മംഗളാ ദേവി ക്ഷേത്രം
ഇവിടെ ഒരു പുഴ ഒഴുകിയിരുന്നു. എന്തോ അങ്ങനെ തോന്നി. നിബിഡ വനത്തിനുള്ളിലെ കുറച്ചു സ്ഥലങ്ങള്‍ മരങ്ങളില്ലാതെ കുറ്റിച്ചെടികളും പുല്ലും മാത്രമായി നില്ക്കുന്നു. പ്രകൃതിയുടെ ഓരോ നിര്‍മ്മിതികളും കണ്ടങ്ങനെ നടന്നു. ചതുപ്പും, കുളവും, നിബിഡമായി വളര്‍ന്നിരിക്കുന്ന മരങ്ങളും ചെടികളും അങ്ങനെയങ്ങനെ. യാത്ര ഒരു ലക്ഷ്യത്തിലേക്കാണ്. മംഗള വനത്തിനുള്ളിലെ നൂറ്റാണ്ടിന്റെ പഴക്കമുള്ള മംഗളാ ദേവി ക്ഷേത്രത്തിലേക്ക്. കുമളിയില്‍ നിന്നും ഏതാണ്ട് 15 കിലേമീറ്റര്‍ വനത്തിലൂടെ നടന്നാല്‍ ക്ഷേത്രത്തിലെത്താം. കേരളത്തിലെ പുരാതനമായ കണ്ണകി ക്ഷേത്രമാണ് ഇത്. വര്‍ഷത്തിലെ ഒരേയൊരു ദിവസം മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളൂ. ചിത്ര പൗര്‍ണ്ണമി നാളില്‍. കേരളവും തമിഴ്നാടും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മലയിലാണ് ഈ കണ്ണകീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തര്‍ക്ക പ്രദേശമായതിനാല്‍ തേനി, ഇടുക്കി ജില്ല കളക്ടര്‍മാരുടേയും പോലീസ് മേധാവികളുടേയും സാനിധ്യത്തില്‍ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം.
വിശ്വാസം കൊണ്ടും ആചാരം കൊണ്ടും വ്രതമെടുത്ത് പോകുന്നവരും എന്നെപ്പോലെ ഒരു കൗതുകത്തിന് കാണാന്‍ പോകുന്നവരുമായി പതിനായിരങ്ങളാണ് കണ്ണകിയേയും കോവലനേയും കാണാന്മല കയറി എത്തുന്നത്. കുറെ നാളായുള്ള ആഗ്രഹമാണ്. ഇത്തവണ രണ്ടും കല്പിച്ചങ്ങ് ഇറങ്ങി പുറപ്പെട്ടു. തിരക്കേറിയ ജീവിതത്തില്‍ നിന്നും ഒരു ദിവസത്തെ അവധിയെടുത്ത് മംഗളാദേവിയെ കാണാനുള്ള യാത്ര.
അഞ്ച് മണിക്ക് വണ്ടി പത്തനംതിട്ടയില്‍ നിന്ന് ഉറ്റ ചങ്ങാതി ജിന്റോയുടെ ബൈക്കില്‍ അവനോടൊപ്പം യാത്ര ആരംഭിച്ചു. ഹൈ റേഞ്ചില്‍ നിരവധി തവണ പോയിട്ടുണ്ടെങ്കിലും ബൈക്കോടിച്ച് പോകുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍. എട്ട് മണിക്ക് കുമളിയിലെത്തണമെന്നാണ് കരുതുന്നത്. നടക്കുമോ എന്തോ ? മുണ്ടക്കയമെത്തിയപ്പോള് തന്നെ ജിന്റോ റൈഡിംഗ് മതിയാക്കി നിയന്ത്രണം എനിക്ക് കൈമാറി. ഇനിയുള്ളത് പറഞ്ഞറിയിക്കാനാകാത്ത വികാരം തന്നെയാണ്. ഞാന്‍ ഇടക്കിടെ സ്വപ്നം കാണാറുള്ളതു പോലെ ഹൈറേഞ്ചിലൂടെ ഒരു ക്രേസി ബൈക്ക് റൈഡിംഗ്. ശരിക്കും ആസ്വദിച്ചു തന്നെ പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മുണ്ടക്കയത്തു നിന്ന് നേരെയുള്ള വഴി പോകാതെ പാഞ്ചാലിമേട് ഹില്‍ ടോപ്പ് വഴി ചുറ്റിക്കറങ്ങി തന്നെ പോയി. ചെറിയൊരു തണുപ്പും, ഹൈറേഞ്ച് യാത്രയുടെ കുളിരുമൊക്കെയായി മനസ് വല്ലാതങ്ങ് പറന്നു.
കുട്ടിക്കാനത്തെത്തിയപ്പോള്‍ ചെറിയ മഞ്ഞുണ്ടായിരുന്നു. എന്നാല്‍ പിന്നെ ഒരു കാപ്പി ഊതിക്കുടിക്കണം പോലും. അങ്ങനെയാകട്ടെ എന്നു കരുതി. കാപ്പി കുടി കഴിഞ്ഞ് യാത്ര തുടര്‍ന്നു. ശരിക്കും റൈഡിംഗിന് പറ്റിയ റോഡ് തന്നെ. മഞ്ഞിനും തണുപ്പിനും ശക്തി കൂടി വന്നു. കണ്ണടയില്‍ മഞ്ഞിന്റെ ഈര്‍പ്പം തീര്‍ത്ത തടസം വകവയ്ക്കാതെ ഹെഡ്ലൈറ്റൊക്കെയിട്ട് അങ്ങനെ പോയി. മഞ്ഞ് കനത്തു. സാധാരണ ഈ മാസത്തിലൊന്നും ഇങ്ങനെ മഞ്ഞുണ്ടാവില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാലും ഈ മഞ്ഞ് ഞങ്ങള്‍ക്ക് വേണ്ടി എത്തിയതാണെന്ന് തോന്നി. ഞങ്ങള്‍ വരുന്നുണ്ടെന്നറിഞ്ഞ് വിരുന്നെത്തിയ പോലെ. അതിനിടെയില്‍ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ചു. ബൈക്കിലാണ് യാത്രയെന്നറിഞ്ഞപ്പോള്‍ കുറെ ശകാാരം. ഭ്രാന്തുണ്ടോ എന്ന ചോദ്യവും. ആ വഴിയും അവിടുത്തെ അവസ്ഥയും എല്ലാം നന്നായറിയാവുന്നത് കൊണ്ടാണ് ഈ ശകാരമെന്ന് എനിക്ക് മനനസിലായി. നേരെ മുന്പില് വരുന്ന വാഹനങ്ങള്‍ പോലും നന്നായി കാണാനാകുന്നില്ല. റോഡിന്റെ ഒരേകദേശ രൂപം മാത്രം. എന്തും വരട്ടെയെന്നു കരുതി മുന്നോട്ട്.
വണ്ടിപ്പരിയാറെത്തായാപ്പോഴേക്കും മഞ്ഞൊക്കെ ഏതാണ്ട് മാറി. ചെറിയ തണുപ്പും, വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയും. ഇടക്കിടെ എത്തുന്ന ചെറുതും വലുതുമായ വാഹനങ്ങളും പിന്നെ ഞങ്ങളും മാത്രം. ഒടുവില്‍ കുമളിയില്‍ എത്തി. ബൈക്ക് എവിടെയെങ്കിലും വയ്ക്കണം. അവിടെ പരിചയത്തിലുണ്ടായിരുന്ന ഒരു ലോഡ്ജ് ഉടമയെ വിളിച്ച് അവിടെ വണ്ടിയും വച്ച് മംഗളാ ദേവിയിലേക്കുള്ള വഴിന്വേഷിച്ചു. ബസ്റ്റാന്‍ഡിന് സമീപത്തും നിന്നും കാനന ക്ഷേത്രത്തിലേക്ക് ജീപ്പ് സര്വ്വീസുണ്ടത്രേ. എന്നാല്‍ പിന്നെ ഇനിയുള്ള യാത്ര ജീപ്പിലാകാമെന്ന് കരുതി. ഭക്തരുടെ ഒരു ക്യൂവുണ്ട് ജിപ്പില്‍ കയറാനുള്ള പാസ് എടുക്കുന്ന കൗണ്ടറിന് മുന്നില്‍. ക്യൂവിന് പിന്നില്‍ നില്‍ക്കാമെന്ന് കരുതി നന്നു. നടന്നിട്ടൊന്നും ആ ക്യൂ തീരുന്നില്ല. നടപ്പ് ഏതാണ്ട് ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ക്യൂവിന്റെ അവസാനം കണ്ടു. ഒന്നര മണിക്കൂര്‍ നിന്നാലും പാസ് കിട്ടില്ലെന്നുറപ്പായപ്പോള്‍ അവിടെ കണ്ട ലോട്ടറി വില്‍പ്പനക്കാരനോട് ഇതല്ലാതെ വേറെ വഴി ഉണ്ടോയെന്നന്വേഷിച്ചു. ജീപ്പിന് പോകുന്നത് റിസ്കാണെന്നും പതിനഞ്ച് കിലോമീറ്റര്‍ നടന്നാല്‍ വളരെയെളുപ്പം ക്ഷേത്രത്തിലെത്താമെന്നും വനത്തിലൂടെയായതിനാല്‍ നല്ല രസമാണെന്നും അയാള്‍ പറഞ്ഞു. ജിന്റോയുടെ ഒരു പരിചയക്കാരന് രാജിവേട്ടനെ അവിടെ കണ്ടു. ബാങ്കുദ്യോഗസ്ഥനാണ്. പുള്ളിയും ധൈര്യം പകര്‍ന്നു. നമുക്ക് നടക്കാം. എല്ലാവര്ക്കും ആവേശമായി.
ലോട്ടറിക്കാരന് കാണിച്ച വഴിയിലൂടെ നടത്തം ആരംഭിച്ചു. കാടിനുള്ളിലേക്ക് കടക്കുന്നയിടത്ത് യൂണിഫോമിട്ട രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വഴി തടഞ്ഞു. കൈയ്യിലുണ്ടായിരുന്ന ബാഗൊക്കെ പരിശോധിച്ചു. പ്ലാസ്റ്റിക്ക് കൊണ്ടു പോകാന്‍ പാടില്ലത്രേ. രാജീവേട്ടന്റ കൈയ്യില്‍ വെള്ളം കൊണ്ടു വന്ന ഒരു കുപ്പി ഉണ്ടായിരുന്നു. അത് അടുത്ത് കണ്ട ഒരു വീട്ടില്‍ ഏല്‍പ്പിച്ചു. തിരികെ വരുമ്പോള്‍ വാങ്ങാമെന്ന് പറഞ്ഞ് യാത്ര തുടരാന്‍ തുടങ്ങയപ്പോഴാണ് പ്രായമായ ഒരു ചേട്ടന് ഞാനും നിങ്ങള്‍ക്കൊപ്പം വരട്ടെ എന്ന ചോദ്യം ഉന്നയിച്ചത്. അതിനെന്താ പോന്നോളൂ എന്ന് പറഞ്ഞു. അദ്ദേഹം കുമളിക്കടുത്ത് വെള്ളാരംകുണ്ടിലെ ഒരു ചെറുകിട കര്‍ഷകനാണ്.
