'എല്ലാം ദൈവകൃപ', തന്റെ വലിയ കുടുംബത്തെ പറ്റി അന്ന് സിയോണ ചന പറഞ്ഞത്


ബിജു രാഘവന്‍

മിസോറാമിലേക്കുള്ള സഞ്ചാരികള്‍ക്ക് എന്നും കൗതുകം നല്‍കിയിരുന്ന ആ കുടുംബനാഥന്‍ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു, തന്റെ എഴുപത്താറാം വയസ്സില്‍.

സിയോണ ചന തന്റെ കുടുംബാംഗങ്ങൾക്കൊപ്പം

രു ഭര്‍ത്താവ്. അയാള്‍ക്ക് 39 ഭാര്യമാര്‍. 94 മക്കള്‍. നാല്‍പ്പത് പേരക്കുട്ടികള്‍. എല്ലാവരും ചേര്‍ന്ന് ഒറ്റ വീട്ടില്‍ താമസം. വീട്ടിലാകെയുള്ളത് 186 പേര്‍. കണക്ക് പുസ്തകത്തില്‍ ലോകത്തെ ഏറ്റവും വലിയ കുടുംബം എന്ന പേരും പെരുമയും. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍നിന്ന് സെര്‍ച്ചിപ്പ് ജില്ലയിലേക്ക് യാത്ര പുറപ്പെട്ടപ്പോള്‍ ഓര്‍ത്തത് സിയോണ ചനയെന്ന ആ ഗൃഹനാഥനെയാണ്. ലോകത്ത് ഏറ്റവുമധികം ഭാര്യമാരുള്ള മനുഷ്യന്‍. ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍. മിസോറാമിലേക്കുള്ള സഞ്ചാരികള്‍ക്ക് എന്ന് കൗതുകം നല്‍കിയിരുന്ന ആ കുടുംബനാഥന്‍ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു, തന്റെ എഴുപത്താറാം വയസ്സില്‍.

മിസോറാമിലെ സിയോണ ചനയുടെ വീട്ടിലേക്ക് കുറച്ചുനാള്‍ മുമ്പ്​ നടത്തിയ ഒരു യാത്രാ അനുഭവം

വളഞ്ഞുപുളഞ്ഞ റോഡുകള്‍ ചില കവലകളിലെത്തി വഴിമുട്ടിയപ്പോള്‍ അരികില്‍ കാണുന്നവരോട് സിയോണയുടെ വീട്ടിലേക്ക് വഴി ചോദിച്ചു. കേട്ടവരെല്ലാം മറുപടി പറയുംമുന്നേ ആ പേര് കേട്ട് ചിരിക്കാന്‍ തുടങ്ങി. ഇത്രയധികം വിവാഹം കഴിച്ച മനുഷ്യനോടുള്ള പരിഹാസമോ ബഹുമാനമോ അതെന്ന് വേര്‍തിരിച്ചെടുക്കാന്‍ പറ്റാത്ത ചിരി.

Ziona Chana
സിയോണ ചന

മുകളില്‍ ഉഷ്ണരാശി പടര്‍ന്ന മാനം. താഴെ മഞ്ഞനിറം തൂകിയ കുന്നുകള്‍. വണ്ടി കുന്നിന്‍മുകളിലൂടെയും താഴ്വാരങ്ങളിലൂടെയും ഓടിക്കൊണ്ടിരുന്നു. ഇടതൂര്‍ന്ന കാടുകള്‍ പിന്നിടുമ്പോള്‍ ഇടയ്ക്ക് മാത്രം തെളിയുന്ന ജനപഥങ്ങള്‍. മിസോറാ മിന്റെ ഗ്രാമപ്രകൃതിക്ക് എല്ലായിടത്തും ഒരേ ഛായയാണ്.

ബക്താങ് ഗ്രാമത്തിലാണ് സിയോണയുടെ വീട്. അയാളും ഭാര്യമാരും മക്കളും പേരമക്കളും സസുഖം വാഴുന്ന ഗൃഹം. ഐസ്വാളില്‍നിന്ന് നൂറുകിലോമീറ്റര്‍ ദൂരമുണ്ട് ബക്താങ്ങിലേക്ക്. മിസോറാമിലെ റോഡിലൂടെ ഇത്രയും ദൂരം യാത്ര ചെയ്യാന്‍ മൂന്നുമണിക്കൂറിലധികമെടുക്കും.

