ഴമേഘങ്ങള്‍ക്കും മീതെ, മലമുകളില്‍ ചെറുപുഞ്ചിരി തൂകി നില്‍ക്കുന്ന യുവാവ്. ഫെയ്സ്ബുക്കില്‍ വൈറലായ ഒരു ചിത്രം. കിട്ടിയ ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും കണക്കുണ്ടായിരുന്നില്ല. ചിത്രത്തിന്റെ ദൃശ്യഭംഗിക്കായിരുന്നില്ല, ഒരു കാലിന്റെ മാത്രം ബലത്തില്‍ അതുപോലൊരിടത്ത് എത്തിച്ചേര്‍ന്ന മനക്കരുത്തിനായിരുന്നു ആളുകളുടെ അഭിനന്ദനമത്രയും. ഒപ്പം, ആരാണ് അയാള്‍ എന്ന ചോദ്യവും സമൂഹമാധ്യമത്തില്‍ ഉയര്‍ന്നു...

Neeraj George
Photo - Kiran Sadanandan
Neeraj George
Photo - Dr. Frank Antony

ഇത് ആലുവ സ്വദേശിയായ നീരജ് ജോര്‍ജ് ബേബി. സമുദ്രനിരപ്പില്‍ നിന്ന് ആറായിരം അടി ഉയരമുള്ള കുറങ്ങണി മലമുകളില്‍ നില്‍ക്കുന്ന ചിത്രമാണത്. ക്രച്ചസിന്റെ ബലത്തില്‍ കാട്ടുപാതയിലൂടെ 12 കിലോമീറ്റര്‍ താണ്ടിയാണ് അയാള്‍ അവിടെ വരെ എത്തിച്ചേര്‍ന്നത്.

neeraj george
Photo - Kiran L.

എന്നാല്‍ നീരജിന്റെ ജീവിതനേട്ടങ്ങള്‍ക്കു മുന്നില്‍ കുറങ്ങണിയുടെ ഉയരം ഒന്നുമല്ല. എട്ടാമത്തെ വയസില്‍ അംഗപരിമിതനായ നീരജ്, 30-ാമത്തെ വയസിലേക്ക് എത്തുമ്പോള്‍ കൈനിറയെ നേട്ടങ്ങളാണ് സ്വന്തമായുള്ളത്. കാടും മലയും ധാരാളം കയറിയിട്ടുണ്ട്. മൂന്നാര്‍ മുതല്‍ അങ്ങ് സ്‌കോട്ട്ലാന്‍ഡ് വരെ. ബാഡ്മിന്റണില്‍ കൈവരിച്ച നേട്ടങ്ങള്‍ അതിനും മുകളിലാണ്. കോളേജില്‍ പഠിക്കുമ്പോള്‍ പൂര്‍ണ ആരോഗ്യവാന്‍മാരായ എതിരാളികളെ കളിച്ച് തോല്‍പിച്ചു. പിന്നീട് നിരവധി ദേശീയ മത്സരങ്ങളില്‍ തിളങ്ങി. ഏഴ് തവണ അംഗപരിമിതര്‍ക്കായുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയിക്കുന്ന ആദ്യ മലയാളി എന്ന ബഹുമതി സ്വന്തമാക്കി... 

അര്‍ബുദത്തിന് മുന്നിലും അടിപതറാതെ

ദൂരദര്‍ശനിലൂടെ മത്സരങ്ങള്‍ കണ്ട്, വീടിന്റെ ഗെയിറ്റിനെ വലയാക്കി, ചെറുപ്രായത്തില്‍ ബാഡ്മിന്റണ്‍ കളിച്ചുതുടങ്ങിയ നീരജിന്റെ ജീവിതം അപ്രതീക്ഷിതമായി വന്ന അര്‍ബുദമെന്ന ദുരന്തത്തിലൂടെ അടിതെറ്റി. ഇടത്തേക്കാലിന്റെ എല്ലിനായിരുന്നു രോഗബാധ. പടരാതിരിക്കാന്‍ മുറിച്ചു കളയുക എന്ന ഏക പരിഹാരമാണ് ഡോക്ടര്‍മാരുടെ മുന്നില്‍ തെളിഞ്ഞത്. 

എട്ടാം വയസില്‍ കൂട്ടായി ക്രച്ചസ് എത്തിയെങ്കിലും ബാഡ്മിന്റണ്‍ ഉപേക്ഷിക്കാന്‍ ആ കൊച്ചുമിടുക്കന്‍ കൂട്ടാക്കിയില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ വീട്ടുമുറ്റമായിരുന്നു സ്റ്റേഡിയമെങ്കില്‍, യു.സി. കോളേജിലെ ബിരുദപഠനമായപ്പോഴേയ്ക്കും കാമ്പസ് കോര്‍ട്ടിലെ താരമായി. കോച്ചായ റിനോഷ് ജെയിംസായിരുന്നു കളിക്കളത്തില്‍ ഇറങ്ങാനുള്ള പ്രചോദനം. 2006-ല്‍ എംജി സര്‍വകലാശാല ഇന്റര്‍ കോളേജിയറ്റ് മത്സരത്തില്‍ സാധാരണ വിഭാഗത്തില്‍ പങ്കെടുത്തു. ഫ്രാങ്ക് ആന്റണിയായിരുന്നു അന്ന് ഡബിള്‍സിലെ സഹചാരി.  

Neeraj George

ഉന്നതപഠനത്തിനായി നീരജ് സ്‌കോട്ട്ലാന്‍ഡിലേക്ക് പറന്നു. അബര്‍ട്ടെ സര്‍വകലാശാലയില്‍ ബയോടെക്നോളജിയില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന കാലത്ത് കോളേജിലും പുറത്തെ ക്ലബുകളിലും ധാരാളം കളിച്ചിരുന്നു.

പ്രൊഫഷണല്‍ ബാഡ്മിന്റണിലേക്കുള്ള വഴി തേടി ഏറെ അലഞ്ഞെങ്കിലും നീരജിനെ സഹായിക്കാന്‍ കേരളത്തില്‍ ഒരു സംഘടനയുമുണ്ടായിരുന്നില്ല. ബെംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാഡ്മിന്റണ്‍ സ്പോര്‍ട്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഫോര്‍ ചലഞ്ച്ഡ് എന്ന സംഘടനയെ സമീപിച്ചതാണ് വഴിത്തിരിവായത്. അവരിലൂടെ ദേശീയ, അന്തര്‍ദേശീയ വേദികള്‍ ലഭിച്ചു. 2007-ല്‍ ഭിന്നശേഷിക്കാരുടെ ദേശീയ ബാഡ്മിന്റണ്‍ മത്സരത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി നീരജ് പ്രതിഭ തെളിയിച്ചു. തൊട്ടടുത്ത വര്‍ഷം ഏഷ്യന്‍ പാരാലിംപിക്സ് കപ്പില്‍ സ്വര്‍ണം നേടിയതിലൂടെ തുടക്കംകുറിച്ച അന്താരാഷ്ട്ര നേട്ടം പിന്നീട് ലോകത്തിലെ പല വേദികളിലും ആവര്‍ത്തിച്ചു. 2015-ല്‍ ജര്‍മനി വേദിയായ പാരാ ബാഡ്മിന്റണ്‍ വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതും നീരജായിരുന്നു.

Neeraj George

മലകയറി, മൂന്നാര്‍ മുതല്‍ സ്‌കോട്ട്ലന്‍ഡ് വരെ

കോളേജില്‍ പഠിക്കുന്ന കാലം തൊട്ട് നീരജ് കാടും മലയും കയറിത്തുടങ്ങിയതാണ്. സുഹൃത്തായ ശ്യാം സുന്ദറായിരുന്നു അന്നൊക്കെ ട്രെക്കിങ്ങുകളിലെ സഹചാരി. അന്ന്, വയനാട്ടിലെ തിരുനെല്ലിയില്‍ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു. അവിടെ, മലമുകളിലെ പക്ഷിപ്പാതാളത്തില്‍ പണ്ട് കാഴ്ചശക്തിയില്ലാത്ത ഒരാള്‍ കയറിയിരുന്നു എന്ന് ഗൈഡ് പറഞ്ഞു. ഒരു കൈ നോക്കാമെന്ന് കരുതി നീരജ് അങ്ങ് കയറി.

