ചട്ടഞ്ചാല്‍: പാലം കാത്തിരുന്നവരുടെ മുന്‍പിലേക്ക് ഒടുവില്‍ ഒരു തൂക്കുപാലം നീട്ടിവെച്ചപ്പോള്‍ നാട്ടുകാര്‍ സന്തോഷിച്ചു. കാലെടുത്തുവെച്ചാല്‍ അയല്‍ഗ്രാമത്തിലെത്താനുള്ള വഴിയായിരുന്നു അവര്‍ക്കിത്.സ്വപ്നമായ കോണ്‍ക്രീറ്റ് പാലം പതിറ്റാണ്ടിനിപ്പുറവും വന്നില്ല. പകരം തന്ന തൂക്കുപാലമാകട്ടെ തകര്‍ച്ചയുടെ വക്കിലുമാണ്. 13 വര്‍ഷം മുന്‍പ് തുറന്ന മഹാലക്ഷ്മിപുരം തൂക്കുപാലം രണ്ട് ഗ്രാമങ്ങളെയല്ല, വിസ്തൃതമായ രണ്ട് ഗ്രാമപ്പഞ്ചായത്തുകളെയാണ് കൂട്ടിയിണക്കുന്നത്.

നിര്‍മിച്ച് നാടിന് സമര്‍പ്പിച്ചതല്ലാതെ അതിനുശേഷം അധികൃതര്‍ ഈ തൂക്കുപാലത്തെപ്പറ്റി ഓര്‍ത്തിട്ടില്ല. പക്ഷേ, നാട്ടുകാരുടെ സ്ഥിതി അതല്ല. ആധിയാണവര്‍ക്ക്. പാലത്തിന്റെ പ്ലാറ്റ്‌ഫോമടക്കം തകര്‍ന്നുതുടങ്ങിയിരിക്കുന്നു. കൈവരി ദ്രവിക്കുകയും വലിയ വിടവുകള്‍ ഉണ്ടാവുകയും ചെയ്തു. വിദ്യാലയങ്ങള്‍ തുറന്നാല്‍ കുട്ടികള്‍ ഇതുവഴി വേണം കടന്നുപോകാന്‍.

ഒറ്റയ്ക്ക് കുട്ടികളെ പാലം കടത്താന്‍ പറ്റില്ല. ഒപ്പം മുതിര്‍ന്നവരും വേണ്ടിവരും. കാലൊന്നുതെറ്റിയാല്‍ പലകകളുടെ വിടവിലൂടെ പുഴയിലേക്ക് കൂപ്പുകുത്തും. തൂക്കുപാലമൊന്ന് കുലുങ്ങിയാല്‍ മുറുകെ പിടിക്കാന്‍ ഉറപ്പുള്ള കൈവരിയില്ല. എം.പി., എം.എല്‍.എ., ജില്ലാ പഞ്ചായത്ത്, ചെമ്മനാട്, ബേഡഡുക്ക ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയുടെ ഫണ്ട് ഉപയോഗിച്ചാണ് തൂക്കുപാലം നിര്‍മിച്ചിരുന്നത്.

ബേഡഡുക്ക പഞ്ചായത്താണ് തൂക്കുപാലത്തിന്റെ കസ്റ്റോഡിയന്‍. മഴയും വെയിലുമേറ്റ് നശിച്ച പാലത്തെ സംരക്ഷിക്കാന്‍ പക്ഷേ, ഇപ്പോള്‍ ആളില്ല. നാട്ടുകാര്‍ ബന്ധപ്പെട്ടവരെയെല്ലാം പ്രശ്‌നം പലതവണ ധരിപ്പിച്ചു. അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിക്കാതെ 'വഴിയാലോചിക്കാം' എന്നു മാത്രമാണ് വഴിമുട്ടുന്നവര്‍ക്ക് കിട്ടിയ മറുപടി.

കോണ്‍ക്രീറ്റ് പാലം ചുവപ്പുനാടയില്‍

ചെമ്മനാട് പഞ്ചായത്ത് പരിധിയിലാണ് മഹാലക്ഷ്മിപുരം. മുളിയാര്‍, ബേഡഡുക്ക പഞ്ചായത്തുകളാണ് പയസ്വിനിപ്പുഴയുടെ മറുഭാഗങ്ങളില്‍. ബേഡഡുക്ക പഞ്ചായത്തിലെ മുനമ്പവുമായി ബന്ധപ്പെടുത്തി ഇവിടെ കോണ്‍ക്രീറ്റ് പാലം പണിയാന്‍ ആലോചന നടന്നിരുന്നു. 

എട്ടുവര്‍ഷം മുന്‍പ് ഇതിനായി സാധ്യതാപഠനവും ബോറിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികളും ചെയ്‌തെങ്കിലും പദ്ധതി ചുവപ്പുനാടയ്ക്കിടയില്‍ സുഖസുഷുപ്തിയിലാണിപ്പോള്‍. തൂക്കുപാലം കടന്ന് മുനമ്പം വഴി പെര്‍ളടുക്കത്ത് എത്താന്‍ നാലുകിലോമീറ്റര്‍ മതി. ചട്ടഞ്ചാല്‍, പൊയിനാച്ചി വഴി ചുറ്റി പെര്‍ളടുക്കത്ത് എത്താന്‍ 14 കിലോമീറ്റര്‍ സഞ്ചരിക്കണം.

മുളിയാര്‍ പഞ്ചായത്തിനെ മഹാലക്ഷ്മിപുരവുമായി ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് പാലവും ചുവപ്പുനാടയില്‍ തന്നെ. ഇതിന്റെ രൂപരേഖവരെ ചെറുകിട ജലസേചന വിഭാഗം പൂര്‍ത്തിയാക്കിയെങ്കിലും അനിശ്ചിതാവസ്ഥ ഇപ്പോഴും തുടരുന്നു. മുനമ്പം, കുമ്പളംപാറ, ചെരക്കടവ്, കല്ലളി ഭാഗങ്ങളിലെ യു.പി. വിഭാഗം വിദ്യാര്‍ഥികള്‍ തൂക്കുപാലം കടന്ന് തെക്കില്‍പ്പറമ്പ് സ്‌കൂളിലാണ് വരുന്നത്.

ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ എത്തുന്നത് ഇതുവഴി ചട്ടഞ്ചാലിലേക്കും. ബാവിക്കര റഗുലേറ്റര്‍, മഹാലക്ഷ്മിപുരം മഹിഷമര്‍ദിനി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കിഴക്കന്‍ ഗ്രാമങ്ങളില്‍നിന്ന് വഴിതുറക്കുന്നത് ഈ തൂക്കുപാലമാണ്. സുരക്ഷിതമായ വഴിയാണ് ഇവര്‍ക്കാവശ്യം. അതിനുള്ള കൂട്ടായ പരിശ്രമമാണ് ഉണ്ടാവേണ്ടത്.

Content Highlights: mahalakshmipuram thookkupalam in the path of destruction