വീഡിയോ കാണാത്തവര്‍ക്കായി ദൃശ്യവിവരണവും ചിത്രങ്ങളും ചേര്‍ത്തുള്ള ലേഖനം 

 

നെടുമ്പാശേരിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനത്തില്‍ ഞാന്‍ സീറ്റുപിടിക്കുമ്പോള്‍ സമയം വൈകുന്നേരം അഞ്ചര. ഭാര്യക്കും സഹോദരങ്ങള്‍ക്കുമൊപ്പം ദുബായിലെ മറ്റൊരു സഹോദരന്റെ അടുത്തേയ്ക്കാണ് എന്റെ യാത്ര. ആറുപേര്‍ അടങ്ങുന്ന യാത്രാസംഘത്തില്‍ മൂന്നുവയസുകാരി ഗൗരിയുമുണ്ട്. സഹോദരന്റെ മകളാണ് അവള്‍.

Dubai Tour

ഇന്‍ഡിഗോയുടെ എക്കണോമി ക്ലാസിലാണ് ഇരിപ്പിടം. അഞ്ചേമുക്കാലോടെ വിമാനം റണ്‍വേയിലേക്ക് ഇറങ്ങി. അറബിക്കടല്‍ കടക്കാന്‍ വിമാനം ആകാശപ്പാതയിലേക്ക് കുതിച്ചുയര്‍ന്നു...

Dubai Tour

വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന പെരിയാറും പച്ചപുതച്ച പാടങ്ങളും മലയാളനാടിന്റെ ഇതുവരെ കാണാത്ത മനോഹരമായൊരു രൂപം എനിക്ക് കാട്ടിത്തന്നു.

ഈ കാഴ്ചകളെ മറച്ച് പിന്നാലെ മേഘങ്ങളും ഓടിയെത്തി.

Dubai Tour

ആകാശം ഒരു വര്‍ണലോകമാണ്. ഇളംനീല പ്രതലവും അതിനിടയിലൂടെ കടന്നുവരുന്ന സൂര്യപ്രകാശവുമാണ് ആദ്യം കണ്‍മുന്നില്‍ തെളിഞ്ഞത്. പിന്നീട് പല രൂപങ്ങളിലുള്ള മേഘങ്ങള്‍ താഴെയും തെളിഞ്ഞ ആകാശം മുകളിലും. പിന്നീട് അസ്തമയസൂര്യന്റെ മങ്ങിയനിറമായി ആകാശത്തിന്. ഇരുട്ട് വീഴുന്ന വരെ വിമാനത്തിന്റെ ജനാലയിലൂടെ ഞാനീ സുന്ദരമായ ദൃശ്യാനുഭവം ആസ്വദിച്ചു.

വാച്ചില്‍ ഏകദേശം ഒമ്പതുമണിയായപ്പോള്‍ വിമാനയാത്ര അവസാനിക്കാറായി എന്ന അറിയിപ്പ് ലഭിച്ചു. വീണ്ടുമെന്റെ കണ്ണുകള്‍ ജനാലയിലൂടെ പുറത്തേക്ക് നീങ്ങി.

നോക്കെത്താ ദൂരത്ത് വൈദ്യുതവിളക്കുകള്‍ മാലപോലെ വിരിച്ചിരിക്കുന്നു. ദുബായ് നഗരത്തെ ആദ്യമായി കാണുന്ന എനിക്ക് ലഭിച്ച പ്രതീതി ഇതായിരുന്നു.

ഏറെ നേരം ഈ കാഴ്ച തുടര്‍ന്നു. ക്രമേണ വിമാനം വെളിച്ചത്തിലേക്ക് കൂടുതല്‍ അടുത്തുതുടങ്ങി. ഇപ്പോള്‍ വഴികളും അതിലൂടെ പോകുന്ന വാഹനങ്ങളുമെല്ലാം കാണാം.

Dubai Tour

അങ്ങനെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയിലേക്ക് വിമാനം താഴ്ന്നിറങ്ങി.

