ഫോട്ടോയെടുക്കാൻ പോയി ഇരപിടിയൻ പരുന്തുകളുടെ രക്ഷകനായപ്പോൾ; യാത്രാനുഭവം പങ്കുവെച്ച് പക്ഷിനിരീക്ഷകൻ


ഇർവിൻ നെല്ലിക്കുന്നേൽ

അടുത്തുചെന്നു നോക്കുമ്പോഴാണ് അവയും ചെളിയിൽവീണ് തൂവലുകൾ മുഴുവൻ ചെളി കട്ടപിടിച്ച അവസ്ഥയിൽ ആയിരുന്നുവെന്ന് മനസ്സിലാവുന്നത്. ആ അവസ്ഥയിൽ അവ പറക്കാൻ കഴിയാതെ ചത്തുപോവുകയേ ഉള്ളൂ എന്ന് അറിയാവുന്നതുകൊണ്ടുതന്നെ, ഉടൻതന്നെ സാജനും ലിജോയും അവയെ പിടിച്ചു മണ്ണും ചെളിയും കഴുകാൻ തീരുമാനിച്ചു.

ചെളിയിൽ പുതഞ്ഞുപോയ പുൽപ്പരുന്ത് വൃത്തിയാക്കിയ ശേഷം

രപിടിയൻ പക്ഷികളുടെ ദേശാടനത്തിന്റെ പ്രധാന പാതകളിൽ ഒന്ന് കടന്നുപോകുന്നത് കുവൈത്തിൽക്കൂടിയാണ്. കൊല്ലത്തിൽ രണ്ടുതവണ ഇവ കൂട്ടത്തോടെ ഈ മരുഭൂമി (അറേബ്യൻ മരുഭൂമി) മുറിച്ചു കടന്നുപോകാറുണ്ട്. കുവൈത്തിലെ പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫർമാരും ഇവയെ നിരീക്ഷിക്കാൻ പോകാറുണ്ട്. ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന ഈ ദേശാടനത്തിൽ പ്രധാനമായും കാണുന്നത് കായൽ പരുന്ത് (steppe eagle), വലിയ പുള്ളി പരുന്ത് (greater spotted eagle ), പുൽപ്പരുന്തുകൾ (common buzzard, steppe buzzard ), ചക്കിപ്പരുന്ത് (Black Kite), രാജാപ്പരുന്ത് (Eastern imperial eagle എന്നിവയാണ്. എണ്ണത്തിൽ കുറവാണെകിലും വിവിധതരം മേടു തപ്പികളും ഉണ്ട്. കരിതപ്പി (Marsh harrier), മേടുതപ്പി (Pallid harrier), വലിയ മേടുതപ്പി (Hen harrier), മൊൺടാഗു മേടുതപ്പി (Montagu's harrier) എന്നിവ ഇവയിൽ ചിലത്. വളരെ വിരളമായി കാണുന്നവയാണ് കരിങ്കഴുകൻ (Cinereous Vulture), സ്വർണ്ണപ്പരുന്ത് (Golden eagle) , വള്ളവാലൻ കടൽപ്പരുന്ത് (White-tailed Eagle) എന്നിവ.

Vulture
കരിങ്കഴുകന്‍ ( സിനോസ് വള്‍ച്ചര്‍)

ഈ ദേശാടനകാലത്തെ ഒരു വെള്ളിയാഴ്ച യാത്രയുടെ വിശേഷം പങ്കുവെക്കാം. ആഴ്ചയിലെ അവധി വെള്ളിയാഴ്ചയായതുകൊണ്ട് പക്ഷിനിരീക്ഷണത്തിന്റെ പ്രധാനദിവസം അന്നുതന്നെ. മിക്കവാറും തലേന്ന് വൈകിട്ടുതന്നെ പോകേണ്ട സ്ഥലങ്ങളും മറ്റും തീരുമാനിച്ചുവെക്കാറുണ്ട്. എന്നാൽ, ഇതെല്ലാം തെറ്റുന്ന അവസരങ്ങൾ ആണ് റാപ്റ്റർ മൈഗ്രേഷൻ എന്ന ഇരപിടിയൻപക്ഷികളുടെ ദേശാടനം കടന്നുപോകുന്ന സമയം.

2019 സെപ്റ്റംബർ 20 : പതിവുപോലെ റാപ്റ്റർ മൈഗ്രേഷൻ നടക്കുന്നുണ്ട് എന്ന വിവരം ഉള്ളതുകൊണ്ടുതന്നെ പുലർച്ചെ കുവൈത്തിലെ പ്രധാന ദേശാടനപാതയായ സാൽമി മരുപ്രദേശത്തേക്ക് യാത്രതിരിച്ചു. വെളിച്ചംവെക്കുന്നതിനു മുൻപ് എത്തിയില്ലെകിൽ രാത്രി വിശ്രമിക്കാൻ മരുഭൂമിയിൽ ഇറങ്ങുന്ന പരുന്തുകൾ പറന്നുതുടങ്ങും എന്നുള്ളതുകൊണ്ട് സൂര്യൻ ഉദിക്കുന്നതിനുമുൻപുതന്നെ ഞങ്ങൾ അവിടെയെത്തി. എന്നാൽ, നിർഭാഗ്യമെന്ന് പറയട്ടെ, പ്രതീക്ഷിച്ച അത്രയും പരുന്തുകൾ മരുഭൂമിയിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തൊട്ടടുത്തുള്ള മരുപ്പച്ചയായ അബ്രാക്കിലേക്ക് പോയി. അവിടെ സാമാന്യം നല്ല കിളികൾ ഉണ്ടായിരുന്നു. പത്തിനം പരുന്തുകളും അപൂർവമായി കാണുന്ന യുറേഷ്യ സ്‌കോപ്‌സ് ഔൾ (Eurasian scops owl) ഉൾപ്പടെ 34 ഇനം പക്ഷികളെ അവിടെനിന്ന്‌ കണ്ടു. വെള്ളത്തിന്റെ ലഭ്യതയുള്ളതുകൊണ്ടുതന്നെ മരുഭൂമി മുറിച്ചുകടന്നു യാത്രചെയ്യുന്ന മിക്ക പക്ഷികളും വിശ്രമിക്കാനും വെള്ളംകുടിക്കാനും ഈ മരുപ്പച്ചയിൽ എത്തിച്ചേരാറുണ്ട്. രണ്ടുമണിക്കൂറിനടുത്ത് തിരിച്ചു യാത്ര ഉള്ളതുകൊണ്ട് പത്തര ആയപ്പോൾ ഞങ്ങൾ നിരീക്ഷണം മതിയാക്കി തിരിച്ചുപോന്നു.

Owl
യുറേഷ്യ സ്‌കോപ്‌സ് ഔള്‍

വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ബ്രിട്ടീഷ് പക്ഷിനിരീക്ഷകൻ ആയ നീൽടൂവിയുടെ മെസേജ് കിട്ടുന്നത്, രാവിലെ കടൽകടന്ന്‌ ഇരുനൂറിലധികം പുൽപ്പരുന്തുകൾ കുവൈത്തിൽ എത്തിയിട്ടുണ്ടെന്ന്. അറേബ്യൻ ഗൾഫ് കടൽത്തീരമാണ് സ്ഥലം. കടൽ മുറിച്ചുകടന്നു വരുന്നവ ക്ഷീണിച്ചാണ് വരിക, മിക്കപ്പോഴും ഒരു ദിവസമെങ്കിലും വിശ്രമിച്ചിട്ടേ അടുത്ത യാത്ര തുടങ്ങൂ എന്ന് അറിയാവുന്നതുകൊണ്ടുതന്നെ സുഹൃത്തുക്കളും സഹ പക്ഷിനിരീക്ഷകരുമായ സാജനെയും ലിജോയെയും കാര്യം അറിയിച്ചു. എങ്ങനെയങ്കിലും പോകണം അവിടെ, പക്ഷേ, നല്ല ഒരുവാഹനം ഇല്ലാതെ പോകാൻ പറ്റിയ സ്ഥലമല്ല കുവൈത്ത്. ഉടനെതന്നെ റെഡി ആയിരിക്കാൻ ലിജോ പറഞ്ഞു. സുഹൃത്തിന്റെ വണ്ടി സംഘടിപ്പിക്കാം എന്നും. പിന്നെ ഒന്നും നോക്കിയില്ല ഒരു മണിക്കൂറിനുള്ളിൽ വണ്ടിയും കൊണ്ട് ലിജോ എത്തി ഞങ്ങൾ മൂവരും യാത്ര തിരിച്ചു.

മൂന്നരമണിയോടെ കുവൈത്തിൽ എത്തി. സൂര്യൻ അസ്തമിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. കടൽത്തീരത്തുകൂടെ നാലുകിലോമീറ്റർ ദൂരം കടലിനെയും കരയെയും വേർതിരിച്ചുള്ള വഴിയിൽ ഇറങ്ങിയപ്പോൾത്തന്നെ അടുത്തുള്ള തോട്ടത്തിൽ നിരവധി പുൽപ്പരുന്തുക്കൾ പറക്കുന്നത് ശ്രദ്ധിച്ചിരുന്നു. കടലിന്റെ കരയിൽ ഉടനീളം ഇവിടെ കോസ്റ്റൽ സാൻഡ് ഡ്യുൻസ് എന്നറിയപ്പെടുന്ന മണൽ ക്കുന്നുകളും പുല്ലുമാണ്. ഇവിടെയാണ് പരുന്തുകൾ വിശ്രമിക്കാൻ ഇരിക്കുക. എങ്കിലും റോഡിന്റെ അങ്ങേതലവരെ ഒന്നു പോയിനോക്കിവരാമെന്ന് വിചാരിച്ചു. ഏകദേശം റോഡിന്റെ അവസാനമായി ഉള്ള സ്ഥലത്തു ഒരു ഒറ്റപ്പെട്ട വീടുണ്ട്. അവിടെ ചെന്നപ്പോഴാണ് കടൽക്കരയിലും വീടിന്റെ മതിലിലും കുറച്ചു പരുന്തുകൾ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അവയെ അടുത്തുകാണാം എന്ന് കരുതി വണ്ടി കടൽക്കരയിൽ ഇറക്കി, പരുന്തുകളെയും നോക്കി കുറച്ചുദൂരം ചെന്നപ്പോഴാണ് അബദ്ധം മനസ്സിലായത്. കടൽവെള്ളവും ഉപ്പും പൊടിമണലും ചേർന്ന ചതുപ്പിൽ ആണ് ഞങ്ങൾ ചെന്നുപെട്ടതെന്ന്. വണ്ടി മുൻപോട്ടു എടുക്കുംതോറും പിന്നിലെ ടയർ മണലിൽ താഴ്ന്നിറങ്ങി. ഈ അവസ്ഥ ഞങ്ങൾക്ക് പുതുതായിരുന്നില്ല. മരുഭൂമിയിൽ സ്ഥിരം പ്രശ്‌നമാണിതൊക്കെ. വണ്ടി ഫോർവീലിൽ ഇട്ടു കയറ്റി എടുക്കാവുന്നതേയുള്ളൂ. പക്ഷേ അപ്പോഴാണ് വണ്ടിയിൽ ഹൈ ആൻഡ് ലോ ഗിയറുകൾ കാണുന്നില്ലയെന്ന് ലിജോ പറയുന്നത്. വണ്ടിയിൽ നിന്നിറങ്ങി അറിയാവുന്ന അടവുകൾ ഒക്കെയെടുത്തു. പക്ഷേ ടയർ ആഴത്തിൽ വീണ്ടും താഴ്ന്നുപോയി. വലിച്ചുകയറ്റാൻ ഉള്ള ടോവിങ് ലോറി വിളിച്ചു. വരാൻ 40 മിനിറ്റ് എടുക്കും എന്ന് പറഞ്ഞു.

Flemingos
ഗ്രേറ്റര്‍ ഫ്‌ളെമിംഗോ

ഇതിനുവേണ്ടി കാത്തിരിക്കുമ്പോഴാണ് ഞങ്ങൾ അടുത്തുചെന്നിട്ടും പറക്കാത്ത മൂന്ന് പുൽപ്പരുന്തുകളെ ശ്രദ്ധിച്ചത്. അടുത്തുചെന്നു നോക്കുമ്പോഴാണ് അവയും ചെളിയിൽവീണ് തൂവലുകൾ മുഴുവൻ ചെളി കട്ടപിടിച്ച അവസ്ഥയിൽ ആയിരുന്നുവെന്ന് മനസ്സിലാവുന്നത്. ആ അവസ്ഥയിൽ അവ പറക്കാൻ കഴിയാതെ ചത്തുപോവുകയേ ഉള്ളൂ എന്ന് അറിയാവുന്നതുകൊണ്ടുതന്നെ, ഉടൻതന്നെ സാജനും ലിജോയും അവയെ പിടിച്ചു മണ്ണും ചെളിയും കഴുകാൻ തീരുമാനിച്ചു, രണ്ടുപേരെ കഴുകി റെഡി ആക്കി. അവ നിമിഷനേരംകൊണ്ട് പറന്നുപോകുകയും ചെയ്തു. എന്നാൽ മൂന്നാമൻ നിർജലീകരണം ബാധിച്ച് വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. അവനെ കഴുകി വെള്ളവും കുടിപ്പിച്ചു കുറച്ചുമാറ്റിയിരുത്തി. അപ്പോഴേക്കും വലിച്ചുകയറ്റാൻ ഉള്ള ലോറി എത്തി.

പക്ഷേ ആ വണ്ടിയും ചെളിയിൽ താഴ്ന്നുപോയി. ഇതിനിടയിൽ സാജന്റെ ഒരു കുവൈത്തി സുഹൃത്ത് റെസ്‌ക്യൂ ടീമിന്റെ നമ്പർ തന്നു. ഭാഗ്യമെന്നു പറയട്ടെ അവർ അടുത്തുള്ള ഒരു സ്ഥലത്തു ട്രെയിനിങ്ങിനായി വന്നിരുന്നു. പത്ത് മിനിറ്റിനകം അവർ വന്നു ആദ്യം ലോറിയും പിന്നെ ഞങ്ങളുടെ വണ്ടിയും വലിച്ചു കയറ്റി. അപ്പോഴേക്കും നമ്മുടെ പരുന്ത് പറക്കാൻ റെഡിയായിരുന്നു. അവനെ പറപ്പിച്ചു വിട്ട് തിരിച്ചു റോഡിൽ കയറുമ്പോഴേക്കും സൂര്യൻ മരുഭൂമിയിൽ അസ്തമിച്ചിരുന്നു. ഫോട്ടോഗ്രാഫിയും കാര്യമായ പക്ഷിനിരീക്ഷണവും നടന്നില്ലെങ്കിലും മൂന്നു ജീവൻ രക്ഷിക്കാൻ പറ്റിയ ചാരിതാർഥ്യത്തിൽ ഞങ്ങൾ തിരിച്ചു പോന്നു.

അന്ന് നിരീക്ഷിച്ച പക്ഷികളുടെ ലിസ്റ്റ് ചുവടെ:

സാൽമി മരുഭൂമി : https://ebird.org/checklist/S60416709 ( 5 ഇനം )

അൽ അബ്‌റാഖ് മരുപ്പച്ച :https://ebird.org/checklist/S60416791 (34 ഇനം )

കുവൈസാത് :https://ebird.org/checklist/S59949706 (13 ഇനം )

(പക്ഷി വൈവിധ്യത്തിൽ ലോകത്തിൽ 91-ാം സ്ഥാനം മാത്രമുള്ള കേരളത്തിന്റെ പകുതി മാത്രം വിസ്തൃതിയുള്ള രാജ്യമാണ് കുവൈത്ത് . കഴിഞ്ഞ രണ്ടു വർഷമായി കുവൈത്തിൽ ഏറ്റവും അധികം പക്ഷിയിനങ്ങൾ കണ്ടെത്തുന്നതിൽ രണ്ടു സ്വദേശി കുവൈത്തി പൗരന്മാർക്ക് പിറകിൽ മൂന്നാം സ്ഥാനത്താണ് ഇർവിൻ. കുവൈത്തിൽ നിന്ന് ഇത് വരെ 271 വ്യത്യസ്ത ഇനം പക്ഷികളെ കണ്ടിട്ടുണ്ട്. പത്ത് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ഇർവിന് സ്വദേശികളും വിദേശികളും അടങ്ങുന്ന കുവൈത്ത് ബെഡേസ് എന്ന പക്ഷിനിരീക്ഷണ കൂട്ടായ്മയിൽ അംഗമാണ് . കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കം സ്വദേശി.)

Content Highlights: Bird Watching Kuwait, Mathrubhumi Yathra

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented