ഇയ്യോബിന്റെ പുസ്തകം; ഉളുപ്പൂണിയുടെയും | Video


എച്ച്. ഹരികൃഷ്ണന്‍ harikrishnanh@mpp.co.in

പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള മൂന്നാര്‍ തേടി സംവിധായകന്‍ അമല്‍ നീരദിന്റെ കാമറ ഒടുവില്‍ കോട്ടയം-ഇടുക്കി അതിര്‍ത്തിയിലെ ഈ പുല്‍മേട്ടില്‍ എത്തിച്ചേര്‍ന്നു

ഓഫ്‌റോഡ് സാഹസികരുടെ പറുദീസയെന്ന വിശേഷണം കൂടി ഇപ്പോള്‍ വാഗമണ്ണിനുണ്ട്. ദിനവും ഇവിടെ പുതിയ വഴികള്‍ വെട്ടപ്പെടുന്നു; പുതിയ മേച്ചില്‍പ്പുറങ്ങള്‍ തുറക്കപ്പെടുന്നു. ഉളുപ്പൂണിയിലേക്കും അടുത്തകാലത്താണ് സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയത്.

'ഇയ്യോബിന്റെ പുസ്തക'ത്തിലെ പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള മൂന്നാര്‍ തേടി സംവിധായകന്‍ അമല്‍ നീരദിന്റെ ക്യാമറ ഒടുവില്‍ കോട്ടയം-ഇടുക്കി അതിര്‍ത്തിയിലെ ഈ പുല്‍മേട്ടില്‍ എത്തിച്ചേര്‍ന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ നടക്കുന്ന ഇയ്യോബിന്റെ കഥയുടെ ഒട്ടുമിക്കഭാഗവും ചിത്രീകരിച്ചത് വാഗമണ്ണിലാണ്. പ്രമുഖ വിനോദസഞ്ചാരമേഖലകളായ മൂണ്‍മല, പൈന്‍കാടുകള്‍, മൊട്ടക്കുന്നുകള്‍ എന്നിവയ്‌ക്കൊപ്പം അധികമാരും എത്തിച്ചേരാത്ത ഉളുപ്പൂണിയും ചിത്രത്തില്‍ താരമായി.

വാഗമണ്ണിലെ സ്ഥിരം സ്‌പോട്ടുകളില്‍ നിന്ന് വേറിട്ടൊരു അനുഭവമാണ് ഉളുപ്പൂണിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. കാമറ കണ്ടതും കാണാത്തതുമായ ഉളുപ്പൂണിയെ അടുത്തറിയാം...

ലൊക്കേഷന്‍

വാഗമണ്‍ ടൗണില്‍ നിന്ന് പുള്ളിക്കാനം റൂട്ടില്‍ ആറുകിലോമീറ്റര്‍ പോയാല്‍ ചോറ്റുപാറ കവലയിലെത്താം. വലത്തോട്ട് തിരിഞ്ഞുള്ള വഴിയിലൂടെ ഏതാനും കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ ഉളുപ്പൂണി കവലയില്‍ എത്തും. വഴിയോരങ്ങളില്‍ അവിടവിടെയായി വീടുകള്‍. വലിയൊരു പള്ളിയും കടന്ന് മുന്നോട്ടുചെല്ലുമ്പോള്‍ നാട്ടുകാരുടെ വോളിബോള്‍ കോര്‍ട്ട്. കാനന സ്‌നേഹികള്‍ക്ക് വലിയ വിരുന്നാണ് മുന്നോട്ടുള്ള പാത തുറന്നുതരിക...

രംഗം ഒന്ന് - ഫഹദും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍

കവലയില്‍ നിന്ന് രണ്ടുമൂന്ന് കിലോമീറ്റര്‍ തരക്കേടില്ലാത്ത വഴിയാണ്. കീറിമുറിച്ച ഒരു കുന്നിന്റെ നടുവില്‍ ടാറിട്ട റോഡ് ചെന്നവസാനിക്കും. ഫഹദ് ഫാസില്‍ പോലീസുകാരന്റെ വിരല്‍മുറിക്കുന്ന രംഗം ചിത്രീകരിച്ചത് ഇവിടെയാണ്.

കുന്നിന്‍ മുകളില്‍ മനോഹരമായ പുല്‍മേടാണ്. ആനകള്‍ മേയാന്‍ എത്താറുള്ള സ്ഥലമാണെന്നും സൂക്ഷിച്ചുപോകണമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് തരും.
അരപ്പൊക്കത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന പുല്ലുവകഞ്ഞ് മുകളില്‍ കയറിയാല്‍, മൂടല്‍മഞ്ഞിന്റെ പശ്ചാത്തലത്തില്‍ ഇലപൊഴിച്ച മരങ്ങളും തണുത്തകാറ്റില്‍ അലയൊലി തീര്‍ക്കുന്ന പുല്‍മേടും കണ്‍മുന്നില്‍തെളിയും. പുല്‍ത്തൈലത്തിന്റെ മണമാണ് വായുവിലെങ്ങും.

സിനിമയില്‍ ശ്രീജിത്ത് രവിയും കൂട്ടാളികളും പോലീസിനെ വളയുന്നത് ഈ കുന്നിന്റെ മുകളില്‍ നിന്നാണ്. മുകളില്‍ നിന്ന് നോക്കിയാല്‍ മൂലമറ്റത്തേക്കുള്ള വളഞ്ഞുപുളഞ്ഞ വഴി മഞ്ഞുമൂടി കിടക്കുന്നതു കാണാം. പുലര്‍ച്ചെ ഏഴുമണിക്കുള്ള അനുഭവമാണിത്. തെളിഞ്ഞ ദിവസങ്ങളില്‍ അങ്ങ് മൂലമറ്റം വൈദ്യുതനിലയം വരെ ഇവിടെ നിന്നാല്‍ കാണാമെന്ന് പ്രദേശവാസികള്‍ പറയുന്നു. അതേസമയം കാഴ്ച മറയ്ക്കുന്ന ഈ അന്തരീക്ഷവും നയനസുഖം പകരുന്ന ഒരനുഭവം തന്നെയാണ്.

രംഗം രണ്ട് - ചുരം

കുന്ന് കീറിയുണ്ടാക്കിയ വഴി താഴേക്ക് ഇറങ്ങിപ്പോകുകയാണ്. വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റാത്ത വിധം പാറക്കല്ലുകള്‍ നിറഞ്ഞ പാത. ഉരുള്‍പൊട്ടലിന്റെ ബാക്കിപത്രമായി വലിയ കല്ലുകള്‍ വഴിമുടക്കി കിടക്കുന്നു. നടക്കുമ്പോള്‍ കാലുകള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും; രക്തദാഹികളായ അട്ടകള്‍ ധാരാളമുണ്ടിവിടെ.

ഒരല്‍പ്പം ഭാവനയുണ്ടെങ്കില്‍, ഭാവിയില്‍ വരാനിരിക്കുന്ന, ഹെയര്‍പിന്‍ ബെന്‍ഡുകളാല്‍ നിറഞ്ഞ ഒരു മലയോരറോഡ് ഇവിടെ കാണാനാകും. ഏതാനും ദൂരം നടന്നാല്‍ ആശ്രമം എന്ന സ്ഥലമാണ്. അവിടെ നിന്നു തൊടുപുഴയിലേക്ക് ബസ് സര്‍വീസുകളുണ്ട്.

രംഗം മൂന്ന് - ഉള്‍വനം

ഉളുപ്പൂണി കവലയില്‍ നിന്ന് മൂലമറ്റം റോഡിലൂടെ മുന്നോട്ടുപോയാല്‍ വലത്തേക്കൊരു വഴികാണാം. വനാതിര്‍ത്തിയിലേക്കുള്ള വഴിയാണ്. മുന്നോട്ടുപോകുംതോറും ടാറിട്ട റോഡ് കല്ലുകളും കുഴികളുമായി രൂപാന്തരപ്പെടും. ഒന്നുരണ്ടു വീടുകളുണ്ട്. തേയിലത്തോട്ടത്തിന് നടുക്കായി വലിയൊരു റിസോര്‍ട്ടും.

ഇറക്കമാണ്; മുന്നോട്ടുപോകും തോറും വെള്ളം ഇരച്ചൊഴുകുന്ന ശബ്ദം കാതിലേക്ക് കൂടുതല്‍ അടുക്കും. വഴി ഇറങ്ങിച്ചെല്ലുന്നത് വനാതിര്‍ത്തിയെന്ന മുന്നറിയിപ്പ് ബോര്‍ഡിന്റെ മുന്നിലാണ്.

