മരണത്തെ മുഖാമുഖംകണ്ടു, പിൻവാങ്ങിയില്ല... ഉയരങ്ങൾ താണ്ടി എവറസ്റ്റ് കീഴടക്കി ഷെയ്ക്ക് ഹസന്‍


ഷെയ്ക്ക് ഹസൻ ഖാൻ

പന്തളം : മഞ്ഞുമലയിടിഞ്ഞ് മുന്നില്‍ വീണപ്പോഴും അഗാധ ഗര്‍ത്തങ്ങള്‍ വാ പിളര്‍ന്ന് നിന്നപ്പോഴും പാതയോരത്ത്‌ ഐസായി കിടക്കുന്ന മൃതദേഹം കണ്ടപ്പോഴും പിന്‍വാങ്ങാതെ ഷെയ്ക്ക് ഉയരങ്ങളിലേക്ക് നടന്നുകയറി. അത് എവറസ്റ്റ് കൊടുമുടിയെ കീഴടക്കിയ വിജയ യാത്രയായി. എവറസ്റ്റിന്റെ നെറുകയിലെത്തിയ 13 അംഗ സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പര്‍വതാരോഹകനായും ഷെയ്ക്ക് ഹസന്‍ ഖാന്‍ തിളങ്ങി.

മരണത്തെ മുഖാമുഖംകണ്ട യാത്രയില്‍ ദൗത്യം പൂര്‍ത്തിയാക്കി പന്തളത്തെ പൂഴിക്കാട് കൂട്ടംവെട്ടിയില്‍ വീട്ടില്‍ മടങ്ങിയെത്തിയ സന്തോഷത്തിലാണ് പിതാവ് അലി അഹമ്മദും മാതാവ് ഷാഹിദയും ഭാര്യ ഖദീജാ റാണിയും മകള്‍ ജഹനാര മറിയവും.

കേരളത്തിന് അഭിമാനം

13 പേരടങ്ങുന്ന പര്‍വതാരോഹക സംഘത്തിലായിരുന്നു തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പ് സീനിയര്‍ അസിസ്റ്റന്റായ 35-കാരന്‍ എവറസ്റ്റ് കീഴടക്കാന്‍ പുറപ്പെട്ടത്. വലിയ പരിചയം കൈമുതലായി ഇല്ലെങ്കിലും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ടാന്‍സാനിയായിലെ കിളിമഞ്ചാരോ കീഴടക്കിയ ധൈര്യവും പടിഞ്ഞാറന്‍ സിക്കിമിലെ ബി.സി. റോയ് കൊടുമുടിയുടെ മുകളില്‍ പതാക പറപ്പിച്ച ശക്തിയും മണാലിയിലെ ചെറിയ പര്‍വതനിരകളില്‍ ഓടിക്കയറിയ ആവേശവും കൂട്ടായിരുന്നു. കൂടെയുള്ള പരിചയസമ്പന്നരായ പര്‍വതാരോഹകരേക്കാള്‍ മുമ്പേ നടന്നുനീങ്ങാനും ഇത് സഹായിച്ചു. എവറസ്റ്റിന്റെ നെറുകയില്‍ 30 നീളവും 20 അടി വീതിയുമുള്ള ദേശീയപതാക പാറിച്ച പന്തളത്തുകാരന്‍ കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി.

യാത്രയ്ക്കിടെ 35-ാം പിറന്നാള്‍

മാര്‍ച്ച് 31-ന് കേരളത്തില്‍നിന്നു പുറപ്പെട്ട് കാഠ്മണ്ഡുവിലെത്തി ഏപ്രില്‍ ആറിനാണ് കയറ്റം തുടങ്ങിയത്. നേപ്പാള്‍ ആസ്ഥാനമായ ഏഷ്യന്‍ ട്രെക്കിങ് കമ്പനിയിലെ അംഗമായിട്ടായിരുന്നു യാത്ര. 13 അംഗ സംഘത്തില്‍ മൂന്ന് ഇന്ത്യക്കാരും ഒരു വനിതയുമുണ്ടായിരുന്നു. കാഠ്മണ്ഡുവില്‍നിന്നു കയറുന്നതിനിടയില്‍ പനിയും കഫക്കെട്ടും കാരണം തിരികെ ഇറങ്ങിയെങ്കിലും പിന്‍വാങ്ങാതെ വീണ്ടും കയറുകയായിരുന്നു. ഏപ്രില്‍ 24-ന് ബേസ് ക്യാമ്പില്‍വെച്ച് 35-ാം പിറന്നാളാഘോഷവും നടത്തി. യാത്രയ്ക്കിടെ ഓക്സിജന്‍ തീര്‍ന്നതും അപകടകരമായ അവസ്ഥയുണ്ടാക്കി.

12 കിലോ ഭാരമുള്ള ബാഗും തൂക്കിയുള്ള യാത്രയില്‍ മഞ്ഞുപാളിയിലെ വഴുക്കലും വിള്ളലുകളും ബുദ്ധിമുട്ടുണ്ടാക്കി. സാറ്റലൈറ്റ് ഫോണ്‍ വഴിയുള്ള ബന്ധം മാത്രമായിരുന്നു ആശ്വാസം. മേയ് 16-ന് ക്യാമ്പ് നാലിലെത്തി ദേശീയപതാക പാറിച്ചശേഷം 29032 അടി ഉയരമുള്ള എവറസ്റ്റിന്റെ നെറുകയിലെത്തി. ഏറ്റവും മുകളില്‍ കാറ്റിന്റെ ശക്തികാരണം വലിയ പതാകയുയര്‍ത്താന്‍ പ്രയാസമുള്ളതിനാലാണ് ക്യാമ്പ് നാലില്‍ത്തന്നെ പതാകയുയര്‍ത്തിയതെന്ന് ഷെയ്ക്ക് പറഞ്ഞു.

അടുത്ത ലക്ഷ്യം ഡെനാലി പര്‍വതം

ഷെയ്ക്കിന്റെ അടുത്ത ലക്ഷ്യം വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ ഡെനാലിയില്‍ ഇന്ത്യന്‍ പതാക പറപ്പിക്കുക എന്നതാണ്. സമുദ്രനിരപ്പില്‍നിന്നു 20310 അടി ഉയരമുള്ളതാണ് ഇത്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിനു മുമ്പായി ഏഴ് ഭൂഖണ്ഡങ്ങളിലെയും ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കി അതിനു മുകളില്‍ ഇന്ത്യയുടെ ദേശീയപതാക പാറിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണ് ഷെയ്ക്കിന്റെ പര്‍വതാരോഹണം. യാത്രകഴിഞ്ഞ് ഡല്‍ഹിയിലെത്തിയ ഷെയ്ക്കിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരള ഹൗസിലെ സഹപ്രവര്‍ത്തകരും അനുമോദിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെ പന്തളത്തെത്തിയപ്പോള്‍ ബി.ജെ.പി. പ്രവര്‍ത്തകരും നാട്ടുകാരും കാത്തുനിന്ന് അനുമോദിച്ചു.

Content Highlights: Malayali youth Shaikh Hassan conquers highest summit; huge tricolour hoisted atop Mt Everest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented