തൊരു പക്ഷിയാണോ? അതോ, ചിത്രകാരന്റെ ബ്രഷിൽ രൂപമെടുത്ത വർണക്കൂട്ടുകളോ? ഡോ. ജയ്നി കുര്യാക്കോസിന് അതൊരു സ്വപ്നമായി തോന്നി. ആൻഡമാൻ ദ്വീപിലുള്ള, സന്ദർശകരുടെ കാൽപ്പാടുകൾ അധികം പതിയാത്ത ലിറ്റിൽ ആൻഡമാൻ ദ്വീപിലെ മഴക്കാടുകൾ നിറഞ്ഞ ഭൂപ്രദേശത്തായിരുന്നു അവർ. വർണജാലം പോലെ ആ പക്ഷി നിശ്ചലജലാശയത്തിന് മീതെ ഒരു മരക്കൊമ്പിലിരിക്കുകയാണ്.

മേഘനീലിമയിൽ നിന്ന് ഭൂമിയിലെ ഒരു ജലാശയത്തിലേക്ക് അടർന്നുവീണ പക്ഷി. ദേഹത്താകെ, തൂവലുകൾക്ക്, ചാരനിറം. കൂടാതെ മഞ്ഞ, ചുവപ്പ്, പച്ച, വെള്ള തുടങ്ങിയ നിറങ്ങൾ. ലോകപ്രശസ്ത പക്ഷിഗവേഷകനായ ഡോ. സാലിം അലി ഇവയെപ്പറ്റി തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടു ത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “അണിഞ്ഞൊരുങ്ങിയിരിക്കുന്ന പക്ഷി. തൂവലുകളിലെ നിറങ്ങൾക്ക് അനുപമമായ ദൃശ്യാനുഭൂതി.''

Mandarin Duck 2മാൻഡരിൻ ഡക്ക് എന്ന ഈ വർണത്താറാവ് ഇന്ത്യയിലുള്ളതല്ല. സൈബീരിയയിലും കൊറിയയിലും ജപ്പാനിലും ചൈനയിലുമുള്ള പക്ഷിയാണ്. വഴിതെറ്റി ഒന്നോ രണ്ടോ അതിൽ കൂടുതലോ ഉള്ള കൂട്ടം ഇന്ത്യയിൽ പലപ്പോഴും എത്തിയതായി പക്ഷിനിരീക്ഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. ആകാശത്തിലെ അത്യപൂർവമായ പ്രതിഭാസങ്ങളോ കൊടുങ്കാറ്റോ മൂലം പക്ഷികൾ നമുക്ക് സങ്കല്പിക്കാൻ കഴിയാത്ത ദൂരത്തിൽ യാത്രചെയ്യാറുണ്ട്. അങ്ങനെയാണ് പക്ഷിനിരീക്ഷകർക്കും വന്യജീവി ഫോട്ടോഗ്രാഫർമാർക്കും പക്ഷിയെ ആദ്യമായി ആൻഡമാൻ ദ്വീപിൽ നേരിൽ കാണാൻ കഴിഞ്ഞത്.

അഖിലേന്ത്യാതലത്തിൽ പ്രശസ്തയായ പക്ഷിനിരീക്ഷകയും വന്യജീവി ഫോട്ടോഗ്രാഫറുമാണ് ഡോ. ജയിനി കുര്യാക്കോസ്. പെരുമ്പാവൂർ കീഴില്ലം സ്വദേശിയായ ജയിനി കെമിക്കൽ എൻജിനീയറാണ്. ഇപ്പോൾ ബെംഗളൂരുവിൽ താമസിക്കുന്നു. പക്ഷികളെ തേടി ഇന്ത്യയിലെ മലനിരകളിലും മഴക്കാടുകളിലും അരുവികളിലും നദിക്കരയിലും നിഗൂഢമായ വടക്ക് കിഴക്കൻ കാടുകളിലും ചൈനീസ് അതിർത്തിയിലും മരുഭൂമികളിലും ഡോ. ജയിനി കാൽനടയായി സഞ്ചരിച്ചിട്ടുണ്ട്. ആൻഡമാൻ ദ്വീപിന്റെ വടക്കേ അറ്റമായ ലിറ്റിൽ ആൻഡമാൻ ദ്വീപിലേക്കുള്ള യാത്രയും അതീവ സാഹസികമായിരുന്നു. പോർട്ട് ബ്ലെയറിൽനിന്ന് നീണ്ട ആറ് മണിക്കൂർ ബോട്ടിലോ ചെറിയ കപ്പലിലോ യാത്ര ചെയ്യണം. തുടർന്ന് നീണ്ട രണ്ട് മണിക്കൂർ കാൽനടയാത്ര. കടൽത്തീരത്ത് പഞ്ചാരമണൽ വിരിച്ചിരിക്കുന്നു. നടപ്പാതകളിൽ ചിലതിൽ വെള്ളാരങ്കല്ലുകളും പാകിയിട്ടുണ്ട്. നോക്കെത്താത്ത നിഗൂഢമായ മഴക്കാടുകൾ ആകാശത്തിന് കുട പിടിക്കുന്നു.

