ചിതറിയ മുത്തുമാല കണക്കെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ആയിരത്തില്‍പ്പരം ദ്വീപുകളുടെ കൂട്ടം. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും തെക്കുവടക്കായി, കൊച്ചിയില്‍നിന്ന് ഒരു മണിക്കൂര്‍ വിമാനയാത്രകൊണ്ട് ചെന്നെത്താവുന്ന പവിഴപ്പുറ്റ് കൊട്ടാരം. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം. സമാനതകളില്ലാത്ത സൗന്ദര്യം കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ലോകത്തിലെതന്നെ ചെലവേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്. അതാണ് മാലദ്വീപ്.
ആകെ ചുറ്റളവിന്റെ 99 ശതമാനവും ജലസമ്പത്തുള്ള ഈ നാടിന്റെ ഒരു ശതമാനം കരഭാഗം 1192 ദ്വീപുകളെ ഉള്‍ക്കൊള്ളുന്നു. ഇതില്‍ 187 ദ്വീപുകള്‍ ജനവാസ പ്രദേശങ്ങളും 106 ദ്വീപുകള്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും ഉള്‍ക്കൊള്ളുന്നതുമാണ്. ബാക്കിയത്രയും ആള്‍പ്പാര്‍പ്പില്ലാത്ത വലുതും ചെറുതുമായ മണല്‍ത്തിട്ടകള്‍. ഭൂമിശാസ്ത്രപരമായി ലോകത്തിലെ ഏറ്റവും താഴ്ന്ന നിരപ്പിലുള്ള രാജ്യമാണ് മാലദ്വീപ്. അതുകൊണ്ടുതന്നെ ആഗോളതാപനം വഴി ജലനിരപ്പുയരുന്ന ഭീഷണി ഏറ്റവുമധികം നേരിടുന്നതും ഇന്നാട്ടുകാര്‍ തന്നെ. നൂറ്റാണ്ടുകള്‍കൊണ്ട് കടലിനടിയില്‍ രൂപപ്പെട്ട പവിഴപ്പുറ്റ് മലകളുടെ മുകളിലാണ് ഈ ദ്വീപുകള്‍ വിതാനിച്ചിരിക്കുന്നത്.
കൊച്ചിയില്‍നിന്നും തെക്കോട്ട് കടലിനു മുകളിലൂടെ ആകാശയാത്ര. ലാന്‍ഡിങ് മുന്നറിയിപ്പുകള്‍ തന്ന്, താഴ്ന്ന് പറക്കുന്ന വിമാനത്തിലിരുന്ന് മാലദ്വീപിന്റെ ആകാശക്കാഴ്ചകള്‍ക്കായി കണ്ണെത്തിച്ചപ്പോഴെല്ലാം ആഴിയുടെ അഗാധനീലിമ മാത്രമായിരുന്നു. ഏറെ വട്ടമിട്ടശേഷമാണ് കര ദൃശ്യമായി തുടങ്ങിയത്. മഹാസമുദ്രത്തില്‍ വിമാനത്താവളത്തിന്റെ കെട്ടിടങ്ങളും റണ്‍വേയും തെളിഞ്ഞുവരുന്നത് അത്യദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഇബ്രാഹിം നാസിര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത്, ആദ്യത്തെ കടല്‍ക്കാഴ്ച കാലങ്ങളോളം മനസ്സില്‍ മായാതെ നില്‍ക്കും. ദൃഷ്ടിക്കരികിലായി ഹരിതനിറത്തിലും അകലെയായി നീലിമയിലും എങ്ങും ജലം. നീലാകാശത്ത് മേഘക്കീറുകളില്‍ തട്ടിത്തട്ടി നില്‍ക്കുംപോലെ...
വിമാനത്താവള ദ്വീപിനു തൊട്ടടുത്തുള്ള മാലിയാണ് തലസ്ഥാന നഗരം. അത്യാധുനിക രീതിയിലുള്ള അതിവേഗ ബോട്ടുകളിലെല്ലാം ദ്വീപ് നിവാസികളായ ജോലിക്കാര്‍. മീന്‍പിടിത്തവും വിനോദസഞ്ചാരവുമാണ് ഇവരുടെ പ്രധാന വരുമാനമാര്‍ഗം. നൂറ്റാണ്ടുകളായി ശിഷ്ടലോകത്ത് ഒറ്റപ്പെട്ടുപോയ ഇവരിലേക്ക്, ഈ നാടിന്റെ സാധ്യതകള്‍കൊണ്ട് ഇന്ന് ലോകം മുഴുവനും പറന്നെത്തുന്നു. ഏത് ദ്വീപ്നിവാസികളെയും പോലെത്തന്നെ ആകാരം കുറഞ്ഞ് കറുപ്പിനോടടുത്ത നിറക്കാരായ ഇന്നാട്ടുകാര്‍, ഉപചാരങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും വലിയ വില നല്‍കാത്തവരാണെന്ന് തോന്നുന്നു. പരുക്കന്മാരെങ്കിലും മുതിര്‍ന്ന തലമുറ സത്യസന്ധരായ മിതഭാഷികളാണ്. സഞ്ചാരികളുടെ അതിപ്രസരത്തിന്റെ ഭാഗമായി പെട്ടെന്നുണ്ടായ ആധുനികവത്കരണം ഇളംതലമുറയുടെ പെരുമാറ്റത്തില്‍നിന്നും വസ്ത്രധാരണത്തില്‍നിന്നും വായിച്ചെടുക്കാവുന്നതാണ്.
മാലി അദ്ഭുതനഗരം തന്നെ. മഹാസമുദ്രത്തില്‍ മനുഷ്യസാന്നിധ്യം വിളിച്ചോതുന്ന ഈ ചെറുപട്ടണത്തിന്റെ ആകെയുള്ള ഒന്നര കിലോമീറ്റര്‍ ഭൂഭാഗത്ത് ഒരുക്കി അടുക്കിവെക്കപ്പെട്ടതുപോലെ ബഹുനില കെട്ടിടങ്ങള്‍. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഈ തലസ്ഥാനപട്ടണത്ത് ഒന്നര ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നു. ബാക്കി ഗ്രാമദ്വീപുകളില്‍നിന്നും വ്യത്യസ്തമായി ഇവിടം തിരക്കുള്ള ഒരു പട്ടണം തന്നെ. സൈക്കിളുകള്‍ ഏറ്റവും അനുയോജ്യമാവുന്ന ഇവിടത്തെ നിരത്തുകളില്‍ എണ്ണിയാലൊടുങ്ങാത്ത മോട്ടോര്‍ സൈക്കിളുകളാണുള്ളത്. അവയ്ക്കിടയില്‍ പ്രതിസന്ധി തീര്‍ക്കുന്ന കാറുകള്‍ അധികപ്പറ്റുകളായി തോന്നി.
10, 11 നൂറ്റാണ്ടുകളില്‍ അറേബ്യന്‍ ഭൂമിശാസ്ത്രജ്ഞനായിരുന്ന മുഹമ്മദ് അല്‍ ജദ്രീസി തന്റെ യാത്രാപുസ്തകത്തില്‍ മാലദ്വീപുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഓരോ ദ്വീപും ഓരോ നേതാവിന്റെ കീഴിലായിരുന്നു. നേതാവ് അല്ലെങ്കില്‍ രാജാവ് ഓരോ തുരുത്തുകളുടെയും സുരക്ഷിതത്വത്തിന്റെ കാവലാളാവുമ്പോള്‍ രാജപത്നി നീതിന്യായ വ്യവസ്ഥ കൈകാര്യം ചെയ്യുന്നു. ആയിരം വര്‍ഷങ്ങള്‍ക്കു മുന്നേതന്നെ ഈ ദ്വീപുകളില്‍ വ്യവസ്ഥാപിതമായ മനുഷ്യവാസവും സ്ത്രീകള്‍ക്ക് വലിയ സ്ഥാനമാനങ്ങളും ഉണ്ടായിരുന്നു എന്നതും അദ്ഭുതാവഹം തന്നെ.
വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന വിദേശികളില്‍ മിക്കവരും തലസ്ഥാനനഗരിയിലേക്ക് പോവാറില്ല. ഇസ്ലാമിക രാജ്യമായ മാലദ്വീപിന്റെ തലസ്ഥാനത്ത് വസ്ത്രധാരണത്തിലും മറ്റും കണിശത പുലര്‍ത്താറുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന നൂറില്‍പ്പരം റിസോര്‍ട്ടുകളിലേക്ക് നേരിട്ടെത്തുകയാണ് വിദേശികള്‍. അതിസമ്പന്നരായ യൂറോപ്യരും അറബികളും ചില ദ്വീപുകള്‍ സ്വന്തമാക്കി ഒഴിവുവേളകള്‍ ആഘോഷിക്കാനെത്തുന്ന കഥകളും കേള്‍ക്കാന്‍ സാധിച്ചു. വര്‍ഷം മുഴുവനും വിദേശികളെത്തുന്ന ഇവിടുത്തെ പ്രധാന ആകര്‍ഷണം വിവിധയിനം ജലകായിക വിനോദങ്ങളാണ്.
ഓരോ ദ്വീപിനു ചുറ്റിലും പവിഴപ്പുറ്റുകളും ചുണ്ണാമ്പുതരികളുംകൊണ്ട് രൂപംകൊണ്ടിട്ടുള്ള പ്രത്യേക അടിത്തട്ടുകള്‍ ഉള്ളതിനാല്‍ ആഴം കുറഞ്ഞതും സുരക്ഷിതവുമാണ്. പവിഴപ്പുറ്റു ദ്വീപുകള്‍ക്കു മാത്രം സ്വന്തമായുള്ള നിറപ്പകിട്ടാര്‍ന്ന ആഴക്കടല്‍ക്കാഴ്ച ആയുസ്സിലൊരിക്കലെങ്കിലും അനുഭവിക്കേണ്ടതുതന്നെ. പ്രസാദാത്മകമായ സൂര്യകിരണങ്ങളും കുശലംപറയുന്ന ഇളംതിരമാലകളും കല്‍ക്കണ്ടത്തരി കണക്കെയുള്ള മണല്‍ത്തീരവും ഇന്നാട്ടിനേകുന്ന സൗന്ദര്യം ഒന്നു വേറെത്തന്നെ.
അറബിക്കഥയിലെ അദ്ഭുത ദ്വീപുപോലുള്ള നാട്. ഒരു കഥാസന്ദര്‍ഭത്തിനായി ഞൊടിയിടയില്‍ രൂപംകൊണ്ടതും പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാവുന്നതുമായ ഒരു മിഥ്യയായിരിക്കുമെന്ന് ഇടയ്ക്കിടെ ഓര്‍ത്തുകൊണ്ടിരുന്നു. നൂറ്റാണ്ടുകളായി ഈ മണ്ണ് ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും ഇനിയും ഇതിവിടെത്തന്നെയുണ്ടാകുമെന്നും തോന്നുന്നേയില്ല. തിരികെ കടല് കടന്നിട്ടും അതൊരു മായക്കാഴ്ചയായിത്തന്നെ തുടരുന്നു.
(മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: maldives travelogue mathrubhumi yathra