മലപ്പുറം എടവണ്ണയിലെ ആമസോൺ വ്യു പോയന്റ്
കാഴ്ചകളും ടൂറിസം കേന്ദ്രങ്ങളും മലപ്പുറത്തിനു ആവശ്യത്തിനുണ്ട്. ചിലതൊക്കെ മിനുക്കിയെടുക്കാനുമുണ്ട്. എന്നാലും എന്തോ ഒന്ന് മലപ്പുറത്തിന്റെ കാഴ്ചകള്‍ക്കു വില്ലനായിട്ടുണ്ട്. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോഴാണ് അക്കാര്യം മനസ്സിലാവുക. സ്വന്തമായൊരു ടൂറിസം പാക്കേജ് ഇതുവരെ തയ്യാറാക്കാന്‍ പച്ചപ്പിന്റെ നാടിന് സാധിച്ചിട്ടില്ല. ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുടെ കുറവ് മലപ്പുറത്താകെ മുഴച്ചുനില്ക്കുന്നു. മലയും കായലും കടലും പുഴയുമുള്ള മലപ്പുറത്ത് ഓപ്പറേറ്റര്‍മാര്‍ വളര്‍ന്നാല്‍ ടൂറിസത്തിനാകെ ഉണര്‍വ് കൈവരും. പക്ഷേ മികച്ച പാക്കേജുകള്‍ ഒരുക്കാന്‍ സ്വകാര്യകേന്ദ്രങ്ങള്പോലും മുന്നോട്ടുവരുന്നില്ല.
സെവന്‍സിനെ സ്നേഹിക്കുന്ന നാട്ടില്‍ അതുപോലും ഒരു ടൂറിസ്റ്റ് പാക്കേജാക്കി മാറ്റാം. മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അതിലൊരു സെവന്‍സ് മത്സരം കാണാനുള്ള സൗകര്യമൊരുക്കാം. നമ്മുടേതായ പല സംഭവങ്ങളും വിപണനം ചെയ്യുന്നതിലെ വീഴ്ചയാണിത്. വിഭവങ്ങള്‍ മികച്ച രീതിയില്‍ ടൂറിസ്റ്റുകള്‍ക്ക് സമ്മാനിക്കുമ്പോള്‍ അതിന്റെ ഗുണം നാടിനാകെ സമ്പത്ത് സമ്മാനിക്കുമെന്ന് നമ്മള് തിരിച്ചറിയുന്നില്ല.
നമ്മുടെ പ്രത്യേകതകള്‍
തനത് വിഭവങ്ങള്‍ക്കും അറേബ്യന്‍ രുചികള്‍ക്കും പേരുകേട്ട നാടാണ് മലപ്പുറം. ഇതിന്റെ ചുവടുപിടിച്ച് പെരിന്തല്‍മണ്ണ, കോട്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒട്ടേറെ ഹോട്ടലുകളും റസ്റ്റോറന്റുകളും വളര്‍ന്നു. പൊന്നാനി പലഹാരങ്ങള്‍ ഏറെ പ്രശസ്തം. മറ്റുജില്ലകളില്‍ വിളമ്പാന്‍ ഇതുവരെ കഴിയാത്ത രുചികളാണ് മലപ്പുറത്തെ റസ്റ്റോറന്റ് മെനുവിലുള്ളത്. യാത്രയ്ക്കൊപ്പം ഭക്ഷണത്തേയും സ്നേഹിക്കുന്നവരെ മാടിവിളിക്കുന്ന പാക്കേജുകള്‍ ഒരുക്കാം. വള്ളിക്കുന്ന് കടലുണ്ടി പക്ഷി സങ്കേതം ഏറെ പ്രശസ്തമാണ്. അറബിക്കടലുമായി ചേരുന്ന സ്ഥലത്ത് രൂപപ്പെട്ട തുരുത്തുകളാണ് പക്ഷികളുടെ പ്രിയ സങ്കേതം. പക്ഷി നിരീക്ഷണത്തിന് അനന്ത സാധ്യതകള്‍ കടലുണ്ടിയിലുണ്ട്.
തീര്‍ഥാടന ടൂറിസത്തിന് ഇത്രയും സാധ്യതകളുള്ള മറ്റൊരു ജില്ലയില്ല. മമ്പുറം മഖാം, മലപ്പുറം മഅദിന്‍, പൊന്നാനി വലിയപള്ളി, പെരുമ്പടപ്പ് പുത്തന്‍പള്ളി മഖാം, കാടാമ്പുഴ ദേവീക്ഷേത്രം, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്, തിരുനാവായ നവാമുകുന്ദ ക്ഷേത്രം, വൈരങ്കോട് ഭഗവതീക്ഷേത്രം, ആലത്തിയൂര്‍ ഹനുമാന് ക്ഷേത്രം... പുണ്യസ്ഥലങ്ങളേറെ. ഓരോ വര്‍ഷവും ഇവിടേക്കുള്ള വിശ്വാസികളുടെ വരവ് ലക്ഷങ്ങള്‍ കവിയും. ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച് മാത്രം പാക്കേജുകള്‍ ഒരുക്കിയാല്‍ ഒരുപക്ഷേ ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ലാഭംകൊയ്യാന്‍.
വിദേശികളും വരട്ടെ
ആഭ്യന്തര സന്ദര്‍ശകരാണ് മലപ്പുറത്തേക്ക് വരുന്നതില്‍ കൂടുതല്‍. കേരളീയരെ നിലനിര്‍ത്തി വിദേശികളേയും മറ്റു സംസ്ഥാനത്തുള്ളവരേയും ആകര്‍ഷിക്കുന്ന പദ്ധതികളാണ് ആവശ്യം. അവര്‍ക്കുവേണ്ടത് ഉത്തരവാദിത്വ ടൂറിസ സാധ്യതകളും തദ്ദേശീയരെ ഉള്‍പ്പെടുത്തി ജില്ലയുടെ സംസ്കാരം എത്തിക്കുന്ന പരിപാടികളാണ്.
കാരവന് ടൂറിസത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം കൊടുക്കുന്ന സമയമാണിത്. നിലമ്പൂര്ആഢ്യന്പാറകക്കാടംപൊയില് ബെല്‍റ്റ് കേന്ദ്രീകരിച്ച് കാരവന് ടൂറിസം കൊണ്ടുവന്നാല്‍ വിദേശികള്‍ക്കൊപ്പം ആഭ്യന്തര ടൂറിസ്റ്റുകളുമെത്തും.
മലപ്പുറം കാത്തിരുന്നൊരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 'മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്' എന്ന പേരില്‍. തിരൂര്‍ തുഞ്ചന്‍ സ്മാരകത്തേയും ബേപ്പൂര്‍ തസ്രാക്ക്, പൊന്നാനി, തൃത്താല, ഭാരതപ്പുഴയുടെ തീരം എന്നിവയുമായി ബന്ധപ്പെടുത്തി വികസിപ്പിക്കുന്നതാണ് മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്.
മലപ്പുറം കോട്ടക്കുന്ന്, നിലമ്പൂര്‍ തേക്ക് മ്യൂസിയം, പടിഞ്ഞാറേക്കര ബീച്ച്, താനൂര്‍ ഒട്ടുംപുറം ബീച്ച്, കുറ്റിപ്പുറം നിളയോരം പാര്‍ക്ക്, മലപ്പുറം ശാന്തിതീരം, ആഢ്യന്‍പാറ വെള്ളച്ചാട്ടം, കരുവാരക്കുണ്ട് ചെറുമ്പ ഇക്കോ വില്ലേജ്, കേരളാംകുന്ന് വെള്ളച്ചാട്ടം, വണ്ടൂര്‍ ടൈം സ്ക്വയര്‍, ചെരണി പാര്‍ക്ക് തുടങ്ങിയവയൊക്കെ മലപ്പുറത്തിന്റെ സാധ്യതകളാണ്. പക്ഷേ അത് വേണ്ട രീതിയില്‍ തുറന്നുകിട്ടാനുള്ള പദ്ധതികളില്ലാതെ പോയി.
വിമാനത്താവളം ഉണ്ടായിട്ടും
ഈ പദ്ധതികള്‍ വിപുലപ്പെടുത്തിയാല്‍ മലബാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കുകൂട്ടാം. 2020ല്‍ മൊത്തം വിദേശ സഞ്ചാരികളില്‍ 52 ശതമാനം പേര് മധ്യകേരളവും 42 ശതമാനംപേര്‍ തെക്കന്‍ കേരളവും സന്ദര്‍ശിച്ചപ്പോള്‍ മലബാറിലെത്തിയത് വെറും ആറു ശതമാനമാണ്. 2019ലും അത്രമാത്രം.
കരിപ്പൂരില്‍ വിമാനത്താവളം ഉണ്ടായിട്ടും സാധ്യതകള്‍ ഉപയോഗിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. വിമാനത്താവളങ്ങളുള്ള എറണാകുളവും തിരുവനന്തപുരവുമാണ് കുറച്ചുവര്‍ഷങ്ങളായി വിദേശ സഞ്ചാരികളുടെ ആഗമനത്തില്‍ മുന്‍പന്തിയില്‍. 2020ല്‍ 1,34,952 വിദേശീയര്‍ എറണാകുളം സന്ദര്‍ശിച്ചു. 2019ല്‍ 5,22,232 സഞ്ചാരികളും. തിരുവന്തപുരം 2020ല്‍ 90,550 വിദേശീയരെ സ്വീകരിച്ചപ്പോള്‍ 2019ല്‍ 3,10,451 ആയിരുന്നു. കോഴിക്കോട്ട് ഇത് യഥാക്രമം 4,100ഉം 25,697ഉം മാത്രം.
പാക്കേജ് ആലോചനയില്‍
മലപ്പുറത്തിനു മാത്രമായൊരു ടൂറിസം പദ്ധതി ജില്ലാ ടൂറിസം െപ്രാമോഷന്‍ കൗണ്‍സിലിന്റെ ആലോചനയിലുണ്ട്. മറ്റു ജില്ലകളിലെ ഡി.ടി.പി.സി. വാഹനങ്ങള്‍ ഉപയോഗിച്ച് മലപ്പുറത്തേക്ക് പാക്കേജുകള്‍ ഒരുക്കുന്നതും ആലോചനയിലാണ്. ഡി.ടി.പി.സി.യുടെ ടൂറിസം കേന്ദ്രങ്ങള്‍ ബന്ധപ്പെടുത്തിയാണ് പദ്ധതി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളെ ഉത്തരവാദ ടൂറിസത്തിനു കീഴില്‍ കൊണ്ടുവന്ന് വിപണി കണ്ടെത്തി നല്‍കുന്നതും പരിഗണനയിലുണ്ട്. ഭക്ഷണശാലകള്‍, ഫാമുകള്‍, കരകൗശലനിര്‍മാണ കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കാണ് വിപണി സാധ്യതകള്‍ നല്‍കുക. നിലവില്‍ മലപ്പുറത്ത് കാരവന് ടൂറിസം ഇല്ല. എന്നാല്‍ നിരവധി അപേക്ഷകള്‍ മലപ്പുറത്തുനിന്ന് വരുന്നുണ്ട്.
കെ.കെ. പത്മകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ടൂറിസം
വേണം ഗൈഡുകളും പാക്കേജുകളും
മികച്ച ഗൈഡുകളേയും പാക്കേജുകളും സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഓണ്‍ലൈനിലെ അനന്ത സാധ്യതകള്‍ ഇനിയെങ്കിലും നമ്മള് കണ്ടെത്തണം. മലബാറില്‍ വയനാട് ജില്ല മാത്രമാണ് ടൂറിസംകൊണ്ട് മുന്നോട്ടുപോയത്. റിസോര്‍ട്ട്, ഗസ്റ്റ് ഹൗസുകള്‍ തുടങ്ങിയവയുടെ കുറവ് നമുക്കുണ്ടെന്നത് വസ്തുതയാണ്. അടുത്ത കാലത്തായി നിലമ്പൂരില്‍ സഞ്ചാരികളുടെ എണ്ണം കൂടുന്നുണ്ട്. വെള്ളച്ചാട്ടങ്ങള്‍ കൂടുതലുള്ളതാണ് കാരണം. ഇനിയെങ്കിലും പാക്കേജുകള്‍ യാഥാര്‍ഥ്യമാക്കണം. അല്ലെങ്കില്‍ ടൂറിസം ഭൂപടത്തില്‍നിന്ന് നമുക്ക് മാറിനില്‍ക്കേണ്ടി വരും.
യു. തിലകന്, ലീന ഗ്രൂപ്പ് ഉടമ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..