courtesy: Getty Images
ലോകം മുഴുവന്‍ ചുറ്റിക്കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അല്ലെങ്കില്‍ എപ്പോഴും യാത്ര ചെയ്യാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രധാന പ്രശ്‌നം പണം തന്നെയാണ്. യാത്ര ചെയ്യുമ്പോള്‍ ആവശ്യത്തിന് തുക കൈയ്യിലില്ലെങ്കില്‍ നേരിടേണ്ടി വരുന്ന ടെന്‍ഷന്‍ ചെറുതല്ല. ചിലപ്പോള്‍ ആ യാത്രയുടെ സന്തോഷം തന്നെ അതുമൂലം നഷ്ടപ്പെട്ടേക്കാം. എന്നാല്‍ ചുരുങ്ങിയ ചെലവിലും നമുക്ക് ലോകം ചുറ്റാം. കാഴ്ചകള്‍ കാണാം. അതിന് ഇത്തിരി ടെക്‌നിക്കും ബുദ്ധിയും ഉപയോഗിക്കണം എന്നുമാത്രം.
കാശറിഞ്ഞ് യാത്രചെയ്യാം
പ്ലാനിങ്ങില്ലാത്തതാണ് എല്ലാ യാത്രികരെയും പ്രതിസന്ധിയിലാക്കുന്നത്. കൃത്യമായി യാത്ര പ്ലാന്‍ ചെയ്താല്‍ നമ്മളുദ്ദേശിക്കുന്ന ബഡ്ജറ്റില്‍ യാത്ര പൂര്‍ത്തീകരിക്കാനാകും. ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനുമുന്‍പ് എകദേശം അതിന് എത്ര ചെലവുവരും എന്ന ധാരണയുണ്ടായിരിക്കണം. അതുപോലെ എത്രപേരെ കൂടെക്കൂട്ടണം എന്നും തീരുമാനിക്കണം. പോകുന്ന ഇടത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരിക്കണം. മുന്‍പ് യാത്ര ചെയ്തവരുടെ റിവ്യൂകള്‍ ഓണ്‍ലൈനില്‍ ഉണ്ടാകും. അതെല്ലാം വായിച്ച് പ്ലാന്‍ ചെയ്യുന്നതാണ് ഉചിതം.
റിവാര്‍ഡുകള്‍ സ്വന്തമാക്കി യാത്ര ചെയ്യാം
റിവാര്‍ഡ് പോയന്റുകള്‍ക്ക് യാത്രികര്‍ക്കിടയില്‍ ഇന്ന് വലിയ സ്വാധീനമുണ്ട്. ഓരോ ട്രാവല്‍ സൈറ്റുകളിലും ഓഫറുകളും റിവാര്‍ഡ് പോയന്റുകളും ഉണ്ടാകും. യാത്ര പുറപ്പെടുന്നതിനുമുന്‍പ് എല്ലാ ട്രാവല്‍ സൈറ്റുകളും സന്ദര്‍ശിക്കുക. ഏതിലാണ് കൂടുതല്‍ ഡിസ്‌കൗണ്ടും റിവാര്‍ഡ് പോയന്റുമുള്ളത് എന്ന് കണ്ടെത്തി ഉചിതമായവ തെരഞ്ഞെടുക്കുക. ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ അതുപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്താല്‍ ക്രെഡിറ്റ് കാര്‍ഡിന്റെ അധിക റിവാര്‍ഡ് പോയന്റുകളും സ്വന്തമാക്കാം. ചില വെബ്‌സൈറ്റുകളില്‍ കൂപ്പണുകള്‍ ചേര്‍ത്ത് ബുക്ക് ചെയ്താല്‍ ടിക്കറ്റിന് വില കുറയാറുണ്ട്. മേക്ക് മൈ ട്രിപ്പ്, ട്രിവാഗോ, യാത്ര, സ്‌കൈ സ്‌കാനര്‍, ഗോ ഐബിബോ തുടങ്ങിയ സൈറ്റുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.
