''മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ?'' ബഹുഭൂരിപക്ഷം മലയാളികളെയും പോലെ ചാര്‍ലി സിനിമയിലെ ഈ ഒരൊറ്റ ഡയലോഗിലൂടെയാണ് ഞാനും ആദ്യമായി മീശപ്പുലിമലയെക്കുറിച്ച് കേള്‍ക്കുന്നത്. ചെറുതായി യാത്രകള്‍ ചെയ്തു തുടങ്ങിയപ്പോഴും മീശപ്പുലിമല ബക്കറ്റ് ലിസ്റ്റിലൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പ്രിയപ്പെട്ട വനിതാ സഞ്ചാരിക്കൂട്ടായ്മയായ അപ്പൂപ്പന്‍താടിക്കൊപ്പമുള്ള ഓരോ യാത്രയിലും സഹയാത്രികരാരെങ്കിലുമൊക്കെ അവരുടെ മീശപ്പുലിമലയാത്ര ഓര്‍ത്തെടുക്കും, കേള്‍ക്കുമ്പോള്‍ എന്നെങ്കിലും എനിക്കുമവിടെ പോകണമെന്ന് മനസിലൊരു ആഗ്രഹം മുളപൊട്ടും.

അങ്ങനെയിരിക്കെയാണ്, അപ്പൂപ്പന്‍താടിയുടെ 2019ലെ ആദ്യത്തെ മീശപ്പുലിമല യാത്രാസംഘത്തില്‍ സീറ്റൊഴിവുണ്ടെന്ന് അറിയുന്നത്. വേറൊന്നുമാലോചിക്കാതെ രജിസ്റ്റര്‍ ചെയ്തു. ജനുവരി 19ന് എറണാകുളത്ത് നിന്ന് മൂന്നാറിലേക്ക് യാത്ര തുടങ്ങി. ആദ്യമായി പരസ്പരം കാണുന്നതിന്റെ അങ്കലാപ്പൊന്നുമില്ലാതെ അന്താക്ഷരിയൊക്കെ കളിച്ചായിരുന്നു തുടക്കം. നീലക്കുറിഞ്ഞിക്കാലത്ത് പല തവണ ആഗ്രഹിച്ച മൂന്നാര്‍ യാത്രയാണ്. പക്ഷേ, മഹാപ്രളയവും കഴിഞ്ഞ്, ഇത്രയും മാസങ്ങള്‍ക്കപ്പുറം ഇപ്പോഴാണ് ഈ വഴിക്ക് പോകാന്‍ പറ്റിയത്. വഴിയില്‍ പലയിടത്തും ഉരുള്‍പൊട്ടലിന്റെ പേടിപ്പെടുത്തുന്ന അടയാളങ്ങള്‍ കാണാം. മൂന്നാര്‍ ടൌണില്‍ നിന്നുള്ള ഉച്ചഭക്ഷണവും കഴിഞ്ഞ്, കെ.എഫ്.ഡി.സി ഫ്‌ളോറികള്‍ച്ചര്‍ സെന്ററിലെ പൂക്കളും കണ്ട് നില്‍ക്കുമ്പോഴേക്കും മീശപ്പുലിമല ബേസ് ക്യാമ്പിലേക്ക് പോകാനായുള്ള ഞങ്ങളുടെ ജീപ്പുകള്‍ എത്തി.

കണ്ണന്‍ദേവന്‍ തേയിലയുടെ പഴയ പരസ്യങ്ങളിലൊക്കെ കണ്ടിരുന്നത് പോലുള്ള തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലുള്ള വഴിയിലൂടെ, പിന്നെ കാട്ടിലൂടെ, അങ്ങനെ ഏകദേശം 25 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ബേസ് ക്യാമ്പിലെത്താന്‍. പൊടിയടിക്കും, അടച്ചിടാം എന്ന് ഡ്രൈവര്‍ മുന്നറിയിപ്പ് തന്നിട്ടും കാഴ്ചകള്‍ കാണാതെ വയ്യ എന്ന് തീരുമാനിച്ച് ജീപ്പില്‍ പുറത്തേക്ക് നോക്കിയിരുന്ന ഞങ്ങള്‍ മുകളിലെത്തിയപ്പോഴേക്കും പൊടിയില്‍ കുളിച്ചിരുന്നു. സൈലന്റ് വാലി ബേസ് ക്യാമ്പില്‍ കട്ടന്‍ ചായയൊക്കെ കുടിച്ച്, ഫോട്ടോകളൊക്കെ എടുത്ത് നടക്കുമ്പോഴേക്കും ഇരുട്ട് പരന്നുതുടങ്ങി, ഒപ്പം തണുപ്പും എത്തി.

Meeshappulimala 1

ഞങ്ങള്‍ 24 പേര്‍ക്ക് പുറമെ വനിതാ സഞ്ചാരികളുടെ മറ്റൊരു സംഘവും, മലയാളികളല്ലാത്ത ദമ്പതികളും പിന്നെ മദ്രാസ് ഐ.ഐ.ടി.യിലെ വിദ്യാര്‍ത്ഥികളായ നാല് യുവാക്കളുമാണ് അന്ന് ബേസ് ക്യാമ്പില്‍ അതിഥികളായി ഉണ്ടായിരുന്നത്. എല്ലാരുമൊന്നിച്ച് ക്യാമ്പ് ഫയര്‍ ഗംഭീരമാക്കി. ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഒരുക്കിയ രുചികരമായ ഭക്ഷണമൊക്കെ കഴിച്ചുകഴിഞ്ഞപ്പോഴേക്കും അന്തരീക്ഷതാപനില ഏഴ് ഡിഗ്രിയില്‍ എത്തിയിരുന്നു. പിറ്റേന്ന് ഞങ്ങളും ദമ്പതികളുമൊഴിച്ചുള്ളവര്‍ പുലര്‍ച്ചെ അഞ്ച് മണിക്കും ഞങ്ങള്‍ എട്ട് മണിയോടെയും ട്രെക്കിംഗ് ആരംഭിക്കുമെന്നും തീരുമാനമായി. കിടക്കാന്‍ ടെന്റും സ്ലീപ്പിംഗ് ബാഗും കിട്ടി. ആദ്യമായാണ് ഞാന്‍ ടെന്റില്‍, സ്ലീപ്പിംഗ് ബാഗിനകത്തൊക്കെ കിടക്കുന്നത്. ഫോണിലെ വെളിച്ചവും തെളിയിച്ച് ഞാനും സ്മിതയും ഞങ്ങള്‍ നേരത്തെ സ്ഥാനം പിടിച്ച ടെന്റിലേക്ക് കയറി. പിന്നെ സ്ലീപ്പിംഗ് ബാഗിന്റെ വാലും തലയും കണ്ടുപിടിക്കാനുള്ള പരിശ്രമമായിരുന്നു. ഒടുവില്‍, ഏകദേശം ശരിയെന്ന് തോന്നിയപോലെയങ്ങ് കിടന്നു.

ജനുവരി 20ന് രാവിലെ ആദ്യത്തെ സംഘം പോയതോടെ ഓരോരുത്തരായി എഴുന്നേറ്റ് തയ്യാറായിത്തുടങ്ങി. തണുപ്പത്ത് കിടുകിടാ വിറച്ച്, ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് ട്രെക്കിംഗിന് തയാറായപ്പോഴേക്കും രാവിലെയെത്തിയ ഒരു സംഘം കൂടി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ കേട്ട്, കഴിഞ്ഞ മാര്‍ച്ചില്‍ ഈ വനമേഖലയിലുണ്ടായ കാട്ടുതീയെക്കുറിച്ചോര്‍ത്ത് റോഡോ വാലിയിലേക്കുള്ള യാത്ര തുടങ്ങി. റോഡോ മാന്‍ഷന്‍ വരെ ജീപ്പ് പോകുമെങ്കിലും കാട്ടിലൂടെയുള്ള ഏഴ് കിലോമീറ്റര്‍ ട്രെക്കിംഗ് ആണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. പ്രായം കൊണ്ട് മറ്റെല്ലാവരെക്കാളും ചെറുതാണെങ്കിലും മിടുമിടുക്കിയായി പ്രസരിപ്പോടെ എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകുന്ന പ്രവീണയായിരുന്നു അപ്പൂപ്പന്‍താടിയുടെ ഈ ട്രിപ്പിലെ ബഡ്ഡി. അങ്ങനെ ഏറ്റവും പുറകിലായി, പതുക്കെ പതുക്കെ ഞാന്‍ നടന്നു തുടങ്ങി. റോഡിലൂടെയല്ല, കുത്തനെ കയറ്റങ്ങളുള്ള 'എളുപ്പവഴി'യിലൂടെയാണ് നടത്തം. കുറച്ച് നടന്നപ്പോള്‍ സ്‌കൈ കോട്ടേജ് പരിസരത്തെത്തി. അവിടെ നിന്നാല്‍ ദൂരെയൊരു വെള്ളച്ചാട്ടം കാണാം. പിന്നെ, പതുക്കെ, കുത്തിനടക്കാന്‍ ഒരു വടിയൊക്കെ തരപ്പെടുത്തി നടത്തം തുടര്‍ന്നു. കുത്തനെയുള്ള കയറ്റങ്ങളൊക്കെ കയറുമ്പോള്‍, ഇതൊക്കെയിനി തിരിച്ചെങ്ങനെയിറങ്ങും എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പേടി. നടന്ന്, നടന്ന്, ഏതാണ്ട് പത്ത് മണി കഴിഞ്ഞു റോഡോ വാലിയിലെത്താന്‍.

മൂന്നാറില്‍ മഞ്ഞുപെയ്യുന്നത് കാണാന്‍ സഞ്ചാരികളൊഴുകിയെത്തിയതിന്റെ തൊട്ടടുത്ത ആഴ്ചയായിരുന്നു. രാവിലത്തെ മഞ്ഞും പിന്നെയുള്ള കടുത്ത ചൂടും ചെറു ചെടികളെയും, പുല്‍മേടുകളെയുമൊക്കെ ഉണക്കിയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് ചെറിയ അരുവികളൊക്കെയുണ്ട്. ഒറ്റമരപ്പാലത്തിലൂടെയൊക്കെ പതുക്കെ വലിയ വടികുത്തിയാണ് അപ്പുറം കടന്നത്. റോഡോഡെന്‍ഡ്രോണ്‍ ചെടി പൂത്തു നില്‍ക്കുന്ന താഴ്വരയായതുകൊണ്ടാണ് റോഡോ വാലി എന്ന് പേരുവന്നത്. നേപ്പാളിന്റെ ദേശീയ പുഷ്പമായ റോഡോഡെന്‍ഡ്രോണ്‍ ചെറുമരങ്ങളില്‍ ചുവന്ന നിറത്തില്‍ വഴിയരികിലുടനീളം പൂത്തുനില്‍ക്കുന്നുണ്ടായിരുന്നു. വഴിയില്‍, താഴേക്കിറങ്ങാന്‍ ബുദ്ധിമുട്ടുതോന്നിയൊരിടത്ത്, ആരോ ഉപേക്ഷിച്ചുപോയ പ്ലാസ്റ്റിക് കുപ്പി ധൈര്യപൂര്‍വം ഇറങ്ങി എടുത്തുകൊണ്ടുവന്ന കൂട്ടുകാരിക്ക് ഒരു കൈയ്യടിയും കൊടുത്തു. റോഡോ മാന്‍ഷന്‍ വരെയാണ് ജീപ്പുകള്‍ ഉള്ളത്. ഇവിടെ കോട്ടേജുകളുണ്ട്. ഇവിടെയാണ് ചാര്‍ലിയില്‍ കാണിക്കുന്ന വ്യൂപോയിന്റ്. യഥാര്‍ത്ഥത്തില്‍ മീശപ്പുലിമലയിലേക്കുള്ള മൂന്ന് കിലോമീറ്റര്‍ ട്രെക്കിംഗ് ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.

Meeshappulimala 2

ഓരോരോ മലകളായി കയറിയിറങ്ങിവേണം പോകാന്‍. മുന്നിലും പിന്നിലുമായി രണ്ട് ഗൈഡുമാരുണ്ട്. ആദ്യമലകയറിയപ്പോള്‍ ആ കാഴ്ച കണ്ടു. ഒരു വശത്ത് കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയെന്ന് പാഠപുസ്തകങ്ങളില്‍ നിന്ന് ഉരുവിട്ടുപഠിച്ച ആനമുടി. മറുവശത്ത് ഉയരത്തില്‍ രണ്ടാമതുള്ള മീശപ്പുലിമല. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ കൊടുമുടികള്‍ ദൂരെ നിന്ന് കണ്ണുനിറച്ച് കണ്ടു. പിന്നെ, അടുത്ത കുന്നുകയറുംമുമ്പുള്ള ഇറക്കം. ഉയരത്തോട് ഭയമുള്ളതിനാല്‍ പ്രവീണയുടെയും ഗൈഡിന്റെയും കൈകള്‍ മാറി മാറി പിടിച്ച് പതുക്കെയിറങ്ങി. ഓരോ ചെറിയ മല കഴിയുമ്പോഴും ഇനിയും ദൂരമുണ്ടല്ലോയെന്ന് നെടുവീര്‍പ്പിട്ടു. ഒടുവില്‍ മീശപ്പുലിമലമുകളിലേക്കുള്ള കയറ്റമെത്തിയപ്പോള്‍ ലക്ഷ്യസ്ഥാനമെത്തിയതിന്റെ സന്തോഷത്തില്‍ പതുക്കെ, കിതച്ചുകൊണ്ടാണെങ്കിലും ആവേശത്തോടെ കയറി.

സമുദ്രനിരപ്പില്‍ നിന്ന് 2,640 മീറ്റര്‍ (8,661 അടി) ഉയരത്തിലാണ് മീശപ്പുലിമല. ഞങ്ങള്‍ നേരത്തേ കയറിയറങ്ങിവന്നതുള്‍പ്പെടെ എട്ട് കൊടുമുടികള്‍ ഒന്നിച്ചു നോക്കിയാല്‍, മീശയുടെ ആകൃതി തോന്നുമെന്നത് കൊണ്ടാണ് മീശപ്പുലിമല എന്ന പേര് വന്നത്. കൊളുക്കുമല വഴിയുള്ള അനധികൃത ട്രെക്കിംഗ് മുന്‍വര്‍ഷങ്ങളില്‍ സജീവമായിരുന്നെങ്കിലും, കാട്ടുതീയില്‍പ്പെട്ട് നിരവധി പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ജീവന്‍ നഷ്ടമായതോടെ, വനം വകുപ്പ് കൂടുതല്‍ ജാഗ്രത പാലിച്ചുതുടങ്ങി. കെഎഫ്ഡിസി പാക്കേജ് വഴി മാത്രമാണ് ഇപ്പോള്‍ മീശപ്പുലിമലയിലേക്കുള്ള പ്രവേശനം. ഞങ്ങള്‍ കയറിയെത്തിയപ്പോഴേക്കും മൂടല്‍മഞ്ഞ് മുഴുവനായും മാറിയിരുന്നു. ദൂരെ കൊളുക്കുമല കണ്ടു. കുറച്ചുകഴിഞ്ഞപ്പോഴേക്കും ചുറ്റിലുമുള്ള മലകളെയെല്ലാം മേഘങ്ങള്‍ വന്നുമൂടി. മലമുകളിലെ കാഴ്ചകളെക്കുറിച്ച് കൂടുതല്‍ വര്‍ണ്ണിക്കാനില്ല, അത് കണ്ടുതന്നെയറിയണം. മീശപ്പുലിമലമുകളിലിരുന്ന്, പൊതിഞ്ഞു കൊണ്ടുവന്ന ഭക്ഷണവും കഴിച്ച് ഫോട്ടോകളുമെടുത്ത് തിരിച്ചിറങ്ങിത്തുടങ്ങി.

റോഡോ മാന്‍ഷന്‍ വഴിയല്ല തിരിച്ചുനടന്നത്. അഞ്ച് മണിക്കുമുമ്പ്, അല്ലെങ്കില്‍ അഞ്ചരക്കെങ്കിലും താഴെയെത്തേണ്ടതുകൊണ്ട് കുറച്ചു കൂടി ദൂരം കുറവുള്ള, മലകളുടെ താഴ്‌വാരങ്ങളിലൂടെയുള്ള മനോഹരമായ ഒരു വഴിയിലൂടെ ഗൈഡുമാര്‍ ഞങ്ങളെ നയിച്ചു. റോഡോ വാലിയില്‍ പുതിയതായി തുടങ്ങിയ ക്യാമ്പിലെ ടെന്റുകള്‍ക്കടുത്ത് കൂടിയും നടന്നു. കാടിനെക്കുറിച്ച്, കടുവകളെക്കുറിച്ച്, കാടിനും മൃഗങ്ങള്‍ക്കുമൊപ്പമുള്ള തന്റെ അനുഭവങ്ങളെക്കുറിച്ചെല്ലാം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഗൈഡ് നിര്‍ത്താതെ രസകരമായി സംസാരിച്ചുകൊണ്ടിരുന്നു. ട്രെക്കിംഗിന്റെ അവസാനമായിത്തുടങ്ങിയപ്പോഴേക്കും. ഉയരത്തോട് നല്ല ഭയമുള്ളതിനാലും, ക്ഷീണം കൊണ്ടും വളരെ പതുക്കെ നടന്നിരുന്ന എന്നെ എങ്ങനെയെങ്കിലും താഴെയെത്തിക്കാനായി, കൂടെയുണ്ടായിരുന്ന അനഘയ്ക്ക് എന്റെ കൈ പിടിച്ചുകൊടുത്തു പ്രവീണ.

Meeshappulimala 3

ഇടയ്ക്ക്, അവസാനത്തെ രണ്ട് കിലോമീറ്ററിനിടയില്‍ വയ്യെങ്കില്‍ റോഡിനരികില്‍ നില്‍ക്കുന്ന ജീപ്പില്‍ പോകാമെന്ന് ഗൈഡ് പറഞ്ഞെങ്കിലും, 20 കിലോമീറ്റര്‍ നടന്നു പൂര്‍ത്തിയാക്കി എന്ന സംതൃപ്തിക്കായി അനഘയുടെ കൈയ്യും പിടിച്ച്, പേടിച്ചും ക്ഷീണിച്ചും താഴേക്കിറങ്ങി. തിരിച്ചുപോകാന്‍ ജീപ്പില്‍ കയറാന്‍ കാലെടുത്തു പൊക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നെങ്കിലും മീശപ്പുലിമലകണ്ടല്ലോ എന്ന സന്തോഷത്തില്‍ തിരിച്ച് വീട്ടിലേക്ക്.

Content Highlights: Meeshappulimala Trekking, Appoppanthadi Flyhigh, Women Travel