Dubai Tour

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ആനയും ആടുംപോലുള്ള വ്യത്യാസങ്ങളാണ് കണ്‍മുന്നില്‍ തെളിയുന്നത്. അത്യാധുനിക സംവിധാനങ്ങളെല്ലാം നിറഞ്ഞ ദുബായ് വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ മെട്രോ ട്രെയിന്‍ സര്‍വീസിലൂടെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. വലിപ്പം വിശദീകരിക്കാന്‍ കൂടുതല്‍ ഒന്നും പറയേണ്ടതില്ല എന്ന് കരുതുന്നു. നെടുനീളന്‍ വിമാനത്താവളമായതിനാല്‍ കുറേ നടക്കാനുണ്ട്. പടികയറാന്‍ എസ്‌കലേറ്ററുകള്‍ക്ക് ഒപ്പം നിരപ്പുള്ള സ്ഥലങ്ങളില്‍ ട്രാവലേറ്ററുകളും പ്രവര്‍ത്തിക്കുന്നു. മാര്‍ഗനിര്‍ദേശത്തിന് ജീവനക്കാര്‍ എല്ലായിടത്തുമുണ്ട്.

മെട്രോ ട്രെയിനിലാണ് യാത്രികരെ ലഗേജ് വിഭാഗത്തിലേക്ക് എത്തിക്കുന്നത്. ട്രെയിനില്‍ നിന്ന് ഇറങ്ങിയുടനെ ആളുകള്‍ ഓടുന്നതുകണ്ടപ്പോള്‍ എന്താണ് കാര്യമെന്ന് ആദ്യം മനസിലായില്ല. എന്നാല്‍ എമിഗ്രേഷന്‍ കൗണ്ടറിലേക്കുള്ള നീണ്ടനിര കണ്ടപ്പോള്‍ ഈ ഓട്ടത്തിനു പിന്നിലെ കാര്യം വ്യക്തമായി.

എമിഗ്രേഷനില്‍ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുകയാണ്. എന്റെ രേഖകള്‍ പരിശോധിച്ച അറബ് ഉദ്യോഗസ്ഥ വലിയ ഗൗരവക്കാരിയായിരുന്നു. രേഖകള്‍ പരിശോധിച്ചതിനൊപ്പം കണ്ണുകള്‍ സ്‌കാന്‍ ചെയ്തശേഷം അവര്‍ എനിക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കി. ഞാന്‍ താങ്ക്യു എന്നൊക്കെ പറഞ്ഞിട്ടും അവര്‍ കേട്ടതായി പോലും ഭാവിച്ചില്ല.  

Dubai Tour

കുറേ ചുറ്റിത്തിരിഞ്ഞെങ്കിലും അവസാനം വിമാനത്താവളത്തിന്റെ പുറത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അധികം താമസിയാതെ സഹോദരന്‍ കാറുമായി എത്തിച്ചേര്‍ന്നു.

ഗറൂദ് എന്ന സ്ഥലത്താണ് ദുബായ് അന്താരാഷ്ട്രവിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ജനുവരി മാസമായതിനാല്‍ നല്ല തണുപ്പാണ്. ഫ്‌ളൈ ഓവറുകളും തുരങ്കപാതയുമെല്ലാം കടന്ന് ഞങ്ങളുടെ കാര്‍ പായുകയാണ്. നിരത്തില്‍ ധാരാളം വാഹനങ്ങളുണ്ടെങ്കിലും ഗതാഗതക്കുരുക്ക് എവിടെയുമില്ല. ഇരുവശങ്ങളിലും വര്‍ണശബളമായ കാഴ്ചകള്‍.

Dubai Tour

ഏകദേശം 15 കിലോമീറ്റര്‍ യാത്ര ചെയ്ത് ഞാന്‍ താമസസ്ഥലത്തെത്തി. ഷാര്‍ജ അതിര്‍ത്തിയിലെ അല്‍ നദയില്‍ 45 നിലയുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ 32-ാം നിലയിലാണ് ഇനിയുള്ള എന്റെ ദുബായ് രാവുകള്‍...   

തുടരും...

ദുബായ് നഗരത്തിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായ ഡോള്‍ഫിനേറിയമാണ് അടുത്ത എപ്പിസോഡില്‍...