മനസ്സമാധാനത്തോടെ പറക്കാം
വിദേശരാജ്യത്തേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് പലപ്പോഴും വിലങ്ങുതടിയാകുന്നത് വിമാനടിക്കറ്റാണ്. വിമാനടിക്കറ്റിന്റെ നിരക്കുകള്‍ പലപ്പോഴും വലിയ തോതില്‍ കൂടുകയും അതുപോലെ കുറയുകയും ചെയ്യാറുണ്ട്. എക്‌സ്പീഡിയ, ട്രാവെലോസിറ്റി, സ്‌കൈ സ്‌കാനര്‍ തുടങ്ങിയ വെബ്‌സൈറ്റുകള്‍ കുറഞ്ഞ വിമാനടിക്കറ്റ് നിരക്ക് കാണിച്ചുതരും. വലിയ വിമാനക്കമ്പനിയോ പഞ്ചനക്ഷത്ര ഹോട്ടലോ നിങ്ങളോ മോഹിപ്പിച്ചേക്കും പക്ഷേ അതിനേക്കാളും വലുതാണ് യാത്ര. അത് മനസ്സിലോര്‍ക്കുക. താമസത്തിനും വിമാനത്തിനും ഏറ്റവും കുറഞ്ഞ നിരക്കിലുള്ളവ പരിഗണിക്കുക. നേരത്തേ ബുക്ക് ചെയ്താല്‍ വിമാനടിക്കറ്റിന് വിലകുറയാറുണ്ട്.
തെരഞ്ഞെടുക്കാം ചെലവ് കുറഞ്ഞ രാജ്യങ്ങള്‍
വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണെങ്കില്‍ ചെലവ് കുറഞ്ഞ രാജ്യങ്ങള്‍ തെരഞ്ഞെടുക്കാം. ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, സിങ്കപ്പൂര്‍. തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ആദ്യമായി വിദേശയാത്രയ്ക്ക് പോകാനൊരുങ്ങുന്നവര്‍ക്കുള്ള മികച്ച ഓപ്ഷനുകളാണ്.
ഇവിടങ്ങളിലേക്ക് സീസണ്‍ സമയത്ത് പോയാല്‍ കാശല്‍പ്പം കൂടും ഓഫ് സീസണ്‍ തെരെഞ്ഞെടുത്താല്‍ ചുരുങ്ങിയ ചെലവില്‍ നഗരം മൊത്തം ചുറ്റിക്കറങ്ങാം.
താമസത്തിലും ലാഭിക്കാം
അന്യനാട്ടില്‍ പോയാല്‍ എവിടെ തങ്ങും എന്നതാകും ചിന്ത. ട്രാവല്‍ ഏജന്‍സികളുടെ പാക്കേജില്‍ പോകുന്നവര്‍ക്ക് ഇക്കാര്യം പേടിക്കേണ്ട. എന്നാല്‍ ചെലവ് ചുരുക്കാനായി സ്വന്തം പ്ലാനില്‍ പോകുന്നവര്‍ക്ക് താമസം ഒരു പ്രശ്‌നം തന്നെയാണ്. പ്രധാന നഗരങ്ങളില്‍ വിട്ടുമാറിയ എവിടെയെങ്കിലും റൂമെടുക്കുന്നത് കാശ് കുറയ്ക്കാന്‍ ഉപകരിക്കും. ഹോട്ടല്‍ റൂമിന് ചാര്‍ജ് കൂടുതലാണെങ്കില്‍ ഹോം സ്‌റ്റേ, ഹോസ്റ്റല്‍ അല്ലെങ്കില്‍ ഡോര്‍മിറ്ററി എന്നിവ ഉപയോഗപ്പെടുത്താം. സുഹൃത്തുക്കള്‍ ആരെങ്കിലും ആ നാട്ടില്‍ തങ്ങുന്നുണ്ടെങ്കില്‍ അതുപയോഗപ്പെടുത്താം. എയര്‍ ബി.എന്‍.ബി വി.ആര്‍.ബി.ഒ തുടങ്ങിയ ആഗോള റൂം ബുക്കിങ് വെബ്‌സൈറ്റുകള്‍ വാടക കുറഞ്ഞ റൂമുകള്‍ കണ്ടെത്താന്‍ സഹായിക്കും.
വാടകയ്ക്ക് കൊടുത്തുപോകാം
ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കുള്ള മികച്ച ഓപ്ഷനാണിത്. വിദേശയാത്രയ്ക്ക് പോകുകയാണെങ്കില്‍ ആ ദിവസങ്ങളില്‍ നിങ്ങളുടെ മുറി വാടകയ്ക്കായി തുറന്നുകൊടുക്കാം. അതുവഴി ചെറിയൊരു പോക്കറ്റ് മണി സമ്പാദിക്കുകയും ചെയ്യാം. എയര്‍ ബി.എന്‍.ബി അതിന് ഉത്തമ ഉദാഹരണമാണ്. ഹോം സ്‌റ്റേ വഴി വേണം റൂം വാടകയ്ക്ക് കൊടുക്കാന്‍.
ഫോണിനെ സ്മാര്‍ട്ടാക്കണം
യാത്ര ചെയ്യുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍ബന്ധമായും കൈയ്യില്‍ കരുതണം. പെട്ടന്ന് ഒരാവശ്യം വരുമ്പോള്‍ സ്മാര്‍ട്ട് ഫോണിനേക്കാള്‍ നന്നായി ഉപയോഗിക്കാന്‍ പറ്റിയ മറ്റൊരു ഉപകരണമില്ല. വിദേശത്തെത്തിയാല്‍ കഴിയുന്നതും ഫ്രീ വൈഫൈ ഉപയോഗിക്കുക. വിദേശത്തെത്തിയാല്‍ ആ രാജ്യത്തെ ഒരു താത്കാലിക സിം ഫോണില്‍ ഇടുക. പോകുന്നതിന് മുന്‍പ് പോകാനുദ്ദേശിക്കുന്ന ഇടങ്ങളെക്കുറിച്ച് ഗൂഗിള്‍ മാപ്പില്‍ സേവ് ലൊക്കേഷന്‍ കൊടുത്ത് സെറ്റ് ചെയ്യുക. അതുപയോഗിച്ച് യാത്ര നടത്തുക. യാത്ര ചെയ്യുന്ന സമയത്ത് തന്നെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കുക. ചാര്‍ജ് തീര്‍ന്നാല്‍ ചിലപ്പോള്‍ പണികിട്ടും. രാത്രി റൂമിലെത്തിയതിനുശേഷം സമാധാനപരമായി ഫോണിലെ കാഴ്ചകള്‍ ആസ്വദിച്ച് ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാം. സെല്ലുലാര്‍ ഡാറ്റ അത്യാവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇന്ത്യയില്‍ ലഭിക്കുന്നതുപോലെ ജിബികള്‍ വിദേശത്ത് മൊബൈലില്‍ ലഭിക്കുകയില്ല എന്ന കാര്യം എപ്പോഴും ഓര്‍ത്തിരിക്കണം.
ടൂറിസ്റ്റ് കെണിയില്‍ വീഴരുതേ
പാരീസില്‍ പോയാല്‍ ഈഫല്‍ ടവര്‍ കാണണം റോമില്‍ പോയാല്‍ കോളോസിയം കാണണം... എല്ലാ നഗരങ്ങളിലും യാത്രികരെ പിടിച്ചുകൊണ്ടുപോകുന്ന അദ്ഭുതങ്ങളായ ഇത്തരം 'കെണികളുണ്ട്'. ആ പ്രത്യേക സ്ഥലം കാണാന്‍ ചിലപ്പോള്‍ നമ്മുടെ ആകെ ചെലവിന്റെ പകുതിയും ചെലവാക്കേണ്ടിവരും. ആ ഒരു സ്ഥലം കാണുന്നതിനുപകരം ചിലപ്പോള്‍ രണ്ടോ മൂന്നോ പുതിയ ഇടങ്ങള്‍ അതിലും ചുരുങ്ങിയ ചെലവില്‍ കാണാന്‍ സാധിച്ചേക്കാം. അതനുസരിച്ച് വേണം ട്രിപ്പ് പ്ലാന്‍ ചെയ്യാന്‍.
പബ്ലിക്ക് സര്‍വീസ് സൂപ്പറാണ്
അന്യനാട്ടിലെത്തുമ്പോള്‍ ടാക്‌സികളെ ആശ്രയിക്കുന്നത് വലിയ ചെലവ് വരുത്തിവെയ്ക്കും. അതിനുപകരം പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകളെ ഉപയോഗപ്പെടുത്താം. ബസ്, മെട്രോ, ട്രെയിന്‍ തുടങ്ങിയവ ചെറിയ ചെലവില്‍ യാത്ര ചെയ്യാനുപകരിക്കും. നടക്കാവുന്ന ദൂരമാണെങ്കില്‍ കാഴ്ചകളെല്ലാം കണ്ട് രണ്ടുവരി പാട്ടും പാടി ഹാപ്പിയായി നടക്കാം. നടത്തം ആരോഗ്യത്തിനും നല്ലതാണല്ലോ!
തെരുവോരഭക്ഷണങ്ങൾ വേറെ ലെവൽ
ഏതുനാട്ടിൽ പോയാലും അവിടത്തെ ഭക്ഷണം കഴിക്കണം എന്നാണല്ലോ. വലിയ ഹോട്ടലുകളിൽ കയറി കഴിച്ചാൽ സംഗതി ആകെ അവതാളത്തിലാകും. കൈയ്യിലുള്ള കാശ് പെട്ടന്ന് തീരും. അതുകൊണ്ട് തെരുവോര ഭക്ഷണങ്ങളെ ആശ്രയിക്കാം. യാത്ര ചെയ്യുമ്പോൾ കേടാവാത്ത ഭക്ഷണങ്ങൾ കൈയ്യിൽ സൂക്ഷിക്കുന്നത് നല്ലതാണ്.
Content Highlights: low budget travel mathrubhumi yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..