മിത്രാനന്ദപുരം ക്ഷേത്രത്തിന്റെ ആകാശദൃശ്യം | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
ഇതെന്താണ്. കാവിലെ ഭഗ വതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ? ചെമ്പട്ടുടുത്തിറങ്ങിവന്ന ഉണ്ണിമായയോട് ജഗന്നാഥൻ ചോദിച്ചത് ഈ ക്ഷേത്രപ ടിക്കെട്ടിലാണ്. മോഹൻലാലിന്റെ ജഗന്നാഥനും മഞ്ജുവാര്യരുടെ ഉണ്ണിമായയും നിറഞ്ഞാടിയ ആറാം തമ്പുരാൻ ചിത്രീകരിച്ച ചെറുതുരുത്തി മിത്രാനന്ദപുരം ക്ഷേത്രമാണ് ഈ കഥയിലെ താരം.

ഇനി യഥാർഥ കഥ
(സീൻ ഒന്ന്)
ചെറുതുരുത്തി പുതുശ്ശേരി ഭാരതപ്പുഴയുടെ തീരത്ത് ഒറ്റപ്പെട്ടുകിടക്കുന്ന, ഏകദേശം 4000 കൊല്ലം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ക്ഷേത്രം. വിഷ്ണു ദശാവതാരത്തിൽ മിത്രാനന്ദനായും ഒപ്പം പുഴയിലേക്കു ദർശനമായി ഭദ്രകാളിയും സമീപം അയ്യപ്പനുമാണ് പ്രതിഷ്ഠകൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള ദശാവതാരം ചുമർചിത്രങ്ങളുമുണ്ട്. തൃപ്പൂണിത്തുറ രാജകുടുംബം വക കൊച്ചി മഹാരാജാവിന്റെ അധീനതയിലായിരുന്നു. പുഴയ്ക്ക് എതിർവശം സാമൂതിരി രാജവംശദേശത്തിനും ഏറെ പ്രിയപ്പെട്ടതായിരുന്നു ഈ ക്ഷേത്രം എന്നും ചരിത്രം പറയുന്നു. മാമാങ്കത്തിനുപോലും ഇവിടെനിന്ന് പങ്കാളികൾ പോയിരുന്നു. തിരുവോണ ഊട്ട് അടക്കം പെരുമയാർന്ന ചടങ്ങുകൾ നടന്ന ക്ഷേത്രത്തിനു വലിയ ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നു. പിന്നീട് ഇവയെല്ലാം അന്യാധീനപ്പെട്ടു. ക്ഷേത്രം ക്ഷയിച്ചു. ഇരുപതു കൊല്ലത്തോളം അടച്ചിട്ട നിലയിലായിരുന്നു.

(സീൻ രണ്ട്)
1994-ൽ ക്ഷേത്രം പുനരുദ്ധരിക്കണമെന്നാരു ചർച്ച ഉയർന്നു. കുറച്ചുപേർ ചേർന്ന് ജീർണോദ്ധാരണ കമ്മിറ്റിക്കു രൂപം നൽകി. പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഇതിനിടയിലാണ് 1996-ൽ ആറാം തമ്പുരാന്റെ ചിത്രീകരണസംഘം ലൊക്കേഷൻ തേടിയെത്തുന്നത്. ചടങ്ങുകൾ മുടങ്ങി ക്ഷയിച്ചുകിടക്കുന്ന ക്ഷേത്രമായിരുന്നു അവർക്കാവശ്യം. മോഹൻലാലിന്റെ ജഗന്നാഥൻ, പിതാവ് തലതല്ലിമരിച്ച ബലിക്കല്ലിൽ തൊടുന്നതും വാതിൽ തള്ളിത്തുറക്കുമ്പോൾ മഞ്ജു വാര്യരുടെ ഉണ്ണിമായയെ കാണുന്നതുമായ ദൃശ്യം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് സീനുകൾ ചിത്രീകരിച്ചത് ക്ഷേത്രത്തിനു സമീപത്തെ ഭാരതപ്പുഴയിലെ മണൽപ്പരപ്പിലായിരുന്നു.

(സീൻ മൂന്ന്)
1997-ൽ സിനിമ പുറത്തിറങ്ങി. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ക്ഷേത്രം ചെറിയ തോതിൽ മോടിപിടിപ്പിച്ചിരുന്നു. കാടൊക്കെ വൃത്തിയാക്കി. 2000-ൽ ക്ഷേത്രത്തിൽ നിത്യപൂജ ആരംഭിച്ചു. ക്ഷേത്രക്കമ്മിറ്റി അംഗങ്ങൾ അഹോരാത്രം പ്രയത്നിച്ചു. സിനിമയിലേതുപോലെ തന്നെ അടിക്കടി തടസ്സങ്ങൾ, ചടങ്ങുകൾക്കു വേണ്ടി വൻ തുക കണ്ടെത്താനുള്ള വെല്ലുവിളി. ചടങ്ങുകൾ മുടങ്ങുമോ എന്ന നിലവരെ എത്തി കാര്യങ്ങൾ. ഒടുവിൽ എല്ലാം സിനിമാക്കഥ പോലെ ശുഭപര്യവസാനം. നരേന്ദ്രപ്രസാദിന്റെ കുളപ്പുള്ളി അപ്പൻ വേഷത്തിലെ കുളപ്പുള്ളിയെന്ന സ്ഥലവും ഇവിടെനിന്ന് ആറു കിലോമീറ്റർ അപ്പുറമാണ്. പലരും ഈ സിനിമാവിശേഷം കേട്ടറിഞ്ഞ് പ്രകൃതിരമണീയമായ ഇവിടം കാണാൻ ഇന്നും എത്താറുണ്ട്.
Content Highlights: mithranandapuram temple, aaraam thampuran movie, mohanlal and manju warrier
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..