‘മനസ്സുറപ്പിച്ചാൽ ഏതുപെണ്ണിനും ഏതുയരത്തിലും തിളങ്ങാം...’ ആഫ്രിക്കയിലെ ഏറ്റവും ഉയരംകൂടിയതും സ്വതന്ത്രമായിനിൽക്കുന്ന ലോകത്തിലെ ഏറ്റവും ഉയരംകൂടിയതുമായ മലനിര ടാൻസാനിയയിലെ കിളിമൻജാരോയുടെ നെറുകയിൽനിന്ന്‌ 29-കാരി മിലാഷാ ജോസഫ് പറഞ്ഞു. സ്ത്രീമുന്നേറ്റമെന്ന സന്ദേശവുമായി 5895 മീറ്റർ ഉയരംതാണ്ടിയാണു മാരാരിക്കുളം സ്വദേശിനിയായ മിലാഷാ, കിളിമൻജാരോ കീഴടക്കിയത്. നവംബർ ആറിനുരാവിലെ 8.23-ന് കൊടുമുടിയുടെ മുകളിലെത്തി ഇന്ത്യൻപതാക പാറിച്ചു.

അയർലൻഡിലെ കമ്പനിയിൽ ഫിനാൻഷ്യൽ ഓഫീസറായി ജോലിചെയ്യുന്ന ചേർത്തല മാരാരിക്കുളം ചൊക്കംതയ്യിൽ റിട്ട.ഗവ. ഐ.ടി.ഐ. പ്രിൻസിപ്പൽ ജോസഫ് മാരാരിക്കുളത്തിന്റെയും ബിബി ജോസഫിന്റെയും മകളാണു മിലാഷാ. ‘അഡ്വൈസർ ഹീറോ’ എന്ന ഏജൻസിവഴിയാണു പർവതാരോഹണത്തിനായി ഇറങ്ങിയത്. ഒറ്റയ്ക്കുള്ള ശ്രമത്തിന് മറാംഗുറൂട്ടാണ് തിരഞ്ഞെടുത്തത്. അഞ്ചുദിനംകൊണ്ടാണു നെറുകയിലെത്തിയത്. പൊതുവേയുള്ള ശ്വാസതടസ്സമെന്ന വെല്ലുവിളി അതിജീവിച്ചായിരുന്നു കയറ്റം. മൂന്നുപോർട്ടർമാരും ഒരുപാചകക്കാരനും ഗൈഡുമാണ് സഹായത്തിനുണ്ടായിരുന്നത്.

Milasha 2

‘ഏതു സ്ത്രീക്കും വെല്ലുവിളികൾ കീഴടക്കാൻ കഴിയും. മനസ്സുറപ്പുമാത്രം മതി. അതുതെളിയിക്കാനാണു മലകയറ്റത്തിനിറങ്ങിയതെന്നു മിലാഷാ ജോസഫ് ‘മാതൃഭൂമി’യോടു പറഞ്ഞു. 5895 മീറ്റർ ഉയരത്തിൽ ഇന്ത്യൻപതാക സ്ഥാപിച്ചപ്പോൾ നിറഞ്ഞ അഭിമാനമായിരുന്നു. മകളുടെ നേട്ടത്തിൽ നിറഞ്ഞ ആഹ്ലാദത്തിലാണു കുടുംബം. ഓട്ടോമൊബൈൽ എൻജിനിയറായ മിഖിലേഷ് ജോസഫാണ് സഹോദരൻ.

Content Highlights: Milasha Joseph, Mount Kilimanjaro hike, Mount Kilimanjaro continent