“തികച്ചും അപരിചിതമായ വഴികൾ. നേരേ നടക്കുക. ചുറ്റും നോക്കാൻ സമയമില്ല. മനസ്സ് മന്ത്രിച്ചു. കാട്ടിൽ എവിടെയെങ്കിലും അമ്പും വില്ലുമായി ഗിരിവർഗക്കാർ പതിയിരിക്കുന്നുവോ?

കുത്തനെയുള്ള കയറ്റവും ഇറക്കവും ശീതക്കാറ്റും നേരിട്ടു കൊണ്ട് മുന്നോട്ടുനീങ്ങി. വർണ താറാവിനെ കാണാൻ ഹൃദയം കുതിച്ചു. ആദ്യമായി ആൻഡമാനിൽ എത്തിയ പക്ഷിയെ കാണാനാണ് ബെംഗളൂരുവിൽ നിന്ന് തിരിച്ചത്. പക്ഷിയുടെ സാന്നിധ്യത്തെക്കുറിച്ച് സുഹൃത്തു ക്കളായ പക്ഷിനിരീക്ഷകർ ഉറപ്പുനൽകിയിരുന്നു. ജലാശയത്തിന് അല്പം അകലെ മരത്തോപ്പുകളിലായിരുന്നു പക്ഷി. ഒരേ ഒരു വർണത്താറാവ്. മനസ്സ് ഭ്രമിച്ചു. ബൈനോക്കുലർ എടുത്തുനോക്കി. കൺകുളിർക്കെ പക്ഷിയെ കണ്ടു. വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത നിർവൃതി.

Mandarin Duck 3പിഎച്ച്.ഡി. വിദ്യാർഥിയായ ഗോകുൽ കൃഷ്ണയായിരുന്നു ലിറ്റിൽ ആൻഡമാനിലേക്കുള്ള വഴികാട്ടി. സമീപകാലത്തായി ലിറ്റിൽ ആൻഡമാൻ ദ്വീപിന്റെ മുഖച്ഛായ മാറിയിട്ടുണ്ട്. നിരവധി ടൂറിസ്റ്റുകൾ എത്തുന്നു. പ്രകൃതി സൗന്ദര്യത്തിന്റെ ഒരു കലവറയാണിവിടം. പക്ഷികൾ മാത്രമല്ല കടൽത്തീരത്തിന്റെ മനോഹാരിതയും നോക്കെത്താത്ത മലനിരകളും ബോട്ടിൽ ഉല്ലാസയാത്രയും വിദേശികളെ ദ്വീപിലേക്ക് ആകർഷിച്ചുകഴിഞ്ഞു. ഒപ്പം അതിഥിയായി വർണത്താറാവും.

മണിപ്പൂരിലും അസമിലും ഈ പക്ഷിയെ മുൻപ് കണ്ടിട്ടുണ്ട്. 2018 ഡിസംബറിൽ മുംബൈയിൽ നിന്നുള്ള പക്ഷിനിരീക്ഷകനായ അദേശ് ശിവകറും സംഘവുമാണ് പക്ഷിയെ ആദ്യം ശ്രദ്ധിച്ചത്. കഴിഞ്ഞവർഷം ഡിസംബറിൽ എത്തിയ പക്ഷി ഏതാണ്ട് ഒരു മാസക്കാലം ദ്വീപിലെ മരക്കൊമ്പുകളിൽ തത്തിക്കളിച്ചു.

ദ്വീപിൽ ബിഹാറിൽ നിന്നും പുനരധിവസിപ്പിക്കപ്പെട്ടവർ ഉണ്ടായിരുന്നു. കൂടെ നാട്ടുകാരും ഗോത്രവർഗക്കാരും അങ്ങിങ്ങായി താമസിക്കുന്നു. തടാകം അതിമനോഹരമായിരുന്നു. കുങ്കുമനിറത്തിലുള്ള ആമ്പൽപ്പൂക്കൾ വിടർന്നു നിൽക്കുന്നു. ഒരു വൃക്ഷക്കൊമ്പിൽ വിശ്രമത്തിൽ എന്നപോലെ വർണത്താറാവിനെ കാണാം. സമീപത്ത് നെൽവയലുകൾ കാണാം. പുൽമേടുകളും ചുറ്റുമുണ്ട്. ഗ്രാമീണർ നിറഞ്ഞ ചിരിയുമായി ദ്വീപിലെത്തുന്നവരെ സ്വീകരിച്ചു. കുട്ടികൾ കൂട്ടം കൂടി നിന്ന് കളിക്കുന്നു.

ജയിനി പക്ഷിയുടെ അടുത്തെത്താൻ ആഗ്രഹിച്ചെങ്കിലും ജാഗ്രത വേണമെന്നായിരുന്നു വനംവകുപ്പിന്റെ മുന്നറിയിപ്പ്. "ചീങ്കണ്ണികൾ പതിയിരിക്കുന്ന സ്ഥലമാണ്. അതീവ ജാഗ്രതയോടെയായിരുന്നു പക്ഷിയുടെ അടുത്തേക്കുള്ള യാത്ര. സഹായത്തിന് കുട്ടികളും ഉണ്ടായിരുന്നു. പക്ഷിയുടെ സമീപത്തെത്തി ക്യാമറ ചലിപ്പിച്ചു. നൂറുകണക്കിന് ചിത്രങ്ങൾ പകർത്തി. പക്ഷിനിരീക്ഷണയാത്രകളിലെ അവിസ്മരണീയമായ നിമിഷങ്ങളുടെ പിറവിയായിരുന്നു അത്.

കാൽപ്പനികതയുടെ ചിത്രം! ക്യാമറയുമായി നീങ്ങുമ്പോൾ ഒപ്പമുള്ള കുട്ടികളെയും പക്ഷി കണ്ടിരുന്നു. പക്ഷേ, പക്ഷിയെ അതൊട്ടും അലോസരപ്പെടുത്തിയില്ല. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വർണത്താറാവിന്റെ ചിത്രമെടുക്കാൻ കഴിഞ്ഞത്. പക്ഷിയെ ശ്രദ്ധിച്ചപ്പോൾ തടാകത്തിൽ മറ്റൊരു കാഴ്ചയും കണ്ടു. ആൻഡമാൻ ഇരണ്ട (Andaman Teal) എന്ന ചെറുപക്ഷിയും തടാകത്തിൽ ഉണ്ടായിരുന്നു. അതും ക്യാമറയിൽ പകർത്തി.

Andaman Teal
ആൻഡമാൻ ടീൽ
Yathra Cover
മാതൃഭൂമി യാത്ര വാങ്ങാം

1901-ൽതന്നെ വർണത്താറാവിനെ ഇന്ത്യയിൽ കണ്ടിട്ടുണ്ട്. അസമിലായിരുന്നു അത്. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനും പക്ഷിനിരീക്ഷകനുമായ ഇ.സി. സ്റ്റുവാർട്ട് ബേക്കറാണ് പക്ഷിയെ തിരിച്ചറിഞ്ഞത് (Stuart Baker 1864-1944). 2013ൽ മണിപ്പൂരിലെ ലോക് താക് തടാകത്തിൽ പക്ഷിയെ കണ്ടിട്ടുള്ളതായി പക്ഷിനിരീക്ഷകനായ ഡോ. രാജു കസംബ പറയുന്നു. 1999-ൽ ഉത്തരാഖണ്ഡിലെ സത്താലിലും 2006-ൽ മണിപ്പുരിലും പക്ഷിയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

(മാതൃഭൂമി യാത്ര 2019 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: mandarin duck, little andaman, bird watching, mathrubhumi yathra