കരിമ്പുലി എന്നു കേൾക്കുമ്പോൾ ഒട്ടുമിക്ക ആളുകൾക്കും ഓർമവരിക പ്രശസ്തമായ ജംഗിൾ ബുക്കിലെ ബഗീരയേയാകും. എന്നാൽ അടുത്തിടെ ഇത്തരത്തിൽ ഒരു കരിമ്പുലിയുടെയും അതിന്റെ ഇണയായ പുള്ളിപുലിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയാകുകയും ചെയ്തിരുന്നു. ചിത്രം വൈറലായതോടെ ഇത് പകർത്തിയതാരെന്ന് സോഷ്യൽ മീഡിയയിൽ അന്വേഷണങ്ങളും നടന്നു.
ചിത്രത്തിന്റെ ക്രെഡിറ്റിന്റെ പേരിൽ ചില വിവാദങ്ങളും ഉണ്ടായി. പെട്ടെന്നു തന്നെ അവ കെട്ടടങ്ങുകയും ചെയ്തു.ബെംഗളൂരു സ്വദേശിയായ 31-കാരൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ മിഥുൻ. എച്ച് ആണ് സായ എന്ന ഈ കരിമ്പുലിയേയും ക്ലിയോപാട്ര എന്നു പേരുള്ള അവന്റെ കൂട്ടുകാരി പുള്ളിപുലിയേയും തന്റെ നിക്കോൺ ഡി5 ക്യാമറയിൽ പകർത്തിയത്. വൈറലായ 'ദ എറ്റേണൽ കപ്പിൾ' എന്ന ഈ ചിത്രത്തെ കുറിച്ചും തന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ജീവിതത്തെ കുറിച്ചും മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയാണ് മിഥുൻ.
11 വർഷത്തിലേറെയായി വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എന്നത് മിഥുന്റെ ജീവവായുവാണ്. നാഷണൽ ജോഗ്രഫിക് ചാനലിനായി 'ദ റിയൽ ബ്ലാക്ക് പാന്തർ' എന്ന പരിപാടിക്ക് വേണ്ടിയുള്ള ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കബിനി വനത്തിൽ നിന്നാണ് മിഥുന്റെ ക്യാമറയ്ക്ക് മുന്നിലേക്ക് സായയും ക്ലിയോപാട്രയും എത്തുന്നത്.
'ദ എറ്റേണൽ കപ്പിൾ'
ജീവിതത്തിൽ ഇനിയങ്ങോട്ടുള്ള ഓരോ ദിവസവും ഒന്ന് കണ്ണടച്ചാൽ ആ നിമിഷം എനിക്ക് വീണ്ടും കാണാൻ സാധിക്കും. ഒരാൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം. തീർച്ചയായും ഒരുപാട് നേരത്തെ കാത്തിരിപ്പും ക്ഷമയും ആ ചിത്രത്തിനു പിന്നിലുണ്ട്. ഒരു ദിവസം ഇരുവരും ഇണ ചേരുന്ന ശബ്ദം കേട്ടിരുന്നു. അതോടെ ആറു ദിവസത്തോളം അതേ സ്ഥലത്ത് തന്നെ കാത്തിരുന്നു. അന്ന് അവ വളരെ അടുത്തുണ്ടെന്ന് ബോധ്യമായെങ്കിലും കാട് കാഴ്ച പരിമിതപ്പെടുത്തിയതിനാൽ അവയെ കാണാൻ സാധിച്ചില്ല.
അവർ വലിയൊരു ഇരയെ കൊന്നിരുന്നു. അത് തീരാതെ ഇനി മറ്റൊരിടത്തേക്ക് അവർ മാറില്ലെന്ന് മനസിലായി. വർഷങ്ങളായി കരിമ്പുലികളെ പിന്തുടർന്നതിൽ നിന്ന് ലഭിച്ച അനുഭവസമ്പത്ത് അവിടെയാണ് എന്നെ തുണച്ചത്. അവന്റെ (സായ) പ്രിയപ്പെട്ട പാതകളിലൊന്നിനടുത്ത് കാത്തിരിക്കേണ്ട കാര്യമേ എനിക്കുണ്ടായിരുന്നുള്ളൂ. കാരണം അതായിരുന്നു അവന്റെ അധീനതയിലുള്ള പ്രദേശത്തിന്റെ അതിർത്തി. അങ്ങനെ ആറു ദിവസത്തിനു ശേഷം അവൻ അവിടെയെത്തി. കൂടെ ക്ലിയോപാട്രയും. ഏറെ ഫലപ്രദമായ ഒരു കാത്തിരിപ്പായിരുന്നു അത്. അത്രമൊരു നിമിഷത്തിനായി ആറു വർഷം വേണമെങ്കിലും ഞാൻ കാത്തിരിക്കുമായിരുന്നു. 2019-ലെ ശൈത്യകാലത്താണ് എന്റെ നിക്കോൺ ഡി5 ഉപയോഗിച്ച് ഞാനാ ചിത്രം പകർത്തിയത്.
സായ, ക്ലിയോപാട്ര ആ പേരുകൾക്കു പിന്നിൽ
സായ എന്നാൽ ഹിന്ദിയിൽ നിഴൽ എന്നാണർഥം. കരിമ്പുലി നടന്നുപോകുന്നത് കണ്ടവർക്കറിയാം കാടിനുള്ളിലൂടെ ഒരു നിഴൽ സഞ്ചരിക്കുന്നതു പോലെയാണ് തോന്നുക. അത് സായയുടെ പേരിനെ ശരിവെക്കുന്നു. സുന്ദരിയായ ഈജിപ്ഷ്യൻ രാജ്ഞിയാണ് ക്ലിയോപാട്ര. നമ്മുടെ ഈ പുള്ളിപ്പുലി രാജകീയ ഭാവത്തിൽ മരത്തിനു മുകളിൽ കഴിയാൻ ഇഷ്ടപ്പെടുന്നവളും. അതിനാലാണ് ആ പേര്.
ജീവിതം മാറ്റിമറിച്ചത് ആ ആൺകടുവ
കാടുകളേറെയുള്ള ദക്ഷിണേന്ത്യയിൽ ജനിച്ചതിനാൽ നന്നേ ചെറുപ്പത്തിൽ തന്നെ എനിക്ക് കാടിനോടും വന്യജീവികളോടും വലിയ അഭിനിവേശമായിരുന്നു. കാട്ടിൽ ഞാൻ കാണുന്ന നിമിഷങ്ങളെ അനശ്വരമാക്കി നിലനിർത്തുന്നതിനുള്ള മാർഗമായിരുന്നു ഫോട്ടോഗ്രഫി. 2009-ൽ ആദ്യ ക്യാമറ എടുത്തതിനു പിന്നാലെ ഒരു വലിയ ആൺകടുവ ഒഴുകുന്ന നദിയിലൂടെ അനായാസം നീന്തുന്ന പ്രൗഢഗംഭീരമായ ദൃശ്യമാണ് എനിക്ക് ലഭിച്ചത്. ആ നിമിഷമാണ് ജീവിതത്തിലെ മുന്നോട്ടുള്ള വഴി ഇതാണെന്ന് ഞാൻ തീരുമാനിച്ചത്.
'ദ റിയൽ ബ്ലാക്ക് പാന്തർ'
നാഷണൽ ജോഗ്രഫിക് ചാനലിലെ 'ദ റിയൽ ബ്ലാക്ക് പാന്തർ' എന്ന പരിപാടി എന്നെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ളതാണ്. ഒരു ജീവിയെ (കരിമ്പുലി) കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും ദീർഘനേരം അതിനെ പിന്തുടരാനും സാധിക്കുക എന്നത് തീർത്തും സവിശേഷമായ കാര്യം തന്നെയാണ്. പകലും രാത്രിയുമായി ഒരു ദിവസം 10 മണിക്കൂറോളം കാടിനെയും വന്യജീവികളെയും ചിത്രീകരിക്കുക എന്നത് തീർത്തും വ്യത്യസ്തമായ അനുഭവമായിരുന്നു. സിനിമറ്റോഗ്രഫിയുടെ ഈ ലോകത്തെ കുറിച്ചും അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ചും എനിക്ക് നന്നായി മനസിലാക്കാൻ പറ്റി.
ആനകളുടെ വേഗം അദ്ഭുതപ്പെടുത്തുന്നതാണ്
വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ജീവിതത്തിൽ അത്ര കൂടുതൽ അപകടകരമായ സാഹചര്യങ്ങളൊന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഇടയ്ക്ക് ആനകളിൽ നിന്നാണ് പലപ്പോഴും അത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടുള്ളത്. അവ തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോഴും മദപ്പാടിലുള്ള കൊമ്പൻമാരിൽ നിന്നും അപകടകരമായ സാഹചര്യം ഉണ്ടായിട്ടുണ്ട്. ഒരിക്കൽ കബിനിയിൽ സെൻസസുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിക്കിടെ കാൽനടയായി പോകുമ്പോൾ കാട്ടനക്കൂട്ടം ഓടിച്ചു. ഈ വമ്പൻമാരുടെ വേഗത കണ്ട് അന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്. അതായിരുന്നു ഏറ്റവും പേടിച്ച അനുഭവം.
സാധാരണയായി നിങ്ങൾ അവയെ ബഹുമാനിക്കുകയും അവർക്ക് അവരുടേതായ സ്പേസ് നൽകുകയും ചെയ്താൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ യാതൊരു അപകടവുമില്ല. നിങ്ങൾ നിങ്ങളുടെ പരിമിതികൾ മനസിലാക്കുകയും മൃഗങ്ങളുടെ പെരുമാറ്റവും മറ്റും പഠിക്കുകയും ചെയ്യുകയാണെങ്കിൽ, അതാണ് പ്രധാനവും, നിങ്ങൾ പകുതി ജയിച്ചു. സുന്ദരൻമാരും സുന്ദരികളുമായ ഈ ജീവികൾ പൊതുവെ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ പേടിയുള്ളവരും ലജ്ജാലുക്കളുമാണ്. ബഹുമാനവും ക്ഷമയുമാണ് ഇക്കാര്യത്തിൽ വേണ്ടത്.
സുവോളജിക്കൽ പാർക്കുകളെ കുറിച്ചുള്ള അഭിപ്രായം
തീർത്തും പരിമിതമായ സ്ഥലത്ത് മൃഗങ്ങളെ കൂട്ടിലിട്ടിരിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. അത്തരം സാഹചര്യങ്ങൾ ഒരിക്കലും ഇഷ്ടമാകാറില്ല. മനുഷ്യരുടെ കാരുണ്യത്തിൽ ജിവിക്കലല്ല, മൃഗങ്ങൾ കാട്ടിൽ അവയുടെ വാസസ്ഥലങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കേണ്ടുന്നവയാണ്.
കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരമായ കാട്
തീർച്ചയായും അത് കബിനി തന്നെ. മാത്രമല്ല ഏറ്റവും മനോഹരമായ പാർക്കുകളിൽ ഒന്നുകൂടിയാണിത്. കൂടാതെ നല്ല ഉരുണ്ട കുന്നുകളും ഇടതൂർന്ന നിത്യഹരിത ആവാസവ്യവസ്ഥയും കാരണം ഞാൻ ഇഷ്ടപ്പെടുന്ന മറ്റൊരു സ്ഥലമാണ് ബി.ആർ ഹിൽസ്. നോർത്തിലേക്കു വരികയാണെങ്കിൽ ടെറായ് ആർക് ലാൻഡ്സ്കേപ് അദ്ഭുതാവഹമാണ്.
ഇഷ്ട ക്യാമറ
ഞാനൊരു നിക്കോൺ യൂസറാണ്. നിലവിൽ നിക്കോൺ ഡി 5 ആണ് ഉപയോഗിക്കുന്നത്. എന്നാൽ എനിക്ക് ഇപ്പോഴും മുമ്പത്തെ ഡി 3 ക്യാമറകളാണ് കൂടുതൽ ഇഷ്ടം. ലോ ലൈറ്റ് കണ്ടീഷനിൽ ആ ക്യാമറയുടെ പെർഫോമൻസ് ഗംഭീരമാണ്.
Content Highlights: Meet the wildlife photographer whose Stunning pics of black panther and leopard go viral