-
സ്ഥലം: വെസ്റ്റ് മെൽബൺ, വിക്ടോറിയ, ഓസ്ട്രേലിയ
എന്നും എഴുതിയതും എഴുതുവാൻ ആഗ്രഹിക്കുന്നതും ഞാൻ കണ്ട മനോഹരങ്ങളായ കാഴ്ചകളെ കുറിച്ചാണ്. എന്നാൽ ഇന്നെഴുതുന്നത് അങ്ങനെയല്ല. അജയ്‌യർ എന്ന് സ്വയം കരുതിയ മനുഷ്യർ, വേഗതയോടെ മുന്നോട്ടു കുതിച്ച ലോകം ഇവയൊക്കെ ഒരു വൈറസിന്റെ മുന്നിൽ പിടിച്ചുനിർത്തിയ പോലെ നിശ്ചലമായി നിൽക്കുമ്പോൾ, പതിവുകളും ചിട്ടകളും ഒക്കെ തെറ്റിച്ചു ഒരു പുനർജനിക്കു വേണ്ടി നാം കാത്തിരിക്കുമ്പോൾ, ഇങ്ങനെയും എഴുതേണ്ടി വന്നു.


ആസ്ത്രേലിയയിലെ മെൽബൺ, ഇവിടെ ശരത്‌ക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് മേപ്പിൾ മരങ്ങൾ ഇലപൊഴിച്ചു തുടങ്ങി. എല്ലാ കാലങ്ങളും അതിന്റെതായ രീതിയിൽ ആഘോഷിക്കുന്നവർ ആണ് ഇവിടെ ഉള്ളവർ. ഇത്തവണ വേനലിനെ വേണ്ട വിധം യാത്രയാക്കാൻ കോവിഡ് 19 ഒരു തടസം ആയിരുന്നു. അത് പോലെ ഇപ്പോൾ ഈ ശരത്‌ക്കാലത്തിനും തന്റെ വർണ്ണങ്ങൾ അധികം ആരെയും കാണിക്കാതെ കടന്നു പോവേണ്ടി വരുമോ?



ഈസ്റ്റർ അവധിക്കാലം ആണ്. എന്നിട്ടും തെരുവോരങ്ങൾ വിജനമാണ്. എന്നും തുടിച്ചു കൊണ്ടിരുന്ന നഗരം ശാന്തമാണ്. ആളൊഴിഞ്ഞ റോഡുകൾ, ബസ്സ്റ്റോപ്പുകൾ, ട്രാം സ്റ്റോപ്പുകൾ, സിഗ്നലുകൾ. ജോഗിങ്, പിക്നിക്, ഔട്ഡോർ ഗെയിംസ് അങ്ങനെ എന്നും ആളുകളെ കൊണ്ട് നിറഞ്ഞിരുന്ന പാർക്കുകൾ. അവിടെ ഇന്ന് ആളൊഴിഞ്ഞ ബെഞ്ചുകൾ മാത്രം. എല്ലാ തരം പച്ചക്കറികളും, മത്സ്യവും, മാംസവും ഒക്കെ ലഭിക്കുന്ന വിക്ടോറിയ മാർക്കറ്റ്. സന്ദർശകരും ഉപഭോക്താക്കളുമായി ആയിരങ്ങൾ ഇവിടെ വന്നു പോയിരുന്നു. എന്തിനേറെ, ഈസ്റ്റർ ദിനത്തിൽ ആളുകൾ പ്രാർത്ഥനയുമായി ഒത്തു ചേരുന്ന പള്ളിയും വിജനം.





എന്നുവരെ എന്നറിയാത്ത ഈ വിജനത ഭയപ്പെടുത്തുന്നില്ല എന്ന് പറഞ്ഞാൽ അതൊരു കളവാണ്. അതോടൊപ്പം തന്നെ നമ്മുടെ സമൂഹം കോവിഡിന്റെ മുന്നിൽ തോൽക്കാതിരിക്കാൻ ഏത് ആഘോഷവും സന്തോഷവും മാറ്റിവെക്കാൻ തയ്യാറാണ് എന്നുള്ളത് നൽകുന്ന ഒരു ആത്മവിശ്വാസം ചെറുതല്ല. നാട്ടിലെയും മറ്റു രാജ്യങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇനിയും വരാനിരിക്കുന്ന ഒരുപാട് ശരത്‌ക്കാലങ്ങൾക്ക് വേണ്ടി, ഈ വിജനതയിൽ ഞാൻ ആശ്വസിക്കുന്നു. ലോകത്തിന്റെ തിരിച്ചു വരവ് വിദൂരം അല്ലെന്നും വിശ്വസിക്കുന്നു. ഒരുമിച്ചു തോൽപ്പിക്കാൻ ആവട്ടെ ഈ മഹാമാരിയെ.



Content Highlights: Melbourne Travel in the time of Covid 19, Mathrubhumi Yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..