Neeraj George
Photo - Dr. Frank Antony

പിന്നീട് ഒരുതവണ ഇടയ്ക്കല്‍ ഗുഹയില്‍ ചെന്നപ്പോള്‍, കയറണോ എന്ന് അധികൃതര്‍ ചോദിച്ചു. മറ്റു സന്ദര്‍ശകരുടെ കാലുകളുടെ വേഗത്തെ തോല്‍പിച്ചാണ് നീരജ് അതിനുള്ള മറുപടി നല്‍കിയത്.

ബോഡിനായകനൂരിലെ കുറങ്ങണി യാത്രയും 27 കിലോമീറ്റര്‍ നീളുന്ന മൂന്നാര്‍- കൊടൈക്കനാല്‍ ട്രെക്കിങ് ഇന്നും നീരജിന് മറക്കാനാവാത്ത ഒരനുഭവമാണ്. ബോബന്‍, കിരണ്‍ എന്നിവരായിരുന്നു പ്രചോദനം. നിഷാന്ദും നിഖിലും പകര്‍ന്ന ആത്മവിശ്വാസത്തില്‍, കോയമ്പത്തൂരില്‍ നിന്ന് രണ്ടുദിവസം കൊണ്ട് പൂണ്ടി, ഏഴുമല എന്നിവിടങ്ങള്‍ താണ്ടി വെള്ളിയാങ്കരി മലമുകളില്‍ കയറി.

Neeraj George
Photo - Dr. Frank Antony

നാട്ടിലെ യാത്രകള്‍ നല്‍കിയ കരുത്തില്‍ സ്‌കോട്ട്ലാന്‍ഡിലെ ബെന്നവിസ് മലയും നീരജ് കീഴടക്കി. ഹിമാലയം കയറണമെന്ന ആഗ്രഹം ഇപ്പോഴും ആഗ്രഹമായി തന്നെ തുടരുന്നു. ക്രച്ചസുമായി കയറാന്‍ അനുവാദം ലഭിക്കാന്‍ സാധ്യതയില്ല, ലിമ്പ്സ് ഘടിപ്പിക്കണം. ക്രച്ചസ് വാങ്ങുന്നതിന് ചിലവ് രണ്ടായിരം രൂപയില്‍ താഴെയാണ്. ലിമ്പ്സിന് ലക്ഷങ്ങള്‍ വേണം. അതിനുള്ള ശേഷി ഇപ്പോള്‍ നീരജിനില്ല. 

ബാഡ്മിന്റണ്‍ കളിക്കുന്നതിലും കഠിനമാണ്, രണ്ട് ക്രച്ചസും ഒരു കാലും ഉപയോഗിച്ചുള്ള ട്രെക്കിങ്. കാലിലെ സമ്മര്‍ദം ശരീരം മുഴുവനായി താങ്ങണം. പുല്ലുകള്‍ക്ക് ഇടയില്‍ ക്രച്ചസ് വഴുതിമാറും. പാറകള്‍ പിടിച്ചുകയറുക എന്നതും ശ്രമകരമാണ്.

Neeraj George
Photo - Dr. Frank Antony

വേണം, ഭിന്നശേഷി സൗഹൃദനഗരം

വിദേശപഠനത്തിന് ശേഷം 2009-ല്‍ ഇന്ത്യയിലെത്തിയ നീരജ് കൊച്ചിയിലും ബെംഗളൂരുവിലും ഐ.ടി. ജീവനക്കാരനായി ജോലിചെയ്തു. പിന്നീട് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഐ.ടി. റിക്രൂട്ടറായി. 2012-ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ സ്പോര്‍ട്ട്സ് ക്വാട്ടയില്‍ നിയമനം ലഭിച്ചു. കൊച്ചി അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ് നീരജ്.

കേരളത്തില്‍ ഭിന്നശേഷിക്കാര്‍ വലിയ അവഗണ നേരിടുന്നുവെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ നീരജ് പറയുന്നു. ഭിന്നശേഷിക്കാരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് മാറ്റിനിര്‍ത്താം, അവര്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങളെങ്കിലും ഒരുക്കേണ്ടേ?

neeraj george

ബസ്സുകളില്‍ പലപ്പോഴും റിസര്‍വേഷന്‍ ലഭിക്കാറില്ല; വികലാംഗരുടെ സീറ്റില്‍ ഇടം കിട്ടാറില്ല. കിട്ടിയാല്‍ തന്നെ, ടയറിന്റെ പൊങ്ങിയ ഭാഗത്തുള്ള ഇരിപ്പ് സാധാരണക്കാര്‍ക്കു പോലും ബുദ്ധിമുട്ടുള്ളതാണ്.

യു.കെയില്‍ ഭിന്നശേഷിക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇന്ത്യന്‍ ജനസംഖ്യയുടെ രണ്ട് ശതമാനത്തില്‍ അധികം അംഗപരിമിതരാണ്. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ അവസ്ഥ പോലും മോശമാണെന്ന് നീരജ് ചൂണ്ടിക്കാട്ടുന്നു.

2011 മുതല്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചല്ലഞ്ചിങ് വണ്‍സ് എന്ന എന്‍.ജി.ഒയിലെ സജീവ പ്രവര്‍ത്തകനാണ് നീരജ്. സ്വന്തം നാടായ ആലുവ ഭിന്നശേഷി സൗഹൃദനഗരമാകണം, ഇതാണ് ആഗ്രഹം. ബസിലും ട്രെയിനിലും വീല്‍ചെയര്‍ സുഖകരമായി കടന്നുപോകുന്ന സംവിധാനം, സ്പര്‍ശിച്ചറിയാവുന്ന ടൈല്‍സുകള്‍ പാകിയ വഴികള്‍ തുടങ്ങി ഭിന്നശേഷിക്കാര്‍ക്ക് പരസഹായമില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യങ്ങള്‍ എല്ലായിടത്തും വേണം.

അന്വേഷിച്ചും കണ്ടെത്തിയുമാണ് തനിക്ക് അവസരങ്ങള്‍ ലഭിച്ചതെന്ന് നീരജ് പറയുന്നു. ഗണേഷ് കുമാര്‍ കായികമന്ത്രിയായിരുന്ന കാലത്ത് ഒരു ലക്ഷം രൂപയുടെ ജി.വി. രാജ പുരസ്‌കാരം ലഭിച്ചത് ഒഴിച്ചാല്‍ സര്‍ക്കാരില്‍ നിന്ന് വേറെ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. 

അംഗപരിമിതി കൂടുതലെങ്കിലും ശരീരത്തിന്റെ കീഴ്ഭാഗം ഉപയോഗിച്ച് കളിക്കേണ്ട ബാഡ്മിന്റണ്‍ വിഭാഗത്തിലാണ് സാങ്കേതികമായി നീരജ് ഉള്‍പ്പെട്ടിരിക്കുന്നത്. ക്രച്ചസ് ഉപയോഗിച്ചാണ് ഇപ്പോള്‍ ബാഡ്മിന്റണ്‍ കളിക്കുന്നത്. 1800 രൂപയുടെ ഒരു ജോഡി വാങ്ങിയാല്‍, 12 കളികള്‍ക്ക് ഉപയോഗിക്കാം. ആര്‍ട്ടിഫിഷല്‍ ലിമ്പ്സ് ഉപയോഗിച്ചാല്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകും. എന്നാല്‍ അവയ്ക്ക് അഞ്ചു ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ ചിലവാകും. താങ്ങാവുന്നതിലും അപ്പുറമാണ് ഈ ചിലവുകള്‍. മാതാപിതാക്കളെ വീണ്ടും വീണ്ടും ആശ്രയിക്കുന്നത് ശരിയാണോ എന്നും നീരജ് ചോദിക്കുന്നു.