വനത്തിനുള്ളിലേക്ക് കടന്നപ്പോള്‍ തന്നെ കാടിന്റെ മണം കിട്ടിത്തുടങ്ങി. ചീവീടുകളുടെ കരച്ചിലും. ചെറു സംഘങ്ങള്‍ വേറെയും നടക്കുന്നുണ്ട്. ആദ്യം പറഞ്ഞ പണ്ടെന്നോ ഒഴുകിയിരുന്ന പുഴയുടെ ലക്ഷണങ്ങള്‍ ആദ്യം കണ്ടതും ഇവിടെയാണ്. ഒപ്പമുണ്ടായിരുന്നവരോടൊക്കെ ചോദിച്ചു ഇവിടെ പണ്ട് പുഴയുണ്ടായിരുന്നോ എന്ന്. അവര്‍ക്കാര്‍ക്കും അറിയില്ല. എന്നാലും ഇവിടെ ഒരു പുഴ ഒഴുകിയിരുന്നു എന്ന് മനസില്‍ ഉറച്ച് വിശ്വസിച്ച് യാാത്ര തുടര്‍ന്നു. ഭീമാകാരമായ മരങ്ങളും, വള്ളിച്ചെടികളും, കുറ്റിക്കാടുകളും ഒക്കെ കണ്ടും ആസ്വദിച്ചും അല്പം വേഗം നടന്നു. മനസിലെ കണക്കനുസരിച്ച് ഒന്നര മണിക്കൂര്‍ കൊണ്ട് 15 കിലോമീറ്റര്‍ താണ്ടണം. ഒരു കിലോ മീറ്ററോളം നടന്ന് ജീപ്പ് പോകുന്ന റോഡിലേക്ക് ഞങ്ങള്‍ എത്തി. കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോള്‍ പലനിറത്തിലുള്ള കാക്കി യൂണിഫോമിട്ട് നിരവധി ഉദ്യോഗസ്ഥര്‍ വീണ്ടും വഴി തടഞ്ഞു. ദേഹ പരിശോധന, ബാഗ് പരിശോധന, മെറ്റല്‍ ഡിക്ടറ്ററിലൂടെ കടത്തി വിടല്‍, പരിശോധന തകൃതി. കുമളിയില്‍ നിന്നും യാത്രയാരംഭിച്ച് ജീപ്പുകളും അതിലുള്ള യാത്രക്കാരും അവിടെ പരിശോധനയ്ക്ക് വിധേയരാകണം. അവിടെ നിന്നും വീണ്ടും വനത്തിലൂടെയുള്ള യാത്ര തുടര്‍ന്നപ്പോള്‍ വഴിക്കിരുവശവും ചതുപ്പ് കണ്ടു. പിന്നെ ഒരു കുളം, ജലാംശം. . . വീണ്ടും പുഴ ഒഴുകിയിരുന്ന പോലെയുള്ള പ്രദേശങ്ങള്‍. സത്യമായും ഇവിടെ ഒരു പുഴ ഒഴുകിയിരുന്നു എന്ന് ഞാന്‍ മനസില്‍ ആണയിട്ടു.
ജീപ്പ് പോകുന്ന വഴിയാമെങ്കിലും അതിലെയുള്ള നടപ്പ് ദുഷ്ക്കരമായിരുന്നു. തലേദിവസം കുമളിയിലും പരിസര പ്രദേശത്തും പെയ്ത കനത്ത മഴ വഴി ആകെ കുളമാക്കിയിരുന്നു. വഴിക്ക് ഇരുവശത്തുമുള്ള കാട്ടിനുള്ളിലൂടെയായി നടപ്പ്. ഏതാണ്ട് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വഴിയില്‍ കണ്ട കാക്കിക്കാരനോട് ഇനിയെത്ര ദൂരണ്ടാകുമെന്ന് ചോദിച്ചു. മൂന്ന് അല്ലെങ്കില്‍ നാല് കിലോമീറ്ററെന്ന് അയാളുടെ ഉത്തരം ഞങ്ങളുടെ ആവേശം കൂട്ടി. ഇപ്പോ പതിനഞ്ച് കിലോമീറ്റര്‍ ഇത്ര കുറവാണോ എന്ന് ചിന്തിച്ച് നടപ്പിന് വേഗം കൂട്ടി. ചെളി നിറഞ്ഞ് യാത്ര ദുഷ്ക്കരമായ വഴിയിലൂടെയുള്ള ജീപ്പിന്റെ യാത്ര കാണാന്‍ നല്ല രസമായിരുന്നു. ഒരു ഓഫ് റോഡ് ചെയ്സ് നേരിട്ട് കാണുന്ന പ്രതീതി. കാഴ്കള് കണ്ടും കാറ്റു കൊണ്ടും ചീവീടിന്റെ കരച്ചില് കേട്ടും ചെറിയ തണുപ്പ് കൊണ്ടും അങ്ങനെ യാത്ര തുടര്‍ന്നു. ദൂരം കുറെ ആയപ്പോള്‍ ക്ഷീണംം തോന്നാതിരുന്നില്ല. നാല് കിലോ മീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തിലെത്താം എന്നു പറഞ്ഞ ഉദ്യോഗസ്ഥനെ മനസില്‍ ധ്യാനിച്ച് ആഞ്ഞ് നടന്നു. വഴിയില്‍ ഇടക്കിടെ പൈപ്പും വെള്ളവുമുണ്ട്, ക്ലോറില്‍ കലര്‍ന്ന വെള്ളം. എന്നാലും ഈ കാഠിന്യമേറിയ യാത്രയില്‍ ദാഹമകറ്റാന്‍ അത് ധാരാളമായിരുന്നു. വീണ്ടും ഒരു പോലീസുകാരനോട് വഴി ചോദിച്ചു. നാല് കിലോമീറ്റര്‍ കൂടി. ഉത്തരം കേട്ട് നാല് പേരും ഞെട്ടി. ഈ പോലീസുകാര്‍ക്ക് നാല് എന്ന ഒരു സംഖ്യയല്ലാതെ വേറൊന്ന് അറിയില്ലേ. ആദ്യം വഴി ചോദിച്ച പോലീസുകാരനെ മനസില്‍ പ്രാകി. കാരണം അയാളോട് വഴി ചോദിച്ചതിന് ശേഷം അഞ്ച് കിലോമീറ്ററെങ്കിലും നടന്നു കാണും. എന്നാലും യാത്ര വീണ്ടും തുടര്‍ന്നു. ദൂരെ മലമുകളില്‍ ഉറുമ്പ് കണക്കെ ആളുകളെ കണ്ടു. അതിനടുത്തെവിടെയോ ആണ് ക്ഷേത്രം. മിനിമം അഞ്ച് കിലോമീറ്ററെങ്കിലും വരും അവിടെയെത്താന്‍. മനസും ശരീരവും ഒരു പോലെ തളര്‍ന്നു. ജിന്റോ എന്നെ മനസില്‍ ശപിക്കുന്നുണ്ടാകും. കാരണം അവനാണ് ഏറ്റവുമധികം തളര്‍ന്നത്. ഇപ്പോല്‍ ഞങ്ങള്‍ ഇതു വരെ നടന്ന നിബിഡ വനത്തിനുള്ളില്‍ നിന്നും പുറത്തിറങ്ങി. ഇനി പുല്‍മേടാണ്. അഞ്ച് കിലോമീറ്റര്‍ പുല്‍മേട്. ഞങ്ങളെക്കൂടാതെ നിരവധി സംഘങ്ങളും, ജീപ്പികളും ക്ഷേത്രം ലക്ഷ്യമാക്കി കിതയ്ക്കുന്നുണ്ട്. ക്ഷേത്രത്തിലേക്ക് നോക്കി നെടുവീര്പ്പെടുന്നുണ്ട്.
ഇതു വരെ വിശ്രമിക്കാതെ നടന്ന ഞങ്ങള്‍ ഇനിയും വിശ്രമിക്കാതെ തുടരാം എന്ന് പരസ്പര ധാരണയുണ്ടാക്കി. പക്ഷെ ജിന്റോ ധാരണ തെറ്റിച്ചു. പുല്‍മേട്ടിലേക്ക് അവന് വീഴുകയായിരുന്നു എന്നു തന്നെ പറയാം. കാട്ടിനുള്ളില്‍ നിന്നും ഇറങ്ങിയതിനാല്‍ കനത്ത വെയിലും ഞങ്ങളെ പരീക്ഷിക്കുന്നുണ്ടായിരുന്നു. അതൊരു കനത്ത പരീക്ഷണം തന്നെയായിരുന്നു. ശരീരം മനസിനൊപ്പിച്ച് നീങ്ങുന്നില്ല. ഇവിടെ വരെയെത്തിയിട്ട് മടങ്ങി പോകാന്‍ വയ്യ. യാത്ര തുടരണം. മലനിരകള്‍ എല്ലാ കഥകളിലേയും പുസ്തകങ്ങളിലേയും എഴുത്തുകളിലേയും പോലെ ആകാശത്തേ ചുംബിച്ച് നില്‍ക്കുകയാണ്. ഇതിലേതൊക്കെ മലകള്‍ കേരളത്തിന്റെ, ഏതൊക്കെ തമിഴിനാടിന്റെ, ആവോ ആര്‍ക്കറിയാം. ഭക്തരുടെ എണ്ണവും വെയിലിന്റെ കാഠിന്യവും വര്‍ദ്ധിക്കുകയാണ്. യാത്ര തുടരാന്‍ തീരുമാനിച്ചു. ഇടക്കിടെ ഇരുന്നും, തളര്‍ന്നും, വെള്ളം കുടിച്ചും അങ്ങനെ നിരങ്ങി നീങ്ങി. കണക്ക് പ്രകാരം പത്തര മണിക്ക് ക്ഷേത്രത്തിലെത്തേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ സമയം പതിനൊന്നരയായി.
ഇടക്കിടെ ഫോറസ്റ്റിന്റെ കാക്കി കുപ്പായക്കാര്‍ വഴിയില്‍ ടെന്റടിച്ചിട്ടുണ്ട്. അവിടെ കണ്ട ഒരു ഉദ്യോഗസ്ഥനോട് കുശലമെന്ന രീതിയില്‍ സംസാരിച്ചു. ഉദ്ദ്യേശം അല്പ സമയം ക്ഷിണമകറ്റാന് നില്‍ക്കണം എന്നതും അവരുടെ ടെന്റിനുള്ളില്‍ തലയെങ്കിലും വെയിലില്‍ നിന്നും രക്ഷിക്കണം എന്ന ആഗ്രഹവും മാത്രമായിരുന്നു. രാവിലെ അവരെത്തുമ്പോള്‍ ഏതാണ്ട് ഇരുപത്തിയഞ്ച് വാര അകലെ ആനക്കൂട്ടമുണ്ടായിരുന്നത്രേ. ഞങ്ങള്‍ നാല് പേരുടേയും മുഖത്ത് അതിശയം വിടര്‍ന്നു. ആന എത്തിയിരുന്നു പോലും.ഞാന്‍ മനസില്‍ ചിന്തിച്ചത് വേറെയൊന്നായിരുന്നു. ആന പോലും, പുളുവാണെങ്കിലും കേള്‍ക്കാന്‍ കൊള്ളാം. നമ്മളെത്ര ആനയെ കണ്ടിരിക്കുന്നു. പക്ഷെ കുറെ മുന്നോട്ട് നടന്നപ്പോള്‍ അത്ര പഴക്കമില്ലാത്ത ആനപിണ്ഢം കണ്ടപ്പോള്‍ മനസിലെ ധാരണ പോയി. ഏയ് ഞാന്‍ ആനയെ കണ്ടിട്ട് പോലുമില്ലല്ലോ. ആ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിച്ചതില്‍ കുറ്റബോധം തോന്നാതിരുന്നില്ല. കുറക്കൂടി മുന്നോട്ട് പോയപ്പോള്‍ തമിഴ്നാട്ടില്‍ നിന്നും മല കയറി വരുന്നവരേയും, ഇറങ്ങി പോകുന്നവരേയും തമിഴ് നാട്ടിലെ കൃഷിയിടങ്ങളും അവ്യക്തമായി കണ്ടു.
ഒരുമിച്ച് യാത്ര തുടങ്ങിയ നാല് പേരും മൂന്നായി മലമുകളിലെത്തി. ജിന്റോയും രാജീവേട്ടനും ഫോട്ടോയെടുക്കാനെന്ന് വ്യാജേന ഇടയ്ക്ക് തങ്ങി. ഞാനും ഒപ്പം കൂടിയ ചേട്ടനും മുന്നോട്ട് നടന്നു. അവസാനം ഞങ്ങളും പിരിഞ്ഞു. ഒന്നിച്ച് ക്ഷേത്രത്തില്‍ കയറാം എന്ന ധാരണയില്‍ ഞാനും ഇരുന്നു. സമയം പന്ത്രണ്ട് മണി. നല്ല തിരക്കുണ്ട്. ക്ഷിണമുണ്ട്. ജിന്റോയും രാജീവേട്ടനും വന്നു. ആ ചേട്ടനെ മാത്രം കണ്ടില്ല. കഷ്ടം. ഇതു വരെ കൂടെയുണ്ടായിരുന്നിട്ട് അവസാനം ലക്ഷ്യത്തിലെത്തിയപ്പോള് അയാളെ കാണാത്തതില്‍ മൂവര്‍ക്കും സങ്കടം തോന്നി.
കടുത്ത സുരക്ഷാ പരിശോധനയുടെ ഭാഗമായി അങ്ങനെ വെറുതെ ക്ഷേത്രത്തില്‍ കയറാനാകില്ല. അതിഭീകരമായ ക്യൂ. നാലായിരം അയ്യായിരം പേരെങ്കിലും ക്യൂവിലുണ്ടാകും. ഇല്ല ഈ വെയിലത്ത് ഇനി ഈ ക്യൂവില്‍ കൂടി നില്‍ക്കാനാകില്ല. രണ്ട് ക്യൂ കാണുന്നുണ്ടായിരുന്നു. ഒന്ന് ക്ഷേത്രത്തിനുള്ളിലേക്കും മറ്റൊന്ന് തിരികെ ജിപ്പില്‍ പോകാനുള്ളതും. തളര്‍ച്ച ശരീരത്തില്‍ നിന്നും മനസിലേക്ക് പടര്‍ന്നു കയറി. പക്ഷെ തോല്ക്കാന് ഞങ്ങള്‍ തയ്യാറായിരുന്നില്ല. അപ്പോഴാണ് കയ്യിലെ പ്രസ്സ് എന്ന ഐഡി ഓര്മ വന്നതു തന്നെ. പിന്നെ ഒന്നും നോക്കിയില്ല പിന്നിലെ വഴിയിലൂടെ ഞങ്ങള്‍ മൂവരും വച്ചു പിടിച്ചു. ക്ഷേത്രത്തില്‍ നിന്നും എല്ലാവരും ഇറങ്ങി വരുന്ന വഴിയാണിത്. ഇതു വഴി ആര്‍ക്കും കയറി പോകാനാകില്ല. മാധ്യമപ്രവര്ത്തകന് എന്ന അഹങ്കാരത്തോടെ നെഞ്ചും വിരിച്ചങ്ങനെ നടന്നു. ഉയര്‍ന്ന റാങ്കിലുള്ള പോലീസുദ്യോഗസ്ഥര്‍ വഴി തടഞ്ഞു. ഇതു വഴി പോകാനാവില്ലത്രേ. ചെറിയ പേടിയോടെയാണെങ്കിലും ഐഡി ഉയര്‍ത്തിക്കാട്ടി. പ്രസ്സാണ്. . . പോലീസുകാര്‍ പരസ്പരം നോക്കി. എന്നിട്ട് വഴി മാറിത്തന്നു. പ്രസ് മാത്രം എന്നുള്ളൊരു മുന്നറിയിപ്പും. ഇവരെന്റെ കൂടെയുള്ളവരാണ് എന്ന് പറഞ്ഞ് അവരേയും കൂട്ടി മുന്നോട്ട് നടന്നു.
ആദ്യം കോവലന്റെ പ്രതിഷ്ഠയാണ്. അങ്ങോട്ട് കയറാനുള്ള വഴി കയറുപയോഗിച്ച് തടസ്സപ്പെടുത്തിയിരിക്കുകയാണ്. അതിനുള്ളില്‍ ഗംഭീര തിരക്കും. അവിടെ നിന്ന ഒരു പോലീസുദ്യോഗസ്ഥന്റെ സഹായത്തോടെയും ഐഡിയുടെ സ്വാധീനത്തോടെയും കയറിനുള്ളില്‍ കടന്നു. പ്രതിഷ്ഠയിരിക്കുന്നിടത്തേക്ക് ഒരു നോക്ക് നോക്കാം. അത്രയ്ക്ക് തിരക്കാണ് അവിടെ. പ്രതിഷ്ഠ കണ്ടു. എല്ലാവര്ക്കും പ്രസാദം കൊടുക്കുന്നുണ്ട്. ലേശം ഭസ്മവും. അതൊക്കെ വാങ്ങി അടുത്ത പ്രതിഷ്ഠയുടെ മുന്‍പിലേക്ക്. അത് ശിവന്റെ പ്രതിഷ്ഠയാണ്. അവിടവിടെ ഉപദേവതകളേയും കുടിയിരിത്തിയിട്ടുണ്ട്. വരിയില്‍ നിന്ന് അനുസരണയുള്ളവരായി ഞങ്ങള്‍ കാഴ്ചകളൊക്കെ കണ്ടു. രാജീവേട്ടന് എല്ലാ നടയിലും ഭക്ത്യാദരവോടെ തൊഴുന്നുണ്ടായിരുന്നു. ഇനിയാണ് കണ്ണകി. അവിടെ ചെറിയ തിരക്കുണ്ട്. ചെറിയ സംഘങ്ങളായാണ് ഭക്തരെ അങ്ങോട്ട് കടത്തി വിടുന്നത്.