അനുവാദമില്ലാതെ വനത്തിനുള്ളില്‍ പ്രവേശിക്കുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് ബോര്‍ഡ് അറിയിക്കുന്നു. എന്നാല്‍ വനത്തിലേക്ക് നീളുന്ന പാതയില്‍ ജീപ്പുകളുടെ പാദമുദ്രകള്‍ തെളിഞ്ഞുകിടക്കുന്നതായി കാണാം. ഒപ്പം വഴിക്ക് കുറുകെ ഒഴുകുന്ന അരുവിയുടെ പരിസരത്ത് ചെറിയ പ്ലാസ്റ്റിക്ക് നിക്ഷേപവും.

വിനോദസഞ്ചാരികളെ ഉളുപ്പൂണി വനം കാണിക്കാനുള്ള സൗകര്യം ഇവിടില്ല. എന്നാല്‍ ഫെയ്സ്ബുക്കില്‍ തിരഞ്ഞാല്‍ ധാരാളം ചിത്രങ്ങള്‍ കാണാം. നിയമലംഘനമാണെന്ന് അറിഞ്ഞോ, അറിയാതെയോ ആളുകള്‍ ഉളുപ്പൂണി വനത്തില്‍ കടക്കുന്നു എന്നതിന്റെ തെളിവുകളാണിവ.

സിനിമാചിത്രീകരണത്തിനും ട്രെക്കിങ്ങിനും മറ്റുമായി വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ തുടങ്ങിയവരുടെ പ്രത്യേക അനുവാദം നിര്‍ബന്ധമാണ്.

വനാതിര്‍ത്തിയിലെ കാഴ്ചകള്‍ ഇങ്ങനെ - ഇരുവശത്തുനിന്നും ആര്‍ത്തിരമ്പി വരുന്ന അരുവികളുടെ നടുവിലൂടെയൊരു നൂല്‍പ്പാതയിലേക്കാണ് മുന്നോട്ടുള്ള വനപാത എത്തിച്ചേരുന്നത്. കഷ്ടിച്ച് ഒരാള്‍ക്ക് നടക്കാവുന്ന മണ്‍വഴി അരുവികള്‍ ഒന്നാകുന്നിടത്ത് അവസാനിക്കുന്നു. അക്കരെ കൊടുംകാടാണ്...

മറ്റൊരു വഴി, മുകളിലേക്ക് കിടക്കുന്ന കൂപ്പ് പാതയാണ്. മൊട്ടക്കുന്നുകളാല്‍ ചുറ്റപ്പെട്ട മലമുകളിലേക്ക് അത് പുരോഗമിക്കുന്നു. 'ഇയ്യോബി'ല്‍ ഫഹദ് ഫാസിലിനു നേരെയുള്ള വെടിവെപ്പ് രംഗം ഒരുപക്ഷെ മനസ്സിലേക്ക് ഓടിയെത്തും. ഇടതൂര്‍ന്ന കാട്ടിലേക്ക് പ്രവേശിക്കുന്ന പാത ഏതാനും മിനിട്ടിനുള്ളില്‍ വിശാലമായ പുല്‍മേട്ടിലേക്ക് എത്തിച്ചേരും.

അരുവിക്ക് കുറുകെയുള്ള മൂന്നാമത്തെ വഴിയും സമാനമായ ഭൂപ്രകൃതിയിലേക്കാണ് നമ്മെ നയിക്കുക.

ഇത് ഉളുപ്പൂണിയിലേക്കുള്ള ഒരു വഴി. 'ഇല്ലാത്ത' പല വഴികളിലൂടെയും സാഹസികര്‍ ഉളുപ്പൂണിയിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു. കാണാത്ത പല കാഴ്ചകളും ആസ്വദിച്ചുവരുന്നു. ഒരുപക്ഷേ ഇവിടെ വിവരിച്ചതിലും മനോഹരമായ ഉളുപ്പൂണി കാഴ്ചകളെ കുറിച്ച് നിങ്ങള്‍ക്ക് അനുഭവമുണ്ടാവാം. വേറിട്ട വഴിയേ സഞ്ചരിച്ചവര്‍ക്ക് കമന്റ് ബോക്‌സിലൂടെയും ഇ-മെയിലിലൂടെയും ആ വിശേഷങ്ങള്‍ പങ്കുവെയ്ക്കാം...


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented