ഏകാഗ്രമായ കാത്തിരിപ്പ്; ചൂണ്ടച്ചരടിലേക്കവര്‍ നോട്ടം കൂര്‍പ്പിക്കുന്നു... അനങ്ങുന്നുണ്ടോ


വി.സി. പ്രദീപ് കുമാര്‍

രാവിലെ 'ചൂണ്ടക്കോലുംകൊണ്ടിറങ്ങിയെന്നു' പറയാന്‍ നാട്ടുകാര്‍ക്ക് ഇപ്പോഴവര്‍ അവസരംകൊടുക്കുന്നില്ല. വെള്ളത്തിന്റെ സ്ഥിതിയും മീനുകളുടെ മനഃശാസ്ത്രംവരെയും പഠിച്ചവരാണവര്‍. ആധുനികസംവിധാനങ്ങളുള്ള യന്ത്രച്ചൂണ്ടകൊണ്ടാണു വേട്ട.

പ്രതീകാത്മക ചിത്രം

''മീനേ, നിന്നോടെനിക്കു സ്‌നേഹവും ബഹുമാനവുമുണ്ട്. പക്ഷേ, സൂര്യനസ്തമിക്കുംമുന്‍പ് നിന്നെ പിടിച്ചു കൊന്നിരിക്കും''

ഏണസ്റ്റ് ഹെമിങ്‌വേയുടെ 'കിഴവനും കടലും' എന്ന നോവലിലെ സാന്റിയാഗോ ഒരു സന്ദര്‍ഭത്തില്‍ ഇങ്ങനെ പറയുന്നുണ്ട്.

നാട്ടിലെ ചെറുപ്പക്കാരായ ചൂണ്ടപ്രേമികളുമിങ്ങനെയാണ്. അവരിലാര്‍ക്കും മീനുകളോടു ശത്രുതയില്ല. എന്നാല്‍ ചെറുപരലുകള്‍ മുതല്‍ അഞ്ചോ പത്തോ ചിലപ്പോള്‍ അതില്‍ക്കൂടുതലോ കിലോഗ്രാം ഭാരമുള്ള മീനുകളെവരെ അവര്‍ വലിച്ചുകയറ്റും. പകലറുതിയോളം അതിനു കാത്തിരുന്നാലും വേണ്ടില്ല. ഹരംപിടിപ്പിക്കുന്ന ഒരേറ്റുമുട്ടലാണത്.

രാവിലെ 'ചൂണ്ടക്കോലുംകൊണ്ടിറങ്ങിയെന്നു' പറയാന്‍ നാട്ടുകാര്‍ക്ക് ഇപ്പോഴവര്‍ അവസരംകൊടുക്കുന്നില്ല. വെള്ളത്തിന്റെ സ്ഥിതിയും മീനുകളുടെ മനഃശാസ്ത്രംവരെയും പഠിച്ചവരാണവര്‍. ആധുനികസംവിധാനങ്ങളുള്ള യന്ത്രച്ചൂണ്ടകൊണ്ടാണു വേട്ട.

ആയിരക്കണക്കിനു രൂപ വിലയുള്ളതാണ് ചൂണ്ടയും അനുബന്ധ ഉപകരണങ്ങളും. കൃത്രിമവും അല്ലാതെയുമുള്ള തീറ്റകള്‍ക്കുമുണ്ട് നല്ല ചെലവ്.

വിനോദവും വരുമാനവും

ചെറുപ്പക്കാരുടെ ഒഴിവുസമയത്തെ വിനോദമെന്നനിലയില്‍നിന്ന് അത്യാവശ്യം വരുമാനംകിട്ടുന്ന മാര്‍ഗമെന്നനിലയിലേക്കുകൂടി ചൂണ്ടയിടല്‍ മാറിയിട്ട് ഏതാനും വര്‍ഷങ്ങളായി. പ്രശസ്തരായ ചില യൂട്യൂബ് വ്‌ളോഗര്‍മാരാണ് ചൂണ്ടയിടലിനിത്ര പ്രചാരം കൊടുത്തത്. ചൂണ്ടയിടലല്ല, ആംഗ്‌ളിങ്, ഫിഷ് ഹണ്ടിങ് എന്നൊക്കെയാണ് അവരതിനെ വിളിക്കാനിഷ്ടപ്പെടുന്നത്. ഏതെങ്കിലുമൊരു പ്രദേശത്തുമാത്രമിരുന്നു മീന്‍ പിടിക്കുകയെന്നതിനെക്കാള്‍ കടലും കായലും ആറും തോടും കുളങ്ങളും പാറമടകളും പാടങ്ങളുമൊക്കെ അവര്‍ വേട്ടയിടങ്ങളാക്കി. വിശേഷങ്ങള്‍ പങ്കുവെക്കാന്‍ വാട്‌സാപ്പ് കൂട്ടായ്മകളായി. പിടിച്ച മീനുകള്‍ നല്ല വിലയ്ക്കു വില്‍ക്കുന്നതുകൂടിയായപ്പോള്‍ മറ്റു ചെറുപ്പക്കാര്‍ക്ക് അടങ്ങിയിരിക്കാന്‍ പറ്റാതായി. അവരും കളത്തിലിറങ്ങി.

ആറ്റുവാളയ്ക്ക് കിലോ 400 രൂപമുതല്‍ മുകളിലേക്കാണു വില. കാര്‍പ്പ് ഇനത്തില്‍പ്പെട്ടവയ്ക്ക് 250 രൂപമുതല്‍ വലുപ്പമനുസരിച്ചു കിട്ടും. വീടുകളില്‍ നേരിട്ടുകൊടുത്താലാണ് മെച്ചം. തട്ടുകളിലോ കടകളിലോ ആയാല്‍ വില കുറഞ്ഞെന്നുവരും.

ചൂണ്ടകളിലെ വൈവിധ്യം

മുളംചില്ലിയും പനങ്കമ്പുമൊക്കെ പഴഞ്ചരക്കാണിപ്പോള്‍. 1,500 രൂപ മുതല്‍ 32,000 രൂപയ്ക്കു മുകളില്‍വരെ വിലയുള്ള ഫിഷിങ് റോഡുകളുണ്ട്. കാര്‍ബണ്‍ഫൈബര്‍ നിര്‍മിതമാണവ. 500 മുതല്‍ 50,000 വരെ രൂപയുള്ള ലോഹറീലുകളും 300 മുതല്‍ 1,000 വരെ രൂപയ്ക്കു മുകളിലുള്ള നൈലോണ്‍ ചരടുകളുമാണ് ഇത്തരം ചൂണ്ടകളിലുപയോഗിക്കുന്നത്. നാടന്‍രീതിയില്‍ തയ്യാറാക്കുന്ന തീറ്റകളും കടകളില്‍നിന്നു വാങ്ങുന്ന കൃത്രിമ ഇരകളുമുണ്ട്. ലൂര്‍ എന്നാണ് കൃത്രിമ ഇരകളറിയപ്പെടുന്നത്. ചെറുമീനുകളുടെയോ തവള, ചെമ്മീന്‍ തുടങ്ങിയവയുടെയോ ഒക്കെ ആകൃതിയുള്ള ചൂണ്ടക്കൊളുത്തുകളാണിവ. ആകര്‍ഷകമായ നിറവും തിളക്കവും ചലനവുമൊക്കെയാണ് വലിയ മീനുകളെ ഇത്തരം കെണിയിലേക്കാകര്‍ഷിക്കുന്നത്. പ്‌ളഗ്, സ്പിന്നര്‍, ഷാഡ്, സ്പൂണ്‍, സോഫ്റ്റ് പ്‌ളാസ്റ്റിക്, ഫ്‌ളൈസ്, ഫ്രോഗ് തുടങ്ങിയവ വിവിധ രീതിയില്‍ ഉപയോഗിക്കുന്ന ലൂറുകളാണ്.

എറിഞ്ഞശേഷം ജലോപരിതലത്തിലൂടെ വലിച്ചെടുക്കുന്നവയാണ് ഫ്‌ളൈസ്, ഫ്രോഗ് തുടങ്ങിയവ. വരാല്‍, വാക തുടങ്ങിയ മീനുകളെ പിടിക്കാനാണ് ഇത്തരം കൊളുത്തുകളുപയോഗിക്കുന്നത്.

