മേഘമല ...... മേഘമല്‍ഹാര്‍ രാഗം നല്‍കുന്നത് പോലുള്ള അനുഭൂതി നല്‍കുന്ന മനോഹര പ്രദേശം. പക്ഷേ സ്ഥലം കേരളത്തിലല്ല. എന്നാലോ കേരളത്തിനോട് ചേര്‍ന്നാണ് താനും. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് മേഘമല. നമ്മുടെ തേക്കടി ഉള്‍പ്പെടുന്ന കുമളിയില്‍ നിന്ന് മലയിറങ്ങി 75 കി.മീ സഞ്ചരിച്ചാല്‍ കുറച്ച് മുന്തിരിപ്പാടങ്ങളും കാറ്റാടി യന്ത്രങ്ങളും തമിഴ്‌നാടിന്റെ കര്‍ഷകജീവിതങ്ങളും കണ്ട് വീണ്ടും മല കയറുമ്പോള്‍ മേഘമലയായി.

അതുവഴി തുടര്‍ന്ന് സഞ്ചരിച്ചാല്‍ വീണ്ടും കേരളത്തിലെത്താം. നമ്മുടെ മംഗളാദേവി ക്ഷേത്രമൊക്കെ വരുന്ന അതേ മലനിരകളുടെ മറുവശമാണ് മേഘമല. കാറ്റും മഴയും കോടയും ഒക്കെയായി ഒരു വിസ്മരിക്കാനാവാത്ത തട്ടുപൊളിപ്പന്‍ അനുഭവം മേഘമല യാത്ര നല്‍കും. തമിഴ്‌നാട്ടിലൂടെ ചുറ്റി വളഞ്ഞ് മാത്രമേ റോഡുള്ളൂ എന്നതു കൊണ്ടാണ് ഇത്രയും സഞ്ചരിക്കേണ്ടി വരുന്നത്. കുമളിയില്‍ നിന്ന് കാട് കയറി നടന്നുവന്നാല്‍ കേരള വനാതിര്‍ത്തിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രമേ മേഘമലയിലേയ്ക്കുള്ളൂ.  അത് പക്ഷേ കേരള വനംവകുപ്പ് അനുവദിക്കാറില്ല.  

മലകയറുന്നതു വരെ ഒരു ശരാശരി തമിഴ്‌നാട്ടിലൂടെയുള്ള യാത്രാനുഭവമേയുള്ളൂ. പാറക്കെട്ടുകളും കള്ളിച്ചെടികളും മുള്‍ച്ചെടികളും മാത്രമുള്ള വരണ്ട പ്രദേശം.  പക്ഷേ റോഡുകളെല്ലാം മികച്ചതാണ്. കമ്പത്തിനും തേനിക്കും ഇടയില്‍ ചിന്നമണ്ണൂരില്‍ നിന്നാണ് വീണ്ടും മലകയറ്റം തുടങ്ങുന്നത്. കമ്പത്ത് നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്താല്‍ ചിന്നമണ്ണൂരിലെത്താം. ചിന്നമണ്ണൂരില്‍ നിന്ന് ചുരം ഉള്‍പ്പെടെ 40 കി.മീ ദൂരമുണ്ട്. ചുരം കയറിയെത്തുന്നത് മേഘമലയിലാണ്. ഹെയര്‍പിന്‍ വളവുകളാകെ ഇന്റര്‍ലോക്ക് ടൈല്‍സ് വിരിച്ച് വശങ്ങളെല്ലാം കെട്ടിയൊതുക്കി സുന്ദരമാക്കിയിട്ടുണ്ട്. വഴിയിലാണെങ്കില്‍ ഹനുമാന്‍ കുരങ്ങുകള്‍ ധാരാളമുണ്ട്. 18 ഹെയര്‍പിന്‍ വളവുകള്‍ ഉണ്ടെങ്കിലും ആവശ്യത്തിന് വീതിയുള്ള മികച്ച നിലവാരമുള്ള റോഡ് മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നു.

MEGHAMALA

മലകയറിയാല്‍ പിന്നെ പറുദീസയാണ്. ആ വഴി തുടര്‍ന്ന് സഞ്ചരിച്ചാല്‍  വീണ്ടും കേരളത്തിന്റെ വനമേഖലയായ മണലാറിലെത്താം. പക്ഷേ മേഘമല കഴിഞ്ഞുള്ള വഴി അത്ര മികച്ചതല്ല. പണി നടക്കുന്നുണ്ട്. മലമുകളിലെത്തിയാല്‍ തേയില തോട്ടങ്ങളാണ്. വിശാലമായ നീല ജലാശയങ്ങള്‍ക്ക് ചുറ്റുമായി ഹരിതാഭമായ മലനിരകള്‍. മറ്റുള്ള തേയിലതോട്ടങ്ങള്‍ പോലെയല്ല മേഘമല. ഓരോ ദൃശ്യവും പ്രത്യേകം ഫ്രെയിമുകളിലൊതുക്കാന്‍ തോന്നുന്ന വശ്യത. ഓട്ടപ്രദക്ഷിണം നടത്തിയാല്‍ മേഘമലയുടെ സൗന്ദര്യത്തിന്റെ നാലിലൊന്നു പോലും കണ്ടുതീര്‍ക്കാനാവില്ല. മഴയിലും മഞ്ഞിലും കാറ്റിലും ഇളംവെയിലിലും കോട നിറയുമ്പോഴും മേഘമല  വിവിധ വര്‍ണ്ണങ്ങളിലെ പട്ടുസാരികള്‍ അണിഞ്ഞ പോലെ വ്യത്യസ്തയായി കാണപ്പെടും.ഒരു ദിവസമെങ്കിലും അവിടെ തങ്ങാതെ പോരുന്നത് പൂര്‍ണ്ണമായ ആസ്വാദനം നല്‍കുകയില്ല.  

തേയില മടക്കുകളിലെ തൊഴിലാളികളുടെ ലയങ്ങള്‍ പോലും ഒരു മികച്ച ഫ്രെയിമില്‍ കൊള്ളിക്കാവുന്ന ദൃശ്യാനുഭവം നല്‍കുന്നു. തേയില ഫാക്ടറിയും ഒരു മികച്ച ഒരു ഷോട്ടിന് പറ്റിയ ലൊക്കേഷനിലാണ് നില്‍ക്കുന്നത്. തടാകത്തിന് ചുറ്റുമായി മലമുകളിലൂടെയുള്ള യാത്ര ഓരോ അമ്പത് മീറ്റര്‍ സഞ്ചരിക്കുമ്പോഴും വ്യത്യസ്തമായ മനോഹര ദൃശ്യ വിരുന്ന് നല്‍കുന്നു.  ഇറങ്ങി നടന്ന് ചിത്രമെടുക്കാന്‍ അത് നമ്മെ പ്രേരിപ്പിക്കും. മുമ്പു കണ്ട അതേ തടാകവും മരങ്ങളും കെട്ടിടങ്ങളുമാണെങ്കിലും സഞ്ചരിക്കുന്നതിനനുസരിച്ച് കാഴ്ചാനുഭവത്തില്‍ വ്യത്യസ്തത പകരുന്നു. കാറ്റുള്ള സമയങ്ങളില്‍ അത് നമ്മളെയും കൂടി എടുത്ത് മേഘങ്ങള്‍ക്കൊപ്പം പറത്തിക്കളയുമോ എന്ന് തോന്നും. അത്രയ്ക്ക് ശക്തമാണ് അവിടുത്തെ കാറ്റ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കമ്പത്തേക്കും തേനിയിലേക്കും പോകാന്‍ നിരവധി വഴികള്‍ ഉണ്ടെങ്കിലും പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഒട്ടും ബോറടിക്കാതെ പോകണമെങ്കില്‍ അത് കുമളി വഴി തന്നെയാകണം. കുമളിയിലെത്തി തേക്കടിയില്‍ തങ്ങി അവിടെ തടാകത്തില്‍ ബോട്ടിംഗ് ഒക്കെ നടത്തി തടാകക്കരയിലെ മൃഗങ്ങളെയൊക്കെ കണ്ട് അടുത്ത ദിവസം മേഘമലയിലേക്ക് പോകുന്നതാണ് നല്ലത്.  മേഘമലയില്‍ താമസസൗകര്യം പരിമിതമായതിനാല്‍ പലരും ടെന്റും സ്ലീപ്പിംഗ് ബാഗുമൊക്കെയായാണ് വരുന്നത്. പഞ്ചായത്ത് ഗസ്റ്റ് ഹൗസ് കൂടാതെ ക്ലൗഡ് മൗണ്ടന്‍, റിവര്‍ സൈഡ് എന്നീ രണ്ട് റിസോര്‍ട്ടുകള്‍ മാത്രമേ അവിടുള്ളൂ.

മേഘമലയില്‍ താമസിക്കുന്നവര്‍ക്കും തൊഴിലാളികള്‍ക്കും യാത്രക്കാരോട് വലിയ പ്രതിപത്തിയില്ല. അവര്‍ക്ക് ടൂറിസം വഴി ലാഭം കൊയ്യണമെന്നുമില്ല. ടൂറിസം സ്വപ്നങ്ങള്‍ ഉള്ളത് സര്‍ക്കാരിനാണ്. അതുകൊണ്ടാണ് അവര്‍ റോഡൊക്കെ മികച്ച രീതിയില്‍ പണിതിട്ടിരിക്കുന്നത്. നാട്ടുകാര്‍ ടൂറിസത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒന്നും ചെയ്യുന്നില്ല. അവര്‍ റിസോര്‍ട്ടുകളും മറ്റും പണിത് കാശുണ്ടാക്കാനായി കാത്തിരിക്കുന്നുമില്ല. യാത്രികരെ അവര്‍ ശ്രദ്ധിക്കുക പോലുമില്ല. അവരുടെ പരിമിതമായ ജീവിത സൗകര്യങ്ങളില്‍ ഒതുങ്ങി അത്യാഗ്രഹമോ അമിതമായ സ്വപ്നങ്ങളോ ഇല്ലാതെ അദ്ധ്വാനിച്ച് സ്വസ്ഥമായി ജീവിക്കുന്ന ഒരു ജനത. അതുകൊണ്ടു തന്നെയാണ് താമസസൗകര്യങ്ങള്‍ പരിമിതമായിരിക്കുന്നത്.

തേക്കടി തടാകത്തിന്റെ, വിദൂര ദൃശ്യം നല്‍കുന്ന മഹാരാജ് മേട് വളരെ മനോഹര ദൃശ്യാനുഭവം നല്‍കുന്ന പ്രദേശമാണ്. ഹൈവേ ലേക്ക്, മണലാര്‍, ഹൂവാനം, അപ്പര്‍ മണലാര്‍, വെണ്ണിയാര്‍, വട്ടപ്പാറെ തുടങ്ങിയ സ്ഥലങ്ങള്‍ മേഘമലയില്‍ ചെല്ലുമ്പോള്‍ കാണേണ്ട മറ്റ് സ്ഥലങ്ങളാണ്. ഇതില്‍ കേരളാതിര്‍ത്തിയിലുള്ള മണലാര്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ കീഴിലുള്ള സ്ഥലമാണ്. അവിടെപോകാന്‍ കേരള വനം വകുപ്പിന്റെ അനുമതി വേണം. നിരവധി സ്വകാര്യ എസ്റ്റേറ്റുകള്‍ കടന്നാണ് മേഘമലയില്‍ നിന്ന് മണലാറിലേക്ക് പോകേണ്ടത്. എസ്റ്റേറ്റുകാരുടെ അനുമതിയില്ലാതെ കടന്നു പോയാല്‍ വണ്ടി തിരികെ വരുമ്പോള്‍ അവര്‍ ഗേറ്റ് പൂട്ടിക്കളയും. പിന്നെ അവരുടെ കാലു പിടിക്കേണ്ടി വരും. കേരള വനം വകുപ്പ് വാഹനങ്ങള്‍ മാത്രമേ മണലാറിലേക്ക് അതുവഴി കടന്നു പോകുന്നുള്ളൂ. മണലാറില്‍ സംസ്ഥാന വനംവകുപ്പിന്റെ ഒരു ക്യാമ്പ് ഷെഡ് ഉണ്ട്. മനോഹരമായ തേയില തോട്ടങ്ങള്‍ക്ക് ഓരത്തായാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്.

meghamala

ഓരോ സീസണിലും മേഘമലയുടെ ഭംഗി വ്യത്യസ്തമായിരിക്കുമെന്നത് കൊണ്ട് ഒരിക്കല്‍ പോയ സീസണില്‍ നിന്നും മാറി മറ്റൊരു സീസണില്‍ വീണ്ടും അവിടെപ്പോകാന്‍ ആളുകള്‍ കൊതിക്കും. ഒരിക്കല്‍ മേഘമല കണ്ടവരാരും പ്രകൃതി സ്‌നേഹികളുടെ ഈ പറുദീസയിലേക്ക് വീണ്ടും വരുമെന്ന് ഉറപ്പിക്കാതെ അവിടെ നിന്ന് മടങ്ങില്ല.

Content Highlights: Meghamala is one of the beautiful places situated in Kerala-Tamilnadu border