നാല് കൺമണികളെ ലാളിക്കുമ്പോഴും ആ അമ്മയുടെ നെഞ്ചിൽ തീയാണ്. പുൽത്തകിടിയിൽ തലചായ്ച്ച് കിടക്കുമ്പോൾ ലോകം എന്തെന്നറിയാത്ത കുരുന്നുകൾ അമ്മയുടെ തലയിൽ കയറി തുള്ളിച്ചാടും. ഇമവെട്ടാതെ അമ്മ ചുറ്റും നോക്കും, ജാഗ്രതയുള്ള മുഖഭാവം. അവൾ കാതോർക്കും, ശത്രുജീവികൾ കടന്നുവരുന്നുണ്ടോ? കൺമണികളുടെ രക്തത്തിനുവേണ്ടി പതിയിരിക്കുന്നവർ ഏറെയുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലുള്ള കെനിയയിലെ മസായ് മാര വന്യമൃഗ സങ്കേതത്തിൽനിന്നുള്ളതാണ് ഈ കാഴ്ചകൾ.

Siligi 5
ഓരോ നോക്കിലും കരുതൽ

ഏതാണ്ട് രണ്ടുവർഷത്തെ ഇടവേളയ് ക്കുശേഷം ഇവിടം വീണ്ടും അന്തർദേശീയ ശ്രദ്ധയാകർഷിക്കുകയാണ്. സിലിഗി എന്ന ചീറ്റപ്പുലിയെയും നാല് കൺമണികളെയും കാണാൻ യൂറോപ്പിൽ നിന്നും അമേരിക്കയിൽനിന്നുമുള്ള വന്യജീവി ഫോട്ടോഗ്രാഫർമാരുടെ പ്രവാഹമാണ്. കുഞ്ഞുങ്ങൾക്ക് നാലുമാസം പ്രായം വരും. പിറക്കുമ്പോൾ അവർ അഞ്ചുപേരായിരുന്നു. ഒന്നിനെ സിംഹം അടിച്ചുകൊന്നു. സിംഹത്തിന് ചീറ്റപ്പുലിയുടെ കുഞ്ഞുങ്ങളെ കൊല്ലുന്നത് വിനോദം മാത്രം. പക്ഷേ, പുള്ളിപ്പുലി, കഴുതപ്പുലി, കുറുക്കൻ തുടങ്ങിയ ശത്രുജീവികൾ കുഞ്ഞിന്റെ രക്തം കുടിക്കും. ഇറച്ചിയും അകത്താക്കും.

Siligi 7
അമ്മയേപ്പോലെ വലുതാവണം; കുഞ്ഞുചീറ്റ കളിക്കിടെ

കുഞ്ഞുങ്ങളെ സംരക്ഷിക്കുക അമ്മയ്ക്ക് അഗ്നിപരീക്ഷയാണ്. അവയുടെ സാന്നിധ്യം മണത്തറിഞ്ഞ്  ശത്രുജീവികൾ ചുറ്റും കൂടുക പതിവാണ്. സങ്കേതത്തിലെ കഴുകന്മാരും ശല്യക്കാരാണ്. മിന്നൽ വേഗത്തിൽ എത്തി കുഞ്ഞിനെ റാഞ്ചി പറന്നകലും, മലനിരകളെ ലക്ഷ്യമാക്കി നീങ്ങും. അമ്മയ്ക്ക് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിവരും. കാരണം അമ്മ അനങ്ങിയാൽ തക്കം നോക്കി പുള്ളിപ്പുലിയും ഏറ്റവും ശല്യക്കാരനായ കഴുതപ്പുലിയും മറ്റുകുഞ്ഞുങ്ങൾക്കുമീതെ ചാടിവീഴും. 2019-ൽ സിലിഗി വന്യജീവി ലോകത്തിലെ സൂപ്പർതാരമായിരുന്നു. സങ്കേതത്തിന്റെ ചരിത്രത്തിൽ ആദ്യമായി അവൾ ഏഴ് കുഞ്ഞുങ്ങളെ പ്രസവിച്ചു. കാഴ്ച കാണാൻ ലോകപ്രശസ്തരായ വന്യജീവിഫോട്ടോഗ്രാഫർമാർ അന്ന് സങ്കേതത്തിൽ എത്തിയിരുന്നു. നാലുമാസത്തിനുള്ളിൽ സിലിഗി ദുരന്തം നേരിട്ടു. ശത്രുജീവികളുടെ പതിയിരുന്നുള്ള ആക്രമണത്തിൽ കൺമണികൾ ആറെണ്ണവും കൊല്ലപ്പെട്ടു. തീവ്രവേദനയോടെ അവശേഷിക്കുന്ന കുഞ്ഞുമായി അവൾ അയൽരാജ്യമായ ടാൻസാനിയയിലേക്ക് രക്ഷപ്പെട്ടു. അവിടെ സെരങ്കേറ്റി സങ്കേതത്തിൽ സിലിഗിയെ വനംവകുപ്പ് അധികൃതർ കണ്ടെത്തി. അവർ മസായ്മാരയിലേക്ക് സന്ദേശം കൈമാറി. അവശേഷിച്ച കുഞ്ഞ് വളർന്ന് സ്വത്രന്തമായി അമ്മയിൽനിന്ന് വേർപെട്ടപ്പോൾ സിലിഗി തിരിച്ച് മസായ്ലാരയിൽ എത്തി.