ഒടുവില്‍ ചോദിച്ച് ചോദിച്ച് ബക്താങ് എന്ന പേരുള്ള കവലയിലെത്തി. സിയോണ എന്ന് കേട്ടതും കൂട്ടച്ചിരി മുഴക്കി രണ്ട് പയ്യന്‍മാര്‍ മുന്നോട്ട് വിരല്‍ചൂണ്ടി. മല മടക്കിലൂടെ വീണ്ടും മുന്നോട്ട് ചെന്നപ്പോള്‍ വലിയൊരു കവാടത്തിന് മുന്നില്‍ വഴി മുട്ടി. ഒരു തെരുവിന്റെ വാതില്‍. മുന്നില്‍ പച്ചച്ചായമടിച്ച് പരന്നുകിടക്കുന്ന ഇരുനില കെട്ടിടം. ഒറ്റനോട്ടത്തില്‍ അതൊരു ലേഡീസ് ഹോസ്റ്റല്‍ പോലെ തോന്നിച്ചു. മുന്നിലെ കൈവരികളിലെല്ലാം സ്ത്രീകളുടെ വസ്ത്രം അലക്കിയിട്ടിരിക്കുന്നു. ഇതുതന്നെ സിയോണയുടെ വീട്. തൊട്ടരികില്‍ വലിയൊരു പള്ളി. മുന്നില്‍ ചെറിയൊരു പലചരക്ക് കടയും മെഡിക്കല്‍ ഷോപ്പും. എല്ലാം ഈ കുടുംബവക.

വലിയൊരു ഹാളിലേക്കാണ് വീടിന്റെ വാതില്‍ തുറക്കുന്നത്. കുറെ സ്ത്രീകള്‍ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. അവരുടെ നാഥനെവിടെ? ഈ വീടിനെ അടക്കി ഭരിക്കുന്ന പുരുഷകേസരി. അന്വേഷിച്ചപ്പോള്‍ ഭാര്യയെന്ന് തോന്നിച്ച ഒരു സ്ത്രീ രംഗത്ത് പ്രത്യക്ഷപ്പെട്ടു. ''അദ്ദേഹം ഉച്ചയ്‌ക്കേ വരൂ. കാട്ടില്‍ പോയതാണ്.'' അവര്‍ അകത്തേക്ക് കയറിയിരിക്കാന്‍ പറഞ്ഞു. ഹാളിന്റെ ഒരു വശത്ത് അടുക്കളയാണ്. ചില സ്ത്രീകള്‍ പുറത്ത് കെട്ടിയ പുതപ്പില്‍ സസുഖം ചുരുണ്ടുറങ്ങുന്ന കുഞ്ഞുങ്ങളെയും കൊണ്ട് മുന്നിലൂടെ നടന്നുപോയി. ഹാളിന്റെ അരികിലിരുന്ന് കുറെ കുട്ടികള്‍ പഠിക്കുന്നു. നിരത്തിയിട്ട, താഴെ ഇരുന്നാല്‍ മുട്ട് നിലത്ത് മുട്ടുന്ന മരക്കസേരകള്‍. ചതുരത്തില്‍ നിരത്തിവെച്ച അവയുടെ നടുവില്‍ സിംഹാസനം പോലെ രാജമുദ്രകള്‍ പതിച്ചൊരു ഇരിപ്പിടം. ഇത് സിയോണയുടെ കസേര തന്നെ. തൊട്ടരികിലുള്ള മരക്കസേരയില്‍ ഞങ്ങള്‍ അയാളെയും കാത്ത് ഇരിപ്പുറപ്പിച്ചു.

അധികം വൈകാതെ തണുത്ത സ്‌ക്വാഷുമായി ഒരു സ്ത്രീ കടന്നുവന്നു. മുഖത്തെ മാസ്‌ക് നീക്കി പുഞ്ചിരിയോടെ അവര്‍ പാനീയം നീട്ടി. ചോദിച്ചപ്പോള്‍ സിയോണയുടെ ഭാര്യമാരിലൊരാള്‍,പേര് ലാല്‍ നിങ് ചുവാന്‍. എത്രാമത്തെ ഭാര്യയാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തി. കുടുംബത്തിന്റെ ചരിത്രം ചോദിച്ചപ്പോള്‍ മുന്‍കൂട്ടി കരുതിവെച്ച മറുപടി തന്നു. ''എല്ലാം പറയണമെങ്കില്‍ അദ്ദേഹത്തിന്റെ സമ്മതം വേണം. അദ്ദേഹമറിയാതെ ഒന്നും ചെയ്യാന്‍ പറ്റില്ല...''അവര്‍ ബഹുമാനത്തോടെ ഭര്‍ത്താവിനെ കാതോര്‍ക്കുന്ന ഭാര്യയായി. പക്ഷേ അല്‍പ്പനേരം സംസാരിച്ചപ്പോഴേക്കും അവര്‍ പ്രതിജ്ഞ മറന്നു. ''ഒരാളെ മാത്രമാണ് അദ്ദേഹം പള്ളിയില്‍ വെച്ച് വിവാഹം ചെയ്തത്. ബാക്കിയുള്ളവരെല്ലാം, ഞാനുള്‍പ്പെടെ അദ്ദേഹത്തിന്റെ അടുക്കലേക്ക് വരികയായിരുന്നു.''അവര്‍ സ്വന്തം കഥ വെളിപ്പെടുത്തി. എങ്ങനെയാണ് നിങ്ങളെല്ലാം സിയോണയെ കണ്ടുമുട്ടിയത്?. എന്താണ് ഇങ്ങനെയൊരു മനുഷ്യനില്‍ ആകൃഷ്ടനാവാന്‍ കാരണം?

'കണ്ടുമുട്ടി, അത്രമാത്രം...'അവര്‍ വേറൊന്നും പറയാതെ ചിരിച്ചുകൊണ്ടിരുന്നു. ആ കാഴ്ചകളുടെ രഹസ്യം പറയില്ലെന്ന മട്ടില്‍ അവര്‍ അകലേക്ക് നോക്കി നിന്നു. അദ്ദേഹത്തിന്റെ ഭാര്യയായി കഴിയുന്നത് വലിയൊരു പദവിയായിട്ടാണ് ഈ വീട്ടിലെ മുഴുവന്‍ സ്ത്രീകളും കരുതുന്നത്. ആശ്രയമറ്റ സ്ത്രീകളാണ് ഇദ്ദേഹത്തിന്റെ ഭാര്യാപദം തേടി എങ്ങുനിന്നോ ഇവിടേക്ക് കയറിവരുന്നത്. ''അവരുടെ സൗന്ദര്യമോ നിറമോ ബുദ്ധിയോ ഒന്നും നോക്കാതെ അദ്ദേഹം എല്ലാവരെയും സ്വീകരിക്കും.''കിട്ടിയ തക്കത്തിന് ലാല്‍ നിങ് ചുവാന്‍ ഭര്‍ത്താവിനെ ഒന്ന് പുകഴ്ത്തി.

Ziona Chana
സിയോണയുടെ വീട്

സെതിയാങ്ങിയെന്ന യുവതിയെയാണ് സിയോണ ആദ്യം ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. ആദ്യ ഭാര്യയ്ക്ക് ഇപ്പോള്‍ എണ്‍പത് വയസ്സ്. സിയോണയ്ക്ക് എഴുപത്തിയാറും. 2000 ത്തിലായിരുന്നു സിയോണയുടെ ഒടുവിലത്തെ വിവാഹം. ആ ഭാര്യക്ക് ഇപ്പോള്‍ വയസ്സ് 47. ഏറ്റവും ഒടുവിലത്തെ ഭാര്യയുടെ മകള്‍ ഇപ്പോള്‍ വിവാഹപ്രായമെത്തി നില്‍ക്കുന്നു. മക്കളില്‍ പലരുടെയും വിവാഹം കഴിഞ്ഞു. അവരുടെ മക്കള്‍ വളര്‍ന്നുവലുതാവുന്നു. വീട്ടിലേക്ക് മരുമക്കളായി എത്തുന്നവര്‍ വേറെയും. ഓരോ ദിവസവും കുടുംബം വലുതായിക്കൊണ്ടിരിക്കുന്നു.

ആദ്യത്തെ ഭാര്യ സെതിയാങ്ങിയെ അന്വേഷിച്ചപ്പോള്‍ ചെറിയ ആരോഗ്യപ്രശ്‌നങ്ങളൊക്കെയായി ഉറക്കത്തിലാണെന്ന് പറഞ്ഞു ലല്‍ നിങ് ചുവാന്‍. കൈയിലെ മൊബൈലില്‍ ഇരുന്ന സെതിയാങ്ങിയുടെ ഫോട്ടോ ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടി. കുലീനമായൊരു ചിരി അതില്‍ തെളിഞ്ഞുകാണാം. ഞങ്ങള്‍ സിയോണ ചന വരാനുള്ള കാത്തിരിപ്പ് തുടര്‍ന്നു.

വിശാലമായ ഹാളും അടുക്കളയും കഴിഞ്ഞാല്‍ കിടപ്പ് മുറികളാണ്. ഈ നിലയിലാണ് സിയോണയുടെ വിശാലമായ കിടപ്പുമുറി. അടുത്തുള്ള മുറികളിലെ താമസക്കാര്‍ പ്രായം കുറഞ്ഞ ഭാര്യമാരും. പ്രായം കൂടിയ ഭാര്യമാര്‍ അധികവും ഡോര്‍മിറ്ററിയിലാണ് കഴിയുന്നത്. ഭര്‍ത്താവിന്റെ കൂടെ കഴിയാന്‍ ഓരോരുത്തര്‍ക്കും ഓരോ ഊഴമുണ്ട്. അടുക്കളപ്പണിയും കൃഷിപ്പണിയുമെല്ലാം പ്രായംകുറഞ്ഞ ഭാര്യമാരുടെ ഉത്തരവാദിത്വമാണ്.

Ziona Chana
അടുക്കളയില്‍ ഭക്ഷണമൊരുങ്ങുന്നു

കൃഷിയും ഫര്‍ണീച്ചര്‍ നിര്‍മാണവുമാണ് കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗം. ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റാണ് വീടിന്റെ ഭൂഗര്‍ഭനിലയിലുള്ളത്. സ്ത്രീകളും ഫര്‍ണീച്ചറുണ്ടാക്കുന്നതില്‍ വ്യാപൃതരാണ്. കന്നുകാലി വളര്‍ത്തലും പന്നിഫാം നടത്തലുമെല്ലാം വീട്ടിലേക്ക് ആവശ്യമുള്ള ഇറച്ചിക്കും പാലിനുമാണ്. എല്ലാവരും ജോലി ചെയ്യുന്നു. അതിന്റെ ആനന്ദം പങ്കിട്ടെടുക്കുന്നു. എങ്ങുനിന്നോ വന്നവര്‍ പരസ്പരം സ്‌നേഹത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന ഒരിടം. എന്താവും ഈ ഒത്തൊരുമയുടെ രഹസ്യം. ഒരു വീട്ടില്‍, ഒരു അമ്മയുടെ വയറ്റില്‍ പിറന്നവര്‍ക്കുപോലും യോജിപ്പ് കണ്ടെത്താന്‍ പറ്റാത്ത ലോകത്ത് ഈ ഒരുമയുടെ രഹസ്യം അറിയേണ്ടതുതന്നെ.

''ഞങ്ങളെല്ലാം സ്‌നേഹത്തോടെ കഴിഞ്ഞങ്ങ് പോവുന്നു. ആര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. യോജിപ്പ് മാത്രം.'' പേരുപറയാന്‍ മടിച്ച ഒരു ഭാര്യ ഈ കാര്യത്തിലും മറ സൂക്ഷിച്ചു. വീട്ടില്‍ ഓരോ ദിവസവും ഓരോരുത്തരും ചെയ്യേണ്ട ജോലികള്‍ നിര്‍ണയിക്കുന്നത് സിയോണ തന്നെയാണ്. കടുത്ത ചിട്ടകളുണ്ട്. എല്ലാവരും പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേല്‍ക്കണം. കുട്ടികള്‍ പഠിക്കാന്‍ ഇരിക്കണം. ബാക്കിയുള്ളവര്‍ കൃഷിപ്പണിക്ക് പോവും. ജോലിക്ക് പോയവരെല്ലാം ഒമ്പത് മണിക്ക് തിരിച്ചെത്തും. പ്രാതല്‍ കഴിഞ്ഞ് വീണ്ടും ജോലിയിലേക്ക്. ഉച്ച കഴിയുമ്പോഴേക്കും എല്ലാവരും മടങ്ങിയെത്തും. അവര്‍ക്കിടയില്‍ രാജാവിനെപ്പോലെ സിയോണയും എഴുന്നള്ളും. അതിനുശേഷം കുളി കഴിഞ്ഞ് സിയോണ ഉറങ്ങും. പിന്നെ എഴുന്നേല്‍ക്കുന്നത് വൈകുന്നേരം അഞ്ചരയ്ക്കാണ്. സിയോണ വന്നാല്‍ വീട്ടിലെ അംഗങ്ങളെല്ലാം ഹാളില്‍ വട്ടമിട്ടിരുന്ന് ചോറുണ്ണും. രാത്രി എട്ടുമണിക്ക് സിയോണ ഉറങ്ങും. ഒമ്പത് മണിയാവുമ്പോള്‍ വീട്ടിലെ വെളിച്ചമണയും. അതിനുശേഷം ആരും പുറത്തോട്ട് പോവില്ല, ആരും അകത്തും കേറില്ല.

സിയോണയുടെ 39 ഭാര്യമാരില്‍ രണ്ടുപേര്‍ ജീവിച്ചിരിപ്പില്ല. ബാക്കിയെല്ലാവരും തികഞ്ഞ ആരോഗ്യത്തോടെ വീട് ഭരിക്കുന്നു. അപ്പോഴേക്കും ആദ്യത്തെ ഭാര്യ സെതിയാങ്ങി ഉറക്കച്ചടവോടെ എഴുന്നേറ്റ് വന്നു. ഇവര്‍ക്ക് ഏഴുമക്കളുണ്ട്. ''ഞങ്ങളിങ്ങനെ കഴിയുന്നതില്‍ പ്രത്യേകിച്ച് രഹസ്യമൊന്നുമില്ല. എല്ലാവരും സ്‌നേഹത്തോടെ ഇടപഴകുന്നു.''അവരും ആദ്യം കണ്ട പത്താമത്തെ ഭാര്യയുടെ മൊഴികള്‍ തന്നെ ഉരിയാടി. അപ്പോഴേക്കും അടുക്കളയില്‍നിന്ന് മിസോ വിഭവങ്ങളുടെ മണം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. അടുക്കളയിലേക്ക് ഓരോ ദിവസവും ആവശ്യമായ സാധനങ്ങളുടെ കണക്കുകള്‍ കേട്ട് ചെറുതായൊന്ന് ഞെട്ടി.''ഒരു നേരത്തെ ഭക്ഷണത്തിന് അമ്പത് കിലോ അരി വേണം, രണ്ടുനേരമായി ദിവസം നൂറ് കിലോ. ഇരുപത്തിയഞ്ച് കിലോ പരിപ്പ്, മുപ്പത് കിലോ ഉരുളക്കിഴങ്ങ്. നാല്പത്തഞ്ച് കിലോ ഇറച്ചി.''സിയോണയുടെ കൂട്ടുകാരനെന്ന് പരിചയപ്പെടുത്തി കയറി വന്ന ഒരാള്‍ ആ കണക്കെടുത്ത് നിരത്തി. തന്റെ സുഹൃത്ത് എത്രമാത്രം കഷ്ടപ്പെട്ടാണ് ഈ വീട് നോക്കുന്നതെന്ന് മൂപ്പര്‍ ഞങ്ങളെ ബോധ്യപ്പെടുത്തുകയാണ്. അപ്പോഴേക്കും അകലെ നിന്ന് ഏതോ വണ്ടികള്‍ വരുന്നതിന്റെ മുരള്‍ച്ച കേട്ടു. ആരാവും ഈ ആവാസഭൂമിയിലേക്ക് കയറി വരുന്നത്. ഞങ്ങള്‍ ആകാംക്ഷയോടെ പുറത്തേക്ക് നോക്കി.

സുരേഷ് ഗോപി സിനിമകളില്‍ കാണുന്ന പോലെ പൊടി പറത്തി രണ്ട് പിക്കപ്പ് വണ്ടികള്‍ മുറ്റത്ത് വന്നുനിരന്നു. വണ്ടികളുടെ പുറത്ത് നിറയെ സ്ത്രീകള്‍. കൈയില്‍ മണ്‍വെട്ടിയും കൊട്ടയും കോരിയുമായി അവര്‍ പുറത്തേക്ക് ചാടി. മുന്നിലെ വണ്ടിയില്‍ നിന്ന് ഒരു ഷൂവിട്ട കാല്‍ താഴേക്ക് വെക്കുന്നതിന്റെ ക്ലോസപ്പ് ദൃശ്യം. ആജാനുബാഹുവായ ഒരാള്‍ പുറത്തേക്ക് ഇറങ്ങി മൂരിനിവര്‍ത്തി. തികഞ്ഞ ആരോഗ്യവാന്‍. കൈകള്‍ ആയാസത്തോടെ വീശി, തെല്ല് ഗൗരവത്തോടെ അയാള്‍ അകത്തേക്ക് നടന്നു. അനുസരണയുള്ള കുഞ്ഞാടുകളായി സ്ത്രീകളും. അപ്പോഴേക്കും വീട്ടിനകത്തെ കളിചിരി ശബ്ദം തെല്ല് കുറഞ്ഞു. അതിഥികളെ കണ്ടപ്പോള്‍ അദ്ദേഹമൊന്ന് നിന്നു. നേരത്തെ വന്ന സുഹൃത്ത് ഞങ്ങളെ സിയോണയ്ക്ക് പരിചയപ്പെടുത്തി. മൂപ്പര്‍ മുരടനക്കി.

Ziona Chana
ഭാര്യമാരും മക്കളും

''അധികം സംസാരിക്കാന്‍ വയ്യ. ജോലി കഴിഞ്ഞ് ക്ഷീണിച്ചു. പോയിട്ട് ഒന്ന് കുളിച്ച് കിടക്കണം.''സിയോണ മുന്‍കൂര്‍ ജാമ്യമെടുക്കുന്ന പോലെ ചിരിച്ചു. ഇത്രയധികം ഭാര്യമാരെ എങ്ങനെ ഒരുപോലെ സ്‌നേഹിക്കുന്നു ? കേട്ടപാതി മറുപടി വന്നു.'എല്ലാം ദൈവത്തിന്റെ കൃപ' സിയോണ തിരക്ക് കൂട്ടി അകത്തേക്ക് മാഞ്ഞു. ഭയഭക്തി ബഹുമാനത്തോടെ സുഹൃത്ത് അയാളെ കൈവീശി യാത്രയാക്കി. അതുകഴിഞ്ഞ് പൊടുന്നനെ സിയോണയുടെ സുഹൃത്തിന്റെ ചോദ്യം.'എങ്ങനെയുണ്ട് എന്റെ കൂട്ടുകാരനെ കാണാന്‍. പ്രായം തോന്നുന്നുണ്ടോ?' നല്ല ആരോഗ്യവാന്‍. ഞങ്ങളുടെ മറുപടി കേട്ട് അയാള്‍ സന്തുഷ്ടനായി. പിന്നാലെ സിയോണയുടെ ആരോഗ്യരഹസ്യങ്ങള്‍ വിവരിച്ചു.

'പുള്ളി പഴയ ഫുട്ബോള്‍ കളിക്കാരനാണ്. ഇപ്പോഴും കളിക്കാറുണ്ട്. അതൊരു ഹരമാണ്.'' കാര്യമായ വിദ്യാഭ്യാസമൊന്നും നേടാന്‍ സിയോണയ്ക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ ആ കുറവ് നികത്താന്‍ മക്കളെയും പേരക്കുട്ടികളെയുമെല്ലാം പഠിപ്പിക്കാന്‍ സ്വന്തമായൊരു സ്‌കൂള്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. അവിടെ പന്ത്രണ്ടാം ക്ലാസ് വരെയുണ്ട്. അധ്യാപകരും അനധ്യാപകരുമായി 26 പേര്‍ ജോലി ചെയ്യുന്നു. അഞ്ച് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കും. ആ അഞ്ചുപേരും തങ്ങള്‍ക്ക് കിട്ടുന്ന ശമ്പളം മറ്റുള്ളവര്‍ക്കും കൂടെ വീതിച്ച് നല്‍കുന്നു. മനുഷ്യരുടെ എത്ര സൗന്ദര്യമുള്ള മുഖങ്ങള്‍.

ഗ്രാമത്തില്‍ സിയോണ ഉണ്ടാക്കിയ മൈതാനവും സ്റ്റേഡിയവുമുണ്ട്. സുഹൃത്ത് അവിടേക്ക് ഞങ്ങളെ ക്ഷണിച്ചു. കുന്നിന്‍മുകളിലെ സ്റ്റേഡിയത്തില്‍ കുറേ കുട്ടികള്‍ കളിക്കുന്നത് കാണാം. ഇവിടെ ഫുട്ബോള്‍, ടെന്നീസ് ടൂര്‍ണമെന്റുകള്‍ നടക്കാറുണ്ടെന്ന് അയാള്‍ അഭിമാനംകൊണ്ടു. മൊത്തം 350 വീടുകളുള്ള ഗ്രാമത്തിനുള്ളിലാണ് സിയോണയുടെ വീടും സ്ഥലവും. ഗ്രാമത്തിലേക്ക് വേണ്ട കുടിവെള്ളപദ്ധതിയും പാര്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊക്കെ ഒരുക്കിയത് സിയോണ തന്നെയാണ്. എല്ലാത്തിലും അയാളുടെ കൈപ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്കിടയില്‍ സിയോണയ്‌ക്കൊരു ദൈവിക പരിവേഷമുണ്ട്. പുറം ലോകം പറഞ്ഞുചിരിക്കുകയും കളിയാക്കുകയും ചെയ്യുന്ന ഒരാള്‍ ആണെങ്കിലും!.

വീട്ടിലെ എല്ലാവരും ഒരുമിച്ചൊരു ഫോട്ടോ? ഞങ്ങളുടെ ഫോട്ടോഗ്രാഫര്‍ തന്റെ ആഗ്രഹം സിയോണയുടെ ഭാര്യമാരിലൊരാളെ അറിയിച്ചു. പക്ഷേ അവരുടെ മറുപടിയില്‍ ആ സ്വപ്നം തവിടുപൊടിയായിപ്പോയി. ''ഈ വീട്ടിലെ എല്ലാവരും ഒരിക്കലും ഒരുമിച്ച് ഉണ്ടാവാറില്ല. ചിലര്‍ ജോലിയുമായി പുറത്താവും. ചിലര്‍ എവിടെയെങ്കിലും പോയിട്ടുണ്ടാവും. 186 പേരെയും ഒരുമിച്ച് കിട്ടാന്‍ പാടാണ്.'' അപ്പോള്‍ ഗൂഗിളില്‍ കാണുന്ന ഫോട്ടോ ഓര്‍മ വന്നു. ഈ കുടുംബത്തിന്റേതായി പരതി നോക്കിയാല്‍ ലോകത്തിന്റെ കണ്ണില്‍ പതിയുന്ന ആ ചിത്രം. മുന്നില്‍ കറുത്ത കോട്ടൊക്കെയിട്ട് നല്ല സ്റ്റൈലില്‍ സിയോണ. പിന്നില്‍ നിരന്നുനില്‍ക്കുന്ന മക്കളും ഭാര്യമാരും.

''അങ്ങനെയൊരു ഫോട്ടോ എടുക്കാന്‍ വേണ്ടി ആ ഫോട്ടോഗ്രാഫര്‍ മൂന്ന് ദിവസമാണ് ഇവിടെ താമസിച്ചത്. അത്രയും ക്ഷമിച്ച് കാത്തിരുന്നപ്പോഴാണ് അയാള്‍ക്ക് ഞങ്ങളെയെല്ലാം കൂടെ ഒത്തുകിട്ടിയത്''എന്താ അതുപോലെ ഒരു കൈ നോക്കുന്നോ എന്ന മട്ടില്‍ സിയോണയുടെ ഭാര്യ ഞങ്ങളെ ഉറ്റുനോക്കി. ഞങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മടക്കയാത്രയ്ക്ക് ഒരുങ്ങി.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Mizoram man, who headed world’s largest family with 39 wives and 94 children, passes away at 76


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome

1 min

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉള്‍ക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

Jan 31, 2023

Most Commented