ശരിക്കുമൊരു കാനന ക്ഷേത്രം. കല്‍ത്തൂണുകളും, പാറ വെട്ടിയുണ്ടാക്കിയ മനോഹരമായ നിര്‍മ്മിതികളും. അവസാന പ്രതിഷ്ഠയും കണ്ട് പുറത്തേക്ക്. അവിടെ പോലീസുണ്ടായിരുന്നെങ്കിലും അവര്‍ തടഞ്ഞില്ല. കാരണം ഇപ്പോള്‍ ഞങ്ങള്‍ യഥാര്‍ത്ഥ വഴിയിലാണല്ലോ. പുറത്തിറങ്ങിയപ്പോ അവിടെ നേര്‍ച്ചയായി കൊടുക്കുന്ന തക്കാളിച്ചോറ് കുറച്ച് വാങ്ങിക്കഴിച്ചു. സമയം ഏതാണ്ട് ഒരു മണിയായിരുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിനുള്ള തിരക്ക് വളരെ വലുതായിരുന്നു. കിട്ടിയ ഭക്ഷണവും വാരിക്കഴിച്ച് തിരക്കൊഴിഞ്ഞ സ്ഥലത്തേക്ക് മാറിയിരുന്നു. ചെറിയൊരു വിശ്രമം. തിരിച്ച് ജീപ്പില്‍ പോകാനുള്ള വഴി നോക്കി. പക്ഷെ ജീപ്പില്‍ കയറാനുള്ള തിരക്ക് കണ്ട് ഞങ്ങള്‍ മൂന്നു പേരും മൂന്ന് തവണ വീതം ഞെട്ടി. ബാക്കി പറയണ്ടല്ലോ. തിരിച്ചും നടക്കാന്‍ തീരുമാനിച്ചു. ഇനീപ്പോ അതാണ് നല്ലത്. ഭക്ഷണവുമായി വന്ന ട്രാക്ടര്‍ മടങ്ങിയപ്പോള്‍ അതില്‍ കഴുകാത്ത പാത്രങ്ങളില്‍ കയറിക്കൂടിയ ആളുകളുടെ എണ്ണവും ആ യാത്രയുടെ രസവും കണ്ട് ഞങ്ങള്‍ മെല്ലെ നടന്നു. കാഴ്ചകള്‍ കണ്ടും, സൊറ പറഞ്ഞും, ഇടയ്ക്കിടെ ഇരുന്നും ഞങ്ങള്‍ മലയിറങ്ങി. പുല്‍മേടും, നിബിഡ വനവും കടന്ന്. നടന്ന് നടന്ന്. കുഴഞ്ഞ കാലുകള്‍ വലിച്ച് വച്ച് നടന്നു.
നിബിഡ വനങ്ങളും, കുറ്റിച്ചെടികളും, വള്ളിക്കാടുകളും പിന്നിട്ട് പുഴയുടെ ഓര്മ്മകളവശേഷിക്കുന്നിടത്ത് എത്തിയപ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി. അധികം കേട്ട് പരിചയമില്ലാത്ത, എന്നാല്‍ പരിചിതമായ ഒരു ശബ്ദം. യാത്രയില്‍ ഒപ്പമുണ്ടായിരുന്നിട്ട് ഇടയ്ക്ക് കൈവിട്ട് പോയ ചേട്ടന് ദാ മുന്പില് നില്ക്കുന്നു. ഒടുവില്‍ നടന്ന് നടന്ന് അവസാന സമതലവും കടന്ന് കാടിന് പുറത്തേയ്ക്ക്.
Content Highlights: Mangala Devi Kannagi temple travel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..