Madhurai 1ധുര, രാമേശ്വരം, ധനുഷ്‌ക്കോടി..ഏറെക്കാലമായി കൊതിപ്പിച്ച യാത്ര. ആറംഗസംഘമെന്നാണ് ആദ്യം തീരുമാനിച്ചത്.  മൂന്നു സ്ത്രീകളും ഭര്‍ത്താക്കന്‍മാരും. അപ്പോഴാണ് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രിയ പ്രവേശം. കോണ്‍ഗ്രസുകാര്‍ അവരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കിയതോടെ ഭര്‍ത്താക്കന്‍മാരെ യാത്രയില്‍നിന്ന് ഒഴിവാക്കാന്‍ കൂട്ടായ തീരുമാനം എടുക്കുകയായിരുന്നു. ''അതാണ്എന്തുകൊണ്ടും നല്ലത്, യാത്രയില്‍ മുഴുവന്‍ സംഘം ചേര്‍ന്നുള്ള ചര്‍ച്ചയിലായിരിക്കും. നമ്മളെ മന:പൂര്‍വം അവഗണിച്ച് ഭാരതത്തിന്റെ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്ന തിരക്കിലായിരിക്കും അവര്‍. എന്നാല്‍ പിന്നെ പാവങ്ങളെ നമ്മുടെ യാത്രയില്‍ ചേര്‍ത്ത് ബുദ്ധിമുട്ടിക്കണോ ?'' മീരയുടെ ചോദ്യം എന്റെയും ചോദ്യമായിരുന്നു.

പ്രിയങ്ക വാരണാസിയില്‍ മോദിയെ നേരിടുമോ ?, പ്രിയങ്കയെ ജനം സ്വീകരിക്കുമോ, കുടുംബവാഴ്ച ഇനി ഇന്ത്യ സഹിക്കുമോ, മോദിയെ അത്ര പെട്ടെന്ന് തഴയാനാവുമോ, വരുണ്‍ ഗാന്ധി കോണ്‍ഗ്രസ്സില്‍ ചേക്കേറുമോ...? അവര്‍ക്കു മണിക്കൂറുകള്‍ ചര്‍ച്ച ചെയ്യാനുള്ള വിഷയമായി.  നല്ലൊരു യാത്രയെ കൊല്ലാന്‍ അതു ധാരാളം.ഒടുവില്‍ ആ കടുത്ത തീരുമാനം ഞങ്ങള്‍ക്കെടുക്കേണ്ടി വന്നു. ഭര്‍ത്താക്കന്‍മാരുടെ സ്വാതന്ത്ര്യം കളയേണ്ട,ഭാരതത്തിന്റെ ഭാവിയെപ്പറ്റി അവര്‍ ഒറ്റയ്ക്കോ കൂട്ടായോ ആലോചിച്ച് തീരുമാനിക്കട്ടെ.. അതിനായി മൂന്നു ദിവസം അവര്‍ക്കായി ഡെഡിക്കേറ്റ് ചെയ്തിട്ട് ഞങ്ങള്‍ വഴി തിരിഞ്ഞു. വീടാം കൂടിനുള്ളില്‍ അടച്ചിടപ്പെട്ടവരും, ഓഫീസ്ജോലിയും അടുക്കളജോലിയുമായി മല്ലടിക്കുന്നവരുമായിരുന്നു ഞങ്ങള്‍.എന്നു വച്ചാല്‍ അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും. വല്ലപ്പോഴും വീണുകിട്ടുന്ന ഈ യാത്രകളാണ് ഞങ്ങളുടെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്.ആരും ഞങ്ങളെ തിരിച്ചറിയാത്ത നാടുകളില്‍ എല്ലാം മറന്ന് കളിച്ചും ചിരിച്ചും കളിയാക്കിയും പരിഭവിച്ചും കുറേ നിമിഷങ്ങള്‍. അന്നേരം വായിലും തലയിലും കൊള്ളാത്ത വലിയ കാര്യങ്ങള്‍ പറയാന്‍ ആരാണിഷ്ടപ്പെടുക. തനിപെണ്ണുങ്ങളായിത്തന്നെ ഈ നിമിഷങ്ങള്‍ ജീവിച്ചുതീര്‍ക്കാനായിരുന്നു ഞങ്ങളുടെ പുറപ്പാട്. 