എട്ടുകാലിയുടെ മീന്‍വേട്ട

സ്‌പൈഡര്‍ ചൂണ്ട എന്ന ഒരിനമുണ്ട്. ചെറിയ സ്പ്രിങ്ങിന്റെ ഇരുവശത്തും എട്ടോ പതിനാറോ കാര്‍ബണ്‍ചൂണ്ടകള്‍ കൊരുത്തുണ്ടാക്കിയ ഉശിരന്‍ ആയുധമെന്നു പറയാം. മധ്യത്തിലുള്ള സ്പ്രിങ്ങില്‍ തീറ്റ ഉറപ്പിച്ചശേഷം എറിയും. തീറ്റ കൊത്തുന്ന മീനുകള്‍ ഏതെങ്കിലുമൊരു ചൂണ്ടയില്‍ ഉടക്കിയാല്‍ പിന്നീടു രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ മറ്റു കൊളുത്തുകളിലുമുടക്കും. ഊരിപ്പോകാനാകില്ലെന്നു ചുരുക്കം. സ്‌പൈഡര്‍ ചൂണ്ടയില്‍ വാള, കട്‌ള, രോഹു, കുയില്‍, തൂളി (പുല്ലന്‍), മഞ്ഞക്കൂരി തുടങ്ങിയവയാണു കൂടുതലും കിട്ടുന്നത്.

പുഷ്ടി, മൈദ, ബിസ്‌കറ്റ് കൂട്ട്

സ്‌പൈഡര്‍ ചൂണ്ടയിലെ തീറ്റയുണ്ടാക്കാന്‍ അല്പം ചെലവുണ്ട്. മൈദ, പുഷ്ടി കാലിത്തീറ്റ പെല്ലറ്റ്, ബിസ്‌കറ്റ്, എസന്‍സ് (പ്രധാനമായും പൈനാപ്പിള്‍), കോഴിത്തീറ്റ എന്നിവ പുട്ടുപുഴുങ്ങാന്‍ പാകത്തിനു കുതിര്‍ത്ത് സ്പ്രിങ്ങില്‍ നന്നായി അമര്‍ത്തിയുറപ്പിക്കുകയാണു ചെയ്യുക. ചിലര്‍ അല്പംകൂടി ആഡംബരം കാണിക്കും. അവല്‍, ഇറച്ചിത്തുണ്ടുകള്‍, മഞ്ഞനിറം കിട്ടാന്‍ ഫുഡ് കളര്‍ തുടങ്ങിയവയൊക്കെ ചേര്‍ക്കും.

പൊന്‍മീനെക്കാത്ത് പൊന്‍മാനെപ്പോലെ

രാവിലെതന്നെ സര്‍വസന്നാഹങ്ങളുമായി തീരംപിടിക്കുകയാണ് യുവാക്കള്‍. ആലപ്പുഴയില്‍നിന്ന് ബോട്ടില്‍ സി ബ്‌ളോക്കിലും ആര്‍ ബ്‌ളോക്കിലും പുളിങ്കുന്നാറ്റിലുമൊക്കെ ചൂണ്ടയിടാന്‍ പോകുന്നവരേറെയുണ്ട്.

തണ്ണീര്‍മുക്കം ബണ്ടിലും അരൂര്‍ പാലത്തിലും പൂച്ചാക്കലും വേമ്പനാട്ടുകായല്‍ത്തീരത്തും പമ്പയാറ്റിലും അച്ചന്‍കോവിലാറ്റിലുമൊക്കെ ചൂണ്ടകോര്‍ത്ത് അവരിരിക്കുന്നു. ചിലര്‍ക്കു വമ്പനെ മതി. മറ്റുചിലര്‍ക്കു വീട്ടിലെ കറിവെപ്പു കുശാലാക്കണം. ഇനിയുമൊരു കൂട്ടര്‍ക്ക് മീന്‍ കിട്ടിയില്ലെങ്കിലും സങ്കടമില്ല; എന്തെങ്കിലും ഇടയ്‌ക്കൊന്നു കൊത്തിയാല്‍ത്തന്നെ സന്തോഷം. മഴക്കാലത്തു കിഴക്കന്‍വെള്ളം കലങ്ങിക്കുത്തിവന്നു കരകവിയുന്‌പോള്‍ മാത്രമാണ് ആറ്റിലെ ചൂണ്ടക്കാര്‍ക്കു വിശ്രമം.

ഓരോ ചൂണ്ടയേറും പ്രതീക്ഷയുടേതാണ്. ഏകാഗ്രമായ കാത്തിരിപ്പ്. ഭാഗ്യമുണ്ടെങ്കില്‍ വലിയതു തന്നെയടിക്കും. ആ പ്രതീക്ഷയില്‍ ഓളപ്പരപ്പിലെ ചൂണ്ടച്ചരടിലേക്കവര്‍ നോട്ടം കൂര്‍പ്പിക്കുന്നു. അതനങ്ങുന്നുണ്ടോ...

Content Highlights: modern fishing gear rod and reel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented