എക്സ്പോ 2020- യിലേക്ക് ദുബായ് ഉണരുമ്പോള്‍ മഴക്കാടുകളുടെ മേലാപ്പ് എന്ന സന്ദേശത്തില്‍ പ്രകൃതിയോട് ഇഴ ചേര്‍ന്ന സുസ്ഥിര വികസനം മുന്നോട്ട് വെക്കുകയാണ് മലേഷ്യന്‍ പവിലിയന്‍

രിസ്ഥിതി സംരക്ഷണത്തിലൂടെ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിയാണ് 'സുസ്ഥിരതയെ ശക്തിപ്പെടുത്തുക' എന്ന ആശയത്തിലൂടെ മലേഷ്യ ലക്ഷ്യംവെക്കുന്നത്. മരുഭൂമിയില്‍ മഴക്കാടുകളുടെ മാതൃകയില്‍ വിവിധയിനം വൃക്ഷങ്ങളും അതിനിടയിലൂടെ ഒഴുകുന്ന നദിയുമെല്ലാം ചേര്‍ന്ന് ഒരുങ്ങുന്ന മലേഷ്യന്‍ പവിലിയന്‍ എക്‌സ്പോയിലെത്തുന്ന കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമാകും. പ്രകൃതിയുമായി ഇടപഴകുന്ന എല്ലാ മേഖലയിലും മനുഷ്യന്‍ കാത്തുസൂക്ഷിക്കേണ്ട സന്തുലിതമായ കാഴ്ചപ്പാടിനാണ് 'മഴക്കാടുകളുടെ മേലാപ്പ്' എന്ന റെയ്ന്‍ഫോറസ്റ്റ് കനോപ്പിയിലൂടെ പവിലിയന്‍ ഊന്നല്‍ നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും രൂക്ഷമാകുന്ന കാലത്ത് പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിര ജീവിതത്തിന്റെയും അനിവാര്യത പവിലിയന്‍ വ്യക്തമാക്കുന്നു.

ശ്രദ്ധേയമായ സാങ്കേതികവിദ്യകളും പുതുമയേറിയ ആശയങ്ങളും ചേര്‍ത്തുവെച്ച് മാനുഷിക മികവിന്റെ ഇതുവരെ കാണാത്ത വിസ്മയങ്ങള്‍ക്കാണ് എക്‌സ്പോ 2020 സാക്ഷിയാവുക. അതോടൊപ്പം പ്രകൃതിയോട് ഇണങ്ങുന്ന സന്തുലിത വികസനത്തിന് അടിവരയിടുകയാണ് മലേഷ്യ. 1234.05 ചതുരശ്ര മീറ്ററില്‍ തയ്യാറാക്കുന്ന പവിലിയന് എക്‌സ്പോയിലെ ആദ്യ സീറോ കാര്‍ബണ്‍ സംരംഭമെന്ന പ്രത്യേകത കൂടിയുള്ളതായി യു.എ.ഇ.യിലെ മലേഷ്യന്‍ അംബാസഡര്‍ മുഹമ്മദ് താരിദ് സുഫിയാന്‍ പറഞ്ഞു. ഇത് മറ്റുരാജ്യങ്ങള്‍ക്ക് കൂടി പ്രചോദനമാകുമെന്നും മലേഷ്യന്‍ അധികൃതര്‍ വിലയിരുത്തുന്നു.

രാജ്യത്തെ 22 സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും അഞ്ച് സംസ്ഥാന സര്‍ക്കാരുകള്‍, 40 ഏജന്‍സികള്‍ എന്നിവരുടെയും സാന്നിധ്യമായിരിക്കും മലേഷ്യന്‍ പവിലിയനില്‍ ഉണ്ടാവുക. വിസ്മയങ്ങള്‍ തെളിയുന്ന എക്‌സ്പോ 2020- യില്‍ ആറ് ക്ലസ്റ്ററുകളിലായി മലേഷ്യയുടെ പത്തോളം വ്യത്യസ്ത വ്യാപാരസംരംഭങ്ങള്‍ അണിനിരക്കും. എക്‌സ്പോ നടക്കുന്ന ആറ് മാസങ്ങളിലായി പ്രതിവാര വാണിജ്യ-വ്യവസായിക പരിപാടികളും സംഘടിപ്പിക്കും. ഇരുന്നൂറോളം മലേഷ്യന്‍ വ്യാപാര പ്രതിനിധി സംഘങ്ങളും എക്‌സ്പോയുടെ ഭാഗമായേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

കോവിഡിനെ നേരിടുന്നതില്‍ മലേഷ്യ കൈവരിച്ച നേട്ടങ്ങളും ബന്ധപ്പെട്ട അനുഭവങ്ങളും ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ പങ്കിടാന്‍ എക്‌സ്പോ വേദിയാകും. ഒരു രാഷ്ട്രമെന്നനിലയില്‍ മലേഷ്യ നേടിയിട്ടുള്ള വിവിധ വിജയങ്ങള്‍ക്ക് തങ്ങള്‍ മുന്നോട്ട് വെക്കുന്ന സുസ്ഥിര വളര്‍ച്ച വഹിച്ച പങ്കിനെക്കുറിച്ചും എക്‌സ്പോയില്‍ പ്രദര്‍ശിപ്പിക്കും.

മനുഷ്യരാശി ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ലോക രാജ്യങ്ങളുടെ ഈ കൂടിച്ചേരല്‍ സഹായകമാകുമെന്ന് എക്‌സ്പോ 2020 മലേഷ്യ കമ്മിഷണര്‍ ജനറല്‍ സിതി ഹമിസ തപ്സിര്‍ പറയുന്നു. 'ലോകം ഒന്നടങ്കം കോവിഡിനെ മറികടക്കാന്‍ പരിശ്രമിക്കുന്ന വേളയില്‍, എക്‌സ്പോ 2020- യിലൂടെ ലോക രാജ്യങ്ങളുടെ സൗഹാര്‍ദപരമായ ഒത്തുകൂടല്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ ഒത്തുചേരലിനായി മലേഷ്യയും ഉറ്റുനോക്കുന്നു. മാനുഷിക മൂല്യങ്ങളാണ് ഇവിടെ മുന്നോട്ടുവെക്കുന്നത്.'

ജിസിസി രാജ്യങ്ങളില്‍ മലേഷ്യയ്ക്ക് ഏറ്റവുമധികം വ്യാപാരബന്ധമുള്ള രാജ്യമാണ് യുഎ.ഇ. അതിനാല്‍ തന്നെ എക്‌സ്പോ 2020 മലേഷ്യയ്ക്ക് അന്താരാഷ്ട്ര ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കുവാനുള്ള വേദികൂടിയാവും. ഒപ്പം മലേഷ്യയുടെ ടൂറിസം സാധ്യതകള്‍ക്ക് മിഴിവേകാനും എക്‌സ്പോ സഹായകമായേക്കും.

Content highlights : Malaysian pavilion expo 2020 special