Siligi 2

Siligi 8
അമ്മയുടെ കരുതൽ; സിലി​ഗിയും കുഞ്ഞും

നാലുമാസങ്ങൾക്കുമുൻപ് സിലിഗി അഞ്ച് കൺമണികളെ പ്രസവിച്ചു. സിലിഗിക്ക് ഇപ്പോൾ എട്ടുവയസ്സുണ്ടെന്ന് വനംവകുപ്പിലെ വന്യജീവി ശാസ്ത്രജ്ഞർ പറയുന്നു. ഇക്കഴിഞ്ഞ ജൂലായിലാണ് മലയാളിയും വന്യജീവി ഫോട്ടോഗ്രാഫറുമായ പത്മനാഭൻ നാരായണൻ സിലിഗിയെയും നാല് കൺമണികളെയും കാണാൻ മസായ്മാരയിലെത്തിയത്. വളർന്ന് പന്തലിച്ചുനിൽക്കുന്ന പുൽമേടുകളിലാണ് അവരെ കാണാൻ കഴിഞ്ഞതെന്ന് പത്മനാഭൻ നാരായണൻ യാത്രയോട് പറഞ്ഞു. ഒരുമണിക്കൂറോളം ജീപ്പിൽ യാത്ര ചെയ്തശേഷമാണ് ആ ചീറ്റകുടുംബത്തെ കണ്ടെത്തുന്നത്.

മുൻപ് ഏഴ് കുഞ്ഞുങ്ങളെ പ്രസവിച്ച ആ 'സൂപ്പർ മോമിനെ' കൺകുളിർക്കെ കണ്ടു. അമ്മയും കുഞ്ഞുങ്ങളും കുസൃതിക്കളിയിൽ മുഴുകിയിരുന്നു. പക്ഷേ, അമ്മയുടെ ഓരോ നോട്ടത്തിലും ജാഗ്രത തുടിച്ചിരുന്നു. ഇടയ്ക്ക് ജീപ്പിലേക്ക് നോക്കും. പിന്നെ ചുറ്റും നോക്കും. ഏതായാലും സുരക്ഷിതമായി പുൽമേടായിരുന്നു അത്. അല്പനേരം കഴിഞ്ഞപ്പോൾ ടൂറിസ്റ്റുകൾ നിരവധി ജീപ്പുകളിൽ എത്തി. സൂപ്പർതാരത്തെ ക്യാമറകളിലേക്ക് പകർത്തി. കുസൃതിക്കുട്ടികൾ തിരക്കിട്ട കളികളിലായിരുന്നു. തുടർന്നുള്ള ഒരാഴ്ച പത്മനാഭൻ സങ്കേതത്തിൽ ഉണ്ടായിരുന്നുവെങ്കിലും സിലിഗിയെ കാണാൻ കഴിഞ്ഞില്ല.

Siligi 3
വിശ്രമത്തിനിടെ

മലയാളിയായ വന്യജീവി ഫോട്ടോഗ്രാഫർ ദിലീപ് അന്തിക്കാടും ഇപ്പോൾ മസായ്മാരയിലുണ്ട്. സിലിഗിയെയും നാല് കുഞ്ഞുങ്ങളെയും പലതവണ കാണാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തി കടന്ന് അമ്മയും കുഞ്ഞുങ്ങളും ടാൻസാനിയയിൽ എത്തിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്. ഒരുപക്ഷേ, തിരിച്ച് മസായ്മാരയിൽ വന്നേക്കാം. അവരെ നിരീക്ഷിക്കാൻ ടാൻസാനിയയിലെ വനംവകുപ്പും തയ്യാറെടുത്തിട്ടുണ്ട്. മസായ്മാരയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഈ പെൺചീറ്റയ്ക്ക് സിലിഗി എന്ന പേര് നൽകിയത്. പ്രതീക്ഷ എന്നാണ് അർഥം. ചരിത്രത്തിൽ ആദ്യമായി ചീറ്റപ്പുലിക്ക് ഏഴ് കുഞ്ഞുങ്ങൾ പിറന്നപ്പോൾ അവയെല്ലാം വളർന്ന് സ്വതന്ത്രരാകുമെന്ന് അധികൃതർ പ്രതീക്ഷിച്ചു. അതിനായി പ്രത്യേക പദ്ധതികൾ സങ്കേതത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ രൂപവത്കരിച്ചിരുന്നതായി ദിലീപ് അന്തിക്കാട് പറയുന്നു. സങ്കേതത്തിലെ സംരക്ഷണപദ്ധതികൾക്കായി റെയനോ ലവേഴ്സ് എന്ന സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ് ദിലീപ്.

Siligi 6

2017 നവംബറിൽ മസായ് മാര സന്ദർശിച്ച് പത്മനാഭൻ അവിടത്തെ മറ്റൊരു താരമായ മലൈക (Malaika) എന്ന ചീറ്റപ്പുലിയെയും കുട്ടികളെയും പിന്തുടർന്ന് ചിത്രങ്ങൾ എടുത്തിരുന്നു. അവിസ്മരണീയമായ അനുഭവമായിരുന്നു അതെന്ന് അദ്ദേഹം ഓർക്കുന്നു. സിലിഗിയെപ്പോലെ കുഞ്ഞുങ്ങളെ തന്റെ കരവലയത്തിൽ കൊണ്ടുനടക്കുകയായിരുന്നു മലൈക. ഇടയ്ക്കിടെ പരിസരം അതിസൂക്ഷ്മമായി നിരീക്ഷിക്കും. മിന്നൽവേഗത്തിൽ വേട്ട നടത്തും. ശത്രുജീവികളെ വിറപ്പിച്ചുകൊണ്ട് കുഞ്ഞുങ്ങളെ സംരക്ഷിച്ചുനിർത്തും. അക്കാലത്ത് മലൈകയെ കാണാൻ വലിയ തിരക്കായിരുന്നു. ചിത്രങ്ങളും വീഡിയോയും എടുക്കാൻ വന്ന സംഘങ്ങൾക്കെല്ലാം കൊയ്ത്ത്തുകാലമായിരുന്നു. മിനി സ്ക്രീനുകളിൽപോലും അവളെക്കുറിച്ചുള്ള പരിപാടികൾ ഹിറ്റായി. മലൈകയുടെ കുട്ടികളാണ് ഡോഗോയും (Dogo) കിഴുമ്പോയും (Kigumbo). ഇവയെ കൊല്ലാൻ പല ശ്രതുജീവികളും ശ്രമിച്ചിരുന്നു. പക്ഷേ, ഒരു പോറൽപോലും ഏൽപ്പിക്കാൻ കഴിഞ്ഞില്ല. ആക്രമണങ്ങൾ മുൻകൂട്ടി അറിയാൻ മലൈകയ്ക്ക് കഴിഞ്ഞു. എന്നാൽ, 2018 മാർച്ചിൽ സങ്കേതത്തെ നടുക്കിയ സംഭവമുണ്ടായി. കനത്ത മഴയിൽ കുത്തിയൊഴുകിയ ഒറോക്ക് നദിയിൽ മലൈക മുങ്ങിത്താണു. മുങ്ങുക മാത്രമല്ല, ചീങ്കണ്ണികൾ അവളെ ആക്രമിക്കുകയും ചെയ്തിരുന്നു. വന്യജീവി പ്രേമികളെ അതീവ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. അത്. അവളുടെ മരണം ഇന്നും ഒരു നിഗൂഢതയായി അവശേഷിക്കുന്നു. ഡോഗോയും കിഴുമ്പോയും ഇപ്പോഴും സങ്കേതത്തിലുണ്ട്. അവയ്ക്ക് അഞ്ചുവയസ്സിൽ കൂടുതലുണ്ടാകും, അമ്മയെ വേർപിരിയാതെ നടന്നിരുന്ന കുട്ടി കളായിരുന്നു അവ. അമ്മ മരിച്ചശേഷം നിരവധി ദിവസങ്ങളിൽ ആ നദിക്കരയിൽ തീവ്ര ദുഃഖംകൊണ്ട് കനത്ത മുഖവുമായി അവൾ നിന്നു. അവയുടെ വിറങ്ങലിച്ചമുഖം ഇന്നും വനംവകുപ്പുജീവനക്കാരുടെ മനസ്സിലുണ്ട്.

Siligi 3

Yathra Cover
മാതൃഭൂമി യാത്ര വാങ്ങാം

ഇത്തവണ സങ്കേതത്തിൽ എത്തിയപ്പോൾ ആ കുഞ്ഞുങ്ങളെ കാണാൻ പത്മനാഭൻ ആഗ്രഹിച്ചിരുന്നു. പല ദിവസങ്ങളിലും അവയ്ക്കായി തിരഞ്ഞു. ഗാർഡുമാർ ബെനോക്കുലറിലൂടെയും മറ്റും പരതിയിട്ടും, ഡോഗോയെയും കിഴുമ്പോയെയും കാണാൻ കഴിഞ്ഞില്ല. നിരാശയോടെയുള്ള മടക്കത്തിൽ ഒരു പ്രതീക്ഷയ്ക്ക് വകയുണ്ട്, കുഞ്ഞുങ്ങളെ കണ്ടാൽ തീർച്ചയായും ചിത്രമെടുത്ത് അയക്കാമെന്ന് ഗാർഡ് മോയിസ് പറഞ്ഞിട്ടുണ്ട്.

(മാതൃഭൂമി യാത്ര 2021 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: masai mara national reserve, siligi and her seven cubs, wildlife in masai mara