ഞിമാറ്റി വഴുവഴുപ്പുള്ള പാറക്കെട്ടുകളെ തോല്‍പ്പിച്ച് ചെമ്പ്രയുടെ മുകളില്‍ നിന്നും താഴ് വാരത്ത് പെയ്യുന്ന മഴയെ കാണാം.മഴ നനയാന്‍ മനസ്സുള്ളവര്‍ ഇതിനായി ഒരുങ്ങിയെത്തുന്നു. ബാഗ്ലൂരിലും മറ്റുമുള്ള ഐ.ടി പ്രൊഫഷണുകളാണ് ഇതിനായി വരുന്ന സഞ്ചാരികളില്‍ അധികവും.ഏതുകാലത്തും സഞ്ചാരികളെ സ്വീകരിക്കുന്ന കേന്ദ്രമായി ചെമ്പ്രയെ വിശേഷിപ്പിക്കാം.കുറച്ചു കൂടി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ബാണാസുര മലയും പക്ഷിപാതാളവുമുണ്ട്.അതിശക്തമായ ഒഴുക്കുള്ള കാട്ടരുവികളും മഴനിലയ്ക്കാത്ത ചോല വനങ്ങളുമാണ് ബാണാസുര മലയുടെ ആകര്‍ഷണം.കൂറ്റന്‍ പാറക്കെട്ടുകള്‍ ചാടി അലമുറയിടുന്ന കാട്ടരുവികളുടെ കാഴ്ചകള്‍ മാത്രം മതി മനം നിറയ്ക്കാന്‍.

Wayanad

ബ്രഹ്മഗരി മലനിരകളിലെ പക്ഷിപാതാളം മഴപക്ഷികളുടെ കൂടാരമാണ്.ജൂണ്‍ പിന്നിടുന്നതോടെ കാലവര്‍ഷം എത്തുമ്പോള്‍ ഇവ ചിറകടിച്ച് മഴ നനയാന്‍ ഗുഹകളില്‍ നിന്നും പുറത്തെത്തുന്നു.അതുവരെ ശിലാഗുഹകലില്‍ മാത്രം ഇരതേടുന്ന മഴപ്പക്ഷികള്‍ക്ക് മഴ ഒരു ആവേശമാണ്.തിരുനെല്ലിയില്‍ നിന്നും ഈ മലനിരകളിലേക്ക് മഴ നനഞ്ഞ് പോകാം.ഏഴുകിലോ മീറ്ററോളം ദൂരം കാടിന്റെ ഓരം ചേര്‍ന്ന് നടക്കാം. യാത്രയില്‍ വെല്ലുവിളിയായി ഗരുഡന്‍പാറയും ചെങ്കുത്തായ പുല്‍മേടുകളും വനഗഹ്വരതയുടെ തണുപ്പും ആവോളമുണ്ട്. ഏതു സമയവും മുന്നില്‍ വന്നേക്കാവുന്ന വന്യമൃഗങ്ങളുടെ കണ്ണുവെട്ടിച്ച് ഇവിടെയെത്തി തിരിച്ച് പോകുന്നതും ശ്രമകരം.തിരുനെല്ലിയില്‍ കുടിയിരുത്തിയ ആത്മാക്കള്‍ പക്ഷികളുടെ രൂപം പ്രാപിച്ച് ഈ ഗുഹകളില്‍ അഭയം തേടി എന്നാണ് ഐതീഹ്യം.കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്നും കാടിനു മുകളില്‍ ചൊരിയുന്ന മഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി വാച്ച് ടവറും ഇവിടെയുണ്ട്.


മലമുഴക്കി ജീപ്പുകള്‍

Monsoon Tourism Wayanad

മലമുകളില്‍ മഴയെത്തുമ്പോള്‍ മറുനാട്ടില്‍ നിന്നും ജീപ്പുകളും ചുരം കയറി എത്തി. ഓഫ് റോഡ് ജീപ്പ് റേസിങ്ങ് സാഹസികര്‍ക്കെല്ലാം മലമുഴക്കുന്ന വയനാട് വേറൊരു അനുഭവമായി. പശപോലെ ഒട്ടുന്നതും തെന്നിമാറുന്നതുമായ താല്‍ക്കാലിക റോഡുകളിലൂടെ ഇത്തവണയും കുതിച്ചും കുതറിയും പായാന്‍ 150 ജീപ്പുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയത്. സാഹസികതയുടെ മുള്‍മുനയിലേക്ക് മൂക്കുകുത്തിക്കയറിയ എസ്.യു.വി അടക്കമുള്ള വാഹനങ്ങള്‍ രണ്ടാമത് ജീപ്പോട്ട മത്സരത്തിന്റെ അവേശമായി മാറി. 

Monsoon Tourism Wayanad

മഴ മഹോത്സവം സ്പ്ലാഷ് 2017 ന്റെ മുഖ്യ ആകര്‍ഷണമായിരുന്നു ജീപ്പ് ഓഫ് റോഡിങ്ങ്.കുന്നും മലയും കീഴടക്കുന്ന ജീപ്പുകളുടെയും സാഹസികതയെ പ്രണയിക്കുന്ന ജീപ്പോട്ടക്കാരുടെയും.ശ്വസമടക്കി പിടിച്ച് കാഴ്ചകാണുന്നവരുടെയും മാത്രം ലോകം.ആന ചക്രങ്ങളുമായി ചെളിയില്‍ പുരണ്ട് പുറത്തേക്ക് വരുന്ന ജീപ്പുകള്‍ നിരത്തുകള്‍ക്കും പുതമയായി.വൈത്തിരികുന്നകളായിരുന്നു അന്യദേശക്കാരായ സാഹസിക ഡ്രൈവര്‍മാര്‍ക്ക് വെല്ലുവിളി.വടക്കുകിഴക്കന്‍ മലനിരകളില്‍ ഊര്‍ന്നിറങ്ങിയ ജീപ്പുകള്‍ പോലും വയനാടിന്റെ ചുവന്ന മണ്ണില്‍ പലതവണ തെന്നിമാറി.ഒന്നിനു പിറകെ ഒന്നായി പിന്നീടെല്ലാം കുതിച്ചു പാഞ്ഞു.ബൈപ്പാസിന്നരികില്‍ പ്രത്യേകം തയ്യാറാക്കിയ ഓഫ് റോഡില്‍ കൂററന്‍ കുഴികളില്‍ മൂക്കുകുത്തിയും കുതിച്ചുകയറിയും ത്രില്ലടിപ്പിക്കുകയായിരുന്നു ജീപ്പു ക്ലബ്ബിലെ താരങ്ങള്‍.വെറുമൊരു ജീപ്പല്ല.ആഢംബരത്തിന്റെ അവസാനവാക്കാണ് റാലിയിലെ ഓരോ വാഹനവും.വിവിധയിടങ്ങളിലെ പര്യടനത്തിനുശേഷം ചെറിയൊരു ഇടവേള വിശ്രമിച്ചതിനുശേഷം മറ്റു മലനിരകള്‍ തേടി ഇവയെല്ലാം യാത്രയാവുകയാണ്. 

വയല്‍വെള്ളത്തിലെ കാല്‍പ്പന്ത്

Wayanad Monsoon Tourism

പുല്‍മൈതാനങ്ങളില്ല.ഗാലറിയും മറ്റൊന്നുമൊന്നുമില്ല.വിശാലമായ വയലിന്റെ കോണില്‍ തയ്യാറാക്കിയ ചെറിയൊരു കോര്‍ട്ട്.മഴ തുടങ്ങിയാല്‍ ഇവിടെ വിസില്‍ മുഴങ്ങും.ചെളിയില്‍ മുങ്ങിയമര്‍ന്ന മെസ്സിയും നെയ്മറുമെല്ലാമാണ് ഇത്തവണത്തെ താരങ്ങള്‍.മഴയില്‍ കുതിര്‍ന്നൊരു കാല്‍പ്പന്തുകളി.ഇതൊരു കുട്ടിക്കളിയല്ല.മത്സരിക്കുന്നത് ചെളിയിലൂടെ പന്തുരുട്ടാനും ഗോളടിക്കാനും ഡ്രിബ്ലിങ്ങ് നടത്താനുമൊക്കെ കഴിവുള്ള താരങ്ങളാണ്.മഡ് ഫുട്‌ബോളിന്റെ ആവേശം കാണണമെങ്കില്‍ വയനാട്ടിലേക്ക് വരണം.ചാന്തുപോലെ കുഴയുന്ന ചെളിയില്‍ ബൂട്ടില്ലാത്ത കാലുകളുമായി ഗോള്‍ പോസ്റ്റിലേക്ക് പന്തുരുട്ടുന്നത് കാണാന്‍ കാണികളുടെ നിരകളുമുണ്ട്.കഴിഞ്ഞ വര്‍ഷം മുതലാണ് മഡ് ഫുട്‌ബോളിന് വയനാട്ടില്‍ തുടക്കമാവുന്നത്.തോരമഴയെത്തും മഴ നനഞ്ഞ് കാല്‍പ്പന്തു കളിയില്‍ മറ്റൊരു ചരിത്രമെഴുതുകയാണ് വയാനാടിന്റെ താരങ്ങള്‍.