Madhurai 2ഒരാള്‍ ബംഗളുരുവില്‍നിന്നാണ്, മറ്റൊരാള്‍ തിരുവനന്തപുരത്തുനിന്നും ഞാന്‍ കോട്ടയത്തുനിന്നും. മൂന്നുപേരും അനന്തപുരിയില്‍ സംഗമിച്ച് ഒറ്റ കൈവഴിയായി യാത്ര തുടരും. സരള പുലര്‍ച്ചെ തിരുവനന്തപുരിയില്‍ മീരയുടെ വീട്ടിലെത്തി.മീരയുടെ മകളെ വിവാഹംചെയ്തത് സരളയുടെ മകനാണ്. ഞാന്‍ തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്കു പുറപ്പെട്ടു. വൈകിട്ട് എട്ടേമുക്കാലിന് എല്ലാവരും ചേര്‍ന്ന് മധുരയ്ക്കുള്ള തീവണ്ടിയില്‍ കയറി. ഇത് പാസഞ്ചര്‍ ട്രെയിനാണെങ്കിലും മൂന്നു നാലു കമ്പാര്‍ട്ടുമെന്റുകള്‍ റിസര്‍വേഷന്‍ യാത്രികര്‍ക്കുള്ളതാണ്. കലപില തമിഴ്പേശുകള്‍ക്കിടയില്‍ അടുത്ത രണ്ടുനല്ല ദിനങ്ങളെ സ്വപ്നം കണ്ട് ഞങ്ങള്‍ ബര്‍ത്തില്‍ നീണ്ടുനിവര്‍ന്നുകിടന്നു.

പുലര്‍ച്ചെ അഞ്ചരയോടെ  മധുരയില്‍ പാസഞ്ചര്‍ തീവണ്ടി അതിന്റെ യാത്ര അവസാനിപ്പിച്ചു. നടന്നു പോകാവുന്നത്ര ദൂരത്തുള്ള, റിസര്‍വ്വ് ചെയ്തിരുന്ന ഹോട്ടലിലേക്ക് അരണ്ടവെളിച്ചത്തില്‍ ഞങ്ങള്‍ നടന്നു. ഉറക്കച്ചടവിലാണ്ട മധുര റെയില്‍വേ സ്റ്റേഷനെ ഉറക്കച്ചടവോടെതന്നെ ഞങ്ങളും നോക്കിക്കണ്ടു. റെയില്‍വേ സ്റ്റേനില്‍ കൊതുകിനെയും തണുപ്പിനെയും വെല്ലുവിളിച്ച് വെറുംതറയില്‍ ഉറങ്ങുന്നവരുടെ നിര. ഡിക്കോഷന്‍ കാപ്പിയുടെ ഹൃദ്യമായ സുഗന്ധം പരക്കുന്ന തെരുവ്. നാടോടുമ്പോള്‍ നടുവെ. തമിഴ്നാട്ടില്‍ ചെന്നാല്‍ ഒരിക്കലും ചായ കുടിക്കരുത് !.കാപ്പിയുടെ യഥാര്‍ഥ ശക്തിയും രുചിയും അറിയണമെങ്കില്‍ തമിഴ്നാട്ടിലെ കാപ്പി തന്നെ കുടിക്കണം. മെല്ലെമെല്ലെ സിപ്പ് ചെയ്ത് സ്വാദ് അപ്പാടെ ആത്മാവിലേക്ക് ആവാഹിച്ച് നുണഞ്ഞിറക്കണം. പല്ലുതേപ്പും കുളിയും കഴിഞ്ഞിട്ടാവാം കാപ്പിനുണയല്‍ എന്ന് പരസ്പരം സമാധാനിപ്പിച്ച് കാപ്പിക്കൊതിയടക്കി ഞങ്ങള്‍ ഹോട്ടലിലേക്ക് കയറി. മൂന്നുപേരും കുളിച്ച് ഫ്രഷായി മുറിപൂട്ടി പുറത്തിറങ്ങി. ഇനി ഇന്നു പകല്‍ മുഴുവന്‍ ഞങ്ങള്‍ മധുരയുടെ തെരുവുകളിലൂടെ അലയും, തമിഴകത്തിന്റെ രുചികള്‍ നുണയും, പൊട്ടത്തമിഴ് പേശും, പൊട്ടിപൊട്ടി ചിരിക്കും. തൈര്‍ സാദവും, കേസരിയും വയര്‍നിറയെ അകത്താക്കും. മധുര മീനാക്ഷിയെ തേടിപ്പോകും. രാവേറും വരെ തിരക്കുള്ള നഗരത്തില്‍ അലയും.

ഹോട്ടലിന്റെ എതിര്‍വശത്തെ തിരക്കേറിയ ഹോട്ടലിലേക്ക് ഞങ്ങള്‍ നടന്നു. ചൂടന്‍ മസാലദോശയും ഡിക്കോഷന്‍ കാപ്പിയും അകത്താക്കുമ്പോള്‍ എതിര്‍വശത്തിരുന്ന കുടുംബം ഉപ്പുമാവും പേരറിയാത്ത എന്തൊക്കയോ വിഭവങ്ങളും അകത്താക്കുന്നു. ഇനി ഉച്ചയ്ക്ക് വ്യത്യസ്ത പരീക്ഷണമാവാം എന്നു വയറിനെ സമാധാനിപ്പിച്ച് എണീറ്റു. ഇത്തിരിനേരം കണ്‍മുന്നിലെ നഗരത്തില്‍ ചുറ്റിക്കറങ്ങാം എന്നായി തീരുമാനം. പ്രഭാതത്തിലെ ഇളംവെയില്‍ സൗന്ദര്യം കൂട്ടും എന്ന കേട്ടറിവ് പരീക്ഷിക്കാനായി ഞങ്ങള്‍ മെല്ലെ നടന്നുതുടങ്ങി. തെരുവ് ഉറക്കത്തില്‍നിന്ന് ഇനിയും ഉണര്‍ന്നിട്ടില്ല.  ചെറു കാപ്പിക്കടകള്‍മാത്രം സജീവം. അവയുടെ ഏഴയലത്ത് എത്തിയപ്പോഴേക്കും കാപ്പിയുടെ ഹൃദ്യമായ സുഗന്ധം വീണ്ടും മോഹിപ്പിച്ചുതുടങ്ങി. നടന്നുനടന്ന് ഒരു വളവിലെത്തി. ആദ്യം ക്ഷേത്രത്തിലേക്കായാലോ എന്നായി സരളയുടെ ചോദ്യം. വഴിയില്‍ കണ്ടവരോടെല്ലാം വഴി ചോദിച്ച് ചോദിച്ച്... ഓട്ടോക്കാരുടെ നീണ്ട നിരതന്നെ തേടിയെത്തി. അന്ന് മധുര മീനാക്ഷിക്ക് കല്യാണമാണെന്നും ക്ഷേത്രത്തിന്റെ സമീപത്തുള്ള കടകളിലെല്ലാം ഉച്ചവരെ വമ്പിച്ച ഡിസ്‌കൗണ്ടാണെന്നും അവരില്‍ ഒരാള്‍ പറഞ്ഞു. കട കാണിച്ചുംതന്നു. അതോടെ ഞങ്ങള്‍ക്ക് ഹരമായി. മടങ്ങുമ്പോള്‍ കയറാം എന്നായി  തീരുമാനം. വളഞ്ഞും പുളഞ്ഞും തെരുവുമുറിച്ചും ഒടുവില്‍ ക്ഷേത്രത്തിന്റെ നാലു കവാടങ്ങളില്‍ ഒരു പ്രവേശന കവാടത്തിനരികിലെത്തി.

Madhurai 1ഭക്തരുടെ നീണ്ടനിരയിലേക്ക് മീരയും സരളയും ഊര്‍ന്നിറങ്ങി. ക്ഷേത്രത്തിന്റെ വമ്പന്‍ ഗോപുരങ്ങളും അത്ഭുതപ്പെടുത്തുന്ന കൊത്തുപണികളും ഇടനാഴികളും നോക്കി ഞാനും. ഞങ്ങളുടെ യാത്രകളെ ജാതിമതത്തിന്റെ കയറുകളില്‍ കെട്ടാറില്ല. ക്രിസ്ത്യന്‍ പള്ളികളിലാണെങ്കിലും ക്ഷേത്രത്തിലാണെങ്കിലും വിശ്വാസമുള്ളവര്‍ക്കു കയറാം. വേണ്ടെങ്കില്‍ വേണ്ട, ഒരു നിര്‍ബന്ധവുമില്ല. പ്രാര്‍ഥനകള്‍ കഴിഞ്ഞ് അവര്‍ തിരിച്ചെത്തിയതോടെ ഷോപ്പിംഗ് യാത്രയായി. കണ്ട കടകളിലെല്ലാം കയറി, വിലപേശിയതല്ലാതെ കാര്യമായി ഒന്നും വാങ്ങിയില്ല. ഇതൊക്കെയല്ലേ ഈ യാത്രയുടെ സന്തോഷം !. മലയാളത്തില്‍തമിഴ് പേശുന്നതിന്റെ ഇത്തിരി സുഖം. ഉപ്പും മുളകും തൂവിയ മാങ്ങയും സാലഡ് വെള്ളരിയും തമിഴത്തിപ്പെണ്ണിന്റെ കൈയ്യിന്ന് വാങ്ങി വഴിയോരത്തു നിന്നു തിന്നുന്നതിന്റെ ആനന്ദം, തെരുവിലെ ബജിക്കടയുടെ മുന്നില്‍ നിന്നു കട്ടച്ചൂടോടെ വാങ്ങിത്തിന്നുമ്പോള്‍ നാട്ടുകാര്‍ കാണുമോ എന്ന ആശങ്ക തെല്ലുമില്ലാത്തതിന്റെ സമാധാനം.

Madhurai 5
Photo: P. Jayesh

ഡിസ്‌കൗണ്ടോടെ  കൈത്തറി സാരികള്‍ വാങ്ങാന്‍ ചെന്നപ്പോഴാണ് രസം. ഇത് നുണകളുടെയും നാടാണ് !.ജീവിക്കാന്‍ വേണ്ടിയുള്ള ചെറു നുണകള്‍. ആ ഓട്ടോക്കാരന്‍ പറഞ്ഞത് കല്ലുവച്ച കള്ളമായിരുന്നു. മധുരമീനാക്ഷിക്ക് അന്ന് കല്യാണവുമില്ല, കടക്കാരുടെ ഇളവുമില്ല. സാരിവാങ്ങിയാല്‍ ഓട്ടോക്കാരനാണ് കമ്മീഷന്‍ കിട്ടുക! വേല വേലായുധന്റെ അടുത്തു വേണോ? ആ തെരുവു വിട്ടു പിടിച്ചു. കുഴപ്പമില്ലാത്ത വില കേട്ടതോടെ ഇഷ്ടംപോലെ സാരികളും ചുരിദാര്‍സെറ്റും വാങ്ങി പടിയിറങ്ങി. ഇനി പക്കാ തമിഴ് ശാപ്പാടടിക്കണം. സാമ്പാര്‍, തോരന്‍, ചീരകുളമ്പ്, രസം, മോര്, പപ്പടം, പായസം കൂട്ടിയുള്ള ഉച്ചയൂണ്. വയറിനു താങ്ങാവുന്നതിനപ്പുറം അകത്താക്കിയതിനാലാവും കിടന്നേ പറ്റൂ എന്നായി. പുറത്ത് തീ വെയിലും. റൂമില്‍ പോയി ഇത്തിരി മയങ്ങി.

വെയില്‍ പടിയിറങ്ങിയതോടെ വീണ്ടും തെരുവിലേക്കിറങ്ങി. എവിടെയും സഞ്ചാരികളുടെ തിക്കിത്തിരക്ക്. വിദേശികളുടെ ഒഴുക്ക്. വൈകുന്നേരമായതോടെ നഗരം ജനസാഗരമായി. മധുരമീനാക്ഷിയുടെ ചുറ്റിലുമുള്ള ഇടവഴികള്‍ തിങ്ങിവിങ്ങി. ഞങ്ങളും അവരിലൊരാളായി.ബജിക്കടയിലെ ചൂടന്‍ മുളകാബജിയും ബേല്‍പ്പൂരിയും ...അവയുടെ തെരുവാകെ നിറയുന്ന മണം നമ്മളെ മോഹിപ്പിക്കയാണ്. ഉത്തരേന്ത്യന്‍ സഞ്ചാരികളാണ് നഗരത്തിലേറെയും.. മുക്കിലും മൂലയിലും ക്ഷേത്രങ്ങള്‍..എവിടെനിന്നും ഒഴുകുന്ന മണിനാദങ്ങള്‍.. മാസ്മരിക നിമിഷങ്ങള്‍.. രാവേറെ ചെല്ലുമ്പോഴും നഗരം ഉന്മേഷത്തിമിര്‍പ്പിലാണ്..പക്ഷേ  ഞങ്ങള്‍ക്കു മടങ്ങിയല്ലേ പറ്റൂ, നാളെ അതിരാവിലെ രാമേശ്വരം തേടിയുള്ള യാത്രയുണ്ട്.

Content Highlights: Madhurai Travel, Women Travel, Madhurai Meenakshi Temple