മൂവാറ്റുപുഴ: പാരീസ് മാരത്തണില്‍ മൂവാറ്റുപുഴയുടെ കൊച്ചുമിടുക്കന്‍ ഷിനാജ് സൈക്കിളില്‍ പറപറക്കും. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ പാരീസ് 'സൈക്കിള്‍ മാരത്തണി'ല്‍ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ഷിനാജ്. പക്ഷേ, ക്ഷണക്കത്തും വിസയും ആത്മവിശ്വാസവും ഉള്ളപ്പോഴും യാത്രയ്ക്കും മറ്റുമുള്ള പണം എങ്ങനെ കണ്ടെത്തും എന്ന വിഷമവും ഉണ്ട്.

ഉള്ളില്‍ നിറഞ്ഞ ആഗ്രഹത്തെ ജീവിതത്തിന്റെ പെടാപ്പാടുകള്‍ക്കിടയില്‍ നിന്നുകൊണ്ട് വിയര്‍പ്പൊഴുക്കി പിടിച്ചതാണ് കിട്ടിയ വിജയങ്ങളെല്ലാം. ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോയ രാജ്യത്തെ ആദ്യ 1,400 കിലോമീറ്റര്‍ സൈക്കിള്‍ മാരത്തണിലും കൊച്ചിന്‍ ബൈക്കേഴ്‌സ് ക്ലബ്ബ് സംഘടിപ്പിച്ച 1,200 കിലോമീറ്റര്‍ സൈക്ലിങ് മത്സരത്തിലും മിന്നുന്ന വിജയമാണ് ഷിനാജ് കരസ്ഥമാക്കിയത്.

1,200 കിലോമീറ്റര്‍ മാരത്തണില്‍ സംഘാടകര്‍ തീരുമാനിച്ച സമയം 90 മണിക്കൂറായിരുന്നു. എന്നാല്‍, ഷിനാജ് അത് 78 മണിക്കൂര്‍കൊണ്ട് പൂര്‍ത്തീകരിച്ചു. 33 പേര്‍ പങ്കെടുത്ത 1,400 കിലോമീറ്റര്‍ സൈക്കിള്‍ മാരത്തണിലും സംഘാടകര്‍ നിശ്ചയിച്ച സമയത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഷിനാജ് വിജയം രചിച്ചത്. ഹരിയാണ, പഞ്ചാബ്, ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് തിരികെയെത്താന്‍ സംഘാടകര്‍ നിശ്ചയിച്ച 112 മണിക്കൂര്‍ എന്നത് 105 മണിക്കൂര്‍ കൊണ്ടാണ് ഷിനാജ് കീഴടക്കിയത്.

പാരീസ് സൈക്കിള്‍ മാരത്തണില്‍ സംഘാടകര്‍ നിശ്ചയിച്ച 1,200 കിലോമീറ്റര്‍ 90 മണിക്കൂര്‍കൊണ്ട് ഓടിയെത്തുക എന്നത്, 80 മണിക്കൂര്‍കൊണ്ട് കീഴടക്കാന്‍ കഴിയുമെന്നാണ് ഷിനാജിന്റെ ആത്മവിശ്വാസം.

പാരീസ് മത്സര വിജയശേഷം, 2021-ലെ ലണ്ടന്‍ സൈക്കിള്‍ മാരത്തണും ലക്ഷ്യമിടുന്നു. ഇപ്പോള്‍ എറണാകുളത്തെ 'ബൈക്ക് ടെയില്‍സ്' സൈക്കിള്‍ ഷോപ്പില്‍ മാനേജരായി ജോലി ചെയ്യുന്നു. വിസയും ഓഫര്‍ ലെറ്ററും കൈയില്‍ കിട്ടിയെങ്കിലും ഇതിനാവശ്യമുള്ള പണച്ചെലവ്, സാധാരണ കടുംബത്തിലെ അംഗമായ ഷിനാജിനു മുന്നില്‍ വലിയ വെല്ലുവിളിയാണ്.

എന്നും കൂടെ നിന്നിട്ടുള്ള കൂട്ടുകാരും മൂവാറ്റുപുഴയുടെ അഭിമാനമുയര്‍ത്താന്‍ ആഗ്രഹിക്കുന്ന സ്‌നേഹനിധികളായ നാട്ടുകാരും തന്നെ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഷിനാജ്. ഷിനാജിന് കൈത്താങ്ങാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിളിക്കാം: 98474 63953.

Content Highlights: Paris Cycle Marathon, Malayali Participating in Paris Cycle Marathon, Shinaj to Paris Cycle Marathon