Monsoon Tourism Wayanad
  
വയലില്‍ തീര്‍ത്ത ചളിക്കളത്തില്‍ മാരക്കാനയുടെ ആവേശം വിതറി കളിക്കാര്‍ കാല്‍പ്പന്തുകളിയില്‍ ചടുലതയുടെ വിസ്മയം തീര്‍ത്തു. കൊയ്ത്തു പാട്ടിന്റെ ഈണം മാറാത്ത വയലേലകളില്‍ നൂറു കണക്കിന് കാണികളെ സാക്ഷിയാക്കി നിരവധി ടീമുകള്‍ അങ്കം കുറിച്ചു. ഫൂട്‌ബോള്‍ വീരന്‍മാര്‍ പുല്‍ മൈതാനങ്ങളില്‍ പുറത്തെടുക്കുന്ന പ്രകടനം കണ്ടുശീലിച്ച കാണികള്‍ക്ക് മഡ് ഫുട്‌ബോള്‍ സമ്മാനിച്ചത് പുതിയൊരു അനുഭവമാണ്. ഈ മത്സരത്തിന് സ്വന്തം നാട്ടുകാര്‍ മാത്രമല്ല.വിദേശികളും അണിനിരന്നു.യുറോപ്പില്‍ ഇവയൊന്നും പുതുമയില്ലാത്താതാണെങ്കിലും മഴയുടെ താളത്തില്‍ ഇതൊരു വേറിട്ട അനുഭൂതിയാണെന്നാണ് ഇവര്‍ക്ക് പറയാനുളളത്.

കമ്പളനാട്ടിയുടെ തുടിച്ചെത്തങ്ങള്‍

പൂര്‍വ്വകാല വയനാടിന്റെ കാതുകളില്‍ കമ്പളനാട്ടിയുടെ തുടിയൊച്ചകള്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്.പണിയരുടെ സുഷിരവാദ്യമായ ചീനിവിളിയും തുടിമേളവും ഇടകലരുന്നതോടെ കമ്പളനാട്ടിയെന്ന ചടങ്ങ് തുടങ്ങുകയായി.പെരുമഴയത്ത് പാടത്ത്  നൃത്ത ചുവടുകളോടെ ഞാറുപറിച്ചു നടുന്ന ആഘോഷമാണിത്.നെല്‍കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ ജന്മി തറവാട്ടുകാര്‍ക്കു വേണ്ടി അടിയാള വര്‍ഗ്ഗത്തിന്റെ ചിട്ടപ്പെടുത്തിയ താളമാണിത്.തുടിയൊച്ചകള്‍ മുറുകുമ്പോള്‍ വേഗത്തില്‍ നട്ടുനീങ്ങുന്ന നെല്‍പ്പാടങ്ങള്‍ വൈകുന്നേരത്തോടെ പച്ചപ്പണിയും.പണിയ സമുദായക്കാരാണ് കമ്പളനാട്ടിയുടെ നടത്തിപ്പുകാര്‍.അന്‍പത് പേരോളം അണിനിരക്കുന്ന ഈ പരമ്പരാഗത കാര്‍ഷിക മഴയുത്സവം വയനാടിന് മാത്രം സ്വന്തമാണ്.പണിയരുടെ കുടുംബ അവകാശമായി കമ്പളനാട്ടി ഇന്നും കണക്കാക്കപ്പെടുന്നു.

ഇന്നും പലയിടങ്ങളിലായി അവശേഷിക്കുന്ന വയനാട്ടിലെ നെല്‍പ്പാടത്തിന്റെ കോണുകളില്‍ കമ്പളനാട്ടിയുടെ ഈണങ്ങള്‍ കേള്‍ക്കാം.നൂറുകണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മഴയുടെ ഗോത്ര സംസ്‌കൃതി കാണാന്‍ ചെളി പുരണ്ട പാടത്തിന്റെ വരമ്പില്‍ പുതിയ തലമുറകള്‍ ഒത്തുകൂടാറുണ്ട്.പഴയ കാലത്തിന്റെ ഗരിമയൊന്നുമില്ലെങ്കിലും പണിയകുലത്തില്‍ കമ്പളത്തിന്റെ പൈതൃകം വേരറ്റുപോയിട്ടില്ല.ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകളിലും ഫാം ടൂറിസത്തിലും കമ്പളനാട്ടിക്ക് ഇനിയും പ്രതീക്ഷകളുണ്ട്.വയനാട്ടിലെ പതിനെട്ടോളം കുറിച്യതറവാടുകളില്‍ ഇന്നും പരമ്പരാഗത രീതിയില്‍ നെല്‍കൃഷി നടക്കുന്നുണ്ട്.ഓരോ തറവാടിനും പത്തും പതിനഞ്ചും ഏക്കര്‍ വയലുകളുണ്ട്.കൊരമ്പക്കുടയും നേഞ്ഞിലും കലപ്പയും ഉഴവുകാളകളുമായി രാവിലെ തന്നെ മഴക്കാലത്തിന്റെ തുടക്കത്തില്‍ ഈ പാടങ്ങള്‍ ഉണരുകയായി. ഇറതാണ വലിയ കുറിച്യത്തറവാടിന്റെ വരാന്തയില്‍ നിന്നും പഴയകാല വയനാടിന്റെ കാര്‍ഷിക ശേഷിപ്പുകള്‍ നേരിട്ടറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഗോത്ര ഗ്രാമങ്ങള്‍ സ്വാഗതമരുളും.


മലനിരകളുടെ മഴക്കണ്ണാടി

കഴുത്തിനൊപ്പം മുങ്ങിനില്‍ക്കുന്ന കുന്നുകള്‍.നിറഞ്ഞ വെള്ളിപാത്രങ്ങള്‍ പോലെ അനേകം ദ്വീപുകള്‍.ഇതിനു അഭിമുഖമായി ആകാശ ചുംബിയായ ബാണാസുരന്‍മല.വയനാട്ടില്‍ മഴക്കാലത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വന്നെത്തുന്നത് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ മുകളില്‍ നിന്നുമുള്ള മഴക്കാഴ്ചകള്‍ കാണാനാണ്.പടിഞ്ഞാറന്‍ കാറ്റിനെ തടയുന്ന ഗിരി പര്‍വ്വതത്തില്‍ നിന്നും മഴ അണക്കെട്ടിലേക്ക് ഉതിര്‍ന്നു വീഴും.കാറ്റിന്റെ ഗതിയനുസരിച്ച് വട്ടം ചുറ്റുന്ന വയനാടന്‍ മഴയെ വിദൂരത്ത് നിന്നും ആസ്വദിക്കണമെങ്കില്‍ ഇവിടെ തന്നെ വരണം.

അണക്കെട്ടില്‍ വെള്ളം ഉയരുമ്പോള്‍ ബോട്ടു സവാരി നിര്‍ത്തിവെക്കുമെങ്കിലും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എര്‍ത്ത് ഡാമിന് മുകളിലൂടെ സഞ്ചാരികള്‍ക്ക് സൈ്വര്യമായി നടക്കാം.ശക്തമായ കാറ്റായതിനാല്‍ മഴനനഞ്ഞ് നടക്കുന്നവരെയാണ് ഇവിടെ കാണാന്‍ കഴിയുക.മഴക്കാലത്തും ഒരു ദിവസം പോലും ഒഴിയാതെ നൂറുകണക്കിന് ടൂറിസ്റ്റുകള്‍ ഇവിടെയെത്തി മടങ്ങുന്നു.സഞ്ചാരികളെ സ്വീകരിക്കാന്‍ അണക്കെട്ടിന് ചുറ്റുവട്ടത്ത് ധാരാളം റിസോര്‍ട്ടുകളുമുണ്ട്.

മീന്‍ വളര്‍ത്തുകേന്ദ്രം കൂടിയായതിനാല്‍ ഫിഷിങ് ഒരു വിനോദമാക്കാം.ചൂണ്ടയിട്ടും കൊട്ടത്തോണിയിലും തോരാമഴയിലും മീന്‍ പിടിക്കാന്‍ വേണ്ടിമാത്രവും ഇവിടെ തദ്ദേശീയരും വിനോദ സഞ്ചാരികളുമൊക്കെ എത്താറുണ്ട്.അണക്കെട്ടിന്റെ ചുറ്റുവഴികളിലൂടെ സഞ്ചരിച്ചാല്‍ സ്വഭാവികമായ പ്രകൃതി ദൃശ്യങ്ങളെ തൊട്ടറിയാനും അവസരമുണ്ട്.വൈത്തിരിയില്‍ നിന്നും പടിഞ്ഞാറോട്ട് പതിനഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബാണാസുരസാഗരായി.ടിപ്പുസുല്‍ത്താന്‍ പടയോട്ട കാലത്ത് നിര്‍മ്മിച്ച പഴയ കുതിരപ്പാണ്ടി റോഡാണിത്.വയനാടിന്റെ കളിപ്പൊയ്കയായ പൂക്കോട് തടാകത്തെ തൊട്ടാണ് ഈ പാത കടന്നുപോകുന്നത്.ചുരം ലക്കിടി പൂക്കോട് ബാണാസുരസാഗര്‍ എന്നിവയെ ബന്ധിപ്പിച്ച് മഴക്കാല വിനോദയാത്രകള്‍ തെരഞ്ഞെടുക്കാം.

ചുരത്തിലൂടെ മഴ നനയാം

അവാച്യമായ അനുഭൂതിയാണ് വയനാടന്‍ ചുരത്തിലെ മഴ.തണുത്ത കാറ്റും കോടമഞ്ഞും പുണരുന്ന ലക്കിടിയുടെ വ്യൂപോയിന്റില്‍ നിന്നും താഴെ നാടിന്റെ വിദൂരക്കാഴ്ചകളിലേക്ക് നോക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്.ഒരിക്കലും മതിവരാത്ത കാഴ്ചകളുടെ കവാടമാണ് വയനാടന്‍  ചുരം.പാമ്പിനെ പോലെ ചുറ്റിവരിയുന്ന വഴികളില്‍ കിതച്ചു കയറി വരുന്ന വാഹനങ്ങള്‍.നിത്യഹരിത വനങ്ങളുടെ മങ്ങാത്ത കാഴ്ചകളില്‍ മഴക്കാലം വീണ്ടും പച്ചപ്പ് പുതപ്പിക്കും.രാവിലെ മുതല്‍ സന്ധ്യയാവുന്നതുവരെ വ്യൂപോയിന്റിനരികില്‍ സഞ്ചാരികള്‍ ധാരളമുണ്ട്.ആകാശത്തില്‍ കറുപ്പും വെളുപ്പും കലര്‍ന്ന മേഘങ്ങള്‍ മാറി മാറി ചിത്രങ്ങള്‍ വരച്ചുപോകും.താഴ് വാരത്തെ മുഴുവനും വെള്ള പുതപ്പിക്കുന്ന കോടമഞ്ഞിനെ കാറ്റും തുടച്ചുകൊണ്ട് പോകും.ഇതിനിടയില്‍ പട്ടാപ്പകലും ഇരുള്‍ മൂടുന്ന വഴികള്‍.ഫോഗ് ലൈറ്റും ഹോണും മുഴക്കി നിരനിരയായി ചുരമിറങ്ങുകയാണ് വാഹനങ്ങളും.

അവിസ്മരണീയമാണ് പതിവായി മഴക്കാലത്ത് നടക്കുന്ന വയനാട് ചുരം മഴയാത്ര.വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിന് പ്രകൃതി സ്‌നേഹികള്‍ ഇത്തവണയും ഈ യാത്രയില്‍ പങ്കുകൊണ്ടു.കോഴിക്കോട് വയനാട് ജില്ലകളിലെ കൂട്ടായ്മകളാണ് ഇതിന് നേതൃത്ത്വം നല്‍കുന്നത്.വഴിയോരങ്ങളില്‍ പൂക്കളുടെ വിത്തുകള്‍ വിതറിയും പ്ലാസ്റ്റിക്കുകളും കുപ്പികളും മറ്റും പെറുക്കിയും യാത്ര സംഘങ്ങള്‍ ചുരം വഴികളിലൂടെ നടന്നു നീങ്ങി.മഴയെയും പ്രകൃതിയെയും അടുത്തറിയാനുള്ള ഒരു പഠനയാത്രയാണിത്. ഇനിയും മരിക്കാത്ത പച്ചതുരുത്തുകള്‍.മലമ്പനിയുടെ നാട് പെരുമഴയുടെ പെരുമ്പറകളുടെ കഥകള്‍ അയവിറക്കുന്നു.ഒരു കാലത്ത് തോരാത്ത മഴയില്‍ വിറങ്ങലിച്ചു പോയിരിന്നു ഈ നാട്. മഴയുടെ അളവ് കാലങ്ങളായി കുറഞ്ഞുവരുന്നു.ലക്കിടിയെന്ന കേരളത്തിന്റെ ചിറാപുഞ്ചിക്ക് ഇന്ന് സ്ഥാനം നഷ്ടമായിരിക്കുന്നു.മഴയുടെ മര്‍മ്മരങ്ങള്‍ കുറയുമ്പോഴും വയനാട് പഴയ പ്രതാപങ്ങളെ ഓര്‍മ്മയില്‍ നിറച്ച് ഓരോ മഴക്കാലവും ആഘോഷത്തില്‍ ആറാടിക്കുകയാണ്.